ജൂണ്‍ 14,2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജൂണ്‍ 7, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ് ശാഹിദ്
ബിഅ്റ് മഊനയുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് ഇന്ന് വിശദീകരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറഃഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു.
ഹിജ്‌റ 4-ൽ നടന്ന ഭയാനകമായ ഒരു സംഭവമായിരുന്നു ബിഅ്റ് മഊന. ഈ സംഭവം റജീഇലേക്കുള്ള സൈനിക നീക്കത്തിന് മുമ്പ് നടന്നതാണെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ, അതിന് ശേഷം നടന്നതാണെന്നാണ് മറ്റു ചിലരുടെ പക്ഷം.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു കിണറിന്‍റെ പേരാണ് ബിഅ്റ് മഊന. അവിടെ വച്ചാണ് ഈ സൈനികനീക്കം നടന്നത്. അതുകൊണ്ടാണ് ഈ സൈനിക നീക്കത്തിന് ഈ പേര് വന്നതും. ഈ സൈനികനീക്കത്തിന് നേതൃത്വം നല്കാൻ നിയോഗിക്കപ്പെട്ടത് ഹദ്റത്ത് മുൻദിർ ബിൻ അംറിനെ ആയിരുന്നു. അതിനാലാണ് ഇതിനെ മുൻദിർ ബിൻ അംറിന്‍റെ സൈനികനീക്കം എന്നും വിളിക്കുന്നത്. ഈ സൈനികനീക്കത്തിൽ പങ്കെടുത്ത എല്ലാവരും യുവാക്കളും വിശുദ്ധഖുര്‍ആൻ നന്നായി അറിയുന്നവരുമായിരുന്നു.
ബിഅ്റ് മഊന സംഭവത്തിന്റെി പശ്ചാത്തലം
ഹദ്റത്ത് മീര്‍സാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“ മദ്ധ്യ അറേബ്യയിൽ ബനൂ ആമിർ എന്നറിയപ്പെടുന്ന ഗോത്രത്തിന്‍റെ തലവനായ അബൂബറാഅ് അമീരി നബിതിരുമേനി(സ)യെ കാണാനായി അദ്ദേഹത്തിന്‍റെ മുമ്പിൽ ഹാജരായി. നബിതിരുമേനി(സ) വളരെ സൗമ്യമായും ദയയോടെയും ഇസ്‌ലാമിന്‍റെ സന്ദേശം അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുകയുണ്ടായി. നബിതിരുമേനി(സ)യുടെ വാക്കുകൾ താല്പര്യത്തോടെയും ശ്രദ്ധയോടെയും ശ്രവിച്ചെങ്കിലും ഇസ്‌ലാം സ്വീകരിച്ചില്ല. എന്നിരുന്നാലും ഇസ്‌ലാമിനോട് ശത്രുത വര്‍ധിച്ചുകൊണ്ടിരിക്കുന്ന നജ്ദിൽ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി കുറച്ച് അനുചരന്മാരെ അയക്കുവാൻ ആവശ്യപ്പെട്ടു. നജ്ദിലെ ജനങ്ങൾ ഇസ്‌ലാമിക സന്ദേശത്തെ തള്ളിക്കളയുകയില്ല എന്ന ഉറപ്പും നല്കി. തിരുനബി(സ) പറഞ്ഞു: നജ്ദിലെ ജനങ്ങളെ ഞാൻ വിശ്വസിക്കുന്നില്ല. അബു ബറാഅ് പ്രതികരിച്ചു, ‘വിഷമിക്കേണ്ട, അവരുടെ സുരക്ഷ ഞാൻ ഉറപ്പ് നല്കുന്നു.’
അബൂബറാഅ് ഒരു ഗോത്രത്തലവനും സ്വാധീനമുള്ള ആളുമായതിനാൽ, നബിതിരുമേനി(സ) ആ വ്യക്തിയുടെ വാക്ക് സ്വീകരിച്ച് നജ്ദിലേക്ക് അനുചരന്മാരുടെ ഒരു സംഘത്തെ അയച്ചു.
