എസ്.വി ശബീല്‍ അഹ്‌മദ്, പഴയങ്ങാടി
മാര്‍ച്ച് 23, 2024
ഭൗതികതയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകം അതിന്‍റെ ഔന്നത്യത്തിൽ പ്രശോഭിച്ചു നില്ക്കുകയാണ്. ബൗദ്ധിക ലോകത്തിന്‍റെ കാപട്യത്തെ തിരിച്ചറിയുന്നതിൽ മനുഷ്യദൃഷ്ടിക്ക് അന്ധത ബാധിച്ചിരിക്കുന്നു. വഞ്ചന, കളവ്, അഴിമതി, അധാര്‍മികത, വിദ്വേഷം എന്നിവ ജീവിതരീതിയായി മാറിക്കഴിഞ്ഞു. വിപ്ലവങ്ങളും കലാപങ്ങളും സര്‍വ്വസാധാരണമായി. സമാധാന സംസ്ഥാപനത്തിന്‍റെ പേരിലും പ്രശ്‌നപരിഹാരത്തിന്‍റെ പേരിലും രക്തച്ചൊരിച്ചിൽ ഉണ്ടാകുന്നു. അതിനെല്ലാം ഭരണകൂടങ്ങളും പൗരസമൂഹവും ഒരുപോലെ ന്യായങ്ങൾ കണ്ടെത്തുന്നു. സമാധാനാന്തരീക്ഷം ക്രമേണ ലോകത്ത് ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നു. വിവേകപൂര്‍വം ചിന്തിക്കുന്ന ഓരോരുത്തരും- അവർ മതവിശ്വാസികളോ നാസ്തികരോ ആരായാലും- ഇക്കാര്യത്തിൽ ആശങ്കാകുലരാണ്.
ഖൈറു ഉമ്മത്ത് അഥവാ ശ്രേഷ്ഠ സമുദായമായ മുസ്‌ലിം ലോകമിന്ന് ലോക ചരിത്രത്തിൽ മറ്റൊരു മതസമൂഹവും അനുഭവിച്ചിട്ടില്ലാത്ത വമ്പിച്ച ആക്രമങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും വിധേയമാണ്. തലച്ചോർ മരവിച്ചു പോകുകയും ഹൃദയം തകര്‍ന്നു പോകുകയും ചെയ്യുന്ന അതിദാരുണമായ വാര്‍ത്തകളാണ് മുസ്‌ലിം നാടുകളിൽ നിന്നും മുസ്‌ലിം സമൂഹങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ചോരയും കണ്ണീരും ചാലിട്ടൊഴുകുന്ന അവിടങ്ങളിൽ വിലാപങ്ങളും ദുഃഖങ്ങളും ഒഴിഞ്ഞ നേരമില്ല. പലയിടങ്ങളിലും മുസ്‌ലിം യുവാക്കൾ ഭീകരന്മാരായി മുദ്രകുത്തപ്പെടുന്നു. അല്ലാഹുവിന്‍റെ ശാപത്തിനും കോപത്തിനും പാത്രമായ യഹൂദികളുടെ കരങ്ങളാൽ മുസ്‌ലീങ്ങൾ അതിക്രൂരമായി ശിക്ഷിക്കപ്പെടുന്നു. തീവ്രവാദി ആക്രമണങ്ങൾ, വംശഹത്യകൾ, കൂട്ടക്കുരുതികൾ, വര്‍ഗീയ ലഹളകൾ, യുദ്ധഭീഷണി, ബന്ദികളാക്കൽ, കൂട്ട പലായനങ്ങൾ എന്നിവയാൽ മുസ്‌ലിം ലോകം ഇന്നൊരു അഗ്‌നി കുണ്ഠത്തിനരികിൽ വേച്ചു വേച്ചു നടക്കുകയാണ്. നിസ്സഹായാവസ്ഥയുടെ നിലയില്ലാക്കയത്തില്‍പ്പെട്ട, നേതൃത്വം ഇല്ലാത്ത മുസ്‌ലിം സമൂഹം മഴവെള്ളപ്പാച്ചിലിലെ ചണ്ടി പോലെ ദുര്‍ബലമായിരിക്കുന്നു. ഭയാനകമായ ദുരിതങ്ങൾ വലയം ചെയ്യപ്പെട്ടു നില്ക്കുന്ന ഈ കാലഘട്ടത്തിലും ഒരു മുസ്‌ലിം കക്ഷിയുടെ ഏറ്റവും വലിയ പ്രതിയോഗി മറ്റൊരു മുസ്‌ലിം കക്ഷിയാണ് എന്ന് വരുമ്പോൾ മുസ്‌ലിം സമൂഹത്തിന്‍റെ ജീര്‍ണാവസ്ഥ സ്പഷ്ടമാകുന്നു. ഈ അവസ്ഥയെ പറ്റി മുഹമ്മദ് മുസ്തഫ(സ) പറഞ്ഞത്: ‘തീര്‍ച്ചയായും ജനങ്ങളിൽ ഒരു കാലം വരും. അന്ന് ഇസ്‌ലാമിന്‍റെ നാമവും ഖുര്‍ആന്‍റെ ലിപിയും മാത്രം അവശേഷിക്കും. അവരുടെ പള്ളികൾ ജനപ്പെരുപ്പം ഉള്ളവ ആയിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങൾ ആയിരിക്കും. അവരുടെ ഉലമാക്കൾ ആകാശത്തിനു കീഴിൽ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്‌ന (കുഴപ്പം) അവരില്‍നിന്ന് പുറപ്പെടുകയും അവരിലേക്ക് തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും എന്നാണ്.’ (മിശ്കാത്ത്)
എന്നാൽ ഇത്തരം ഒരവസ്ഥ സംജാതമായാൽ ഇസ്‌ലാമിനെ സംരക്ഷിക്കുന്നതിനും സന്മാര്‍ഗത്തെ സജീവമാക്കി തീര്‍ക്കുന്നതിനുമായിട്ട് ലോകഗുരുവായി വാഗ്ദത്ത മഹ്ദി മസീഹ് ആവിര്‍ഭവിക്കും എന്നും ഇസ്‌ലാമിൽ പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവചനം പ്രത്യക്ഷരം ഇക്കാലത്ത് പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു. ലോകത്ത് പൊതുവെയും, ഇസ്‌ലാം ലോകത്ത് പ്രത്യേകമായും അധാര്‍മികത ആധിപത്യം വഹിക്കുന്നതായിട്ട് നാം കാണുന്നു. ഈ വസ്തുതയെ മുസ്‌ലിം നേതാക്കന്മാരും മതപണ്ഡിതന്മാരും വളരെക്കാലമായിട്ട് സമ്മതിക്കുകയും ഇതിനുള്ള പരിഹാരാര്‍ഥം ഒരു മഹാഗുരുവിന്‍റെ അഥവാ വാഗ്ദത്ത മഹ്ദി മസീഹിന്‍റെ ആഗമനം ആവശ്യമായിരിക്കുന്നു എന്ന് നിലവിളിക്കുകയും ചെയ്യുന്നു.
മൗലാന അബ്ദുൽ കലാം ആസാദ് പറയുന്നു:
‘ഇസ്‌ലാമിന്‍റെ ആവിര്‍ഭാവകാലത്ത് ക്രിസ്തബ്ദം ആറാം നൂറ്റാണ്ടിൽ അജ്ഞത മൂലം വ്യാപിച്ചിരുന്ന അതേ അന്ധകാരം തന്നെ ഇസ്‌ലാം അവശതയിൽ ആണ്ടിരിക്കുന്ന ഇക്കാലത്ത് പരിഷ്‌കാരത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും സമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു. പൂര്‍വ്വകാലത്തെ ഏറ്റവും വലിയ അന്ധകാരം വിഗ്രഹാരാധനയാണെങ്കിൽ ഇന്ന് അതിനുപകരം നാലുപാടും സ്വേച്ഛാപൂജയാണ് കണ്ടുകൊണ്ടിരിക്കുന്നത്. (അൽ ഹിലാൽ വാല്യം 4 , ഭാഗം: 103)
ഇ കെ മൗലവി സാഹിബ് ‘വിശുദ്ധ ഖുര്‍ആൻ’ എന്ന തലക്കെട്ടിൽ എഴുതിയ ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു:
‘ഏതൊരു ഇരുൾ അടഞ്ഞ കാലത്ത് പരിശുദ്ധ ഖുര്‍ആൻ വെളിപ്പെട്ടുവോ അതേ അവസ്ഥ തന്നെയാണ് അഭിനവ ലോകത്തെയും ബാധിച്ചിട്ടുള്ളത്…. വാസ്തവം പറയുന്നതായാൽ ഇന്നത്തെ സ്ഥിതി അന്നത്തേതിലും ഭയങ്കരമാണ് (ചന്ദ്രിക: 26-9-41)
ലക്‌നൗവിൽ നിന്നും പുറപ്പെടുന്ന സിദ്‌ഖെ ജദീദ് എന്ന വാരിക ഇപ്രകാരം എഴുതുന്നു:
