അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)18 ഒക്ടോബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുനവ്വര്‍ അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം യു.കെ.യിലെ അഹ്‌മദിയ്യാ മുസ്‌ലിം കമ്മ്യൂണിറ്റി നാളെ മസ്ജിദ് ഫള്ല്‍ ശിലാസ്ഥാപനത്തിന്‍റെ ശതവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അതിൽ അനഹ്‌മദി സഹോദരങ്ങളും പ്രദേശവാസികളും പങ്കെടുക്കുന്നതാണെന്നും ഖലീഫ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പറഞ്ഞു.
ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രത്തിൽ നിര്‍മിതമായ അഹ്‌മദിയ്യാ സമുദായത്തിന്‍റെ ആദ്യത്തെ പള്ളി ആയതിനാൽ മസ്ജിദ് ഫള്‌ലിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. എതിരാളികൾ വാദിക്കുന്നത് ബ്രിട്ടീഷുകാരാണ് അഹ്‌മദിയ്യത്ത് സ്ഥാപിച്ചതെന്നാണ്. എന്നാൽ അവർ സ്ഥാപിച്ചതായി കരുതപ്പെടുന്ന ഒരു സമൂഹം അവരുടെ രാജ്യത്ത് വന്ന് അവരുടെ വിശ്വാസത്തിന്‍റെ ദൗര്‍ബല്യങ്ങൾ ഉയര്‍ത്തിക്കാട്ടുകയും ഇസ്‌ലാമിന്‍റെ സുന്ദരമായ അധ്യാപനങ്ങൾ പരത്തുകയും ചെയ്യുക എന്നത് വളരെ വിചിത്രകരമായ കാര്യമാണ്. ഈ ആരോപണം ഉന്നയിച്ചവര്‍ക്ക് പോലും ഇത്തരത്തിൽ തങ്ങളുടെ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സാധിച്ചിട്ടില്ല.
യുകെയിലെ ആദ്യത്തെ പള്ളി.
ലാഹോറിലെ ഓറിയന്റൽ കോളേജിന്‍റെ പ്രിന്‍സിപ്പൽ ആയിരുന്ന ജി. ഡബ്ല്യു. ലെയ്റ്റ്‌നർ നിര്‍മിച്ച ഒരു പള്ളി മസ്ജിദ് ഫള്‌ലിന് മുമ്പ് വോക്കിങ്ങിൽ ഉണ്ടായിരുന്നുവെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. റിട്ടയര്‍മെന്റിനു ശേഷം അദ്ദേഹം യു.കെ.യിലേക്ക് മടങ്ങുകയും 1889 ൽ പള്ളി നിര്‍മിക്കുകയും ചെയ്തു. ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ഥാപിച്ച അതേ വര്‍ഷമായിരുന്നു ഇത്. ജി. ഡബ്ല്യു. ലെയ്റ്റ്‌നർ പള്ളിക്ക് സമീപം ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുകയുണ്ടായി. 1899 ൽ പ്രൊഫസർ നിര്യാതനായി. അദ്ദേഹത്തിന് ശേഷം ആ പള്ളി നോക്കി നടത്താൻ ആരും ഉണ്ടായിരുന്നില്ല.
അഹ്‌മദിയ്യാ ജമാഅത്തിന്‍റെ ഒന്നാം ഖലീഫയുടെ കാലത്ത് ഖ്വാജാ കമാലുദ്ദീൻ സാഹിബ് യു.കെ.യിൽ വരുകയും ആ പള്ളി വിജയകരമായി പുനരാരംഭിക്കുകയും ചെയ്തു. ആ പള്ളിയുടെ ട്രസ്റ്റിന്‍റെ ചുമതല തന്നെ ഏല്‍പ്പിച്ചതായി അദ്ദേഹം കത്തിലൂടെ ഒന്നാം ഖലീഫയെ അറിയിച്ചു. ചൗധരി സഫറുള്ളാ ഖാൻ സാഹിബും ഈ പള്ളി സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ഥന നടത്തുകയും ചെയ്യുകയുണ്ടായി.
