ജൂണ്‍ 06, 2024
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) മെയ് 31, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. വസീം അഹ്മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറഃഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്മദ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു: ഞാൻ ഹദ്റത്ത് ഖുബൈബി(റ)ന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് പരാമര്‍ശിച്ച് വരുകയായിരുന്നു. കുരിശിന് സമാനമായ മരത്തിന്റെ ചട്ടക്കൂടിൽ കെട്ടിയതിന് ശേഷം വധിക്കപ്പെട്ട ആദ്യത്തെ സഹാബി ഹദ്റത്ത് ഖുബൈബ്(റ) ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കുന്നു.
അവിശ്വാസികൾ അദ്ദേഹത്തെ ഇത്തരത്തിൽ വധിക്കാൻ പോകുന്നെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, അല്ലാഹുവിന്റെ വഴിയിൽ വധിക്കപ്പെടാൻ പോകുമ്പോൾ ഏതുവിധേനയാണ് താൻ വധിക്കപ്പെടാൻ പോകുന്നത് എന്ന് തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് അദ്ദേഹം മറുപടി പറയുകയുണ്ടായി. തന്റെ അവസ്ഥയെ കുറിച്ച് നബിതിരുമേനി (സ)യെ അറിയിക്കാൻ ഹദ്റത്ത് ഖുബൈബ്(റ) ദുആ ചെയ്തു. അങ്ങനെ ഒരു ദിവസം വെളിപാട് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥ നബിതിരുമേനി(സ)ക്ക് സംജാതമായി. തുടര്‍ന്ന് നബിതിരുമേനി(സ) ഇപ്രകാരം (സലാമിന് മറുപടിയായി )പറഞ്ഞു; അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും കാരുണ്യവും അദ്ദേഹത്തിന് മേലും ഉണ്ടാകട്ടെ. എന്നിട്ട് നബിതിരുമേനി(സ) ഹദ്റത്ത് ജിബ്രീൽ(അ) ഹദ്റത്ത് ഖുബൈബി(റ)ന്റെ സലാം എന്നെ അറിയിച്ചതാണെന്ന് പറയുകയും ഖുറൈശികൾ അദ്ദേഹത്തെ രക്തസാക്ഷിയാക്കിയതായി അറിയിക്കുകയും ചെയ്തു.
ഹദ്റത്ത് ഖുബൈബിനോടുള്ള ഖുറൈശികളുടെ നിര്‍ദ്ദയമായ പെരുമാറ്റം
ഹദ്റത്ത് ഖുബൈബിനെ കുരിശിൽ കെട്ടിയതിന് ഖുറൈശികൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ആയുധം കുത്തിയിറക്കി. അപ്പോൾ അദ്ദേഹം തന്റെ മുഖം കഅ്ബയുടെ നേര്‍ക്ക് തിരിച്ചു. തുടര്‍ന്ന് അവർ അദ്ദേഹത്തെ വധിച്ചു. ഈ നിവേദനത്തിൽ നിന്നും മനസ്സിലാകുന്നത്, വധിക്കുന്നതിന് മുമ്പ് ഖുറൈശികൾ അദ്ദേഹത്തെ കുന്തം കൊണ്ട് കുത്തി പീഡിപ്പിച്ചിരുന്നു എന്നാണ്. എന്നാൽ സ്വഹീഹ് ബുഖാരിയിലെ നിവേദനമനുസരിച്ച് അദ്ദേഹം അവസാനമായി രണ്ട് വരി കവിത ചൊല്ലി തീര്‍ന്നതും ഉഖ്ബ ബിൻ ഹാരിസ് അദ്ദേഹത്തിനടുത്ത് വന്ന് അദ്ദേഹത്തെ വധിക്കുകയാണുണ്ടായത്.
