തിരുനബിചരിത്രം: ബനൂ മുസ്തലിഖിലേക്കിലുള്ള യുദ്ധനീക്കം

അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് ഈ കാര്യം അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും തന്‍റെ രണ്ട് ആണ്‍ മക്കളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

തിരുനബിചരിത്രം: ബനൂ മുസ്തലിഖിലേക്കിലുള്ള യുദ്ധനീക്കം

അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് ഈ കാര്യം അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും തന്‍റെ രണ്ട് ആണ്‍ മക്കളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

ജൂലൈ 25, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജൂലൈ 19, 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ അയ്യദഹുല്ലാഹ് പറഞ്ഞു: ബനൂ മുസ്തലിഖ് യുദ്ധനീക്കത്തെ കുറിച്ചുള്ള വിവരണങ്ങൾ ഇന്നും തുടർന്ന് വിവരിക്കുന്നതാണ്.

നബിതിരുമേനി(സ) ബനൂ മുസ്തലിഖിനെ ആക്രമിച്ച സമയത്ത് അവർ ഈ ആക്രമണത്തെ കുറിച്ച് പ്രതീക്ഷിച്ചിരുന്നില്ല, അവർ തങ്ങളുടെ മൃഗങ്ങൾക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് ഈ യുദ്ധനീക്കത്തെ കുറിച്ച് ബുഖാരിയിൽ ഒരു നിവേദനമുണ്ട്. മുസ്‌ലിങ്ങൾ തങ്ങളെ ആക്രമിക്കാൻ ഒരുങ്ങുന്നുണ്ട് എന്ന് അറിയാമായിരുന്നിട്ടും മുസ്‌ലിം സൈന്യം അവരുടെ തൊട്ടടുത്ത് എത്തിയതിന് കുറിച്ച് അവർ അശ്രദ്ധരായിരുന്നു. അവർ സ്വസ്ഥതയിലും അസംഘിടിതവുമായ അവസ്ഥയിലായിരുന്നു. മുസ്‌ലിങ്ങൾ തങ്ങൾക്കടുത്തെത്തി എന്ന് അവർ അറിഞ്ഞപ്പോൾ അവർ ഉടനെ തന്നെ യുദ്ധത്തിന് തയ്യാറായി അണിനിരന്നു. ബനൂമുസ്തലിഖിനെ ആക്രമിച്ച സമയത്തെ കുറിച്ച് വ്യത്യസ്ത നിവേദനങ്ങൾ ഉണ്ടെങ്കിലും ഈ നിവേദനമാണ് ശരി എന്ന് അല്ലാമാ ഇബ്നു ഹജറിനെ പോലെയുള്ള ഗവേഷണ പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിശാം ബിൻ സുബാബയുടെ രക്തസാക്ഷിത്വം

ഈ യുദ്ധനീക്കത്തിൽ ഒരു സഹാബി ഹദ്റത്ത് ഹിശാം ബിൻ സുബാബ മുസ്‌ലിങ്ങളുടെ തന്നെ അബദ്ധം കാരണം രക്തസാക്ഷിയാവുകയുണ്ടായി. മറ്റൊരു മുസ്‌ലിമായ ഹദ്റത്ത് ഔസ്(റ) ഒരു അവിശ്വാസിയാണെന്ന് കരുതി അദ്ദേഹത്തെ പിടിക്കുകയായിരുന്നു. ഹദ്റത്ത് ഹിശാം(റ) അവിശ്വാസികളെ തിരഞ്ഞു മുന്നോട്ട് പോയതായിരുന്നു. അദ്ദേഹം തിരികെ വരുമ്പോൾ ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു, അദ്ദേഹം ഹദ്റത്ത് ഔസ്(റ)ന്‍റെ അടുക്കൽ എത്തിയതും ഒരു ശത്രുവാണ് തന്‍റെ അടുത്തേക്ക് വരുന്നത് എന്ന് കരുതി ഔസ്(റ) അദ്ദേഹത്തെ പിടികൂടി വധിക്കുകയുണ്ടായി. പിന്നീട് ഹദ്റത്ത് ഹിശാം(റ)ന്‍റെ സഹോദരൻ അദ്ദേഹത്തിന്‍റെ വധത്തിന്‍റെ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിരുന്നു. നബിതിരുമേനി(സ) ഹദ്റത്ത് ഔസ്(റ) നോട് നഷ്ടപരിഹാരം നൽകാൻ നിദ്ദേശിക്കുകയും ചെയ്തു. എന്നാൽ പിന്നീട്, ഹദ്റത്ത് ഹിശാം(റ)ന്‍റെ സഹോദരൻ ഇസ്‌ലാം മതം ഉപേക്ഷിക്കുകയും തന്‍റെ സഹോദരന്‍റെ ജീവന് പകരം വീട്ടുന്നതിനായി ഹദ്റത്ത് ഔസ്(റ)നെ വധിക്കുകയുമുണ്ടായി. നഷ്ടപരിഹാര തുക ലഭിച്ചതിന് ശേഷവും പ്രതികാരം ചെയ്യുന്നതിനായി വധിക്കുന്നത് അവിശ്വാസികളായ അറബികളുടെയും രീതിക്ക് എതിരായിരുന്നു. അതിനാൽ നബിതിരുമേനി(സ)യുടെ ഹദ്റത്ത് നുമൈല എന്ന് പേരുള്ള ഒരു അനുചരൻ മക്കാ വിജയ സമയത്ത് ഹിശാം(റ)ന്‍റെ സഹോദരൻ മിക്യാസിനെ വധിച്ചു.