ഖലീഫ തിരുമനസ്സ് പറഞ്ഞു. കുറച്ചുകാലത്തിനുശേഷം രണ്ടാം ഖലീഫ മിഷനറിമാര്‍ക്ക് വേണ്ടി ആഹ്വാനം ചെയ്യുകയുണ്ടായി. ആ സമയത്ത് ഫണ്ടിന്‍റെ കുറവുണ്ടായിരുന്നു. ഒടുവിൽ ഹദ്‌റത്ത് ചൗധരി ഫതഹ് മുഹമ്മദ് സിയാൽ സാഹിബ്(റ) നെ യുകെയിലേക്ക് അയക്കുകയും അദ്ദേഹം അവിടെ ഖ്വാജാ കമാലുദ്ദീൻ സാഹിബിനോടൊപ്പം കുറച്ചുകാലം പ്രവര്‍ത്തിക്കുകയുമുണ്ടായി. ഒന്നാം ഖലീഫയുടെ വിയോഗത്തിനുശേഷം ഖ്വാജാ കമാലുദ്ദീൻ സാഹിബ് രണ്ടാം ഖലീഫയുടെ കയ്യിൽ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യാത്തതിനാൽ ചൗധരി ഫതഹ് മുഹമ്മദ് സിയാൽ സാഹിബ് കമാലുദ്ദീൻ സാഹിബിന്‍റെ കൂടെയുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുകയുണ്ടായി.
മസ്ജിദ് ഫള്‌ലിന്റെ പ്രാധാന്യവും പ്രത്യേകതയും
ഇതായിരുന്നു വോക്കിംഗിലെ പള്ളിയുടെ ചരിത്രം എന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. ഏതായിരുന്നാലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഔപചാരികമായി നിര്‍മ്മിച്ച ആദ്യത്തെ പള്ളി മസ്ജിദ് ഫള്ല്‍ ആയിരുന്നു. ഇന്ന് ലണ്ടനിലും ലോകത്തെ മറ്റിടങ്ങളിലും അഹ്‌മദിയ്യാ ജമാഅത്ത് നിരവധി പള്ളികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ലണ്ടനിലെ ആദ്യത്തെ പള്ളി എന്ന ബഹുമതി മസ്ജിദ് ഫള്‌ലിനാണുള്ളത്.
ഇസ്‌ലാമിന്‍റെ സമാധാനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം അഹ്‌മദിയ്യാ മുസ്‌ലിം സമുദായത്തിന്‍റെ പള്ളികൾ പ്രചരിപ്പിക്കുന്നത് പോലെ ലണ്ടനിലെ മറ്റു പള്ളികൾ പ്രചരിപ്പിക്കുന്നില്ലെന്ന് ഖലീഫ തിരുമനസ്സ് അഭിപ്രായപ്പെട്ടു. കൂടാതെ അനഹ്‌മദികളുടെ പള്ളികള്‍ക്ക് വിദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരുകളുടെയും ധനസഹായം ലഭിക്കുന്നു. എന്നാൽ അഹ്‌മദിയ്യാ ജമാഅത്തിന് വിദേശ ഫണ്ടുകൾ ഒന്നും ലഭിക്കുന്നില്ല. മറിച്ച് അഹ്‌മദികളുടെ സാമ്പത്തിക ത്യാഗങ്ങളും സംഭാവനകളും മുഖേനയാണ് ഈ പള്ളികൾ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക ത്യാഗങ്ങൾ കാരണം ഇംഗ്ലണ്ടിലും മറ്റ് പല പാശ്ചാത്യ രാജ്യങ്ങളിലും നിരവധി പള്ളികൾ നിര്‍മിക്കാൻ അഹ്‌മദികള്‍ക്ക് സാധിച്ചിട്ടുണ്ട്.
മസ്ജിദ് ഫള്‌ലിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് ഇന്ന് പറയുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി. മസ്ജിദ് ഫള്‌ലിന്റെ പ്രാധാന്യവും ഒരു ചടങ്ങ് സംഘടിപ്പിച്ച് അതിനെ അനുസ്മരിക്കുന്നതും ഫലവത്താകണമെങ്കിൽ നാം പള്ളിയുടെ സ്ഥാപനോദ്ദേശവും കടമകളും മനസ്സിലാക്കാനും അതിന്‍റെ ചുറ്റുപാടുകളുടെ കടമകൾ മനസ്സിലാക്കാനും സ്വന്തം അവസ്ഥ മെച്ചപ്പെടുത്താനും ദൈവവുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും ഓരോരുത്തരും തങ്ങളെ പള്ളിയുമായി ബന്ധപ്പെടുത്താനും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം നമ്മുടെ കടമകളാണ്. ഓരോ അഹ്‌മദിയും ഇക്കാര്യം ഓര്‍ക്കേണ്ടതാണ്. വെറും ഒരു അനുസ്മരണയോഗം നടത്തി നമ്മൾ സംതൃപ്തരാകരുത്. മറിച്ച് നമ്മൾ പള്ളിയുടെ കടമകൾ നിറവേറ്റുകയും അതിന്‍റെ ചരിത്രം മനസ്സിലാക്കുകയും തങ്ങളുടെ അവസ്ഥകൾ പരിശോധിച്ചു കൊണ്ടിരിക്കുകയും ചെയ്യേണ്ടതാണ്.
