അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 13 സെപ്റ്റംബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: അല്‍ ഫസല്‍ ഇന്റര്‍നാഷണല്‍
കഴിഞ്ഞാഴ്ച്ചയിലെ ഖുതുബയിൽ അഹ്സാബ് യുദ്ധത്തെ കുറിച്ചാണ് വിവരിച്ചത്. അതിൽ ഖൈബറിലെ യഹൂദികളുടെ കരാർലംഘനവും മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനായി സത്യനിഷേധികൾ ഒരു വൻസൈന്യം തയ്യാറാക്കിയതും പരാമർശിക്കുകയുണ്ടായി. ഇതിന്റെ കൂടുതല്‍ വിശദീകരണങ്ങള്‍ ചരിത്രത്തില്‍ ഇപ്രകാരം വരുന്നു: തിരുനബി(സ) സുലൈത്ത്(റ), സഫ്വാന് ബിന്‍ ഔഫ്(റ), അസ്ലമ(റ) എന്നിവരെ സൈന്യങ്ങളെ സംബന്ധിച്ച് അറിഞ്ഞു വരാന്‍ പറഞ്ഞയക്കുകയും അങ്ങനെ അവര്‍ അവിടെ എത്തുകയും ശത്രുക്കള്‍ അവരെ കണ്ടപ്പോള്‍ അവര്‍ രണ്ടുപേരും അവരോട് പോരിടിച്ച് ശഹാദത്ത് വരിക്കുകയും ചെയ്തു.
കിടങ്ങിന്റെ പണി ആരംഭിക്കുന്നു
കിടങ്ങ് കുഴിക്കാനുള്ള തീരുമാനമായപ്പോള്‍ തന്റെ കുതിരയില്‍ യാത്ര പുറപ്പെട്ട നബി തിരുമേനി(സ)യോടൊപ്പം നിരവധി മുഹാജിരീങ്ങളും അന്‍സാറുകളും ഉണ്ടായിരുന്നു. തിരുനബി(സ) സൈന്യത്തിന് തമ്പടിക്കാനുള്ള സ്ഥലം അന്വേഷിക്കുകയായിരുന്നു. മുസ്ലിങ്ങള്‍ ബനൂഖുറൈളയില്‍ നിന്ന് കുഴിക്കാനുള്ള ഒരുപാട് ആയുധങ്ങൾ കടം വാങ്ങിയിരുന്നു. തിരുനബി(സ) ഓരോ ഭാഗത്തും കുഴിക്കുന്നതിന് ഓരോ ഗോത്രങ്ങളെ ഏല്‍പ്പിക്കുകയുണ്ടായി. നബി തിരുമേനി(സ) സ്വയവും കിടങ്ങ് കുഴിക്കുന്നതില്‍ ഭാഗഭാക്കായി. മണ്ണ് തന്റെ പുറത്ത് ഏറ്റുകയും അങ്ങനെ നബി(സ)യുടെ പുറത്തും ഉദരത്തിലും എല്ലാം പൊടിയാകുകയുമുണ്ടായി. തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കിയ മുസ്ലിങ്ങള്‍ മറ്റുള്ളവരെ സഹായിക്കാനെത്തിയിരുന്നു. അങ്ങനെ കിടങ്ങു പണി പൂര്‍ത്തിയായി.
കിടങ്ങ് കുഴിക്കുന്നതില്‍ നിന്നും ഒരു മുസ്ലിമും മാറി നിന്നില്ല. ഹദ്റത്ത് അബൂബക്കറും(റ) ഹദ്റത്ത് ഉമറും(റ) കുട്ടകള്‍ കിട്ടാതാകുമ്പോള്‍ തങ്ങളുടെ വസ്ത്രങ്ങളില്‍ തന്നെ മണ്ണെടുത്തു മാറ്റുമായിരുന്നു.