‘ഇസ്‌ലാമിൽ ഇന്ന് ഒരു മഹദ് വ്യക്തിയുടെ ആവിര്‍ഭാവം ഉണ്ടായിട്ടില്ലാത്തതിനാൽ നാലുഭാഗവും ചിന്താപരമായ ഒരു മ്ലാനത പരന്നിരിക്കുന്നതായി കാണാം. ഈ മാനസിക കോളിളക്കം ഒരു മഹാത്മാവിന്‍റെ ആഗമനത്തെ കാത്തിരിക്കുകയാണ്. നമുക്ക് രാഷ്ട്രീയമായ ഒരു പരിവര്‍ത്തനം ഉണ്ടാക്കുന്നതിന് പകരമായി മാനസികമായ പരിവര്‍ത്തനം വരുത്തുന്ന ഒരു മാര്‍ഗദര്‍ശിയെ ആവശ്യമുണ്ട്. ഈ കാലത്ത് മുസ്‌ലീങ്ങള്‍ക്ക് ഒരു ശാഹ് വലിയില്ലായുടെയോ, ഇബിനു തീമിയയുടെയോ, മുജദ്ദിദ് അൽഫെ സാനിയുടെയോ ആവശ്യമുണ്ട്’ (സിദ്‌ഖെ ജദീദ്: 10-6-1960)
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവായ മൗദൂദി സാഹിബ് പറയുന്നത് കാണുക:
അധികപേരും ഇഖാമത്തുദീനിനു വേണ്ടി ഒരു പരിപൂര്‍ണ മനുഷ്യനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതായത് അവര്‍ക്ക് ഇന്ന് ഒരു നബിയെയാണ് ആവശ്യം. നാവുകൊണ്ട് ഖത്തമുൻ നുബുവ്വത്ത് ഉരുവിടുന്നുണ്ടെങ്കിലും നബിതിരുമേനി(സ)ക്കു ശേഷം മറ്റൊരു നബി വരാമെന്ന് പറയുന്ന ആളുടെ നാവു പിഴുതു എടുക്കുവാൻ ഒരുമ്പെടുന്നെങ്കിലും അവരുടെ മനസ്സാക്ഷി ഒരു നബിയുടെ ആവശ്യകതയെ മന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. നബിയിൽ കുറഞ്ഞ ഒന്നിലും അവർ തൃപ്തരല്ല. (തര്‍ജുമാനുൽ ഖുര്‍ആൻ, ഡിസംബർ 1942)
മനസ്സാക്ഷിയുടെ ഈ വിളിയെ അവഗണിക്കാൻ ആരാലും സാധ്യമല്ല. അങ്ങനെ മറ്റേതൊരു കാലത്തെക്കാളും ഒരു ആത്മീയ പരിഷ്‌കര്‍ത്താവിന്‍റെ ആഗമനം ആവശ്യമായിത്തീര്‍ന്ന ഒരു സന്നിഗ്ധ കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്. പ്രസ്തുത കാലഘട്ടത്തെക്കുറിച്ചും അതിൽ അവതീര്‍ണരാകുന്ന മഹ്ദി മസീഹിനെ കുറിച്ചും അദ്ദേഹത്തിന്‍റെ പേര്, പ്രത്യക്ഷപ്പെടുന്ന സ്ഥലം, കാലം മുതലായവയെ കുറിച്ചും ആ പുണ്യാത്മാവിന്‍റെ കാലത്തുണ്ടാകുന്ന മഹത്തായ അടയാളങ്ങളെക്കുറിച്ചും ഖുര്‍ആനിലും തിരുമേനി(സ) യുടെ വചനങ്ങളിലും വളരെ വ്യക്തമായ പ്രവചനങ്ങൾ കാണാവുന്നതാണ്
ഇസ്‌ലാമിൽ അതിന്‍റെ പേരും ഖുര്‍ആനിൽ അതിന്‍റെ ലിപിയും മാത്രം അവശേഷിക്കുന്ന ഒരു കാലഘട്ടത്തിൽ ആയിരിക്കും ആ പുണ്യാത്മാവ് അവതീര്‍ണരാവുക എന്നും ഹദ്‌റത്ത് നബികരീം(സ) അരുൾ ചെയ്തിട്ടുണ്ട്. നബി തിരുമേനി(സ) ഇപ്രകാരം അരുൾ ചെയ്യുകയുണ്ടായി:
‘ ഇസ്‌ലാം അതിന്‍റെ പേരിലും ഖുര്‍ആനിൽ അതിന്‍റെ ലിപിയിലും മാത്രം അവശേഷിക്കുന്ന ഒരു ഒരു കാലഘട്ടം എന്‍റെ സമുദായത്തിൽ വരും. അപ്പോൾ അല്ലാഹു മഹ്ദി മസീഹിനെ അയച്ചു അദ്ദേഹം വഴി ഇസ്‌ലാമിനു വിജയം നല്കുകയും അതിനെ പുനരുദ്ധരിക്കുകയും ചെയ്യും ( യനാബിഉൽ മവദ്ദ, വോളിയം: 3, ഭാഗം: 100)