ബുഖാരിയിലെ ഒരു നിവേദനത്തിൽ രിഅല്, ദഖ്‌വാൻ എന്നീ ഗോത്രത്തിൽ നിന്നുള്ളവരും അബൂബറാഇന്‍റെ കൂടെ ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് വന്നിരുന്നു എന്ന് കാണാം. ഏതായാലും ഹിജ്റ 4ൽ സഫർ മാസത്തിൽ മുൻദിർ ബിൻ അംറ് അന്‍സാരിയുടെ നേതൃത്വത്തിൽ നബിതിരുമേനി(സ) അനുചരന്മാരുടെ ഒരു സംഘത്തെ അയച്ചു. ഇവര്‍ കൂടുതലും അന്‍സാറുകളിൽ നിന്നുള്ളവരായിരുന്നു. ആകെ എഴുപത് പേരുണ്ടായിരുന്നു. മിക്കവാറും എല്ലാവരും ഖാരികളായിരുന്നു, അതായത്, അവർ വിശുദ്ധ ഖുര്‍ആൻ നന്നായി ഓതാൻ അറിയുന്നവരായിരുന്നു.”’[1]
ലോകമെമ്പാടും അല്ലാഹുവിന്‍റെ മതം പ്രബലമാകണമെന്നും മനുഷ്യരാശി ഐക്യപ്പെടണമെന്നും നബിതിരുമേനി(സ) എപ്പോഴും ആഗ്രഹിച്ചിരുന്നതായി മറ്റൊരു എഴുത്തുകാരൻ എഴുതുന്നു. ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ഇക്കാര്യത്തിൽ ഏറ്റവും വലിയ ത്യാഗങ്ങൾ പോലും അര്‍പ്പിക്കുന്നതിനും അദ്ദേഹം വളരെയധികം പ്രാധാന്യം നല്കിയത് ഇക്കാരണത്താലാണ് അറബ് ബദ്‌വികളിൽ നിന്ന് ആപത്ത് നേരിട്ടിട്ടും, അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുകയും അബൂബറാഇന്‍റെ അഭ്യര്‍ഥനപ്രകാരം ഒരു വലിയ കൂട്ടം അനുചരന്മാരെ അയക്കുകയും ചെയ്തത്.
ആമിർ ബിൻ തുഫൈലിനുള്ള നബിതിരുമേനി(സ)യുടെ കത്തും ഹദ്റത്ത് ഹറാം ബിൻ മില്ഹാന്റെ രക്തസാക്ഷിത്വവും
ഈ സൈനികനീക്കവുമായി ബന്ധപ്പെട്ട് നബിതിരുമേനി(സ) ആമിർ ബിൻ തുഫൈലിന് എഴുതിയ ഒരു കത്തിനെ കുറിച്ചും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആമിർ ബിൻ തുഫൈൽ ആമിർ ബിൻ മാലിക്കിന്‍റെ അനന്തരവനായിരുന്നു. ബനൂ ആമിറിന്‍റെ പ്രമാണിമാരിൽ വച്ച് അഹങ്കാരിയായ ഒരു പ്രമാണിയായിരുന്നു. അയാൾ നബിതിരുമേനി(സ) സത്യവാനാണെന്ന് മനസ്സാലെ അംഗീകരിക്കുകയും, നബിതിരുമേനി(സ) അറേബ്യക്ക് മേൽ വിജയം കൈവരിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ അതേസമയം സ്വന്തം വിജയത്തെക്കുറിച്ചും സ്വപ്നം കാണാൻ തുടങ്ങി. നബിതിരുമേനി(സ)യുമായി ഒരു ധാരണയിലെത്താൻ അയാൾ വിചാരിച്ചു. അയാൾ നബിതിരുമേനി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘താങ്കൾ ഗ്രാമീണരുടെ മേൽ ഭരണം നടത്തികൊള്ളുക. ഞാൻ നഗരങ്ങളിൽ വസിക്കുന്നവരുടെ മേൽ ഭരണം നടത്താം. താങ്കൾ പോയിക്കഴിഞ്ഞാൽ താങ്കളുടെ ഖലീഫയായും പിന്‍ഗാമിയായും എന്നെ നിയമിക്കാവുന്നതാണ്. അല്ലാത്തപക്ഷം, 1,000 കുതിരസവാരികളുടെയും ഒട്ടകസവാരികളുടെയും അകമ്പടിയോടെ ഞാൻ താങ്കളുമായി യുദ്ധം ചെയ്യും. അയാൾ മൂന്ന് നിബന്ധനകൾ മുന്നോട്ട് വച്ചു. പക്ഷേ നബിതിരുമേനി(സ) അവയെല്ലാം നിരസിച്ചു. ഈ സൈനിക നീക്കത്തിന്‍റെ വേളയിൽ, പ്രവാചകൻ (സ) അയാള്‍ക്ക് ഇസ്‌ലാമിലേക്ക് ഒരു ക്ഷണം നല്കുന്നത് ഉചിതമാണെന്ന് കരുതി. അതിനാൽ നബിതിരുമേനി(സ) ഒരു കത്തയച്ചു. ഹദ്റത്ത് ഹറാം ബിൻ മില്‍ഹാൻ ആണ് കത്ത് എത്തിച്ചത്.