സൂര്യൻ പടിഞ്ഞാറ് ഉദിക്കും
പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ വ്യാപനത്തെ കുറിച്ച് വാഗ്ദത്ത മസീഹ് (അ) ധാരാളം കാര്യങ്ങൾ പറഞ്ഞതായി ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി. ”സൂര്യൻ പടിഞ്ഞാറ് ഉദിക്കും” എന്ന തന്‍റെ വെളിപാടിനെ പ്രതിപാദിച്ചുകൊണ്ട് അവിശ്വാസത്തിന്‍റെ അന്ധകാരത്തിൽ അകപ്പെട്ട പാശ്ചാത്യ രാജ്യങ്ങൾ ഇസ്‌ലാമിന്‍റെ വെളിച്ചത്താൽ പ്രബുദ്ധരാകുന്നതാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) മറ്റൊരു പ്രവചനം നടത്തി. അതിൽ ഒരു സ്വപ്നദര്‍ശനത്തിൽ താൻ ലണ്ടനിലെ ഒരു പ്രസംഗ പീഠത്തിൽ നില്‍ക്കുന്നതായും ഇംഗ്ലീഷിൽ ഇസ്‌ലാമിന്‍റെ സത്യസാക്ഷ്യത്തെ സംബന്ധിച്ച് യുക്തിസഹമായ ഒരു പ്രഭാഷണം നടത്തുന്നതായും കാണുകയുണ്ടായി. പിന്നീട് അദ്ദേഹം മറ്റൊരു സ്വപ്നദര്‍ശനത്തിൽ ചെറിയ മരങ്ങളിൽ നിന്ന് തിത്തിരി പക്ഷികളോട് സാമ്യമുള്ള വെളുത്ത പക്ഷികളെ പിടിക്കുന്നതായി കാണുകയുണ്ടായി. തന്‍റെ രചനകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും സത്പ്രകൃതരായ ഇംഗ്ലീഷുകാർ ഇസ്‌ലാം സ്വീകരിക്കുമെന്നും ഇതിലൂടെ അദ്ദേഹം മനസ്സിലാക്കി.
ഖലീഫ തിരുമനസ്സ് പറഞ്ഞു: വാഗ്ദത്ത മസീഹ് (അ) ന്‍റെ ആഗ്രഹവും പ്രതീക്ഷയും ഇതായിരുന്നു. ഇതിന്‍റെ വെളിച്ചത്തിൽ അഹ്‌മദിയ്യാ ജമാഅത്ത് ലണ്ടനിലും പാശ്ചാത്യ രാജ്യങ്ങളിലും ലോകമെമ്പാടും ഇസ്‌ലാമിന്‍റെ യഥാര്‍ഥ സന്ദേശം പ്രചരിപ്പിക്കാനുള്ള പ്രയത്‌നങ്ങളിലൂടെ വാഗ്ദത്ത മസീഹ്(അ)ന്‍റെ ഈ ആഗ്രഹത്തെ പൂര്‍ത്തീകരിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മസ്ജിദ് ഫള്ല്‍ നിര്‍മിച്ചതും ഈ ഒരു ഉദ്ദേശ ലക്ഷ്യത്തോടെയാണ്.
ഖലീഫ തിരുമനസ് പറഞ്ഞു. മുമ്പ് സൂചിപ്പിച്ചതുപോലെ ചൗധരി ഫതഹ് മുഹമ്മദ് സിയാൽ സാഹിബിനെ യു.കെ.യിലേക്ക് അയക്കപ്പെട്ട അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആദ്യത്തെ മിഷനറിയായി കണക്കാക്കാവുന്നതാണ്. കൂടാതെ ആദ്യത്തെ ബ്രിട്ടീഷുകാരനെ ഇസ്‌ലാം അഹ്‌മദിയ്യത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് നിരവധി ആളുകൾ അഹ്‌മദിയ്യത്ത് സ്വീകരിക്കുകയുണ്ടായി. ചൗധരി ഫതഹ് മുഹമ്മദ് സിയാൽ സാഹിബ് ലണ്ടനിൽ ചുറ്റി സഞ്ചരിക്കുകയും വിവിധ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.