ഇപ്രകാരം ആ പുണ്യാത്മാവ് ആഗതനായാൽ റസൂലുല്ലാഹ്(സ)ന്‍റെ സലാമിനെ എത്തിക്കണമെന്ന് സമുദായത്തോട് നബി തിരുമേനി (സ) നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു വചനത്തിൽ ഇപ്രകാരം പറയുന്നു ‘നിങ്ങൾ അദ്ദേഹത്തെ കണ്ടാൽ മഞ്ഞിൻ കട്ടകള്‍ക്ക് മീതെ ഇഴഞ്ഞ് ചെന്നിട്ടെങ്കിലും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യേണ്ടതാണ്. എന്തെന്നാൽ അദ്ദേഹം നിശ്ചയമായും അല്ലാഹുവിന്‍റെ പ്രതിനിധിയായ മഹ്ദിയത്രേ. (അൽ മുസ്തദ്‌റക്,വോളിയം 4 കിതാബുൽ ഫിത്തൻ, പേ: 464)
അന്ത്യകാലത്ത് അവതരിക്കുന്ന വാഗ്ദത്തം ചെയ്യപ്പെട്ട മഹ്ദിയെ കുറിച്ച് ഹദ്‌റത്ത് നബി കരീം (സ) ഇത്രയേറെ പ്രാധാന്യവും ഗൗരവവും കല്പിച്ചിരുന്നെങ്കിലും ഇങ്ങനെ ഒരു ലോകമഹാഗുരുവിന്‍റെ ആവിര്‍ഭാവം അത്യാവശ്യമായി തീര്‍ന്ന അതേസമയത്ത് തന്നെ ഹദ്‌റത്ത് അഹ്‌മദുൽ ഖാദിയാനി വാഗ്ദത്തം ചെയ്യപ്പെട്ട മഹ്ദി മസീഹും, ഹിജ്‌റ പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദും ആയിട്ട് അവതരിക്കുകയുണ്ടായി. ഈ അന്ത്യകാലത്ത് വരുമെന്ന് എല്ലാ മതസ്ഥരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകഗുരുവും താനാണെന്ന് അദ്ദേഹം വാദിച്ചു. ജ്ഞാനികളായ മഹാന്മാരുടെ ഗണനപ്രകാരം ഹിജ്‌റ പതിനാലാം ശതകത്തിന്‍റെ ആരംഭത്തിൽ മസീഹ് വരുമെന്നും മുസ്ലീങ്ങൾ വിശ്വസിച്ചു പോന്നതും, മസീഹിന്‍റെ ആഗമനം ക്രിസ്തബ്ദം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ആയിരിക്കുന്നതാണെന്നും പല ക്രൈസ്തവ പണ്ഡിതന്മാരും അവരുടെ മതഗ്രന്ഥങ്ങളെ ആധാരമാക്കി വിളിച്ചു പറഞ്ഞതും, അല്ലാമാ: സിദ്ദീഖ് ഹസ്സൻ ഖാൻ തുടങ്ങിയ പണ്ഡിതന്മാർ അന്ത്യകാലത്തിന്‍റെ ലക്ഷണങ്ങളെല്ലാം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നതുകൊണ്ട് വരാനുള്ള മസീഹിന്‍റെ ആവിര്‍ഭാവം ആസന്നമായിരിക്കുന്നു എന്നും പറഞ്ഞതുമെല്ലാം ഖാദിയാനിൽ ആഗതനായ ഹദ്‌റത്ത് അഹ്‌മദ്(അ)ന്‍റെ സത്യവാദത്തിലേക്ക് സാക്ഷ്യങ്ങൾ ആയിരിക്കുന്നു. എങ്കിലും മസീഹിന്‍റെ ആഗമനത്തെ ഉത്കണ്ഠാപൂര്‍വം പ്രതീക്ഷിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെ വാദത്തെ നിരസിച്ചു കളഞ്ഞു. ഈസാ മസീഹ് ആകാശത്തുനിന്ന് ഇറങ്ങിവരുമെന്നുള്ള പ്രതീക്ഷയിലാണ് ആഗതനായ സത്യപുരുഷന്‍റെ വാദത്തിൽ മുസ്‌ലീങ്ങൾ അശ്രദ്ധരായി തീര്‍ന്നിരിക്കുന്നത്.