അദ്ദേഹത്തോടൊപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു, അതിൽ ഒരാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. മൂവരും കത്ത് കൈമാറാൻ പോയി, ഹദ്റത്ത് ഹറാം അവരോട് പറഞ്ഞു, ‘എന്‍റെ സമീപത്ത് എവിടെയെങ്കിലും നില്ക്കുക. ഞാൻ അവരുടെ അടുത്തേക്ക് പോകാം. അവർ എനിക്ക് അഭയം നല്കിയാൽ നല്ലത് തന്നെ. എന്നാൽ ഇനി അവർ എന്നെ കൊല്ലുകയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കൂടെയുള്ളവരുടെ അടുത്തേക്ക് മടങ്ങണം.’ തുടര്‍ന്ന് അദ്ദേഹം ആമിർ ബിൻ തുഫൈലിന്‍റെ അടുക്കലേക്ക് പോയി. ആ സമയത്ത് ആമിർ തന്‍റെ കൂട്ടാളികളോടൊപ്പം ഇരിക്കുകയായിരുന്നു. ഹദ്റത്ത് ഹറാം അവരോട് എന്നെ നിര്‍ഭയം നബിതിരുമേനി(സ)യുടെ കത്ത് താങ്കള്‍ക്ക് നല്കാൻ അനുവദിക്കുമോ എന്നു ചോദിച്ചു. അതിന് അവർ സമ്മതം മൂളി.
ഹദ്‌റത്ത് ഹറാം അവര്‍ക്ക് കത്ത് വായിച്ചു കൊടുക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു, ‘ബിഅ്റ് മഊനയിലെ ജനങ്ങളേ, അല്ലാഹുവിന്‍റെ റസൂൽ(സ)യുടെ സന്ദേശം ഞാൻ നിങ്ങളിലേക്ക് കൊണ്ടുവന്നിരിക്കുന്നു.
അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്(സ) അവന്‍റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നിങ്ങൾ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും സ്വീകരിക്കണം. ഹദ്റത്ത് ഹറാം സംസാരിക്കുന്നതിനിടയിൽ തന്നെ ജനങ്ങളിൽ ഒരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് ആക്രമിച്ച് രക്തസാക്ഷിയാക്കി.
ഒരു വിവരണമനുസരിച്ച്, ആമിർ ബിൻ തുഫൈൽ കത്ത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഉടൻ തന്നെ അദ്ദേഹത്തെ വധിക്കുകയാണുണ്ടായത്.
ഹദ്റത്ത് ഹറാം മടങ്ങിയെത്താൻ വൈകിയപ്പോൾ, മുസ്‌ലിങ്ങൾ മുന്നേറുകയുണ്ടായി. അവരെ ആക്രമിക്കാൻ വരികയായിരുന്ന ആ കക്ഷികളെ അവർ വഴിമദ്ധ്യേ ഏറ്റുമുട്ടി. അവർ മുസ്‌ലിങ്ങളെ വളഞ്ഞു. അവർ എണ്ണത്തിലും വളരെ കൂടുതലായിരുന്നു. ഒരു യുദ്ധം നടക്കുകയും നബിതിരുമേനി(സ)യുടെ അനുചരന്മാർ രക്തസാക്ഷിയാകുകയും ചെയ്തു.