ഖലീഫ തിരുമനസ്സ് പറഞ്ഞു. പിന്നീട് ഖാളി അബ്ദുല്ലാഹ് സാഹിബിനെ യു.കെ.യിലേക്ക് അയക്കുകയും അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങൾ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഈ പ്രവര്‍ത്തനത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയുണ്ടായി. പിന്നീട് മുഫ്തി മുഹമ്മദ് സാദിഖ് സാഹിബിനെയും യു.കെ.യിലേക്ക് അയക്കുകയുണ്ടായി. തുടര്‍ന്ന് ചൗധരി ഫതഹ് മുഹമ്മദ് സിയാൽ സാഹിബിനെയും യു.കെ.യിലേക്ക് തിരിച്ചയക്കുകയുണ്ടായി.
മിഷൻ ഹൗസിന്റെക സ്ഥാപനവും വെംബ്ലി സമ്മേളനവും
രണ്ടാം ഖലീഫയുടെ മാര്‍ഗനിര്‍ദേശപ്രകാരം പുട്‌നിയിൽ മിഷൻ ഹൗസായി ഒരു പുരയിടം വിലയ്‌ക്കെടുത്തു. ഇതിനെ കുറിച്ച് രണ്ടാം ഖലീഫയെ അറിയിച്ചപ്പോൾ അദ്ദേഹം ഡല്‍ഹൗസിയിൽ ഒരു വലിയ ചടങ്ങ് സംഘടിപ്പിക്കുകയും പള്ളിക്ക് മസ്ജിദ് ഫള്ല്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആ വസ്തുവിനായുള്ള സാമ്പത്തിക സംഭാവനകള്‍ക്കായി അദ്ദേഹം ആഹ്വാനം നടത്തുകയും ചെയ്തു.
ആ ഭൂമി ഒരു ജൂതനിൽ നിന്നും സ്വന്തമാക്കിയതാണെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി. അതിനുശേഷം അത് വികസിപ്പിച്ചെങ്കിലും അന്ന് ആ വസ്തു ഒരു വീടും ഏകദേശം ഒരേക്കറും അടങ്ങിയതായിരുന്നു. തുടര്‍ന്ന് 1924ൽ വെംബ്ലി കോണ്‍ഫറന്‍സിൽ ലോകത്തിലെ വിവിധ മതങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കപ്പെടുകയുണ്ടായി. അതിലൂടെ ആളുകള്‍ക്ക് മതങ്ങളെ കുറിച്ച് പഠിക്കാൻ സാധിക്കുന്നതാണ്. മൗലവി അബ്ദുര്‍റഹീം സാഹിബ് യു.കെ.യിൽ മിഷനറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് ഒരു പ്രഭാഷണം നടത്താൻ അദ്ദേഹം ക്ഷണിക്കപ്പെടുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഖാദിയാനിലേക്ക് എഴുതി അറിയിച്ചപ്പോൾ രണ്ടാം ഖലീഫ ഈ നിര്‍ദേശം അംഗീകരിക്കുകയും ആ കോണ്‍ഫറന്‍സിനായി ഇസ്‌ലാമിന്‍റെ സുന്ദരവും യഥാര്‍ഥവുമായ അധ്യാപനങ്ങളടങ്ങിയ ഒരു പ്രബന്ധം എഴുതുകയും ചെയ്തു. അതാണ് പിന്നീട് ‘അഹ്‌മദിയ്യത്ത് അഥവാ യഥാര്‍ഥ ഇസ്‌ലാം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) ഇംഗ്ലണ്ടിൽ
ഖലീഫ തിരുമനസ്സ് പറഞ്ഞു. ഈ മഹത്തായ അവസരത്തിൽ രണ്ടാം ഖലീഫ തന്നെ സ്വയം ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുകയും അത് സ്വീകരിക്കപ്പെടുകയുമുണ്ടായി. ഈജിപ്ത്, ഡമാസ്‌കസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങൾ സന്ദര്‍ശിച്ച ശേഷം രണ്ടാം ഖലീഫ 1924 ഓഗസ്റ്റ് 22ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുകയുണ്ടായി.
രണ്ടാം ഖലീഫയ്ക്ക് അവിടെ എത്തുന്നതിനുമുമ്പ് ഒരു സ്വപ്നദര്‍ശമുണ്ടായി. അതിൽ അദ്ദേഹം വിജയിയായ ഒരു ജനറലിനെ പോലെ ഇംഗ്ലണ്ടിന്‍റെ തീരത്തേക്ക് കാലെടുത്തു വയ്ക്കുന്നത് കാണുകയും ‘വില്യം ദി കോണ്‍ക്വെറർ’ ജേതാവായ വില്യം എന്നൊരു ശബ്ദം കേള്‍ക്കുകയും ചെയ്തു.