എന്നാൽ ഈസാനബി(അ) മറ്റു പ്രവാചകന്മാരെ പോലെ മരിച്ചു പോയിരിക്കുന്നു എന്ന് ഖുര്‍ആനിലെ അനേകം വാക്യങ്ങളിൽ നിന്നും തിരുനബിയുടെ വചനങ്ങളിൽ നിന്നും സൂര്യപ്രകാശം പോലെ തെളിഞ്ഞിരിക്കെ അദ്ദേഹം തന്നെ ഇസ്‌ലാമിൽ മസീഹായി വരണമെന്നുള്ള പ്രതീക്ഷ പൂര്‍ത്തിയാകുന്നതെങ്ങനെ? നബി തിരുമേനി(സ) പ്രവചിച്ചിരിക്കുന്നത് മസീഹ് ഇബ്‌നു മറിയം വരുമെന്ന് തന്നെയാണെങ്കിലും അതിന്‍റെ ഉദ്ദേശം ഇസ്രായേൽ മസീഹ് ആയിരിക്കാവതലെന്നു പ്രസ്തുത സംഗതികൾ കൊണ്ട് തന്നെ മനസ്സിലാക്കാം. ഇതിനുപുറമേ വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ് ‘നിങ്ങളിൽ നിന്നുള്ള നിങ്ങളുടെ ഇമാം ആയിരിക്കും’ എന്ന് നബി തിരുമേനി(സ) വേര്‍തിരിച്ചു പറഞ്ഞിരിക്കുന്നത് കൊണ്ടും വരുന്ന മസീഹിന്‍റെ ആകൃതിയും പ്രകൃതിയും നിറം പോലും ഈസാ മസീഹിന്‍റെതിൽ നിന്നും വ്യത്യസ്തമാണെന്നും തിരുമേനി തന്‍റെ ദിവ്യ ദര്‍ശനങ്ങൾ വഴി അറിയിച്ചു തന്നിരിക്കുന്നത് കൊണ്ടും ഇസ്‌ലാമിൽ വരാനുള്ള മസീഹ്, നബി തിരുമേനിയുടെ അനുയായികൾ നിന്നുള്ള ഒരാളല്ലാതെ, ഈസാ നബി(അ) ആയിരിക്കാൻ തരമില്ലെന്നും മനസ്സിലാകുന്നു.
മഹ്ദി മസീഹിന്‍റെ ആഗമനത്തെ കുറിച്ച് നബി തിരുമേനി (സ) പ്രവചിച്ച ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. ഒരു ഹദീസിൽ നബി തിരുമേനി ഇപ്രകാരം അരുളിയിരിക്കുന്നു:
‘ഏതൊരുവന്‍റെ കയ്യിൽ എന്‍റെ ജീവൻ ഇരിക്കുന്നുവോ അവനാണ! നിശ്ചയമായും വിധികര്‍ത്താവും നീതിമാനുമായി നിങ്ങളിൽ ഇബ്‌നു മറിയം ഇറങ്ങും – അദ്ദേഹം കുരിശു മുറിക്കുകയും പന്നിയെ കൊല്ലുകയും ജിസിയ ഇല്ലാതാക്കുകയും ചെയ്യും (ബുഖാരി)
അബുദാവൂദിലെ ഒരു ഹദീസിൽ ഇങ്ങനെയും കാണാം:
‘ലോകത്തിന്‍റെ ആയുസ്സിൽ ഒരു ദിവസമേ ബാക്കിയുള്ളു എങ്കിൽ പോലും ഒരാളെ എഴുന്നേല്പിക്കുന്നതിന് വേണ്ടി അല്ലാഹു ആ ദിവസത്തെ ദീര്‍ഘിപ്പിക്കും. അദ്ദേഹം എന്നിൽ നിന്നോ എന്‍റെ അഹ്‌ലുൽ ബൈത്തിൽ നിന്നോ ഉള്ള ആളായിരിക്കും. അദ്ദേഹത്തിന്‍റെ പേര് എന്‍റെ പേരിനോട് അനുസരിച്ചതും അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേര് എന്‍റെ പിതാവിന്‍റെ പേരിനോട് അനുസരിച്ചതും ആയിരിക്കും. അദ്ദേഹം ലോകത്തെ- അതിൽ അതിനു മുന്നേ അക്രമവും അനീതിയുമാണ് നിറഞ്ഞിരുന്നതെങ്കിൽ- നീതിന്യായങ്ങൾ കൊണ്ട് നിറയ്ക്കും.’