ഹദ്റത്ത് മിര്‍സാ ബശീർ അഹ്മദ് സാഹിബ് (റ) എഴുതുന്നു:
”ഖുറൈശികളുടെ ഹൃദയങ്ങൾ ശത്രുതകൊണ്ട് നിറഞ്ഞിരുന്നതിനാൽ കാരുണ്യത്തിനും ദയയുക്കും യാതൊരു സ്ഥാനവുമില്ലായിരുന്നു. ബനൂ ഹാരിസിലെ ജനങ്ങളും മക്കയിലെ മറ്റു നേതാക്കന്മാരും ഹദ്റത്ത് ഖുബൈബ്(റ)നെ വധിക്കാനും ആ മരണം ആഘോഷിക്കാനുമായി അദ്ദേഹത്തെ ഒരു തുറന്ന മൈതാനത്തിലേക്ക് കൊണ്ടു പോയി. തന്റെ രക്തസാക്ഷിത്ത്വത്തിന്റെ സുഗന്ധം അദ്ദേഹത്തിന് ലഭിച്ചപ്പോൾ തന്നെ രണ്ട് റക്ക്അത്ത് നമസ്കരിക്കാൻ അനുവദിക്കണമെന്ന് ഖുറൈശികളോട് അഭ്യര്‍ഥിച്ചു. ഇസ്ലാമിക ആരാധനയെയും പ്രഹസനമാക്കാമെന്ന് കരുതി ഖുറൈശികൾ അദ്ദേഹത്തിന് നമസ്കരിക്കാനുള്ള അനുവാദം നല്കി. ഖുബൈബ്(റ) വളരെ ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നമസ്കരിച്ചു. നമസ്ക്കാര ശേഷം അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: ‘ഞാൻ എന്റെ നമസ്കാരം ദീര്‍ഘിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മരണഭയത്താലാണ് ഞാൻ നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കുമെന്ന് കരുതിയിട്ടാണ് ഞാൻ വേഗത്തിൽ നമസ്ക്കരിച്ചത്.’ അതിന് ശേഷം അദ്ദേഹം ഒരു ഈരടി ചൊല്ലി.
‘മുസ്ലിം ആയ അവസ്ഥയിൽ ഇസ്ലാമിന് വേണ്ടി ഞാൻ രക്തസാക്ഷിയാകുമ്പോൾ, ഇതെല്ലം ദൈവത്തിന് വേണ്ടിയാണെന്നിരിക്കെ, ഞാൻ (മരിച്ച്) ഏത് ഭാഗത്തേക്കാണ് വീഴുന്നത് എന്നതിനെ കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല. അല്ലാഹു ഇച്ഛിക്കുകയാണെങ്കിൽ എന്റെ ഛേദിക്കപ്പെട്ട എല്ലാ അവയവങ്ങളെയും അവൻ അനുഗൃഹീതമാക്കുന്നതായിരിക്കും.
ഖുബൈബി(റ)ന്റെ ഈ അവസാന ഈരടികൾ അദ്ദേഹം ചൊല്ലിത്തീര്‍ന്നതും ഉഖ്ബ ബിൻ ഹാരിസ് ആ പ്രവാചക പ്രേമിയെ ആക്രമിച്ച് മണ്ണോട് ചേര്‍ത്തു. മറ്റൊരു നിവേദനത്തിൽ വരുന്നത് എന്തെന്നാൽ, ഖുറൈശികൾ അദ്ദേഹത്തെ ഒരു മരക്കൊമ്പിൽ കെട്ടിത്തൂക്കിയതിന് ശേഷം കുന്തങ്ങൾ കൊണ്ട് ആവര്ത്തിച്ചാച്ചാവര്ത്തിച്ച് കുത്തി ശഹീദാക്കുകയാണ് ചെയ്തത്.” [1]
ഹദ്റത്ത് അബൂ ഹുറയ്റ(റ) നിവേദനം ചെയ്യുന്നു: ‘ശഹാദത്തിന് മുന്‍പ് രണ്ടു റക്ക്അത്ത് നമസ്കരിക്കുന്ന ആദ്യത്തെ സഹാബി ഹദ്റത്ത് ഖുബൈബ്(റ) ആണ്.
അവിശ്വാസികൾക്കെതിരെയുള്ള ഖുബൈബി(റ)ന്റെ ദുആയുടെ അനന്തരഫലം
വധിക്കപ്പെടുന്നതിന് തൊട്ട് മുന്‍പ് ഹദ്റത്ത് ഖുബൈബ്(റ) ചെയ്ത ഒരു പ്രാര്‍ഥനയെക്കുറിച്ച് ഇബ്നു ഹജർ അസ്കലാനി എഴുതുന്നു. ഹദ്റത്ത് ഖുബൈബ്(റ) ഇപ്രകാരം ദുആ ചെയ്തു: ‘അല്ലാഹുവേ എന്റെ ഈ ശത്രുക്കളോട് എണ്ണി എണ്ണി പകരം ചോദിക്കേണമേ.’ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വരുന്നു: ‘ഇവരിൽ ഒരാളെ പോലും ഒഴിവാക്കാതെ ഓരോരുത്തരെയായി കൊന്നു കളയേണമേ.’