ഖലീഫ തിരുമനസ്സ് പറഞ്ഞു. രണ്ടാം ഖലീഫ ഇംഗ്ലണ്ടിൽ എത്തുന്നത് പത്രങ്ങൾ വളരെ വിപുലമായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രണ്ടാം ഖലീഫയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരും സെന്റ് പോൾ കത്രീഡൽ സന്ദര്‍ശിക്കുകയും അതിനു പുറത്ത് ഇസ്‌ലാമിന്‍റെ വിജയത്തിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം നഗരത്തിൽ പ്രവേശിക്കുകയുണ്ടായി. രണ്ടാം ഖലീഫ ലണ്ടനിൽ താമസിച്ച കാലത്ത് അഹ്‌മദിയ്യാ ജമാഅത്തിനെ കുറിച്ചുള്ള വാര്‍ത്തകൾ വളരെയധികം പ്രചരിക്കുകയുണ്ടായി.
ഖലീഫ തിരുമനസ്സ് പറഞ്ഞു. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മസ്ജിദ് ഫള്‌ലിന്‍റെ തറക്കല്ലിടാനുള്ള സമയം എത്തുകയുണ്ടായി. പ്രബോധന പ്രവര്‍ത്തനങ്ങളെ സ്വാഭാവികമായും സാരമായി ബാധിക്കുന്ന തരത്തിൽ വിവിധ ഭവനങ്ങൾ മാറിമാറി മിഷൻ ഹൗസുകളായി വാടകയ്ക്ക് എടുക്കുന്നതിന് പകരം ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കണമെന്ന് രണ്ടാം ഖലീഫ തീരുമാനിച്ചിരുന്നു. 1919 വരെ ഫണ്ടിന്‍റെയും ഭൂമിയുടെയും അഭാവം കാരണം ഈ പ്രവൃത്തി വളരെ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെട്ടിരുന്നു. എന്നാൽ ദൈവം ആവശ്യമായ മാര്‍ഗങ്ങൾ സജ്ജീകരിക്കുകയുണ്ടായി. ആദ്യം ഫണ്ടുകൾ വരുകയുണ്ടായി. യുദ്ധാനന്തരം ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം കുറയുകയും ചെയ്തു. രണ്ടാം ഖലീഫ ഈ അവസരം മുതലെടുത്തുകൊണ്ട് 1920 ജനുവരി 6ന് പതിനഞ്ചായിരം രൂപ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. പിന്നീട് നിര്‍ദേശം ലിഖിത രൂപത്തിൽ ആക്കുന്ന സന്ദര്‍ഭത്തിൽ രണ്ടാം ഖലീഫ അതിനു പകരമായി മുപ്പതിനായിരം രൂപ എന്ന് എഴുതിപ്പിക്കുകയുണ്ടായി. അത് കടമായി അയക്കുന്നതിന് പകരം സാമ്പത്തിക സംഭാവനയായി അയക്കണമെന്നും അദ്ദേഹം എഴുതുകയുണ്ടായി. പ്രാരംഭത്തിൽ ആദ്യദിനം 6000 രൂപ സമാഹരിക്കപ്പെട്ടു. ജനുവരി 11 ആയപ്പോഴേക്കും ഖാദിയാനിലെ അഹ്‌മദിയ്യാ ജമാഅത്ത് വലിയ ത്യാഗങ്ങൾ വഹിച്ചുകൊണ്ട് 12000 രൂപ സമാഹരിക്കുകയുണ്ടായി. തുടര്‍ന്ന് പുറത്തുള്ളവരോടും സാമ്പത്തിക ത്യാഗത്തിന് ആഹ്വാനം നടത്തുകയുണ്ടായി. ഈ ത്യാഗത്തിൽ കൂടുതൽ ആളുകള്‍ക്ക് പങ്കെടുക്കാൻ തുക ഒരു ലക്ഷം രൂപയായി ഉയര്‍ത്തുകയും തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യ വഴി ഈ തുക ഇംഗ്ലണ്ടിലേക്ക് അയക്കുകയും ചെയ്തു.
