സെപ്റ്റംബര്‍ 5, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ആഗസ്റ്റ് 30, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി എന്‍ താഹിര്‍ അഹ്‌മദ് ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് അയ്യദഹുല്ലാഹ് പറഞ്ഞു
ജർമൻ വാർഷിക സമ്മേളനത്തിനു മുൻപായി നബി(സ)യുടെ ജീവിതചരിത്രം ആയിരുന്നു വിവരിച്ചു കൊണ്ടിരുന്നത്. ഹദ്റത്ത് ആയിശാ(റ)മായി ബന്ധപ്പെട്ട ഇഫ്ക്ക് സംഭവത്തെക്കുറിച്ചും വിവരിച്ചിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, ശിക്ഷയെക്കുറിച്ചുള്ള പ്രവചനങ്ങളെ പശ്ചാത്താപം, പാപപ്പൊറുതി, പ്രാർഥന, ധാനനർമ്മം എന്നിവ കൊണ്ട് അകറ്റുന്നത് അല്ലാഹുവിന്‍റെ ചര്യയാണ്. ഇതേ സ്വഭാവം തന്നെയാണ് അല്ലാഹു മനുഷ്യനെയും പഠിപ്പിച്ചിട്ടുള്ളത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും വ്യക്തമാകുന്നത് കപടവിശ്വാസികളായ ചില ആളുകൾ ഹദറത്ത് ആയിശയെക്കുറിച്ച് വ്യാജ ആരോപണം നടത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചയിൽ ചില സത്പ്രകൃതക്കാരായ സഹാബാക്കളും പങ്കെടുത്തിരുന്നു എന്നാണ്. അതിൽ ഒരു സഹാബി ഹദ്റത്ത് അബൂബക്കർ (റ) വീട്ടിൽ വന്ന് രണ്ടു നേരം ഭക്ഷണം കഴിച്ചിരുന്ന ആളായിരുന്നു. ആ വ്യക്തിയുടെ ഈ തെറ്റായ പ്രവൃത്തി കണ്ടു കൊണ്ട് ഹദ്റത്ത് അബൂബക്കർ (റ) സത്യം ചെയ്തുകൊണ്ട് പറഞ്ഞു താൻ ഇനി ആ വ്യക്തിക്ക് ഭക്ഷണം നൽകുന്നതല്ല. അതേ തുടർന്ന് ഈ ആയത്ത് അവതരിച്ചു
وَلۡیَعۡفُوۡا وَلۡیَصۡفَحُوۡا ؕاَلَا تُحِبُّوۡنَ اَنۡ یَّغۡفِرَ اللّٰہُ لَکُمۡؕ وَاللّٰہُ غَفُوۡرٌ رَّحِیۡمٌ
അപ്പോൾ അബൂബക്കർ തന്‍റെ ശപഥം ലംഘിച്ചുകൊണ്ട് ആ സഹാബിക്ക് ഭക്ഷണം നൽകാൻ തുടങ്ങി.