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ്(റ) എഴുതുന്നു: ഇത്രയും വലിയ ഒരു സൈന്യത്തിന്റെ നീക്കം രഹസ്യമാക്കി വയ്ക്കുക എന്നത് അവിശ്വാസികൾക്ക് വളരെ പ്രയാസമായിരുന്നു. മാത്രമല്ല തിരുനബി(സ)യുടെ രഹസ്യാന്വേഷണ വിഭാഗവും വളരെ ശക്തമായിരുന്നു. അങ്ങനെ ഖുറൈശികള്‍ മക്കയില്‍നിന്ന് പുറപ്പെടുമ്പോള്‍തന്നെ അവരെക്കുറിച്ച് അറിവ് ലഭിച്ച തിരുനബി(സ) സഹാബാക്കളെ ഒരുമിച്ചുകൂട്ടി അവരോട് അഭിപ്രായം ആരാഞ്ഞു. ഈ കൂടിയാലോചനയില്‍ ഉണ്ടായിരുന്ന ഇറാനില്‍ നിന്നുള്ള ആത്മാര്‍ഥനായ സഹാബി സല്മാന് ഫാരിസ്(റ) അജമികളുടെ (അറബികൾ അല്ലാത്തവര്‍) യുദ്ധരീതിയെ സംബന്ധിച്ച് അറിവുള്ള ആളായിരുന്നു. അദ്ദേഹം മദീനയുടെ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ക്ക് മുന്നില്‍ നീണ്ടതും ആഴത്തിലുള്ളതുമായ കിടങ്ങ് കുഴിച്ചുകൊണ്ട് തങ്ങളെ സംരക്ഷിക്കാം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. തിരുനബി(സ) ഈ അഭിപ്രായത്തിന് അംഗീകാരം നല്കി. മദീന പട്ടണത്തിന്റെ മൂന്ന് ഭാഗങ്ങള്‍ പല തരത്തിലും സുരക്ഷിതമായിരുന്നു. ശാമിലേക്കുള്ള ഭാഗത്ത് കൂടെ മാത്രമാണ് ശത്രുക്കള്‍ക്ക് കൂട്ടമായി മദീനയെ ആക്രമിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തിരുനബി(സ) സുരക്ഷിതമല്ലാത്ത ഈ ഭാഗത്ത് കിടങ്ങു കുഴിക്കാന്‍ കല്പന നല്കി. നബി തിരുമേനി(സ) ഓരോ പത്തംഗ സംഘത്തിനും പത്ത് മുഴം വീതം, അതായത് 15 അടി വീതം, കുഴിക്കാനുള്ള നിർദേശമായിരുന്നു നല്‍കിയത്.
ഈ വീതം വെപ്പില്‍ സല്മാന് ഫാരിസി(റ) ഏതു ഭാഗത്തായിരിക്കുമെന്നതും കൗതുകകരമായ തര്‍ക്കമായി. അദ്ദേഹത്തെ മുഹാജിരീങ്ങളില്‍ ഉള്‍പ്പെടുത്തുമോ, അതല്ല ഇസ്ലാമിനു മുമ്പ് മദീനയിലെത്തിയതുകൊണ്ട് അന്‍സാറില്‍ ഉള്‍പ്പെടുമോ എന്ന് അഭിപ്രായവ്യത്യാസമുണ്ടായി. അവസാനം ഈ തര്‍ക്കം തിരുനബി(സ)യുടെ സവിധത്തിലേക്ക് എത്തി. തിരുനബി(സ) ചിരിച്ചുകൊണ്ടു പറഞ്ഞു, സല്മാന് രണ്ട് കൂട്ടരുടെ കൂടെയും അല്ല. മറിച്ച് “സല്‍മാനു മിന്നാ അഹ്ലുല്‍ ബൈത്ത്” അതായത് സല്മാന് എന്റെ കുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് എന്ന് നബി തിരുമേനി(സ) പറയുകയുണ്ടായി. അന്നു മുതല്‍ സല്മാന് തിരുനബി(സ)യുടെ കുടുംബത്തിലെ ആളായി ഗണിക്കപ്പെടാനുള്ള ശ്രേഷ്ഠത കൈവരിക്കുകയുണ്ടായി.