ഈ പ്രാര്‍ഥന കേട്ടതും അവിശ്വാസികളിൽ ചിലർ ഭയംകൊണ്ട് നിലത്ത് വീണു പോയി. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ഭയവിഹ്വലരായി താഴെ വീണുപോയവർ ഒഴികെ മറ്റെല്ലാവരും ഈ പ്രാര്‍ഥനയുടെ ഫലമായി മരിച്ചു പോയി. മറ്റു നിവേദനങ്ങളേയും കൂടി പരിശോധിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചു എന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും അവിടെ കൂടിയിരുന്നവരിൽ ഭൂരിപക്ഷവും വധിക്കപ്പെടുകയോ മക്കാവിജയ വേളയിൽ ഇസ്ലാം സ്വീകരിക്കുകയോ ചെയ്തു, ഇത്തരത്തിൽ അദ്ദേഹത്തിന്റെ പ്രാര്‍ഥന പൂര്‍ത്തിയാക്കുകയും ചെയ്തു.
ഒരു ചരിത്രകാരൻ എഴുതുന്നു: അവിശ്വാസികൾ ഹദ്റത്ത് ഖുബൈബ്(റ))ന്റെ ഈ പ്രാര്‍ഥന കേട്ടപ്പോൾ അവർ ഭയം കൊണ്ട് വിറച്ചു. എന്തെന്നാൽ ഈ ദുആ സ്വീകരിക്കപ്പെടുമെന്നു അവര്‍ക്കറിയാമായിരുന്നു. അതിനാൽ ഈ പ്രാര്‍ഥനയിൽ നിന്ന് രക്ഷപ്പെടാനായി അവരിൽ ചിലർ തങ്ങളുടെ കാതുകൾ പൊത്തി അവിടെ നിന്നും ഓടിപ്പോയി ചിലർ മറ്റുള്ളവരുടെ പിന്നിൽ ഒളിച്ചു. ചിലർ മരങ്ങള്‍ക്ക് മുകളിലേക്ക് വലിഞ്ഞു കയറി. ചിലരാകട്ടെ നിലത്ത് വീണു പോകുകയും ചെയ്തു.
ഖുബൈബി(റ)ന്റെ വധം കാണാൻ വേണ്ടി അന്ന് അവിടെ ഒരുമിച്ച് കൂടിയിരുന്ന അവിശ്വാസികളിൽ ചിലർ പിന്നീട് ഇസ്ലാം സ്വീകരിച്ചിരുന്നു. അവർ പില്കാലത്ത് ഖുബൈബി(റ)ന്റെ പേര് കേള്‍ക്കുമ്പോൾ സംഭ്രമത്താൽ പ്രജ്ഞ നഷ്ടപ്പെടവരാകുമായിരുന്നു.
ഒരു നിവേദനത്തിൽ ഇപ്രകാരം വരുന്നു; ഖുറൈശികൾ ഹദ്റത്ത് ഖുബൈബ്(റ)ന്റെ മൃതശരീരത്തിന് ചുറ്റും 40 പേരെ കാവൽ നിര്‍ത്തിയിരുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം നബിതിരുമേനി(സ) ഹദ്റത്ത് മിഖദാദ്(റ), ഹദ്റത്ത് സുബൈർ ബിൻ അവ്വാം(റ) എന്നിവരെ ഹദ്റത്ത് ഖുബൈബ്(റ)ന്റെ മൃതദേഹം കുരിശിൽ നിന്നും ഇറക്കി കൊണ്ടുവരാൻ മക്കയിലേക്ക് അയച്ചു. അവർ ഈ സ്ഥലത്ത് എത്തിയപ്പോൾ കാവൽ നിന്നിരുന്ന 40 പേരും ഗാഢനിദ്രയിൽ ആയിരുന്നു. അവർ അദ്ദേഹത്തിന്റെ മൃതശരീരം ഇറക്കി തങ്ങളുടെ കുതിരപ്പുറത്ത് വച്ച് പുറപ്പെടുകയും ചെയ്തു. അവിശ്വാസികള്‍ക്ക് ഈ കാര്യം മനസ്സിലായപ്പോൾ അവർ 70 പേരെ മുസ്ലിങ്ങളെ പിന്തുടര്ന്നു പിടികൂടാനായി അയച്ചു. അവർ ഹദ്റത്ത് മിഖദാദ്(റ)ന്റെയും സുബൈർ ബിൻ അവ്വാമിന്റെയും തൊട്ടടുത്ത് എത്തിയപ്പോൾ, സുബൈർ ഹദ്റത്ത് ഖുബൈബ്(റ)ന്റെ മൃതദേഹം നിലത്ത് വെച്ചുകൊണ്ട് പറഞ്ഞു; ‘ഒന്നുകിൽ നിങ്ങള്‍ക്ക് എന്നെ എതിരിട്ട് മരണം വരിക്കാം. അല്ലെങ്കിൽ സുരക്ഷിതരായി തിരികെ പോകാം.’ ഹദ്റത്ത് സുബൈർ ഇത് പറഞ്ഞപ്പോൾ അവിശ്വാസികളുടെ ഹൃദയങ്ങൾ ഭയം കൊണ്ട് വിറച്ചു. അവർ പരാജിതരായി തിരികെ പോയി. ഹദ്റത്ത് സുബൈർ(റ), ഹദ്റത്ത് ഖുബൈബ്(റ)ന്റെ മൃതശരീരം എടുക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ അത് ഭൂമി പിളര്‍ന്നു താഴോട്ട് പോയത് പോലെയായിരുന്നു. അങ്ങനെ ഹദ്റത്ത് ഖുബൈബ്(റ)ന് ഭൂമിയാൽ വിഴുങ്ങപ്പെട്ടവൻ എന്ന ഒരു പേരുകൂടി ലഭിച്ചു.