ഹദ്റത്ത് മസീഹ് മൗഊദ് (അ) പറയുന്നു , ഇതിന്‍റെ അടിസ്ഥാനത്തിൽ ആരെങ്കിലും ശിക്ഷ നൽകുമെന്നു പറഞ്ഞു ശപഥം ചെയ്യുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്യുകയാണെങ്കിൽ, ഇസ്ലാമിക വീക്ഷണത്തിൽ അതിനെ ഉന്നത ധാർമിക ഗുണമായിട്ടാണ് കാണുന്നത് . ഉദാഹരണമായി ആരെങ്കിലും തന്‍റെ ജോലിക്കാരനെ 50 പ്രാവശ്യം ചെരുപ്പുകൊണ്ട് അടിക്കും എന്ന് ശപഥം ചെയ്യുകയും, പിന്നീട് അയാൾ പശ്ചാതപിക്കുകയും വിലപിക്കുകയും ചെയ്യുമ്പോൾ മാപ്പ് കൊടുക്കുകയും ചെയ്യുന്നത് ഇസ്ലാമിക രീതിയാണ് . تخلقوا باخلاق اللّٰہ അനുസരിച്ച് അല്ലാഹുവിന്‍റെ ഗുണം സ്വായത്തമാക്കുന്നവരായി മാറും. എന്നാൽ വാഗ്ദാന ലംഘനം അനുവദനീയമല്ല. വാഗ്ദാനം ലംഘിക്കപ്പെട്ടാൽ അത് ചോദിക്കപ്പെടുന്നതാണ് പക്ഷേ ശിക്ഷ നൽകും എന്ന് പറഞ്ഞുകൊണ്ടുള്ള ശപഥലംഘനം അപ്രകാരമല്ല.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) സീറത്ത് ഖാത്തമുന്നബിയ്യീൻ എന്ന പുസ് തകത്തിൽ ഇഫ്‌ക് സംഭവം ബുഖാരിയുടെ നിവേദനങ്ങളുടെ വെളിച്ചത്തിൽ എഴുതുന്നു , ഈ സംഭവത്തെ കുറിച്ചുള്ള ഈ നിവേദനം മറ്റെല്ലാനിവേദനങ്ങളെക്കാളും വിശദീകരണം ഉള്ളതും വിശ്വാസയോഗ്യവുമാണ് . ഈ നിവേദനത്തിലൂടെ , ഒരു ചരിത്രകാരനും അവഗണിക്കാൻ സാധിക്കാത്ത വിധത്തിൽ തിരുനബി(സ) യുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ചിത്രം വിവരിക്കുന്നുണ്ട് . ഈ നിവേദനം സംശയങ്ങൾക്ക് യാതൊരു തരത്തിലും ഇടം തരാത്ത ഉന്നതമായ നിലവാരത്തിലുള്ളതാണ് .
കപട വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ഈ കുഴപ്പം എത്രമാത്രം ഭയാനകമാണ് എന്ന് ചിന്തിക്കേണ്ടതാണ്.ഈ സംഭവത്തിലൂടെ ആക്രമിക്കാൻ ശ്രമിച്ചത് , ഭയഭക്തയും ചാരിത്രവതിയും ആയ ഒരു സ്ത്രീയുടെ ചാരിത്രത്തെ മാത്രമല്ല മറിച്ച് നബി (സ) യുടെ അഭിമാനത്തിന് കോട്ടം തട്ടിക്കാനും , ഇസ്ലാമിക സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കാനുമായിരുന്നു. കപട വിശ്വാസികളായ ആളുകൾ നീചവും ദുഷിച്ചതുമായ ഈ കുതന്ത്രത്തെ എത്രമാത്രം ചർച്ചാവിഷയമാക്കി എന്നാൽ ശുദ്ധ പ്രകൃതരായ ചില മുസ്ലീങ്ങൾ അവരുടെ കുതന്ത്രത്തിൽ അകപ്പെടുകയുണ്ടായി. അതിൽ ഹസാൻ ബിൻ സാബിത്ത്, ഹംന ബിൻത് ജഹശ് , മസ്തഹ് ബിൻ അസാസ എന്നിവരുടെ പേരുകൾ പ്രത്യേകം പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഹദ്റത്ത് ആയിശ (റ) തന്‍റെ ഉന്നതമായ ധാർമിക ഗുണം കൊണ്ട്, മനസ്സിൽ യാതൊരു വെറുപ്പും അവശേഷിക്കാത്ത തരത്തിൽ അവർക്ക് മാപ്പ് നൽകി.
ഹദ്റത്ത് ആയിശ(റ) വളരെ സന്തോഷത്തോടുകൂടി ആയിരുന്നു ഹസാൻ ബിൻ സാബിത്തിനെ കണ്ടിരുന്നത്. ഹസാൻ അവിശ്വാസികൾക്കെതിരെ നബി(സ)ക്ക് വേണ്ടി കവിതകൾ എഴുതിയിരുന്നത് തനിക്ക് വിസ്മരിക്കാൻ സാധിക്കില്ല എന്ന് അവർ പറയുമായിരുന്നു.
ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) ഈ ആരോപണങ്ങളുടെ കാരണത്തെക്കുറിച്ച് പറയുന്നു,
അവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നു നമുക്ക് നോക്കേണ്ടതുണ്ട്. ഹദ്റത്ത് ആയിശയോടുള്ള എന്തെങ്കിലും ശത്രുതയായിരുന്നില്ല ഇതിന് കാരണം. ഈ ആരോപണത്തിന് രണ്ട് കാരണങ്ങൾ ഉണ്ടാകാൻ മാത്രമേ സാധ്യത ഉള്ളൂ, ഒന്നുകിൽ ഈ ആരോപണം സത്യമായിരിക്കണം. നഊദുബില്ലാഹ് അത് ഒരു വിശ്വാസിക്ക് ഒരു നിമിഷ നേരത്തേക്ക് പോലും അംഗീകരിക്കാൻ സാധ്യമല്ല. പ്രത്യേകിച്ചും അല്ലാഹു ആകാശത്തുനിന്ന് തന്നെ ഈ ആരോപണത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നു. രണ്ടാമതായി, ഈ ആരോപണം തിരുനബി(സ) യേയും അബൂബക്കർ (റ) നേയും ആക്രമിക്കുന്നതിന് വേണ്ടി ഉന്നയിക്കപ്പെട്ടത് ആയിരിക്കാം. കാരണം അവർ ഒരാളുടെ ഭാര്യയും മറ്റൊരാളുടെ മകളും ആണ് . ഈ രണ്ട് വ്യക്തിത്വങ്ങൾക്കും ദുഷ്പേര് ഉണ്ടാക്കുകയാണെങ്കിൽ രാഷ്ട്രീയപരമായും ശത്രുത കാരണത്താലും ചില ആളുകൾക്ക് പ്രയോജനം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. തിരുനബി(സ)ക്ക് ഉണ്ടായിരുന്ന സ്ഥാനം ആരോപണമുന്നയിക്കുന്ന ആർക്കും തന്നെ ഇല്ലാതാക്കാൻ സാധിക്കുമായിരുന്നില്ല. അവരുടെ മുന്നിൽ ഉണ്ടായിരുന്ന ആശങ്ക, തിരുനബി(സ)യുടെ വിയോഗത്തിന് ശേഷവും തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലേ എന്നതായിരുന്നു .
നബിക്ക് ശേഷം ഖലീഫയാകാൻ ആരെങ്കിലും അർഹനായിട്ടുണ്ടെങ്കിൽ അത് ഹദ്റത്ത് അബൂബക്കർ മാത്രമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു.ഈ അപകടത്തെ തിരിച്ചറിഞ്ഞു കൊണ്ടാണ് അവർ ആയിശാ(റ)ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഇത്തരത്തിൽ നബി(സ) യുടെ ദൃഷ്ടിയിൽ ആയിശ(റ) മോശക്കാരിയാകുമെന്നും ഈ കാരണം കൊണ്ട് അബൂബക്കറിന് മുസ്‌ലിങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്ഥാനം ഇല്ലാതാകുമെന്നും അങ്ങനെ നബിക്ക് ശേഷം അബൂബക്കർ(റ)ന് ഖലീഫ ആകാനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുമെന്ന് അവർ കരുതി.