കിടങ്ങു കുഴിക്കാനുള്ള തീരുമാനം ഉറപ്പിച്ചതിനു ശേഷം സഹാബാക്കളുടെ സംഘം തൊഴിലാളികളുടെ വേഷത്തില്‍ രംഗത്തേക്ക് ഇറങ്ങി. കിടങ്ങ് കുഴിക്കുന്ന പണി എളുപ്പമായിരുന്നില്ല. കാലാവസ്ഥയും തണുപ്പുള്ളതായിരുന്നു. അതുകാരണം ആ ദിവസങ്ങളില്‍ സഹാബാക്കള്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിട്ടു. ദിവസേനയുള്ള അവരുടെ കച്ചവടങ്ങള്‍ പൂര്‍ണമായും ഇല്ലാതായ സഹാബാക്കള്‍ക്ക് ആ ദിവസങ്ങളില്‍ പട്ടിണി സഹിക്കേണ്ടിവന്നു. തങ്ങളുടെ പക്കല്‍ വേലക്കാരോ അടിമകളോ ഇല്ലാതിരുന്നതുകൊണ്ട് സഹാബാക്കള്‍ ഉപജീവനം സ്വന്തമായി കണ്ടെത്തിയിരുന്നവരായിരുന്നു. തിരുനബി(സ) കൂടുതല്‍ സമയവും കിടങ്ങിനു അടുത്തുതന്നെ കഴിച്ചുകൂട്ടി. പലപ്പോഴും സഹാബക്കളുമായി ചേര്‍ന്നുകൊണ്ട് കുഴിക്കാനും കുഴിച്ച ഭാഗങ്ങളെ നിരപ്പാക്കാനും അദ്ദേഹം സഹായിച്ചിരുന്നു. കിടങ്ങ് കുഴിക്കുന്നതിനിടയില്‍ ഉന്മേഷം ഉണ്ടാകുന്നതിന് കവിതകളും ചൊല്ലുമായിരുന്നു. ചില സമയത്ത് സഹബാക്കള്‍ കവിതയിലൂടെ തന്നെ അതിനു മറുപടിയും നല്‍കിയിരുന്നു. നബി(സ)യുടെ സാന്നിധ്യവും ദുആകളുടെ അനുഗ്രഹങ്ങളും കാരണം സഹാബാക്കള്‍ തങ്ങളുടെ പ്രയാസങ്ങളും ദുഃഖങ്ങളും മറന്നു പോയിരുന്നു. ഒരു ഭാഗത്ത് പരിശുദ്ധമായ കവിതകള്‍ ചൊല്ലിയിരുന്നു, മറുഭാഗത്ത് ചെറിയ ചെറിയ ഫലിതങ്ങളും പറഞ്ഞിരുന്നു. സഹാബാക്കള്‍ തുടര്‍ച്ചയായി രാപ്പകല്‍ അധ്വാനിച്ചുകൊണ്ടും നബി(സ)യുടെ ദുആകളുടെ അനുഗ്രഹത്താലും ഈ കിടങ്ങ് പൂര്‍ത്തിയാക്കി. എത്ര സമയം കൊണ്ടാണ് പൂര്‍ത്തിയായത് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത നിവേദനങ്ങളുണ്ട്. 15 ദിവസം, ഒരു മാസം എന്നതിലാണ് കൂടുതലും അഭിപ്രായ ഐക്യം കാണുന്നത്. ഈ കിടങ്ങിന്റെ നീളം ഏകദേശം 6000 മുഴം അഥവാ മൂന്നര മൈല്‍ ഉണ്ടായിരുന്നു. വീതി 13,14 അടിയും ആഴം 10-11 അടിയും ആയിരുന്നു. ഈ വലിയ കിടങ്ങ് നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. തിരുനബി(സ)യുടെ സഹധര്‍മ്മിണിമാരും ഈ പ്രയാസഘട്ടത്തില്‍ ഉറച്ച തീരുമാനത്തോടുകൂടി പുരുഷന്മാരെപോലെ നബി(സ)യുടെ കൂടെ കാണപ്പെട്ടിരുന്നു. ചിലപ്പോള്‍ ഹദ്റത്ത് ആയിശ(റ), ചിലപ്പോള്‍ ഹദ്റത്ത് ഉമ്മു സല്‍മ(റ), അല്ലെങ്കില്‍ ഹദ്റത്ത് സൈനബ്(റ) തിരുനബി(സ)യുടെ കൂടെ ഉണ്ടായിരുന്നു.