ഈ ഹദീസുകൊണ്ട് വ്യക്തമാകുന്നത് വരാനിരിക്കുന്ന മഹ്ദി നബി തിരുമേനിയുടെ ഗുണങ്ങളിൽ തികവെത്തിയ ഒരു പ്രതി പുരുഷനായിരിക്കും എന്നും ആധ്യാത്മികമായ നിലയിൽ അദ്ദേഹത്തിന്‍റെ വരവ് നബി തിരുമേനിയുടെ വരവായിരിക്കുമെന്നുമാണ്.
ചുരുക്കത്തിൽ ഇസ്‌ലാമിൽ മസീഹിന്‍റെയും മഹ്ദിയുടെയും വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്ന കാര്യത്തിൽ തര്‍ക്കമില്ല. മുസ്‌ലീങ്ങളിൽ ഉള്ള കുട്ടികള്‍ക്ക് പോലും അറിയാവുന്ന ഒരു കാര്യമാണിത്. ഇക്കാലത്ത് മുസ്‌ലീം ലോകം മുഴുവനും വളരെ ആവേശത്തോടെ കൂടി മസീഹിന്‍റെയും മഹ്ദിയുടെയും വരവ് കാത്തിരിക്കുകയാണ്. അവരുടെ വരവിനോട് ബന്ധപ്പെട്ടാണ് തങ്ങളുടെ അഭിവൃദ്ധി നിലകൊള്ളുന്നത് എന്ന് മുസ്‌ലീം സമൂഹം വിശ്വസിക്കുകയും ചെയ്യുന്നു.
എന്നാൽ ഇന്നത്തെ മുസ്‌ലീങ്ങൾ വച്ചുപുലര്‍ത്തുന്ന അബദ്ധജടിലമായ ഒരു വിശ്വാസമാണ് മസീഹും മഹ്ദിയും ഒരാളല്ല എന്നും വെവ്വേറെ വ്യക്തികൾ ആണെന്നും ഉള്ള കാര്യം. എന്നാൽ സൂക്ഷ്മമായി പരിശോധിക്കുന്ന പക്ഷം ഈ വിശ്വാസം തെറ്റാണെന്നും നബി തിരുമേനിയുടെ ഉപദേശത്തിന് വിരുദ്ധമാണെന്നും കാണുവാൻ കഴിയും. മസീഹും മഹ്ദിയും ഒരാളാണെന്ന് നബി തിരുമേനി സ്പഷ്ടമായി പറയുന്ന ഒരു ഹദീസ് വായനക്കാരുടെ മുന്നിൽ വയ്ക്കാം:
لا المهدي إلا عيسى
വാഗ്ദത്ത മസീഹിനെ കൂടാതെ വേറെ (ഇമാം) മഹ്ദി ഇല്ല (ഇബ്‌നു മാജ, ഭാഗം :302)
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:
يوشك من عاش منكم ان يلقى عيسى ابن مريم اماما مهديا
നിങ്ങൾ ജീവിച്ചിരിക്കുന്നവർ വാഗ്ദത്ത മസീഹിനെ ഇമാം മഹ്ദിയായി കാണുന്നതായിരിക്കും (മുസ്‌നദ് അഹ്‌മദ് ഇബ്‌നു ഹമ്പൽ, വാള്യം: 2, ഭാഗം 411)
മുഹമ്മദീ ഉമ്മത്തിൽ പെട്ട പല മഹാത്മാക്കളും ഹദ്‌റത്ത് ഇമാം മഹ്ദിയും മസീഹും ഒരേ ആളായിരിക്കുന്നതാണെന്നാ വിശ്വാസം പ്രകടിപ്പിച്ചവരായിരുന്നു.
ശൈഖുൽ അക്ബർ ഹദ്‌റത്ത് മുഹിയുദ്ദീൻ ഇബ്‌നു അറബി ഇപ്രകാരം പറയുന്നു:
‘അവസാനകാലത്തുള്ള വാഗ്ദത്ത മസീഹിന്‍റെ അവതരണം മറ്റൊരു വ്യക്തിത്വത്തിൽ ആയിരിക്കും (തഫ്‌സീർ അറായിസുൽ ബയാൻ, വാള്യം 1, ഭാഗം 262)
കാലം
മഹ്ദി മസീഹിന്‍റെ ആഗമനകാലത്തെ കുറിച്ച് ഹദ്‌റത്ത് ഹുദൈഫാ ബിൻ അൽ യമാനി ഇപ്രകാരം രിവായത്ത് ചെയ്യുന്നു:
قال رسول الله إذا مضت ألف و ماتاني و أربعون سنته يبعث الله المهدي
1240 വര്‍ഷങ്ങള്‍ക്കുശേഷം അല്ലാഹു മഹ്ദിയെ നിയോഗിച്ച് അയക്കുന്നതായിരിക്കും (അന്നജ്മുസാഖിബ്, വാള്യം:2, പേജ് 207)
സ്ഥലം: മഹ്ദി മസീഹ് പ്രത്യക്ഷപ്പെടുന്ന സ്ഥലം ഇന്ത്യ ആയിരിക്കും എന്ന് നബി കരീം ()െ പ്രവചിക്കുന്നു:
‘അഹ്‌മദ് എന്നു പേരുള്ള മഹ്ദിയോടൊപ്പം ഒരു ജമാഅത്ത് ഇന്ത്യയിൽ ജിഹാദ് നടത്തുന്നതാണ്. (അന്നജ്മുസാഖിബ്, വാള്യം:2)
കദ്അ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് ഇമാം മഹ്ദി വെളിപ്പെടുന്നതും ദൈവം അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തുന്നതും ആണ് (ജവാഹിറുൽ അസ്‌റാർ, ബിഹാറുൽ അന്‍വാർ, വാള്യം 13)
ഈ തെളിവുകളുടെയും സത്യസാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഹദ്‌റത്ത് മിര്‍സ ഗുലാം അഹ്‌മദ് (അ) ദൈവിക നിര്‍ദേശപ്രകാരം 1889 ഇന്ത്യയിലെ പഞ്ചാബിൽ, ഖാദിയാൻ എന്ന ചെറു ഗ്രാമത്തിൽ അഹ്‌മദിയ മുസ്‌ലിം ജമാഅത്ത് രൂപീകരിക്കുകയും ‘ഞാൻ മുസ്‌ലീങ്ങള്‍ക്ക് വേണ്ടി മഹ്ദി മസീഹ് ആണെന്നും ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മിശിഹാ ആണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടി കൃഷ്ണൻ ആണെന്നും മറ്റു ജനങ്ങള്‍ക്ക് വേണ്ടി അവരുടെ വാഗ്ദത്തോധാരകനാണെന്നും, ദൈവം ഈ കാലത്ത് ലോകത്തിന്‍റെ ആദ്ധ്യാത്മീകോധാരണത്തിനായി എന്നെ എഴുന്നേല്‍പ്പിച്ചിരിക്കുകയാണ് എന്നും വാദിക്കുകയുണ്ടായി.
എന്നാൽ അല്ലാഹുവിന്‍റെ സനാതന നിയമമനുസരിച്ച് അദ്ദേഹത്തെ സ്വീകരിച്ചവർ താരതമ്യേന ഒരു ന്യൂനപക്ഷം മാത്രമാണ് അദ്ദേഹത്തെ നിഷേധിച്ചവരാകട്ടെ മഹാഭൂരിപക്ഷവും. അല്ലാഹു അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു ‘ലോകത്ത് ഒരു താക്കീതുകാരൻ വന്നു ലോകം അദ്ദേഹത്തെ സ്വീകരിച്ചില്ല. എന്നാൽ അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കുകയും ശക്തമായ ദൃഷ്ടാന്തങ്ങളിലൂടെ അദ്ദേഹത്തിന്‍റെ സത്യം പ്രസ്ഫുടമാക്കുകയും ചെയ്യും (തദ്കിറ)
മുഹമ്മദ് നബി(സ)യാൽ അവതീര്‍ണമായ പരിശുദ്ധ ദീനുൽ ഇസ്‌ലാമിന്‍റെ സത്യം ലോകത്ത് വിജയിപ്പിക്കുവാൻ അല്ലാഹു അവന്‍റെ വാഗ്ദാന പ്രകാരം നിയോഗിച്ച ഇമാം മഹ്ദിയും മസീഹും ആയ ഹദ്‌റത്ത് അഹ്‌മദ് (അ) പറയുന്നു:
‘ഇപ്പോൾ ഇസ്‌ലാം ഒന്നു മാത്രമേ പരിപൂര്‍ണമായും ജീവസുറ്റതുമായ മതമായിട്ടുള്ളൂ. വീണ്ടും ഇസ്‌ലാമിന്‍റെ മഹാത്മ്യവും പ്രതാപവും പ്രകടമാകുന്ന കാലം സമാഗതമായിരിക്കുന്നു.