ഹദ്റത്ത് ആമിർ ബിൻ ഫുഹൈറയുടെ രക്തസാക്ഷിത്വം
ഈ സംഭവം വിവരിച്ചു കൊണ്ട് അഹ്‌മദിയ്യ ജമാഅത്തിന്‍റെ രണ്ടാം ഖലീഫ ഹദ്റത്ത് മിര്‍സാ ബശീറുദീൻ മഹ്‌മൂദ് അഹ്‌മദ്(റ) എഴുതുന്നു:
“ഇസ്‌ലാം വാളു കൊണ്ടല്ല വിജയം നേടിയത്. പകരം, ഹൃദയങ്ങൾ കീഴടക്കുകയും ധാര്‍മികത പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ ഒരു രീതിയാണ് ഇസ്‌ലാം അവലംബിച്ചത്. മുസ്‌ലിങ്ങളെ ഒറ്റിക്കൊടുക്കുകയും ഇസ്‌ലാമിനെതിരിൽ പോരാടുകയും ചെയ്ത ഒരു ജനതയുടെ അതിഥിയായതാണ് താൻ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് എന്ന് ഒരു അനുചരൻ പറയുകയുണ്ടായി. ബിഅ്റ് മഊന സംഭവത്തിൽ ഖുര്‍ആൻ മനഃപാഠമാക്കിയ പലരെയും അവർ വധിച്ചു. അവരിൽ ഭൂരിഭാഗവും രക്തസാക്ഷികളായി. ബാക്കിയുള്ളവർ ഒരു കുന്നിൻ മുകളിൽ ഒത്തുകൂടി. ശത്രുവിന്‍റെ എണ്ണം താരതമ്യേന വളരെ കൂടുതലായിരുന്നു. കൂടാതെ യുദ്ധത്തിന് സജ്ജരുമായിരുന്നു. അവർ മുസ്‌ലിങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കി, പ്രവാചകൻ(സ)യുടെ പലായന വേളയിൽ കൂടെയുണ്ടായിരുന്ന ഒരു സഹയാത്രികൻ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ പേര് ‘ആമിർ ബിൻ ഫുഹൈറ’ എന്നായിരുന്നു. അവർ അദ്ദേഹത്തെ പിടിക്കുകയും കുന്തം കൊണ്ട് കുത്തുകയും ചെയ്തു. അവർ അങ്ങനെ ചെയ്യുന്നതിനിടയിൽ, അദ്ദേഹം പറഞ്ഞു, ‘കഅബയുടെ നാഥനെ കൊണ്ട് സത്യം, ഞാൻ വിജയിച്ചു. ഇത് കേട്ട, പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച ആ അനുചരൻ ചിന്തിച്ചു, ഈ വ്യക്തി തന്‍റെ കുടുംബത്തിൽ നിന്നും ഭാര്യയിൽ നിന്നും മക്കളിൽ നിന്നും വളരെ അകലെയാണ്. മരണാസന്നനായ സമയത്തും ഞാൻ വിജയിച്ചിരിക്കുന്നു എന്ന് പറയുന്ന ഇയാള്‍ക്ക് ഭ്രാന്തുണ്ടോ! എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു കാര്യം പറഞ്ഞതെന്ന് അറിയാൻ അദ്ദേഹം ചുറ്റുമുള്ളവരോട് ചോദിച്ചു, അദ്ദേഹം ഒരു മുസ്‌ലിമാണെന്നും മുസ്‌ലിങ്ങള്‍ക്ക് ശരിക്കും ‘ഭ്രാന്താണ്’ എന്നും അവർ പറഞ്ഞു. അല്ലാഹുവിന് വേണ്ടി മുസ്‌ലിങ്ങൾ മരണം വരിക്കുമ്പോൾ, അല്ലാഹു തങ്ങളിൽ സംതൃപ്തനാണെന്ന് അവര്‍ക്ക് മനസ്സിലാക്കുന്നു. തല്‍ഫലമായി, ഈ അനുചരൻ മുസ്‌ലിങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാനും ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കാനും തീരുമാനിച്ചു. അങ്ങനെ അദ്ദേഹം മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു.
ചുരുക്കത്തിൽ ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്‍റെ മികവുകൊണ്ടാണ് എന്ന് മുസലിഹ് മൗഊദ് (റ) പറഞ്ഞു.
ഹദ്റത്ത് ‘ആമിർ ബിൻ ഫുഹൈറ തന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ മറ്റ് അനുചരന്മാരുടേതിന് സമാനമാണ്. ഇതുമായി ബന്ധപ്പെട്ട് ഹദ്റത്ത് മുസലിഹ് മൗഊദ്(റ) പറയുന്നത്, മരണം തങ്ങള്‍ക്ക് സന്തോഷം നല്കുമെന്ന ചിന്തയോടെയാണ് നബിയുടെ(സ) അനുചരന്മാർ യുദ്ധത്തിൽ പങ്കെടുത്തിരുന്നത്. അവര്‍ക്ക് എന്തെങ്കിലും വേദന ഉണ്ടായാൽ, അവർ അത് ആശ്വാസവും സന്തോഷവും ആയി കണക്കാക്കും. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഉദാഹരണത്തിന്, ചില അറബ് ഗോത്രങ്ങളിൽ ഇസ്‌ലാമിന്‍റെ സന്ദേശം എത്തിക്കാൻ 70 ഹാഫിളീങ്ങളെ (വിശുദ്ധ ഖുര്‍ആൻ മനഃപാഠമാക്കിയവരെ) അയച്ച സംഭവമുണ്ട്. ഫര്‍ഹാൻ ഹറാം ബിന്‍ മില്‍ഹാൻ അവരുടെ തലവനായ ആമിർ ബിൻ തുഫൈലിനെ ഈ സന്ദേശം അറിയിക്കാൻ പോയി. അദ്ദേഹം ഈ സന്ദേശം കൈമാറുമ്പോൾ, അവർ അദ്ദേഹത്തെ പിന്നിൽ നിന്ന് ആക്രമിക്കാൻ ഒരാളോട് ആംഗ്യം കാണിച്ചു. മരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണ് ഏറ്റവും വലിയവൻ. കഅബയുടെ നാഥനാണ! ഞാൻ വിജയിച്ചിരിക്കുന്നു. അതിന് ശേഷം മറ്റ് അനുചരന്മാരെയും അവർ വളയുകയും രക്തസാക്ഷികളാക്കുകയും ചെയ്തു.