ഈ യുദ്ധനീക്കത്തെ കുറിച്ചുള്ള വിവരണങ്ങളിൽ മലക്കുകൾ മുസ്‌ലിങ്ങളെ സഹായിച്ചതിനെ കുറിച്ചും പരാമർശമുണ്ട്. നബിതിരുമേനി(സ) മുറൈസി എന്ന സ്ഥലത്ത് ബനൂ മുസ്തലിഖിനെ എതിരിടാൻ എത്തിയപ്പോൾ ബനൂ മുസ്തലിഖിലെ ജനങ്ങൾ ഒരു വലിയ സംഘം ജനങ്ങളും കുതിരകളും അടങ്ങുന്ന സൈന്യത്തെ കണ്ട് ഭയന്നതായി രേഖപ്പെട്ട് കിടക്കുന്നുണ്ട്. പിന്നീട് ഹദ്റത്ത് ജുവൈരിയ(റ)  മുസ്‌ലിം ആവുകയും നബിതിരുമേനി(സ) അവരെ വിവാഹം കഴിക്കുകയും ചെയ്ത സമയത്താണ് മുസ്‌ലിം സൈന്യം അത്ര വലിയ സൈന്യമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത്. ഇതിന്‍റെ ഏക വിശദീകരണം എന്തെന്നാൽ സർവ്വശക്തനായ അല്ലാഹു ബനൂ മുസ്തലിഖിന്‍റെ ഹൃദയങ്ങളിൽ മുസ്‌ലിം സൈന്യത്തോടുള്ള ഭയം നിരക്കുകയായിരുന്നു.

ഈ യുദ്ധനീക്കത്തിൽ 2000 ഒട്ടകങ്ങളും 5000 ആടുകളും ഗനീമത്ത് അഥവാ യുദ്ധമുതൽ ആയി ലഭിച്ചിരുന്നു. കൂടാതെ 200 വീടുകളിലെ ആളുകൾ തടവുകാരായി പിടിക്കപ്പെട്ടു. ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത് തടവുകാരുടെ എണ്ണം 700 ആയിരുന്നു എന്നാണ്. ഈ തടവുകാരുടെ മേൽനോട്ടം വഹിക്കുന്നതിനായി ഹദ്റത്ത് ബുറൈദ(റ)നെ ചുമതലപ്പെടുത്തി. യുദ്ധമുതലിലെ ഖുമ്‌സ് അഥവാ അഞ്ചിൽ ഒരു ഭാഗം അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാണ്. അത് നബിതിരുമേനി(സ)ക്ക് ലഭിക്കുകയുണ്ടായി.