ചരിത്രം പറയുന്നത്, മദീനയിലെ രണ്ടു ഗോത്രങ്ങൾ ആയിരുന്ന ഔസും , ഖസ്റജും പരസ്പരമുള്ള രക്തച്ചൊരിച്ചിലും യുദ്ധവും നിർത്തി രഞ്ജിപ്പുണ്ടാക്കി അബ്‌ദുല്ലാഹ് ബിൻ ഉബൈ ബിൻ സുലൂലിനെ മദീനയിലെ രാജാവാക്കി. എന്നാൽ ആ സമയത്ത് കുറച്ച് ആളുകൾ മക്കയിൽ നിന്നും തിരിച്ചുവന്ന് അവസാന കാലഘട്ടത്തിലെ പ്രവാചകൻ ആഗതനായിരിക്കുന്നു വെന്നും തങ്ങൾ അദ്ദേഹത്തിൽ ബൈഅത്ത് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു. തുടർന്ന് കുറച്ച് ആളുകളുടെ അപേക്ഷ പരിഗണിച്ച് നബി (സ) ഒരു സ്വഹാബിയെ സന്ദേശം എത്തിക്കുന്നതിനു വേണ്ടി മദീനയിലേക്ക് അയച്ചു. അദ്ദേഹം മുഖേന നിരവധി ആളുകൾ ബൈഅത്ത് ചെയ്ത് ഇസ്ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു.
അബ്‌ദുല്ലാഹ് ബിൻ ഉബൈബിൻ സുലുൽ തന്‍റെ രാജ്യഭരണം കൈവിട്ടുപോയി എന്ന് കണ്ടപ്പോൾ, നബിക്ക് ശേഷം മുസ്‌ലിങ്ങളുടെ ദൃഷ്ടി അബൂബക്കറിലേക്ക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അബൂബക്കറിനെ നിന്ദ്യനാക്കാനും ജനങ്ങളുടെയും പ്രവാചകന്‍റെയും ദൃഷ്ടിയിൽ സ്ഥാനമാനങ്ങൾ ഇല്ലാതാക്കാനും ഇതൊരവസരമായി കണ്ടു.ഈ ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള അവസരം ആയിശ(റ) യുടെ ഈ സംഭവത്തിലൂടെ ലഭിച്ചപ്പോൾ വളരെ മോശമായ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി.
ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) ഇഫ്ക് സംഭവത്തിന് ഹദ്റത്ത് അബൂബക്കർ(റ)ന്‍റെ ഖിലാഫത്തുമായുള്ള ബന്ധം വിവരിച്ചു കൊണ്ട് എഴുതുന്നു. സൂറ നൂറിന്‍റെ തുടക്കം മുതൽ അവസാനം വരെ ഒരേ വിഷയത്തെക്കുറിച്ച് തന്നെയാണ് വിവരിച്ചിരിക്കുന്നത്. തുടക്കത്തിൽ ആയിശ(റ)ക്കെതിരെയുള്ള ആരോപണത്തെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അതിനുശേഷം ഖിലാഫത്തിനെ കുറിച്ച് വിവരിച്ചു കൊണ്ട് പറഞ്ഞു, ഖിലാഫത്ത് രാജ്യഭരണമല്ല, അത് ദൈവിക പ്രകാശത്തെ നിലനിർത്താനുള്ള ഒരു മാർഗ്ഗമാണ്. അതുകൊണ്ടുതന്നെ അല്ലാഹു തന്‍റെ കരങ്ങൾ കൊണ്ടാണ് അതിൻെറ അടിത്തറ പാകിയത്.
അവൻ ആ പ്രകാശത്തെ തീർച്ചയായും നിലനിർത്തുകയും താൻ ഇഷ്ടപ്പെടുന്നവരെ ഖലീഫ ആക്കുകയും ചെയ്യും. മറിച്ച് അവൻ വാഗ്ദാനം ചെയ്യുന്നത് മുസ്ലീങ്ങളിൽ നിന്നും ഒരാളെയല്ല, നിരവധി ആളുകളെ ഖലീഫമാർ ആക്കുകയും പ്രകാശത്തിന്‍റെ ഈ കാലഘട്ടത്തെ ദീർഘിപ്പിക്കുകയും ചെയ്യുന്നതാണ് എന്നാണ്. നിങ്ങൾ ആരോപണം ഉന്നയിക്കുന്നുവെങ്കിൽ ഉന്നയിച്ചു കൊള്ളുക.നിങ്ങൾക്ക് ഖിലാഫത്തിനെ ഇല്ലാതാക്കാനോ, ഹദ്റത്ത് അബൂബക്കറിനെ ഖിലാഫത്തിൽ നിന്നും മാറ്റി നിർത്താനോ സാധിക്കുകയില്ല.കാരണം ഖിലാഫത്ത് ഒരു പ്രകാശമാണ്, ആ പ്രകാശം ദൈവിക പ്രകടനത്തിന്‍റെ ഒരു മാർഗ്ഗമാണ്.അതിനെ മനുഷ്യന് തന്‍റെ തന്ത്രങ്ങൾ കൊണ്ട് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും.
ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, പ്രവാചകന്മാരുടെ അവസ്‌ഥയും ഇതുതന്നെയാണ്. അല്ലാഹു ഏതെങ്കിലും കാര്യത്തെക്കുറിച്ച് അറിവ് നൽകുമ്പോൾ അവർ അതിൽനിന്ന് പിന്മാറുകയോ അത് സ്വീകരിക്കുകയോ ചെയ്യുന്നു. നോക്കുക, ഹദ്റത്ത് ആയിശയെ സംബന്ധിച്ചു ഇഫക് ആരോപണം ഉണ്ടായപ്പോൾ തുടക്കത്തിൽ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. എത്രത്തോളമെന്നാൽ ആയിശ തന്‍റെ പിതാവിന്‍റെ വീട്ടിലേക്ക് പോവുകയുണ്ടായി. നബി (സ)യും അവരോട് പറഞ്ഞു, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തൗബ ചെയ്യുക. ഈ സംഭവങ്ങൾ കാണുമ്പോൾ വ്യക്തമായി മനസ്സിലാകുന്ന കാര്യം നബി(സ)ക്ക് എത്ര മാത്രം പരിഭ്രമം ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ഒരു സമയം വരെയും അതിന്‍റെ രഹസ്യം നബി(സ)ക്ക് വെളിപ്പെട്ടില്ല. പിന്നീട് അല്ലാഹു തന്‍റെ വെളിപാട് മുഖേന അനുഗ്രഹിച്ചപ്പോൾ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലായി.
اَلۡخَبِیۡثٰتُ لِلۡخَبِیۡثِیۡنَ وَالۡخَبِیۡثُوۡنَ لِلۡخَبِیۡثٰتِ ۚ وَالطَّیِّبٰتُ لِلطَّیِّبِیۡنَ وَالطَّیِّبُوۡنَ لِلطَّیِّبٰت
ഈ സംഭവത്തിലൂടെ പ്രവാചകന്‍റെ മഹത്വത്തിന് വല്ല കോട്ടവും വന്നുവോ? ഒരിക്കലുമില്ല. ഇത്തരത്തിലുള്ള സംശയത്തിൽ അകപ്പെടുന്നവൻ അക്രമിയും ദൈവഭയം ഇല്ലാത്തവനും ആണ്. നബി(സ)യും പ്രവാചകന്മാരും തങ്ങൾ അദൃശ്യ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരാണ് എന്ന് ഒരിക്കലും വാദിച്ചിട്ടില്ല. അദൃശ്യ കാര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാവുക ദൈവീകഗുണത്തിൽ പെട്ടതാണ്.
ഖുത്വുബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് ജർമൻ വാർഷിക സമ്മേളനത്തെ കുറിച്ച് പറഞ്ഞു, ഈ സമ്മേളനം മുഖേന നിരവധി ആളുകളിലേക്ക് യഥാർത്ഥ ഇസ്‌ലാമിന്‍റെ സന്ദേശം എത്തിക്കാൻ സാധിച്ചു. അല്ലാഹു അതിന്‍റെ നല്ലതും ദൂരവ്യാപകവുമായ ഫലം നൽകുമാറാകട്ടെ അഹ്‌മദികൾക്കും ശരിയായ നിലയിൽ അതിൽ നിന്നും ഫലം ഉൾക്കൊള്ളാൻ സാധിക്കുമാറാകട്ടെ.
0 Comments