ഹദ്റത്ത് ഖുബൈബ്(റ)ന്റെ മൃതശരീരം അപ്രത്യക്ഷമായതിനെ കുറിച്ച് പല നിവേദനങ്ങളും ഉണ്ട്. അതിൽ ഒന്ന് വിശ്വാസയോഗ്യമാണ്. അദ്ദേഹത്തിന്റെ ശരീരം ഒരു പുഴയിലേക്ക് വീഴുകയും, ഒഴുകി പോകുകയും ചെയ്തു എന്ന് ആ നിവേദനത്തിൽ വരുന്നു. എന്തായാലും അല്ലാഹു തന്നെ സ്നേഹിക്കുകയും തന്റെ വഴിയിൽ ത്യാഗങ്ങൾ അര്‍പ്പിക്കുകയും ചെയ്യുന്നവരെ അവരുടെ മരണത്തിന് ശേഷവും സംരക്ഷിക്കുന്നു.
ഈ സൈനീക നീക്കത്തിന്റെ വിവരണം ഇവിടെ അവസാനിക്കുകയാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാര്‍ഥനകള്‍ക്കുള്ള ആഹ്വാനം
ഫലസ്തീന് വേണ്ടി പ്രാര്‍ഥനകൾ തുടര്‍ന്ന് കൊണ്ടിരിക്കുക. അവിടെ സാഹചര്യങ്ങൾ അതിരുകടന്നിരിക്കുകയാണ്. റഫയിലേക്കുള്ള കടന്നു കയറ്റം അവരുടെ അതിര്‍ലംഘനമാണ് എന്ന് യു.എസ്.എ മുന്‍പ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നവർ പറയുന്നു. ഇവരുടെ അതിര്ലംഘനത്തിന്റെ പരിധി എന്താണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഈ അതിക്രമകാരികളിൽ നിന്ന് അല്ലാഹു നിരപരാധികളെ സംരക്ഷിക്കുമാറാകട്ടെ.
അത് പോലെ സുഡാന് വേണ്ടിയും പ്രാര്‍ഥിക്കുക. അവിടെ മുസ്ലിങ്ങൾ തന്നെ മുസ്ലിങ്ങളെ വധിക്കുകയാണ്. അല്ലാഹു ഇവര്‍ക്ക് ബുദ്ധി നല്കുമാറാകട്ടെ. അല്ലാഹു ഇവര്‍ക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള തൗഫീഖ് നല്കുമാറാകട്ടെ.
യമെനിൽ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായും ദുആ ചെയ്യുക. പാകിസ്താനിലെ അഹ്മദികള്ക്ക് വേണ്ടിയും ദുആ ചെയ്യുക. വലിയ പെരുനാൾ അടുക്കുംതോറും മുല്ലാക്കൾ അഹ്മദികള്ക്ക് എതിരെയുള്ള വിദ്വേഷപ്രചാരണത്തിൽ അതിര് കടക്കുകയാണ്. അല്ലാഹു ഇവരുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാ അഹ്മദികളെയും സംരക്ഷിക്കുമാറാകട്ടെ. തടവിലകപ്പെട്ടവര്ക്ക് മോചനം നല്കുമാറാകട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍[ഇംഗ്ലീഷ്] പേജ് 365-366
0 Comments