അനുചരന്മാരുടെ രക്തസാക്ഷിത്വത്തിനു ശേഷമുള്ള നബിതിരുമേനി(സ)യുടെ ദുഃഖം
ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് (റ) എഴുതുന്നു.
“റജീഇലെയും ബിഅ്റ് മഊനയുടെയും സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകൾ പ്രവാചകൻ(സ)ക്കും അനുചരന്മാര്‍ക്കും ലഭിച്ചത് ഏറെക്കുറെ ഒരേ സമയത്താണ്. ഈ സംഭവങ്ങളിൽ നബിതിരുമേനി(സ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ സംഭവങ്ങള്‍ക്ക് മുമ്പോ ശേഷമോ ഒരു കാര്യത്തിലും നബിതിരുമേനി(സ) ഇത്രയധികം ദുഃഖിച്ചിട്ടില്ലെന്ന് വിവരണങ്ങളിൽ നിന്ന് മനസ്സിലാകുന്നു. നിസ്സംശയമായും, ഏതാണ്ട് എണ്‍പതോളം അനുചരന്മാരാണ് ചതിയിൽ പെട്ട് കൊലചെയ്യപ്പെട്ടത്. പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആൻ മനഃപാഠമാക്കിയ, ദരിദ്രരും നിസ്വാര്‍ഥരുമായ ഒരു ജനവിഭാഗത്തിൽ നിന്നുള്ള അത്തരം അനുചരന്മാർ വധിക്കപ്പെട്ടത് ചെറിയ സംഭവമായിരുന്നില്ല.
അറേബ്യയിലെ ഗോത്രങ്ങൾ ഇസ്‌ലാമിനോടും ഇസ്‌ലാമിന്‍റെ അനുയായികളോടും തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന തീവ്രമായ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും തീവ്രമായ അവസ്ഥയെയാണ് ബിഅ്റ്-ഇ-മഊനയുടെയും റജീഇലെയും സംഭവങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ അക്കാലത്ത്, ഈ ക്രൂരമായ കൊലപാതകികള്‍ക്കെതിരെ പ്രവാചകൻ(സ) ഒരു സൈനിക നടപടിയും സ്വീകരിച്ചില്ല. എന്നിരുന്നാലും, മുപ്പത് ദിവസം തുടര്‍ച്ചയായി, ഈ വാര്‍ത്ത ലഭിച്ചതിന് ശേഷം, തിരുമേനി(സ) തന്‍റെ പ്രഭാത നമസ്‌കാരത്തിൽ നിന്ന് പ്രാര്‍ഥിക്കുകയുണ്ടായി.”[2]
പ്രാര്‍ഥനകള്‍ക്കുള്ള ആഹ്വാനം
ഫലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാൻ ഖലീഫാ തിരുമനസ്സ് എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. നബിയുടെ അനുചരന്മാരെ പോലെ അവരും കൊല്ലപ്പെടുകയാണ്. അവർ വഞ്ചിക്കപ്പെടുകയാണ്. അതുപോലെ, ലോകം വലിയ നാശത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. സര്‍വശക്തനായ അല്ലാഹു ലോകമെമ്പാടുമുള്ള അഹ്‌മദികളെ യുദ്ധത്തിന്‍റെ പ്രതികൂല ഫലങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ. പാകിസ്ഥാനിൽ താമസിക്കുന്ന അഹ്‌മദികള്‍ക്ക് വേണ്ടിയും ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിക്കുവാൻ ഓര്‍മിപ്പിക്കുകയുണ്ടായി. സര്‍വശക്തനായ അല്ലാഹു കാരുണ്യം കാണിക്കുകയും അവരെ അക്രമികളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം:2, പേജ് 367- 369
[2] സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 371-373
0 Comments