ശിലാസ്ഥാപനവും ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) ന്റെ പ്രഭാഷണവും
ഖലീഫ തിരുമനസ്സ് പറഞ്ഞു. 1924 ഒക്ടോബർ 19ന് രണ്ടാം ഖലീഫ മസ്ജിദ് ഫള്‌ലിന് തറക്കല്ലിട്ടു. അന്നേദിവസം മഴ പെയ്യുകയുണ്ടായി. ഇക്കാര്യം രണ്ടാം ഖലീഫയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. സാരമില്ല, ഈ അവസരത്തിലും പരിപാടികളിൽ വരുന്നവർ ആത്മാര്‍ഥത കൊണ്ടാണ് വരുന്നത്. പരിപാടി വിജയകരം ആകുന്നതാണ്. പരിപാടിക്കായി ഒരു ചെറിയ പന്തൽ സ്ഥാപിക്കുകയുണ്ടായി. രാഷ്ട്രീയക്കാർ, പ്രമുഖർ, നയതന്ത്രജ്ഞർ തുടങ്ങി നിരവധി പേര്‍ക്ക് ക്ഷണം അയക്കുകയുണ്ടായി. ചെറിയ സമയത്തിൽ സംഘടിപ്പിച്ചതാണെങ്കിലും നിരവധി അതിഥികൾ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ഖലീഫ തിരുമനസ്സ് പറഞ്ഞു. ആ അവസരത്തിൽ രണ്ടാം ഖലീഫ സന്ദര്‍ഭത്തിന്‍റെ പ്രാധാന്യവും മഹത്വവും വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രപഞ്ച സൃഷ്ടാവിന്‍റെ ആരാധനയിൽ ആളുകൾ ഒത്തുചേരാനും അവരുടെ വര്‍ഗമോ വംശമോ മറ്റെന്തെങ്കിലും പ്രകടമായ വ്യത്യാസമോ ഒന്നും തന്നെ പരിഗണിക്കാതെ ഒരുമിച്ചു കൂടാൻ കഴിയുന്ന ഒരു ഘടന കെട്ടിപ്പടുക്കുന്നതിനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന വസ്തുതയിലേക്ക് അദ്ദേഹം ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. ലോകത്ത് ആളുകള്‍ക്കിടയിൽ എപ്പോഴും തര്‍ക്കങ്ങൾ ഉണ്ടെന്നും തര്‍ക്കങ്ങൾ തെറ്റല്ലെന്നും ക്ഷമ ഇല്ലായ്മയും പിടിവാശിയുമാണ് തെറ്റെന്നും അദ്ദേഹം പറയുകയുണ്ടായി. തര്‍ക്കങ്ങൾ അനൈക്യം ഉണ്ടാക്കുന്നതാവരുതെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങൾ മോശമാണെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ തര്‍ക്കങ്ങൾ ഇല്ലെങ്കിൽ സഹിഷ്ണുതയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടയിലാണ് സഹിഷ്ണുത വെളിപ്പെടുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കെ ആളുകള്‍ക്ക് എപ്പോഴും ഒരുമിച്ച് ജീവിക്കാൻ കഴിയേണ്ടതാണ്. ജനങ്ങളുടെ കാഴ്ചപ്പാടുകൾ ബലപ്രയോഗത്തിലൂടെ മാറ്റാൻ സാധിക്കില്ല. മറിച്ച് അവരുടെ ഹൃദയങ്ങളെ മാറ്റുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഖലീഫ തിരുമനസ്സ് പറഞ്ഞു. ഒരു പള്ളി ആരുടെയും സ്വന്തം അല്ലെന്നും മറിച്ച് ദൈവത്തിന്റേതു മാത്രമാണെന്നും രണ്ടാം ഖലീഫ എടുത്തു പറയുകയുണ്ടായി. അദ്ദേഹം താഴെപ്പറയുന്ന ഖുര്‍ആനിക വചനം ഉദ്ധരിക്കുകയുണ്ടായി.
‘അല്ലാഹുവിന്‍റെ ദേവാലയങ്ങളിൽ അവന്‍റെ നാമം സ്മരിക്കുന്നത് തടയുന്നവനേക്കാൾ അക്രമി മറ്റാരാണ്?’ (2:115)
രണ്ടാം ഖലീഫയുടെ പ്രഭാഷണത്തിലെ തിരുനബിയുടെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം ഉദ്ധരിച്ചുകൊണ്ട് ഖലീഫ തിരുമനസ്സ് തുടര്‍ന്ന് പറഞ്ഞു. യമനിൽ നിന്നുള്ള ഒരു കൂട്ടം ക്രിസ്ത്യാനികൾ നബി തിരുമേനി(സ)യെ സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശന വേളയിൽ അവരുടെ പ്രാര്‍ത്ഥനക്കുള്ള സമയമായപ്പോൾ പുറത്തുപോയി പ്രാര്‍ത്ഥിക്കാൻ അവർ അനുവാദം തേടി. ദൈവത്തെ ആരാധിക്കുന്ന ഏതൊരാള്‍ക്കും പള്ളി തുറന്നിട്ടുണ്ടെന്ന് ഖുര്‍ആൻ പറയുന്നതായി പ്രവാചകൻ(സ) പറഞ്ഞു. അവര്‍ക്ക് പള്ളിക്കുള്ളിൽ പ്രാര്‍ത്ഥന നടത്താമെന്നും പറയുകയുണ്ടായി. ഇതേ മനസ്സോടെയാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഈ പള്ളി സ്ഥാപിക്കുന്നതെന്നും പള്ളിയുടെ സ്ഥാപനോദ്ദേശ്യം ദൈവത്തെ ആരാധിക്കുക എന്നത് മാത്രമാണെന്നും ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന ആരെയും പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതല്ലെന്നും രണ്ടാം ഖലീഫ പറയുകയുണ്ടായി. ഈ പള്ളി ലോകത്തിലെ ഭിന്നത അവസാനിപ്പിക്കുന്നതിനും ഐക്യം സ്ഥാപിക്കുന്നതിനും കൂട്ടായ പുരോഗതിയുടെ പരസ്പര മനോഭാവം വളര്‍ത്തുന്നതിനും ഒരു വഴിവിളക്കായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.
നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം
ഖലീഫ തിരുമനസ്സ് പറഞ്ഞു. 100 വര്‍ഷങ്ങളായി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ഏത് പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ചാലും എല്ലാവരും അതിൽ ഒരുമിക്കുന്നുവെന്ന കാര്യത്തിൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും ഉള്ള നിരവധി ആളുകൾ സാക്ഷ്യം വഹിക്കുകയുണ്ടായി. തറക്കല്ലിടൽ വേളയിൽ രണ്ടാം ഖലീഫ ഒരു സ്മരണിക ഫലകവും അനാച്ഛാദനം ചെയ്യുകയുണ്ടായി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തിൽ. നാം പ്രവാചകൻ(സ)നെ സ്തുതിക്കുകയും അദ്ദേഹത്തിനു മേൽ ദൈവാനുഗ്രഹം തേടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കൃപയോടും കാരുണ്യത്തോടും. അവൻ മാത്രമാണ് സഹായി.
നിശ്ചയമായും എന്‍റെ ആരാധനയും എന്‍റെ ത്യാഗവും എന്‍റെ ജീവിതവും എന്‍റെ മരണവും എല്ലാം സര്‍വ്വലോകനാഥനായ അല്ലാഹുവിനു വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഹ്‌മ്ദിയ്യാ കമ്മ്യൂണിറ്റിയുടെ തലവനായ ഞാൻ മിര്‍സാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഖലീഫത്തുൽ മസീഹ് ഇന്ന് ഹിജ്‌റ 1343 റബീഉൽ അവ്വൽ 20ന് ഈ പള്ളിക്ക് ദൈവപ്രീതി കാംക്ഷിച്ച് കൊണ്ട് തറക്കല്ലിടുന്നു. അവന്‍റെ നാമം ഇംഗ്ലണ്ടിൽ വാഴ്ത്തപ്പെടുന്നതിനും ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനും അഹ്‌മ്ദിയ്യാ ജമാഅത്തിലെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങളുടെയും എളിയതും ആത്മാര്‍ത്ഥവുമായ പരിശ്രമങ്ങൾ സ്വീകരിക്കുന്നതിനും വേണ്ടി ഞാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഈ പള്ളിയുടെ അഭിവൃദ്ധിക്കുള്ള മാര്‍ഗ്ഗങ്ങൾ അവൻ നല്‍കി അനുഗ്രഹിക്കട്ടെ. വിശുദ്ധി, ഭക്തി ,നീതി, സ്‌നേഹം എന്നീ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇതിനെ മാറ്റട്ടെ. ദൈവനിയോഗിതനും പ്രവാചക മുദ്രയുമായ മുഹമ്മദ് നബികരീം(സ)യുടെയും വാഗ്ദത്ത മസീഹും ദൈവനിയോഗികനും നബികരീം (സ) യുടെ പ്രതിബിംബവുമായി അവതരിച്ച ഹദ്‌റത്ത് അഹ്‌മദ് (അ) ന്‍റെയും ദൈവികപ്രകാശത്തിന്‍റെ അനുഗൃഹീത കിരണങ്ങൾ പ്രസരിക്കുന്ന സൂര്യനായി ഈ സ്ഥലത്തെ മാറ്റട്ടെ. ആമീൻ
19-10-1924
ഈ ചടങ്ങ് പത്രങ്ങൾ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടാം ഖലീഫയുടെ പ്രസംഗത്തിന്‍റെ വിവിധ ഭാഗങ്ങൾ അവർ ഉദ്ധരിക്കുകയും ചെയ്തുവെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1926 ൽ ശൈഖ് അബ്ദുൽ ഖാദിർ സാഹിബ് മസ്ജിദ് ഫള്ല്‍ ഉദ്ഘാടനം ചെയ്തു.
ഇതാണ് മസ്ജിദ് ഫള്‌ലിന്‍റെ ഹ്രസ്വമായ ചരിത്രം. 100 വര്‍ഷം തികയുന്ന ഈ വേളയിൽ നടത്തുന്ന പരിപാടി ഒരു ലൗകിക ലക്ഷ്യത്തിനും വേണ്ടിയുള്ളതല്ല. മറിച്ച് വാഗ്ദത്ത മസീഹും(അ) രണ്ടാം ഖലീഫയും വിവരിച്ചതുപോലെ ഈ പള്ളി ജനങ്ങള്‍ക്ക് ദൈവത്തെ സ്മരിക്കാനും ആരാധിക്കാനും ഒത്തുകൂടാനും പരസ്പരം കടമകൾ നിറവേറ്റുന്നതിലേക്കും ആത്മീയമായി സ്വയം സംസ്‌കരിക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള സ്ഥലമാകുന്നു. ജനങ്ങൾ മതത്തിൽ നിന്നും അകന്നുപോകുന്ന ഇക്കാലത്ത് പള്ളികള്‍ക്ക് മുമ്പത്തെക്കാൾ പ്രാധാന്യമുണ്ട്. അതിനാൽ ദൈവത്തെ ആരാധിക്കുന്നതിലും അവന്‍റെ കല്‍പ്പനകൾ പൂര്‍ത്തീകരിക്കുന്നതിലും അവന്‍റെ സൃഷ്ടികളെ സേവിക്കുന്നതിലുമാണ് നമ്മുടെ നിലനില്‌പ്പെന്ന വസ്തുതയിലേക്ക് നാം നമ്മുടെ ഭാവി തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്. ഓരോ അഹ്‌മദിയും ഈ ഉദ്ദേശലക്ഷ്യം ഓര്‍ത്തിരിക്കേണ്ടതാണ്. നബി തിരുമേനി (സ) പറഞ്ഞു: നിങ്ങൾ സ്വയം ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടുക. അതുകൊണ്ട് ഇസ്ലാമിന്‍റെ സമാധാനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം നാം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടതാണ്. മനുഷ്യരാശിയുടെ മോക്ഷത്തിലേക്കുള്ള മാര്‍ഗം ഇത് മാത്രമാണ്. അല്ലെങ്കിൽ ഭാവി തലമുറകൾ ഈ ലോകത്തിലെ യുദ്ധങ്ങളും ക്രമക്കേടുകളും മൂലം നശിപ്പിക്കപ്പെടുന്നതാണ്.
ഈ പള്ളിയുടെയും എല്ലാ പള്ളികളുടെയും കടമകൾ നിറവേറ്റാൻ സര്‍വശക്തനായ അള്ളാഹു എല്ലാവരെയും പ്രാപ്തരാകട്ടെ എന്ന് ഖലീഫ തിരുമനസ്സ് ദുആ ചെയ്തു. നമ്മൾ ലോകത്ത് ദൈവവചനം പ്രചരിപ്പിക്കുന്നവരായി മാറട്ടെ. നബി തിരുമേനി(സ)യെ നിയോഗോദ്ദേശപ്രകാരം നമുക്ക് യഥാര്‍ഥ മുസ്ലീങ്ങൾ ആകാൻ സാധിക്കട്ടെ. ഈ കാലഘട്ടത്തിൽ ഇസ്ലാമിന്‍റെ പുനരുജ്ജീവനത്തിനും ലോകമെമ്പാടും ദൈവത്തിന്‍റെ ഏകത്വം പ്രചരിപ്പിക്കുന്നതിനും ലോകത്തെ നബി തിരുമേനി (സ) യുടെ പതാകക്കു കീഴിൽ കൊണ്ടുവരുന്നതിനുമായി അവൻ വാഗ്ദത്ത മസീഹ് (അ)നെ അയക്കുകയുണ്ടായി. അല്ലാഹു നമുക്കേവര്‍ക്കും അതിനുള്ള സൗഭാഗ്യം നല്കുമാറാകട്ടെ.
0 Comments