അത്ഭുത ദൃഷ്ടാന്തങ്ങളും ഭാവിയെ സംബന്ധിച്ച സുവാര്‍ത്തകളും
കിടങ്ങ് കുഴിക്കുമ്പോള്‍ വലിയ പാറ പൊട്ടാതിരുന്ന സംഭവവും ഉണ്ട്, നിവേദനങ്ങളില്‍ വരുന്നു, തിരുനബി(സ) കുറച്ച് വെള്ളം വരുത്തിച്ചു. അതില്‍ തന്റെ ഉമിനീര് ചേര്‍ക്കുകയുണ്ടായി. പിന്നെ അല്ലാഹുവിനോട് ദുആ ചെയ്തു, തുടര്‍ന്ന് ആ വെള്ളം ആ പാറയുടെ മേല്‍ തെളിച്ചു. അപ്പോള്‍ അത് വളരെയേറെ മൃദുവായി മണല്‍ പോലെ ആയി. ഇതിനു സമാനമായ മറ്റൊരു സംഭവവുമുണ്ട്. ഒരു സന്ദര്‍ഭത്തില്‍ സല്മാന് ഫാരിസിന്(റ) ഒരു തരിശ് ഭൂമി പൊട്ടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോള്‍ അദ്ദേഹത്തില്‍നിന്ന് തിരുനബി(സ) പിക്കാസ് വാങ്ങി അതില്‍ ആഞ്ഞുവെട്ടി. അതില്‍ 3 സുവാര്‍ത്തകളും ലഭിച്ചു.
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ് ഇതു സംബന്ധമായി പറയുന്നു: ദാരിദ്ര്യത്തിന്റെയും പ്രയാസത്തിന്റെയും അവസരത്തില്‍ കിടങ്ങ് കുഴിച്ചു കുഴിച്ച് ഒരു ഭാഗത്ത് ഒരു കല്ല് പ്രത്യക്ഷപ്പെട്ടു. അത് ആരെക്കൊണ്ടും പൊട്ടിക്കാന്‍ കഴിയുന്നില്ലായിരുന്നു. അവസാനം നിര്‍ബന്ധിതാവസ്ഥയില്‍ സഹാബാക്കള്‍ തിരുനബി(സ)യുടെ സവിധത്തില്‍ എത്തി പറഞ്ഞു: ഒരു കല്ലുണ്ട് അത് പൊട്ടുന്നില്ല. നബി(സ) ഉടന്‍ തന്നെ അവിടേക്ക് പോയി ഒരു പിക്കാസ് എടുത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ആ കല്ലില്‍ ആഞ്ഞു വെട്ടി. ലോഹം കല്ലില്‍ ഉരഞ്ഞ് കല്ലില്‍നിന്ന് ഒരു പ്രകാശം വന്നപ്പോള്‍ നബി(സ) ഉറക്കെ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞിട്ട് പറഞ്ഞു: എനിക്ക് ശാമിന്റെ താക്കോലുകള്‍ നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ, ഈ സമയത്ത് ശാമിലെ ചുവന്ന കൊട്ടാരങ്ങള്‍ എന്റെ കണ്ണുകള്‍ക്ക് മുന്നിലുണ്ട്. ആ ആഘാതത്തില്‍ പ്രസ്തുത കല്ല് കുറെ പൊട്ടിപ്പോയി. രണ്ടാം തവണയും നബി(സ) അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് പിക്കാസ്കൊണ്ട് ആഞ്ഞു വെട്ടി. അപ്പോള്‍ ഒരു പ്രകാശം വന്നു. തിരുനബി(സ) അല്ലാഹു അക്ബര്‍ പറഞ്ഞുകൊണ്ട് പറഞ്ഞു: ഇത്തവണ എനിക്ക് പേര്‍ഷ്യയുടെ താക്കോലുകള്‍ നല്കപ്പെട്ടു. മദായിനിലെ വെള്ള കൊട്ടാരങ്ങള്‍ എനിക്ക് കാണിക്കപ്പെട്ടു. ഇത്തവണ കല്ല് കുറേ കൂടി പൊട്ടി. മൂന്നാം തവണയും നബി(സ) പിക്കാസു കൊണ്ട് ആഞ്ഞുവെട്ടി. അങ്ങനെ വീണ്ടും ഒരു പ്രകാശം വന്നു. തിരുനബി(സ) വീണ്ടും അല്ലാഹു അക്ബര്‍ എന്ന് ഉച്ചരിച്ച് പറഞ്ഞു: എനിക്ക് യമനിലെ താക്കോലുകള്‍ നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ സന്‍ആയുടെ കവാടങ്ങള്‍ ഞാന്‍ ഈ സമയത്ത് കാണുകയുണ്ടായി. ഇത്തവണ പ്രസ്തുത കല്ല് പൂര്‍ണമായും അതിന്റെ സ്ഥാനത്തുനിന്ന് പൊട്ടി ഇളകി വീഴുകയുണ്ടായി. തിരുനബി(സ)യുടെ ഈ കാഴ്ചകള്‍ ജാഗ്രതാദര്ശനവുമായി ബന്ധപ്പെട്ടതാണ്. അതായത് ആ പ്രയാസഘട്ടത്തിലും അല്ലാഹു മുസ്ലിങ്ങളുടെ ഭാവി വിജയങ്ങളെ സംബന്ധിച്ചും വിശാലതയെ സംബന്ധിച്ചുമുള്ള കാഴ്ചകള്‍ വ്യക്തമാക്കിക്കൊണ്ട് സഹാബാക്കളില്‍ പ്രതീക്ഷയുടെ ആത്മാവ് ഉണ്ടാക്കുകയുണ്ടായി. മദീനയിലെ കപടവിശ്വാസികൾ ഈ വാഗ്ദാനങ്ങള്‍ കേട്ടപ്പോള്‍ മുസ്ലിങ്ങളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ ഖൈസറിന്റെയും കിസ്രയുടെയും സാമ്രാജ്യങ്ങള്‍ സ്വപ്നം കാണുകയാണ്! പക്ഷേ ഈ വാഗ്ദാനങ്ങള്‍ അതിന്റെ സമയത്ത്, അതായത് തിരുനബി(സ)യുടെ അവസാന ദിവസങ്ങളിലും പിന്നെ ഖലീഫമാരുടെ കാലഘട്ടങ്ങളിലും പൂര്‍ത്തിയായി. അങ്ങനെ അത് മുസ്ലിങ്ങളുടെ വിശ്വാസ വര്‍ദ്ധനവിനും സംതൃപ്തിക്കും കാരണമായി തീര്‍ന്നു.
ഇതില്‍ മറ്റൊന്ന് ഭക്ഷണത്തെ കുറിച്ചുള്ള അത്ഭുത ദൃഷ്ടാന്തമാണ്. ഈ സംഭവത്തെ ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ് എഴുതുന്നു: ഒരു ആത്മാര്‍ഥനായ സഹാബി ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യുടെ മുഖത്ത് പട്ടിണി കാരണം ക്ഷീണവും അസ്വസ്ഥതയും കണ്ടപ്പോള്‍ തിരുനബി(സ) അദ്ദേഹത്തിന് വീട്ടില്‍ പോകാന്‍ അനുമതി നല്കി. അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് ചോദിച്ചു: നിന്റെ പക്കല്‍ വല്ല ഭക്ഷണവും ഉണ്ടോ? അവര്‍ പറഞ്ഞു: അതെ, കുറച്ച് ബാര്‍ലിമാവും ഒരു ആട്ടിന്‍കുട്ടിയും ഉണ്ട്. ഹദ്റത്ത് ജാബിര്‍(റ) പറയുന്നു: ഞാന്‍ ആട്ടിന്‍കുട്ടിയെ അറുക്കുകയും മാവ് കുഴയ്ക്കുകയും ചെയ്തു. പിന്നെ ഭാര്യയോട് പറഞ്ഞു: ഭക്ഷണം തയ്യാറാക്കുക, ഞാന്‍ തിരുനബിയുടെ സവിധത്തില്‍ പോയി വരാന്‍ പറയാം. എന്റെ ഭാര്യ പറഞ്ഞു: എന്നെ നിങ്ങള്‍ നാണം കെടുത്തരുത്. ഭക്ഷണം വളരെ കുറച്ചേ ഉള്ളൂ. തിരുനബി(സ)യോടൊപ്പം കൂടുതല്‍ ആളുകളെ കൊണ്ടുവരരുത്. ജാബിര്‍(റ) പോയി വളരെ പതുക്കെ തിരുനബി(സ)നോട് പറഞ്ഞു: യാ റസൂലല്ലാഹ് അങ്ങ് ഏതാനും സഹാബാക്കളെയും കൂടി വന്ന് ഭക്ഷണം കഴിച്ചാലും. തിരുനബി(സ) ചോദിച്ചു: എത്ര ഭക്ഷണമുണ്ട്? ഞാന്‍ പറഞ്ഞു: ഇത്ര മാത്രമേ ഉള്ളൂ. തിരുനബി(സ) പറഞ്ഞു: ഇത് വളരെയധികം