ഹദ്റത്ത് ജുവൈരിയ ബിൻത് ഹാരിസ്(റ)യുടെ വിവാഹം

തടവുകാരുടെ കൂട്ടത്തിൽ ബനൂ മുസ്തലിഖിലെ ഒരു നേതാവ് ബർറയുടെ മകളും ഉണ്ടായിരുന്നു.അവളുടെ ഭർത്താവ് ഈ യുദ്ധത്തിൽ വധിക്കപ്പെട്ടിരുന്നു. തടവുകാരെ ഭാഗം വെച്ചപ്പോൾ ഇവർ ഹദ്റത്ത് സാബിത്ത് ബിൻ ഖൈസിന്‍റെ ഭാഗത്തിൽ വന്നു. അവർ മുക്കാത്തബ എന്ന ഉടമ്പടി ചെയ്യാൻ ആഗ്രഹിച്ചു. അതായത് ഒരു തുക നിശ്ചയിക്കപ്പെട്ട്, ആ തുക അടച്ച് സ്വാതന്ത്രയാകുന്നതിനുള്ള ഉടമ്പടിയാണ് മുക്കാത്തബ. ഈ ഉടമ്പടി നിശ്ചയിച്ചതിന് ശേഷം അവർ നബിതിരുമേനി(സ)യുടെ അടുക്കൽ വരികയും തനിക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട തുക അടക്കുന്നതിന് വേണ്ടി തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. നബിതിരുമേനി(സ)ന് അവരുടെ കാര്യം കേട്ടപ്പോൾ കൌതുകം ജനിക്കുകയും  ഇവർ ഒരു നേതാവിന്‍റെ മകൾ ആയതിനാൽ ഇവരുടെ സമൂഹത്തിലേക്ക് ഇസ്‌ലാമിന്‍റെ സന്ദേശം എത്തിക്കാൻ എളുപ്പമാകും എന്നും കരുതി. അതിനാൽ അവരെ സ്വാതന്ത്രയാക്കാനും അവരെ വിവാഹം കഴിക്കാനും നബിതിരുമേനി(സ) ആഗ്രഹിച്ചു. അദ്ദേഹം അവർ സ്വന്തന്ത്രയാകാൻ  ആവശ്യമായ തുക നൽകാൻ തയ്യാറാണെന്നും അവരെ വിവാഹം ചെയ്യാം എന്നും സന്ദേശം നൽകി. നബിതിരുമേനി(സ) അവർക്ക് ജുവൈരിയ എന്ന് നാമകരണം ചെയ്തു. നബിതിരുമേനി(സ) ബനൂ മുസ്തലിഖിൽ നിന്ന് വിവാഹം കഴിച്ചു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ അനുചരന്മാർ സ്വന്തം ഇഷ്ടപ്രകാരം ബനൂ മുസ്തലിഖിനെ സ്വതന്ത്രരാക്കി. അങ്ങനെ നൂറുകണക്കിന് ബനൂ മുസ്തലിഖ് തടവുകാർ നഷ്ടപരിഹാര തുകയേതും ഇല്ലാതെ തന്നെ സ്വതന്ത്രരായി.

ജുവൈരിയ(റ)യുടെ പിതാവ് ഹാരിസ് തന്‍റെ മകളെ സ്വതന്ത്രയാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് സമ്പത്തുമായി മദീനയിലേക്ക് യാത്ര തിരിച്ചു. അദ്ദേഹം അഖീഖ് താഴ്‌വരയിൽ എത്തിയപ്പോൾ അയാളുടെ പക്കൽ ഉണ്ടായിരുന്ന രണ്ട് ഒട്ടകങ്ങളെ പിന്നീട് തനിക്ക് ഉപയോഗിക്കാൻ വേണ്ടി അവിടെ നിർത്തി. അദ്ദേഹം മദീനയിൽ എത്തിയപ്പോൾ നഷ്ടപരിഹാരം എന്ന നിലയിൽ ഒട്ടകങ്ങളെ സമർപ്പിച്ചു. അപ്പോൾ നബിതിരുമേനി(സ) ചോദിച്ചു: “നിങ്ങൾ അഖീഖ് താഴ്‌വരയിൽ നിർത്തിയ ആ രണ്ട് ഒട്ടകങ്ങൾ എവിടെ..?”

നബിതിരുമേനി(സ) ഈ കാര്യം ചോദിച്ചപ്പോൾ അത് അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം തന്‍റെ രണ്ട് ആൺമക്കളോടൊപ്പം ഇസ്‌ലാം സ്വീകരിച്ചു. ഹസ്റത്ത് ജുവൈരിയയുടെ സഹോദരനെ കുറിച്ചും ഇതേ തരത്തിലുള്ള ഒരു നിവേദനമുണ്ട്.