ഈ കാലഘട്ടത്തിൽ ഉപരിലോകത്തുനിന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്ന ആത്മീയ പ്രകാശങ്ങളെയും അനുഗ്രഹങ്ങളെയും വിലമതിക്കുകയും അല്ലാഹുവിനോട് നന്ദി കാണിക്കുകയും ചെയ്യേണ്ടത് മുസ്‌ലിങ്ങളുടെ കടമയാണ്. അല്ലാഹു തന്‍റെ വാഗ്ദാനമനുസരിച്ച് ഈ ആപത്ത് ഘട്ടത്തിൽ അവരെ സഹായിക്കുകയും കരകയറ്റുകയും ചെയ്തിരിക്കുന്നു. എന്നാൽ അവർ അല്ലാഹുവിന്‍റെ ഈ അനുഗ്രഹത്തെ വിലമതിക്കാതിരിക്കുകയാണെങ്കിൽ അല്ലാഹുവിന് അവരെക്കുറിച്ച് ഒരു ആശങ്കയും ഇല്ല. തന്നെ അവൻ തന്‍റെ ഉദമ്യം തുടര്‍ന്നുകൊണ്ടിരിക്കും.
‘ഇതര ആത്മീയജീവിത പ്രത്യയശാസ്ത്രങ്ങളുടെ മേൽ ഇസ്‌ലാമിന് പൂര്‍ണ വിജയവും പ്രാബല്യവും നല്കണമെന്ന് അല്ലാഹു ഇച്ഛിക്കുന്നതായി ഞാൻ പൂര്‍ണ വിശ്വാസത്തോടും വ്യക്തമായ ഭാഷയിലും പറയുകയാണ്. ഈ ദൈവേച്ഛയ്‌ക്കെതിരായി ലോകത്തുള്ള ഒരു ശക്തിക്കും ഒന്നും ചെയ്യാൻ സാധിക്കുന്നതല്ല. അവൻ താൻ ഉദ്ദേശിക്കുന്നത് എന്തും നിര്‍വിഘ്‌നം നിവര്‍ത്തിക്കുന്നവനാണ്.
‘മുസ്‌ലീങ്ങളേ! ഓര്‍ക്കുക, അല്ലാഹു ഞാൻ മൂലം ഈ സുവാര്‍ത്ത അറിയിച്ചിരിക്കുകയാണ്. ഞാൻ എന്‍റെ സന്ദേശം എത്തിച്ചിരിക്കുന്നു. ഇനി അത് ശ്രദ്ധിക്കുന്നതും ശ്രദ്ധിക്കാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടമാണ്.” ( ലുധിയാനാ പ്രഭാഷണം)
‘’ശുദ്ധ ഹൃദയമുള്ളവര്‍ക്ക് അത്ഭുത ദൃഷ്ടാന്തങ്ങൾ അനേകം ആവശ്യമില്ല.
ഹൃദയത്തിൽ ദൈവഭക്തിയുണ്ടെങ്കിൽ ഒരേയൊരു അടയാളം മാത്രം മതി.’’
(ദുര്‍റെ സമീൻ(കവിതാ സമാഹാരം), ഹദത്ത് അഹ്‌മദ് (അ)
തിരുനബിയുടെ(സ)യുടെ പ്രവചന പ്രകാരം മുസ്‌ലിം ലോകം കാത്തിരുന്ന ആ വാഗ്ദത്ത പരിഷ്‌കര്‍ത്താവ് ആഗതനായിരിക്കുന്നു. ഖുര്‍ആൻ, സുന്നത്ത്, ഹദീസ, ഇജ്മാഅ് എന്നീ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഈ മഹാസത്യം ഗ്രഹിക്കുക. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിൽ അണിനിരക്കുക. മുസ്‌ലിമീങ്ങളുടെ വിമോചനത്തിനും ലോകസമാധാനം സ്ഥാപിക്കുന്നതിനും ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല.
ലേഖകന്‍ ഖാദിയാനിലെ ജാമിഅ അഹ്‌മദിയ്യയില്‍ നിന്നും ശാഹിദ് ബിരുദധാരിയാണ്. നിലവില്‍, അഹ്‌മദിയ്യ ജമാഅത്തിന്‍റെ മലപ്പുറം ജില്ലാ മിഷനറി ഇന്‍ചാര്‍ജായി സേവനമനുഷ്ഠിക്കുന്നു.
0 Comments