ഉണ്ടല്ലോ! തുടര്‍ന്ന് തിരുനബി(സ) തന്റെ ചുറ്റുപാടും കണ്ണോടിച്ച് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: അല്ലയോ അന്‍സാറുകളുടെയും മുഹാജിറുകളുടെയും സംഘമേ! വരുവിന്‍, ജാബിര്‍ നമുക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്, പോയി ഭക്ഷിച്ചു വരാം. ആ ശബ്ദം കേട്ടപ്പോള്‍ വിശന്ന് വലഞ്ഞിരുന്ന ആയിരം സഹാബാക്കള്‍ നബി(സ)യോടൊപ്പം വന്നു. തിരുനബി(സ) ജാബിര്‍നോട് പറഞ്ഞു; നിങ്ങള്‍ വേഗം പോവുക എന്നിട്ട് ഭാര്യയോട് പറയണം, ഞാന്‍ വരുന്നതുവരെ പാത്രം അടുപ്പില്‍നിന്ന് ഇറക്കുകയോ റൊട്ടി ചുട്ടു തുടങ്ങുകയോ ചെയ്യരുത്. ജാബിര്‍(റ) വേഗം പോയി തന്റെ ഭാര്യയ്ക്ക് അറിയിപ്പ് കൊടുത്തു. അവര്‍ വളരെയധികം പരിഭ്രമിച്ചു. ഇനി എന്ത് ചെയ്യും? പക്ഷേ നബി(സ) അവിടെയെത്തിയതും വളരെ സമാധാനത്തോടെ കറിയുടെ പാത്രത്തിലും മാവ് വെച്ച പാത്രത്തിലും ദുആ ചെയ്തു. എന്നിട്ട് പറഞ്ഞു: ഇനി റൊട്ടി ഉണ്ടാക്കിത്തുടങ്ങുക. അതിനുശേഷം സാവധാനത്തില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി. ജാബിര്‍(റ) നിവേദനം ചെയ്യുന്നു: എന്റെ ജീവന് ആരുടെ നിയന്ത്രണത്തിലാണോ അവനാണെ സത്യം! ആ ഭക്ഷണത്തില്‍നിന്ന് എല്ലാവരും വയറു നിറയെ ഭക്ഷണം കഴിച്ചു. എന്നിട്ടും ഞങ്ങളുടെ കറിയുടെ പാത്രം അതേപോലെ തിളച്ച് കൊണ്ടിരുന്നു. റൊട്ടി ചുട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു.
അഹ്സാബ് യുദ്ധസംബന്ധമായി ബാക്കി കാര്യങ്ങള്‍ ഇന്‍ശാ അല്ലാഹ് പിന്നീട് വിവരിക്കു ന്നതാണ്.
ദുആക്കുള്ള ആഹ്വാനം
ഞാന്‍ ദുആയിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ നമുക്ക് വളരെയേറെ ശ്രദ്ധ വേണം. അല്ലാഹു നമ്മുടെ വിശ്വാസങ്ങളെ സുദൃഢമാക്കി വെക്കുമാറാകട്ടെ. എല്ലാ സ്ഥലത്തും എല്ലാ രാജ്യത്തിലും നിവസിക്കുന്ന അഹ്മദികളെയും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മറ്റ് സ്ഥലങ്ങളിലും ഉള്ളവരെയും എല്ലാ പ്രശ്നങ്ങളിൽ നിന്നും അല്ലാഹു രക്ഷിക്കുമാറാകട്ടെ. ലോകം അകപ്പെട്ടുകൊണ്ടിരിക്കുന്ന തീയില്‍നിന്ന് ലോകത്തെ രക്ഷിക്കുമാറാകട്ടെ. അല്ലാഹു കരുണ ചൊരിയുമാറാട്ടെ. അല്ലാഹു എല്ലാ കഴിവുകളുടെയും ഉടമസ്ഥന് ആകുന്നു. ജനങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണെങ്കില്‍ അല്ലാഹു അവരെ പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുന്നതാണ്. അവര്‍ക്ക് ബുദ്ധിയും വിവേകവും അല്ലാഹു നല്കുമാറാകട്ടെ.
0 Comments