അവരുടെ പിതാവ് ജുവൈരിയയുടെ മോചനത്തിന് വേണ്ടി നബിതിരുമേനി(സ)യുടെ മുന്നിൽ ഹാജരായ സമയത്ത് നബിതിരുമേനി(സ)യുടെ ആത്‌മീയ പ്രഭാവത്തിൽ പ്രഭാവിതനായി അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ശേഷം നബിതിരുമേനി(സ)ക്ക് തന്‍റെ മകളെ വിവാഹം ചെയ്തു നൽകാൻ അദ്ദേഹം സസന്തോഷം തയ്യാറായി.

രണ്ട് സഹാബികൾക്കിടയിലെ തർക്കം

മുറൈസിയിലെ ഒരു കിണറിൽ നിന്നും വെള്ളമെടുക്കുന്ന കാര്യത്തിൽ രണ്ട് സഹാബികൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസമുണ്ടായി. പരസ്പര സഹോദരങ്ങൾ എന്ന നിലയിൽ ഇത്തരം തർക്കങ്ങൾ സഹാബികൾക്കിടയിൽ ഉയരാൻ പാടുള്ളതല്ല എന്ന് നബിതിരുമേനി(സ) ഉപദേശിച്ചു. ഈ തർക്കത്തിൽ ഏർപ്പെട്ടിരുന്ന ഒരു സഹാബിയായ ഹദ്റത്ത് സിനാൻ(റ)നോട് നബിതിരുമേനി(സ)യുടെ ഉപദേശത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് അംഗീകരിക്കാൻ തയ്യാറായി. അബ്‌ദുല്ലാഹ് ഇബ്നു ഉബയ്യ് ഇബ്നു സലൂൽ അടുത്ത് നിന്ന് തന്നെ ഈ കാര്യങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അതുപോലെ ചെറിയ പ്രായമായിരുന്നു സൈദ് ഇബ്നു അർഖം(റ)വും ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അബ്‌ദുല്ലാഹ് ഇബ്നു ഉബയ്യ് ഇതെല്ലാം കണ്ടപ്പോൾ പറഞ്ഞു:’നബിതിരുമേനി(സ) മദീനയിൽ വന്ന സമയം മുതൽ എനിക്ക് ഇസ്‌ലാമിനോട് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. എന്‍റെ സമുദായം മുസ്‌ലിങ്ങൾ ആയതിനാൽ ഞാനും ഇസ്‌ലാം സ്വീകരിച്ചു. ഖുറൈശികൾ പാല് കൊടുത്ത കൈക്ക് കൊത്തുന്ന സ്വഭാവമുള്ളവരാണ്. മദീനയിൽ എത്തിയതും മദീനയിലെ ഏറ്റവും ആദരണീയനായ വ്യക്തി ഏറ്റവും നിന്ദ്യനായ വ്യക്തിയെ മദീനയിൽ നിന്നും പുറത്താക്കുന്നതായിരിക്കും. തുടർന്ന് തന്‍റെ സമൂഹത്തിനോടായി പറഞ്ഞു; ‘ ഇതെല്ലാം നിങ്ങൾ മുസ്‌ലിങ്ങളെ മദീനയിൽ ജീവിക്കാൻ അനുവദിച്ചതിന്‍റെ ഫലമായിട്ടാണ് നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.

അയാൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അയാൾ പറഞ്ഞു: ‘നിങ്ങൾ നബിക്ക് വേണ്ടി നിങ്ങളുടെ ജീവൻ നൽകുകയും നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ചെയ്തിരിക്കുന്നു. ഹദ്റത്ത് സൈദ്(റ) ഇതെല്ലാം കേട്ടപ്പോൾ അയാളോടായി പറഞ്ഞു; ‘നബിതിരുമേനി തന്നെയാണ് ഏറ്റവും ആദരണീയനായ വ്യക്തി, അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് നിന്ദ്യൻ ആണ്.’ ഹദ്റത്ത് സൈദ്(റ) നബിതിരുമേനി(സ)യുടെ അടുക്കലെത്തുകയും ഉബയ്യ് ഇബ്നു സുലൂൽ പറഞ്ഞ കാര്യങ്ങളെല്ലാം നബിതിരുമേനി(സ)യോട് വിവരിക്കുകയും ചെയ്തു. സൈദിന് ചെറിയ പ്രായമായിരുന്നു. സൈദ് കേട്ടത് തെറ്റായിപ്പോയിട്ടുണ്ടാകാം, സൈദിന് അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് ഇബ്നു സുലൂലിനോട് എന്തെങ്കിലും വിദ്വേഷം ഉണ്ടായിരിക്കാം എന്നെല്ലാം നബിതിരുമേനി(സ) പ്രതികരിച്ചു. മുതിർന്ന സഹാബാക്കളും സൈദ് പറഞ്ഞ കാര്യങ്ങൾ ആദ്യം വിശ്വസിച്ചില്ല. ചിലർ അബ്‌ദുല്ലാഹ് ബിൻ ഉബയ്യിനെ കണ്ട് അയാൾ ഇപ്രകാരമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ നബിതിരുമേനി(സ)യോട് മാപ്പ് അപേക്ഷിക്കാൻ ഉപദേശിച്ചു, അല്ലെങ്കിൽ നബിതിരുമേനിക്ക് അയാളെ കുറിച്ച് എന്തെങ്കിലും വെളിപാട് ഇറങ്ങാൻ സാധ്യതയുണ്ട്. കുറഞ്ഞപക്ഷം എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരു വിശദീകരണമെങ്കിലും നൽകാം. സൈദ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് അല്ലാഹുവിന്‍റെ പേരിൽ സത്യം ചെയ്തു. സൈദിന് ചെറിയ പ്രായമായിരുന്നു എങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു വിശ്വസിച്ച ചിലരുണ്ടായിരുന്നു. നബിതിരുമേനി(സ)യും സൈദ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ തുടങ്ങി. 

എന്തായാലും നബിതിരുമേനി(സ) മദീനയിലേക്ക് തിരിച്ച് പോകാനുള്ള യാത്ര ആരംഭിക്കാൻ കൽപിച്ചു. നബിതിരുമേനി(സ) പൊതുവിൽ യാത്ര ചെയ്യാത്ത സമയത്താണ് അദ്ദേഹം മദീനയിലേക്ക് തിരികെ പോകാനുള്ള യാത്ര ചെയ്യാൻ കൽപിച്ചത്. അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് ഇത്തരം കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് നബിതിരുമേനി(സ)ക്ക് മനസ്സിലായിരുന്നു. പക്ഷെ നബിതിരുമേനി(സ) ആ സമയത്ത് യുക്തിപൂർവ്വം ഈ കാര്യത്തെ കുറിച്ച് നിശബ്ദത പാലിച്ചു.

ജൽസ സാലാന യുകെ

അടുത്ത വെള്ളിയാഴ്ച മുതൽ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് യുകെയുടെ വാർഷിക സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിന്‍റെ വിജയത്തിന് വേണ്ടിയും വളണ്ടിയർമാർക്ക് ശരിയായ രീതിയിൽ സേവനമനുഷ്ഠിക്കാനും ഈ സമ്മേളനത്തിന് വേണ്ടി യാത്രകൾ ചെയ്യുന്നവരുടെ സംരക്ഷണത്തിന് വേണ്ടിയും എല്ലാവരും ദുആ ചെയ്യണമെന്നു ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്യുകയുണ്ടായി.

തുടർന്ന് ഖലീഫ തിരുമനസ്സ്  കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടുപോയ നമ്മുടെ ജാമാഅത്തിലെ ചിലരെ അനുസ്മരിക്കുകയുണ്ടായി. ഖാദിയാൻ സ്വദേശിനിയായ സലീമാ ബാനൂ സാഹിബ, ലാഹോർ സ്വദേശിയായ നൂറുൽ ഹഖ് മസ്ഹർ സാഹിബ്, റബ്‌വയിലെ അമത്തുൽ ഹഫീസ് നിഗത്ത് സാഹിബ എന്നിവരെയാണ് ഖലീഫാ തിരുമനസ്സ് അനുസ്മരിച്ചത്. ഇവരുടെ ദീനീ സേവനങ്ങൾ പരാമർശിക്കുകയും അവരുടെ പാപപ്പൊറുതിക്ക് വേണ്ടി ദുആ ചെയ്യുകയും അവരുടെ ജനാസ നമസ്‌കാരിക്കുന്നതാണെന്നു അറിയിക്കുകയും ചെയ്തു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed