വാഗ്ദത്ത പരിഷ്‌കർത്താവും ലോക സമാധാന സ്ഥാപനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കും

മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്‍ത്തയുടെ പൂർത്തീകരണം ആയിരുന്നു.

വാഗ്ദത്ത പരിഷ്‌കർത്താവും ലോക സമാധാന സ്ഥാപനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കും

മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്‍ത്തയുടെ പൂർത്തീകരണം ആയിരുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഫെബ്രുവരി 21, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ. ഐ. ഗുലാം അഹ്‍മദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു.

ഫെബ്രുവരി 20ന് അഹമദിയ്യാ മുസ്‌ലിം ജമാഅത്ത് വാഗ്ദത്ത പരിഷ്‌കർത്താവായ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)നെ കുറിച്ചുള്ള പ്രവചനത്തെ സ്മരിച്ചുകൊണ്ട് മുസ്‌ലിഹ് മൗഊദ് ദിനം ആചരിച്ചു വരുന്നു.

വാഗ്ദത്ത മസീഹ്(അ)ന്‍റെ ഈ പ്രവചനത്തിൽ ഒരു പുത്രന്‍റെ ജനനത്തെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഫെബ്രുവരി 20-നാണ് ഈ പ്രവചനം പ്രസിദ്ധീകരിച്ചത്. പ്രവചനത്തിന്‍റെ ഒരു ഭാഗം ഇതായിരുന്നു: “അവൻ അത്യന്തം ബുദ്ധിമാനും ഗ്രഹണശേഷി ഉള്ളവനുമായിരിക്കും”, “ലൗകികവും ആത്മീയവുമായ ജ്ഞാനങ്ങളാൽ സമൃദ്ധനായിരിക്കും”.

ഈ വാഗ്ദാനമനുസരിച്ച് സർവ്വശക്തനായ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് ഈ സവിശേഷതകളുള്ള ഒരു പുത്രനെ നൽകി. അദ്ദേഹത്തിന്‍റെ പേര് ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) എന്നായിരുന്നു. അദ്ദേഹം മുസ്‌ലിഹ് മൗഊദ് അഥവാ വാഗ്ദത്ത പരിഷ്കർത്താവ് എന്ന് അറിയപ്പെടുന്നു.

പ്രവചനത്തിന്‍റെ വാക്കുകൾ അനുസരിച്ച്, സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന് ജ്ഞാനങ്ങൾ നൽകി. ഭൗതീക തലത്തിൽ അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസത്തിന് പുറമെ യാതൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ പോകുമായിരുന്നെങ്കിലും പരീക്ഷകൾ പാസാകാൻ തനിക്ക് സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം സ്വയം പറയുന്നു. എന്നാൽ അല്ലാഹു അദ്ദേഹത്തെ കൊണ്ട് ആത്മീയവും ഭൗതികവും സംഘടനാപരവുമായ സേവനങ്ങൾ നിറവേറ്റുകയുണ്ടായി. എത്രത്തോളമെന്നാൽ ഭൗതീക തലത്തിൽ പണ്ഡിതന്മാരായവർ പോലും അദ്ദേഹത്തിന്‍റെ മുന്നിൽ കുട്ടികൾ ആണെന്ന് തോന്നിപ്പോകുമാറായി.

ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) ഭൗതികവും ആത്മീയവുമായ വിഷയങ്ങളിൽ അസംഖ്യം പ്രഭാഷണങ്ങൾ നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ രാഷ്ട്രീയം, ചരിത്രം, സാമൂഹികം, ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, യുദ്ധം തുടങ്ങിയ അനേകം വിഷയങ്ങൾ അടങ്ങുന്നു. ഈ വിഷയങ്ങളിലെ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം ആളുകളെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്‍റെ പല പ്രഭാഷണങ്ങളും അനഹ്‌മദികൾക്ക് മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്.

അദ്ദേഹത്തിന്‍റെ കൃതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ഇത്രയും ചുരുങ്ങിയ സമയത്തിൽ പൂർണ്ണമായി വിവരിക്കാൻ സാധിക്കുകയില്ല, എന്നിരുന്നാലും ചില അറിയപ്പെടാത്ത കൃതികളെക്കുറിച്ച് ഒരാമുഖം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ്.

തുർക്കിക്കുള്ള ഉപദേശം

ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) 1919-ൽ, തുർക്കി സർക്കാർ ഒരു പ്രതിസന്ധിയിലായിരുന്ന സമയത്ത്,  ‘തുർക്കിയുടെ ഭാവിയും മുസ്‌ലിംകളുടെ ഉത്തരവാദിത്തവും’ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. അതിൽ അദ്ദേഹം മുസ്‌ലിങ്ങളുടെ ഐക്യത്തിനും സഹകരണത്തിനുമായി ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി. അദ്ദേഹം എഴുതുന്നു, “എന്‍റെ അഭിപ്രായത്തിൽ, തുർക്കിക്ക് വേണ്ടി നടത്തുന്ന ഈ സമ്മേളനത്തിന്‍റെ അടിസ്ഥാനം ഒരു മുസ്‌ലിം സാമ്രാജ്യത്തെ നീക്കം ചെയ്ത് രാഷ്ട്രീയ ഭരണവൽക്കരിക്കുക എന്നത് സ്വയം മുസ്‌ലിം എന്ന് പറയുന്ന ഒരു വിഭാഗക്കാരും അംഗീകരിക്കുകയില്ല എന്നതായിരിക്കണം. പ്രസംഗങ്ങൾ നടത്തുകയോ പണം ശേഖരിച്ച് പരസ്യങ്ങളോ പ്രചാരണ പുസ്തകങ്ങളോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ മാത്രം മതിയാവുകയില്ല, പകരം എല്ലാ രാജ്യങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി ഒരു സമഗ്ര പ്രയത്നം തന്നെ നടത്തണം. മുസ്‌ലീങ്ങൾ തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് തിരിയണം. ഇസ്‌ലാം എന്താണെന്ന് മനസ്സിലാക്കുകയും അത് മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യണം”.

ഖലീഫാ തിരുമനസ്സ് പറയുന്നു, ഇന്നും മുസ്‌ലീങ്ങൾ ഈ തത്വം പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇസ്‌ലാമിന്‍റെ എതിരാളികൾ മുസ്‌ലിം രാജ്യങ്ങളെ ചുറ്റിപ്പിടിച്ച് കൊണ്ടിരിക്കും. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

ലോക മുസ്‌ലീങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം

1925-ൽ നടന്ന ഓൾ പാർട്ടീസ് കോൺഫറൻസിന് (All Parties’ Conference) വേണ്ടി ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) ‘ഒരു നിരീക്ഷണം’ എന്ന പേരിൽ ഒരു പ്രചാരണപത്രിക തയ്യാറാക്കി. ഈ പത്രികയിൽ ഇസ്‌ലാമിന്‍റെ മതപരവും രാഷ്ട്രീയപരവുമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ, ക്രിസ്ത്യാനികളോ, ഹിന്ദുക്കളോ, സിക്കുകാരോ ആയ എല്ലാവരോടും ഒരു മുസ്‌ലിം ഇടപെടേണ്ടത് തങ്ങൾ ഏകീകൃതരാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ്. എല്ലാവർക്കും തുല്യ ഗുണങ്ങൾ ലഭിക്കുന്നതിനായി പരിശ്രമിക്കണം. സമാധാനം നിലനിർത്തുന്നതിന് വേണ്ടി, മതപരമായ കാര്യങ്ങളിൽ പരസ്പരം ഇടപെടരുത്. ശേഷം, ഇസ്‌ലാമിന്‍റെ പുരോഗതിക്കും പ്രചാരണത്തിനും വേണ്ടിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വൈജ്ഞാനിക ഉന്നമനത്തിനും ഭൗതിക വിജയത്തിനും വേണ്ടിയുള്ള വഴികൾ വിശദീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക ബാങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പലിശ രഹിതമായ ബാങ്ക് സ്ഥാപിക്കാൻ കഴിയുമെങ്കിൽ, അഹമദിയ്യാ മുസ്‌ലിം ജമാഅത്ത് അതിൽ പങ്കു ചേരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലീങ്ങൾ സ്വതന്ത്രമായി ബിസിനസ്സുകൾ സ്ഥാപിക്കുന്നതിന് ഉപദേശങ്ങൾ നൽകി. മുസ്‌ലിം ലോകം ഏകീകരിക്കണമെന്നും അതിന് സാധിക്കുന്നില്ലെങ്കിൽ, അത് ഇസ്‌ലാം കാരണമല്ല, മറിച്ച് അവരുടെ തന്നെ അഹങ്കാരം കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിനുള്ള പരിഹാരങ്ങൾ

