ജൂണ്‍ 26, 2024
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) ജൂണ്‍ 21, 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ് ശാഹിദ്
ബനൂനദീർ എന്ന ജൂതഗോത്രത്തെക്കുറിച്ചും മുഹമ്മദ് നബി(സ)യെ വധിക്കാനുള്ള അവരുടെ ഗൂഢാലോചനയെക്കുറിച്ചും വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്മദ് പറഞ്ഞു:
ജൂതന്മാർ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അല്ലാഹു വെളിപാടിലൂടെ നബിതിരുമേനി(സ)യെ അറിയിച്ചു കൊടുത്തു കൊണ്ട് സംരക്ഷിക്കുകയുണ്ടായി. യഹൂദർ ഗൂഢാലോചന നടത്തിയതായി വെളിപാട് ലഭിച്ചപ്പോൾ നബിതിരുമേനി(സ) ഉടനെ എഴുന്നേറ്റ് മദീനയിലേക്ക് തിരിച്ചു.
ബനൂനദീറിലെ ജൂതന്മാർ നബിതിരുമേനി(സ)യെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായി ഒരു ജൂതൻ കേട്ടപ്പോൾ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം അവരോട് ചോദിച്ചു, അവർ പ്രവാചകൻ മുഹമ്മദ്(സ)യെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുന്നതായി അറിയിച്ചു. മുഹമ്മദ്(സ) എവിടെയാണെന്ന് അറിയാമോ എന്ന് ജൂതൻ അവരോട് ചോദിച്ചു. അദ്ദേഹം ഇവിടെ അടുത്ത് തന്നെ ഉണ്ടെന്ന് അവർ പറഞ്ഞു. നബിതിരുമേനി(സ) മദീനയിൽ പ്രവേശിക്കുന്നത് താൻ കണ്ടതായി ആ വ്യക്തി അവരെ അറിയിച്ചു. ഈ വാര്‍ത്ത കേട്ട് ബനൂനദീറിലെ ജൂതന്മാർ അന്ധാളിച്ചുപോയി. ഖലീഫാ തിരുമനസ്സ് പറയുന്നു, നബിതിരുമേനി(സ) ബനൂനദീറിൽ നിന്ന് തന്റെ അനുചരന്മാരുടെ അടുത്തേക്ക് മടങ്ങാൻ താമസിച്ചപ്പോൾ, നബിതിരുമേനി(സ)ക്ക് തീര്‍ച്ചയായും ദൈവത്തിൽ നിന്ന് എന്തെങ്കിലും കല്പന ലഭിച്ചിരിക്കണം എന്ന് ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു. അങ്ങനെ അവർ മദീനയിലേക്ക് മടങ്ങാൻ തുടങ്ങി. വഴിയിൽ വച്ച് നബിതിരുമേനി(സ) മദീനയിൽ പ്രവേശിച്ചതായി ആരോ അവരെ അറിയിച്ചു. മദീനയിൽ എത്തിയപ്പോൾ യഹൂദർ തന്ത്രം മെനയുന്നതിനെ കുറിച്ച് നബിതിരുമേനി(സ) അവരെ അറിയിച്ചു. പൊടുന്നനെയുള്ള അപായ സാധ്യത ഇല്ലാതിരുന്നതിനാൽ നബിതിരുമേനി(സ) അനുചരന്മാരോട് നേരത്തെ അറിയിച്ചിരുന്നില്ല. ഈ അവസരത്തിലാണ് താഴെ കൊടുത്തിരിക്കുന്ന ഖുര്‍ആൻ വചനം അവതരിച്ചത്.
“വിശ്വസിച്ചവരേ, ഒരു കൂട്ടർ നിങ്ങളുടെ നേരെ കയ്യേറ്റം നടത്താൻ ഉദ്ദേശിച്ചപ്പോൾ നിങ്ങളുടെമേൽ (ഉണ്ടായ) അല്ലാഹുവിന്റെ അനുഗ്രഹത്തെ സ്മരിക്കുക. അപ്പോൾ അവൻ നിങ്ങളില്‍നിന്നും അവരുടെ കൈകളെ തടഞ്ഞു (രക്ഷപ്പെടുത്തി). നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ. സത്യവിശ്വാസികൾ (അവരുടെ കാര്യങ്ങൾ) അല്ലാഹുവിൽ തന്നെ ഭരമേല്പിക്കേണ്ടതാണ്.”[1]
ഹദ്റത്ത് മിര്‍സാ ബശീർ അഹ്മദ്(റ) എഴുതുന്നു:
“പ്രത്യക്ഷത്തിൽ, നബിതിരുമേനി(സ)യുടെ വരവിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയും ആ മഹാത്മാവിനോട് ഉടൻ പണം ഏര്‍പ്പാടാക്കാം താങ്കൾ ഉപവിഷ്ടനായാലും എന്ന് പറഞ്ഞ് അവിടെനിന്നു പോകുകയും ചെയ്തു. അങ്ങനെ, നബിതിരുമേനി(സ) തന്റെ അനുചരന്മാരോടൊപ്പം ഒരു മതിലിന്റെ തണലിൽ ഇരുന്നു. ബനൂനദീർ ആലോചനയ്ക്കായി ഒരു വശത്തേക്ക് മാറി. പ്രത്യക്ഷത്തിൽ അവർ പണം ഏര്പ്പാടാക്കുകയാണെന്ന പ്രതീതി ഉളവാക്കിയെങ്കിലും അവർ അത് ഒരുസുവര്‍ണാവസരം ആയിക്കണ്ട് നബിതിരുമേനി(സ)ക്ക് എതിരെ പദ്ധതിയിടുകയായിരുന്നു. മുഹമ്മദ്(സ) ഒരു വീടിന്റെ ചുമരിനോട് ചേര്‍ന്നുള്ള തണലിൽ ഇരിക്കുകയാണ്, ആരെങ്കിലും എതിര്‍വശത്ത് നിന്ന് വീടിന്റെ മുകളിലേക്ക് കയറി മുഹമ്മദിനു(സ)മേൽ ഒരു വലിയ കല്ലിട്ട് കഥകഴിക്കാം. തദവസരത്തിൽ ജൂതന്മാരുടെ ദുരാലോചനയെ പറ്റി അല്ലാഹു നബിതിരുമേനി(സ)യെ അറിയിച്ചതായി നിവേദനങ്ങളിൽ വിവരിക്കപ്പെടുന്നു. നബിതിരുമേനി(സ)ഉടനെ അവിടെനിന്നും എഴുന്നേറ്റു പോയി. അത് വളരെ അപ്രതീക്ഷിതമായതിനാൽ സഹാബാക്കളും ജൂതന്മാരും കരുതിയത് എന്തെങ്കിലും ഒരു അടിയന്തിര കാര്യത്തിനായി നബിതിരുമേനി(സ) പോയതായിരിക്കുമെന്നാണ്. അതിനാൽ അവർ ശാന്തരായി നബിതിരുമേനി(സ)യെ കാത്തിരിന്നു. എന്നാൽ നബിതിരുമേനി(സ) ഉടനെ മദീനയിലേക്ക് പോയി. കുറെ നേരം കാത്തിരുന്നിട്ടും നബിതിരുമേനി(സ) തിരിച്ചെത്താത്തപ്പോൾ സ്വഹാബികൾ ആശങ്കയോടെ എഴുന്നേറ്റു. തിരുനബി(സ)യെ അന്വേഷണത്തിനൊടുവിൽ അവർ മദീനയിലെത്തി. അപ്പോഴാണ് പ്രവാചകൻ(സ) ജൂതന്മാരുടെ അപകടകരമായ ഗൂഢാലോചനയെക്കുറിച്ച് അനുചരന്മാരെ അറിയിച്ചത്.” [2]
നബിതിരുമേനി(സ) മടങ്ങിപ്പോയെന്നറിഞ്ഞപ്പോൾ ബനൂനദീറിലെ ജൂതന്മാര്ക്ക് നാണക്കേട് തോന്നി. ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻസ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രവാചകൻ മക്കയിൽ ജനിക്കുമെന്നും മദീനയിലേക്ക് പലായനം ചെയ്യുമെന്നും തൗറാത്തിൽ തന്നെ പ്രവചിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ആ പ്രവാചകന്റെ തൗറാത്തിൽ പ്രവചിച്ച സവിശേഷതകൾ നബിതിരുമേനി(സ)ക്ക് കൃത്യമായി യോജിക്കുന്നുമുണ്ട്. എന്റെ അഭിപ്രായത്തിൽ ഇനി രണ്ട് വഴികൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുകയും അതുവഴി പ്രവാചകൻ(സ)യുടെ കൂട്ടാളികളാകുകയും ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് സുരക്ഷിതരായി തങ്ങളുടെ നാട്ടിൽ തുടരാൻ കഴിയും. ബനൂനദീറിലെ ജൂതന്മാര്ക്ക് അത് സ്വീകാര്യമായിരുന്നില്ല. രണ്ടാമത്തെ മാര്‍ഗം, നബിതിരുമേനി(സ) അവരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുന്നതാണ്. അത് അവർ സമതിച്ചാൽ അവരുടെ സമ്പത്തും സ്വത്തുക്കളും നിലനിര്‍ത്താൻ നബിതിരുമേനി(സ) അനുവദിക്കുന്നതായിരിക്കും. ബനൂനദീറിലെ ജൂതന്മാർ അക്കാര്യം സമ്മതിച്ചു.
ഹദ്റത്ത് മിര്‍സാ ബശീർ അഹ്മദ്(റ) എഴുതുന്നു:
“ഔസ് ഗോത്രത്തലവനായ മുഹമ്മദ് ബിൻ മസ്ലമ(റ)യെ വിളിച്ച് നബിതിരുമേനി(സ) ഇപ്രകാരം കല്പന നല്കി: ‘താങ്കൾ ബനുനദീറിന്റെ അടുത്ത് പോയി അവരോട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുക. അവർ ദ്രോഹ പ്രവര്‍ത്തനങ്ങളിൽ അതിരുകടന്നിരിക്കുകയും അവരുടെ വഞ്ചന അതിന്റെ പാരമ്യതയിലെത്തുകയും ചെയ്തതിനാൽ, അവർ മദീനയിൽ തുടരുന്നത് ഉചിതമല്ലെന്ന് അവരോട് പറയുക. അവർ മദീന വിട്ട് മറ്റെവിടെയെങ്കിലും താമസിക്കുന്നതാണ് നല്ലത്.’ പ്രവാചകൻ (സ) അവര്‍ക്ക് പത്ത് ദിവസത്തെ സമയം നല്കി. മുഹമ്മദ് ബിൻ മസ്ലമ(റ) അവരുടെ അടുത്ത് ചെന്നപ്പോൾ അവർ തികഞ്ഞ ധിക്കാരത്തോടെ പെരുമാറി. അവർ പറഞ്ഞു മുഹമ്മദ്(സ)നോട് പറയൂ, മദീന വിട്ടുപോകാൻ ഞങ്ങൾ തയ്യാറല്ല, നിങ്ങൾ എന്തു വേണമെങ്കിലും ചെയ്യുക. ജൂതന്മാരിൽ നിന്ന് ഈ പ്രതികരണം ലഭിച്ചപ്പോൾ നബിതിരുമേനി(സ) സ്വതസിദ്ധമായി പറഞ്ഞു: ‘അല്ലാഹുവാണ് ഏറ്റവും വലിയവൻ, ജൂതന്മാർ യുദ്ധത്തിന് തയ്യാറെടുത്തിരിക്കുന്നതുപോലെ തോന്നുന്നു.’ നബിതിരുമേനി(സ) മുസ്ലിങ്ങളോട് ഒരുങ്ങാൻ നിര്‍ദേശിക്കുകയും തന്റെ കൂട്ടാളികളോടൊപ്പം ബനൂനദീറിനെതിരെ യുദ്ധമൈതാനത്തിലേക്ക് ചെല്ലുകയും ചെയ്തു.” [3]
ഖുതുബയുടെ അവസാനത്തിൽ ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് അറിയിച്ചു.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, നമസ്കാരത്തിന് നില്ക്കുമ്പോൾ എല്ലാവരും തോളോട് തോൾ ചേര്‍ന്ന് നില്ക്കുന്നില്ല എന്ന് എനിക്ക് അറിയാൻ സാധിച്ചു. കോവിഡിന്റെ കാലം ഇപ്പോൾ അവസാനിച്ചു, അതിനാൽ നമസ്കാരത്തിനായി വരികളിൽ നില്ക്കുമ്പോൾ എല്ലാവരും തോളോട് തോൾ ചേര്‍ന്ന് നില്ക്കേണ്ടതാണ്.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 51:2
[2] സീറത്ത് ഖാത്തമുന്നബിയ്യീൻ വാല്യം 2, പേജ് 378-379)
[3] സീറത്ത് ഖാത്തമുന്നബിയ്യീൻ വാല്യം 2, പേജ് 379-380
0 Comments