ഇന്ത്യയുടെ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നടത്തിയ വട്ടമേശാ സമ്മേളനത്തില്‍ (Round Table Conference) ബ്രിട്ടീഷ്, ഇന്ത്യൻ പ്രതിനിധികൾ ഒത്തുചേർന്ന് ഇന്ത്യൻ രാഷ്ട്രീയ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു. ഈ അവസരത്തിൽ ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) മുസ്‌ലീങ്ങളോട് ആവശ്യപ്പെട്ടത്, എല്ലാ ഭിന്നതകളും ഉപേക്ഷിച്ച് ഒരുമിച്ചുകൂടി ഇന്ത്യയുടെ സമൃദ്ധമായ രാഷ്ട്രീയ ഭാവിക്കുവേണ്ടി ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കണം എന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ നീക്കങ്ങളെ നിരീക്ഷിച്ചുകൊണ്ട്, മുസ്‌ലീങ്ങളുടെ അവകാശങ്ങൾ പരിഗണിക്കുന്നത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അദ്ദേഹം ശരിയായ പരിഹാരങ്ങൾ മുന്നിൽ വെച്ചു. ഇതെല്ലാം വട്ടമേശാ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ആദ്യമായി മുസ്‌ലീങ്ങൾക്ക് ഏകീകൃതമായി തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. ഇത് ബ്രിട്ടീഷുകാരിൽ പ്രഭാവം ചെലുത്തി. അദ്ദേഹം രചിച്ച ‘ഇന്ത്യയുടെ രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള പരിഹാരം’ എന്ന ഈ പുസ്തകം ഇന്ത്യയിലും ബ്രിട്ടനിലും വളരെയധികം സ്വീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ കാര്യങ്ങളിലെ അദ്ദേഹത്തിന്‍റെ സൂക്ഷ്മ ജ്ഞാനങ്ങളെ പല പണ്ഡിതന്മാരും രാഷ്ട്രീയ നിരീക്ഷകരും പ്രശംസിക്കുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.

ലോക സമാധാനത്തിനുള്ള വഴികൾ

ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) ലോകത്തിലെ നിലവിലെ അസ്വസ്ഥതകളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. 1946-ൽ ഡൽഹിയിൽ നടത്തിയ ലോക സമാധാനത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ നൂറുക്കണക്കിന് അമുസ്‌ലീങ്ങൾ പങ്കെടുത്തിരുന്നു. ഡൽഹിയിലെ ഒരു പത്രം ഈ പ്രഭാഷണം അവലോകനം ചെയ്ത് കൊണ്ട് എഴുതിയത് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത് ലോക സമാധാന രാഷ്ട്രീയവുമായല്ല, മറിച്ച് ധാർമ്മികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും, എന്നും ജനങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാൻ തുടങ്ങിയാൽ ലോകത്തിലെ അസ്വസ്ഥതകൾ അവസാനിക്കും എന്നുമാണ്. ഒരു ആഗോള സാഹോദര്യ ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മർദ്ദിതർക്കൊപ്പം നിൽക്കേണ്ടതിന്‍റെ പ്രധാന്യം

അഹ്‌മദികൾ പാകിസ്താനെ പിന്തുണയ്ക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് 1947-ൽ ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) നടത്തിയ ഒരു പ്രഭാഷണത്തിൽ ജമാഅത്തിനെ ഉപദേശിച്ചു കൊണ്ട് പറയുന്നു: “പരിണിതഫലം എന്തു തന്നെയാണെങ്കിലും മർദ്ദിതരെയും അടിച്ചമർത്തപ്പെട്ടവരെയും നാം സഹായിക്കുകയും പിന്തുണയ്ക്കുകയും വേണം.”

ഖലീഫാ തിരുമനസ്സ് പറയുന്നു, ഇസ്‌ലാമിന്‍റെ പേരിലാണ് നമുക്കുമേൽ അക്രമണങ്ങൾ അഴിച്ചുവിടുന്നത്. എന്നാൽ അദ്ദേഹം ഇസ്‌ലാമിക അധ്യാപനങ്ങൾ അനുസരിച്ച് ജീവിക്കാനാണ് ഉപദേശിച്ചത്. ഇന്നത്തെ മുല്ലാക്കൾ പറയുന്നത് പോലെ അഹ്‌മദികൾ ഇസ്‌ലാമിന് എതിരായിരുന്നു എങ്കിൽ അദ്ദേഹത്തിന് ഇപ്രകാരം നിർദേശിക്കേണ്ട കാര്യം എന്തായിരുന്നു? അല്ലാഹു പാക്കിസ്താനെ  മുല്ലാക്കളുടെ തന്ത്രങ്ങളിൽ നിന്ന് രക്ഷിക്കുമാറാകട്ടെ. എന്നാൽ മാത്രമേ രാജ്യം പുരോഗതിയുടെ മാർഗ്ഗത്തിൽ നീങ്ങുകയുള്ളു.

1947-ൽ ലാഹോറിൽ, അദ്ദേഹം പാകിസ്താന്‍റെ ഭാവിയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി. പാകിസ്താനിൽ ഏത് തരത്തിലുള്ള നിയമങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും ഇസ്‌ലാമിക അധ്യാപനങ്ങൾ ഏത് രീതിയിലാണ് പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം അതിൽ സംസാരിച്ചു. ഇസ്‌ലാം മറ്റ് മതസ്ഥരോട് ഇസ്‌ലാം സ്വീകരിക്കാൻ ആവശ്യപ്പെടുന്നില്ലന്നും, അവർ സ്വന്തം മതത്തിൽ തുടരാനും അനുഷ്ഠാനങ്ങൾ പാലിക്കാനും സ്വതന്ത്രരാണെന്നും അദ്ദേഹം അതില്‍ പറയുന്നു.

ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) യുദ്ധങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ‘റഷ്യയും നിലവിലെ യുദ്ധവും’ എന്ന പുസ്തകത്തിൽ രണ്ടാം ലോക മഹായുദ്ധസമയത്ത് റഷ്യ പോളണ്ടിലേക്ക് പ്രവേശിച്ചതിന്‍റെ കാരണങ്ങളും സാധ്യമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇനി മുന്നോട്ട് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.

മതപരമായ രചനകൾ

ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ)ന്‍റെ മതപരമായ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. ഉദാഹരണത്തിന് വിശുദ്ധ ഖുർആന്‍റെ വ്യാഖ്യാനമായ തഫ്സീറെ കബീർ നിലവിൽ 15 വാള്യങ്ങളിലാണ് ഉള്ളത്. ഇപ്പോൾ ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്‍റെ ചില ഖുർആൻ വ്യാഖ്യാന നോട്ട്സുകൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ അത് 30 വാള്യങ്ങൾ ആയിത്തീരും.

എല്ലാ അർത്ഥത്തിലും ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട വാഗ്ദാനത്തിന്‍റെ പൂർത്തീകരണം ആയിരുന്നു. ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ)ന്‍റെ കൃതികളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ് നൽകിയത്. അദ്ദേഹത്തിന്‍റെ രചനകളിൽ നിന്ന് നമുക്ക് ഇന്നും പ്രയോജനം ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്. പ്രയോജനപ്പെടുത്തേണ്ടതുമാണ്.

1 Comment

C.G.AbdulKareem · ഫെബ്രുവരി 27, 2025 at 12:34 pm

May Almighty Allah bless Our all Khulafaye Ahmadiyyath and Khaleefathul Madiha fifth.
May all mighty Allah bless our Other Muslim brothers to accept Ahmadiyya teachings.
Ameen ya Rabbal Aalameen.

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed