തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ ശിക്ഷയെ സംബന്ധിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി

ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ വേണ്ടി സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ പേരിൽ മുസ്‌ലിങ്ങളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ ശിക്ഷയെ സംബന്ധിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി

ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ വേണ്ടി സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ പേരിൽ മുസ്‌ലിങ്ങളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)1 നവംബര്‍ 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി എം വസീം അഹ്‌മദ്‌ ശാഹിദ് 

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫ തിരുമനസ്സ് പറഞ്ഞു: ബനൂ ഖുറൈള യുദ്ധവുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങൾ തുടരുന്നതാണ്.

ബനൂ ഖുറൈള യുദ്ധത്തിൽ രണ്ട് മുസ്‌ലിങ്ങൾ രക്തസാക്ഷ്യം വഹിച്ചു. ഈ യുദ്ധത്തിൽ വധിക്കപ്പെട്ട ജൂതൻമാരുടെ എണ്ണത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. ചിലർ 600 പേർ വധിക്കപ്പെട്ടു എന്ന് അഭിപ്രാപെടുമ്പോൾ ചിലർ 700, 800, 900 എന്നും അഭിപ്രായപ്പെടുന്നുണ്ട്. ചിലർ 400 പേർ വധിക്കപ്പെട്ടു എന്നും പറയുന്നു.

ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌[റ] എഴുതുന്നു:

ഏകദേശം 400 ജൂതര്‍ ഹദ്റത്ത് സഅദ്[റ]ന്‍റെ വിധിപ്രകാരം വധിക്കപ്പെട്ടിട്ടുണ്ട്. വധിക്കപ്പെട്ടവരെ മറവ് ചെയ്യാനുള്ള എർപ്പാടുകൾ ചെയ്യാൻ നബിതിരുമേനി[സ] തന്‍റെ അനുചരൻമാരോട് നിർദേശിച്ചിരുന്നു.” [1]

ഇസ്‌ലാമിന്‍റെ എതിരാളികൾ കൊല്ലപ്പെട്ട ജൂതൻമാരുടെ എണ്ണം യഥാർത്ഥ എണ്ണത്തേക്കാൾ കൂടുതലായി പരാമർശിക്കുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവർ ഏകദേശം 400 പേർ ആയിരുന്നു എന്ന് ആധികാരിക ചരിത്ര രേഖകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവർ എല്ലാവരും സൈനീകരുമായിരുന്നു.

ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌[റ] എഴുതുന്നു:

ബനൂ ഖുറൈളയുമായി ബന്ധപ്പെട്ട പല അമുസ്‌ലിം ചരിത്രകാരൻമാരും നബിതിരുമേനി[സ]ക്കെതിരിൽ മോശമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. നാനൂറോളം വരുന്ന ജൂതരെ വധശിക്ഷക്ക് വിധിച്ച കാരണത്താൽ നബിതിരുമേനി[സ]- നഊദുബില്ലാഹ്-ഒരു ക്രൂരനും രക്തദാഹിയായ ഭരണാധികാരിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇത് ഇസ്‌ലാമിനോടുള്ള വെറുപ്പ് കാരണം മാത്രം ഉന്നയിക്കപ്പെടുന്ന ആരോപണമാണ്. പാശ്ചാത്യ ചിന്തകളുടെ സ്വാധീനത്തിൽ അകപ്പെട്ടാണ് പല ചരിത്രകാരൻമാരും ഇസ്‌ലാമിനെതിരെയും ഇസ്‌ലാമിന്‍റെ സ്ഥാപകർക്കെതിരെയും ആരോപണം ഉന്നയിക്കുന്നത്.

ബനൂ ഖുറൈളയെ കുറിച്ചുള്ള  ആരോപണങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യമായി പറയാനുള്ളത് എന്തെന്നാൽ,  ക്രൂരമായിരുന്നു എന്ന് കരുതപ്പെടുന്ന ഈ വിധി നബിതിരുമേനി[സ] വിധിച്ച വിധിയായിരുന്നില്ല,  മറിച്ച് ഹദ്റത്ത് സഅദ്[റ] ആയിരുന്നു വിധികര്‍ത്താവ്‌. ഇത് നബിതിരുമേനി[സ]യുടെ ഭാഗത്ത് നിന്ന് പുറപ്പെടുവിച്ച വിധി അല്ലായിരുന്നു എന്ന് തെളിഞ്ഞ സ്ഥിതിക്ക് നബിതിരുമേനി[സ]ക്കെതിരിൽ ഒരു വിധത്തിലും ആക്ഷേപം ഉന്നയിക്കപ്പെടാവുന്നതല്ല. രണ്ടാമതായി,  ഈ വിധി ഒരു തെറ്റായ വിധിയോ ക്രൂരമായ വിധിയോ ആയിരുന്നില്ല. ഈ കാര്യം ഇപ്പോൾ തെളിയിക്കപ്പെടുന്നതാണ്. മൂന്നാമതായി, സഅദ് തന്‍റെ വിധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ചെയ്ത ഉടമ്പടി കാരണം ഏത് സാഹചര്യത്തിലും,  അത് നടപ്പിലാക്കാൻ തിരുനബി(സ) ബാധ്യസ്ഥനായിരുന്നു. നാലാമതായി, കുറ്റവാളികൾ ഇത് ഒരു ദൈവീക വിധി ആണെന്ന് മനസ്സിലാക്കുകയും യാതൊരു എതിർപ്പും കൂടാതെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഹുയയ് ബിൻ അഖ്ത്തബ് താൻ വധിക്കപ്പെടുന്നതിന് തൊട്ട് മുൻപ് ഇത് ദൈവീക വിധിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഇത്തരം കാര്യങ്ങളിൽ ആനവാശ്യമായി ഇടപെടുക എന്നത് നബിതിരുമേനി[സ]ക്ക് അഭികാമ്യമല്ല.

സഅദ്[റ]ന്‍റെ വിധി പ്രഖ്യാപത്തിന് ശേഷം തന്‍റെ മേൽനോട്ടത്തിൽ ഈ വിധി പിഴവുകളൊന്നും ഇല്ലാതെ നടപ്പിലാക്കുക എന്ന ഒരു കാര്യം മാത്രമാണ് ഈ വിധിയെ സംബന്ധിച്ചിടത്തോളം നബിതിരുമേനി[സ]ക്ക് ചെയ്യാനുണ്ടായിരുന്ന ഏക കാര്യം. നബിതിരുമേനി[സ] ഈ വിധി കരുണയെയും ദയയെയും മുൻനിർത്തിയാണ് നടപ്പിലാക്കിയത് എന്ന് നേരത്തെ തന്നെ പരാമര്‍ശിക്കപെട്ടതാണ്. വിധി നടപ്പിലാക്കപ്പെടുന്നതിന് മുൻപ് കുറ്റവാളികളെ തടവിൽ പാർപ്പിച്ചപ്പോൾ അവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള മികച്ച ഏർപ്പാടുകൾ ചെയ്തു. ഏറ്റവും വേദന കുറഞ്ഞ രീതിയിൽ ഈ വിധി നടപ്പിലാക്കണമെന്ന് അദ്ദേഹം വിധിച്ചു. അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഒരു കുറ്റവാളിയുടെ വിധി നടപ്പിലാക്കപ്പെടുമ്പോൾ മറ്റൊരു കുറ്റവാളിയും അവിടെ ഉണ്ടാകരുത് എന്ന് അദ്ദേഹം കല്പിച്ചു. കുറ്റവാളികളെ വിധി നടപ്പിലാക്കുന്നതിനായി കൊണ്ട് പോകുമ്പോൾ കൃത്യ സ്ഥലത്ത് എത്തുന്നത് വരെ അവർ എങ്ങോട്ടാണ് പോകുന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു. ഇതുകൂടാതെ ഏതെങ്കിലും കുറ്റവാളിയുടെ ദയാഹർജി നബിതിരുമേനി[സ]യുടെ സന്നിധിയിൽ എത്തിയാൽ അദ്ദേഹം ഉടൻ തന്നെ അത് സ്വീകരിക്കുമായിരുന്നു. നബിതിരുമേനി[സ] അത്തരം ആളുകളെ വിട്ടയക്കുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ ഭാര്യമാക്കളെയും സമ്പത്തും അവർക്ക് തിരികെ നൽകാനും അദ്ദേഹം കല്പിച്ചിരുന്നു. കുറ്റവാളികളുമായി ഇത്രത്തോളം കരുണയോടെയും വിട്ടുവീഴ്ചയോടെയും പെരുമാറിയ മറ്റൊരു ഉദാഹരണം നമുക്ക് കാണാൻ കഴിയുമോ. അതിനാൽ ബനൂ ഖുറൈളയുടെ കാര്യത്തിൽ നബിതിരുമേനി[സ]ക്കെതിരിൽ എല്ലാ തരത്തിലുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല ഈ സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ഉയർന്ന ധാർമികതയുടെയും അതുല്യമായ ഭരണമികവും അങ്ങേയറ്റത്തെ കാരുണ്യത്തിന്‍റെയും ദയയുടെയും തെളിവുകളാണ്.

ഇനി വിധിയെ കുറിച്ചാണ് പറയാനുള്ളത്. ഈ വിധി യാതൊരു വിധത്തിലുലും കിരാതമോ ക്രൂരമോ ആയിരുന്നില്ല എന്ന് പറയുന്നതിൽ നമുക്ക് യാതൊരു സങ്കോചവും ഇല്ല. യഥാർത്ഥത്തിൽ ഈ വിധി തികച്ചും കൃത്യമായ നീതിയും ന്യായവുമായിരുന്നു. ഈ വിഷയത്തിൽ ആദ്യമായി നോക്കേണ്ടത് ബനൂ ഖുറൈള ചെയ്ത കുറ്റകൃത്യം എന്തായിരുന്നു എന്നും അവർ അത് ഏത് സാഹചര്യത്തിലാണ് ചെയ്തത് എന്നുമാണ്. നബിതിരുമേനി[സ] മദീനയിൽ വന്ന സമയത്ത് മദീനയിൽ ബനൂ ഖൈനുഖാഅ്, ബനൂ നദീർ, ബനൂ ഖുറൈള എന്നീ പേരിൽ മൂന്ന് ജൂത ഗോത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് ഗോത്രങ്ങളുടെയും നേതാക്കന്മാരെ വിളിച്ച് ഒരു സമാധാന ഉടമ്പടി ഒപ്പുവെയ്ക്കുക എന്നതായിരുന്നു നബിതിരുമേനി[സ] മദീനയിൽ വന്നതിനു ശേഷം ആദ്യമായി എടുത്ത ഒരു രാഷ്ട്രീയ തീരുമാനം. ഈ ഉടമ്പടിയുടെ ചുരുക്കം മുസ്‌ലിങ്ങളും ജൂതന്മാരും മദീനയിൽ സാഹോദര്യത്തോടെ ഒരുമിച്ച് ജീവിക്കും. പരസ്പരം ശത്രുക്കളെ സഹായിക്കുകയില്ല. പുറത്തുനിന്നുള്ള ഏതെങ്കിലും ഒരു ഗോത്രം മദീനയെ ആക്രമിക്കുകയാണെങ്കിൽ എല്ലാവരും അതിനെ ഒരുമിച്ച് പ്രതിരോധിക്കും. ഏതെങ്കിലും ഒരു ഗോത്രമോ അല്ലെങ്കിൽ ഏതെങ്കിലും ഗോത്രത്തിലെ ഒരു വ്യക്തിയോ ഈ ഉടമ്പടിക്ക് എതിരെ പ്രവർത്തിച്ചതായി തെളിയുകയാണെങ്കിൽ മറ്റുള്ളവർക്ക് ആ വിഭാഗത്തിനെതിരെ അല്ലെങ്കിൽ ആ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ അവകാശം ഉണ്ടായിരിക്കും. എല്ലാ തർക്കങ്ങളും നബിതിരുമേനിയുടെ സന്നിധിയിൽ അവതരിപ്പിക്കുകയും  അദ്ദേഹത്തിൻറെ തീരുമാനം മറ്റുള്ളവർക്കും ബാധകമായിരിക്കും. ഓരോ ഗോത്രത്തിനെക്കുറിച്ചും വ്യക്തിയെക്കുറിച്ചുമുള്ള തീരുമാനം ആ വ്യക്തിയുടെയോ ഗോത്രത്തിന്‍റെയോ മതഗ്രന്ഥം അനുസരിച്ചായിരിക്കും വിധിക്കപ്പെടുക.

ഈ ഉടമ്പടിയെ എങ്ങനെയാണ് ജൂതന്മാർ പ്രാവർത്തികമാക്കിയത്.? ഇതിനെക്കുറിച്ച് കഴിഞ്ഞ ഭാഗത്ത് വിശദമായി പരാമർശിച്ചിട്ടുണ്ട്. ആദ്യമായി ബനു ഖൈനുഖാഅ് ഈ ഉടമ്പടി ലംഘിക്കുകയും സാഹോദര്യ ബന്ധത്തിൽ വിള്ളൽ വരുത്തുകയും ചെയ്തു. അവർ ഒരു മുസ്‌ലിം സ്ത്രീയെ മ്ലേച്ഛമായ രീതിയിൽ അപമാനിക്കുകയും മദീനയുടെ തലവൻ എന്ന നബിതിരുമേനിയുടെ പദവിയെ നിരാകരിക്കുകയും ഉടമ്പടിയെ ലംഘിക്കുകയും ചെയ്തു. മുസ്‌ലിങ്ങൾ അവരെ പരാജയപ്പെടുത്തുകയും നബിതിരുമേനി അവർക്ക് മാപ്പ് നൽകുകയും ചെയ്തു. മദീനയുടെ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമാകാതിരിക്കാൻ വേണ്ടി മതിയായ  മുൻകരുതലുകൾ ഒന്നുമില്ലാതെ തന്നെ ബനൂ ഖൈനുഖാഅ്നെ മദീന വിട്ടു പോകാനും മറ്റെവിടെയെങ്കിലും പോയി താമസമാക്കാനും അനുവദിച്ചു. അങ്ങനെ ബനൂ ഖൈനുഖാഅ് തങ്ങളുടെ പത്നിമാരോടും കുട്ടികളോടുമൊടൊപ്പം തങ്ങളുടെ സമ്പത്തെല്ലാം എടുത്ത് വളരെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും മദീനക്ക് പുറത്ത് പോയി താമസമാക്കി. എന്നാൽ മദീനയിലെ മറ്റ് ജൂത ഗോത്രങ്ങൾ ഈ സംഭവത്തിൽ നിന്ന് പാഠം പഠിച്ചില്ല എന്നു മാത്രമല്ല നബിതിരുമേനിയുടെ കാരുണ്യം അവരെ കൂടുതൽ അഹങ്കാരികൾ ആക്കുകയും ചെയ്തു. അധികസമയം കഴിയാതെ തന്നെ ബനു നദീർ തങ്ങളുടെ എതിർപ്പിന്‍റെ സ്വരം ഉയർത്താൻ തുടങ്ങി. ഇതിന് തുടക്കം കുറിച്ചത് കഅബ് ബിൻ അഷ്റഫ് എന്ന ഇവരുടെ നേതാവായിരുന്നു. ഉടമ്പടി ലംഘിച്ചുകൊണ്ട് ഇയാൾ ഖുറൈശികളുമായും മറ്റ് അറബ് ഗോത്രങ്ങളുമായും ഗൂഢാലോചന നടത്തുകയും നബിതിരുമേനിക്കെതിരെ അപായകരമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കാൻ വേണ്ടി ഇയാൾ അറേബ്യയിലെ ക്രൂരന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇയാൾ മുസ്‌ലിങ്ങൾക്ക് എതിരെ വളരെ പ്രകോപനപരമായ രീതിയിൽ കവിതകൾ രചിക്കുന്നതിനാൽ മുസ്‌ലിങ്ങൾക്ക് തങ്ങളുടെ നാട്ടിൽ വസിക്കുന്നതുതന്നെ അപായകരമായ ഒരു അവസ്ഥയായി മാറി. മുസ്‌ലിം വനിതകളെ പേരുകൾ എടുത്ത് ഇയാൾ തന്‍റെ കവിതകളിൽ മ്ലേച്ഛമായ രീതിയിൽ പരാമര്‍ശിക്കുകയും അവസാനം നബിതിരുമേനിയെ വധിക്കാൻ പദ്ധതിയുടെയും ചെയ്തു. നബിതിരുമേനിയുടെ ആജ്ഞപ്രകാരം ഈ ഈ വ്യക്തിയുടെ ജീവിതം യഥാവിധം അവസാനിപ്പിക്കപ്പെട്ടു. അപ്പോൾ ഇയാളുടെ ഗോത്രം ഒന്നടങ്കം മുസ്‌ലിങ്ങൾക്കെതിരെ തിരിഞ്ഞു. ഈ ദിവസം മുതൽ ബനു നബീർ തങ്ങളുടെ ഉടമ്പടി പൂർണമായും അവഗണിച്ചുകൊണ്ട് മുസ്‌ലിങ്ങൾക്കെതിരെ ഗൂഢാലോചനകൾ ആരംഭിച്ചു. നബിതിരുമേനിയെ വധിക്കാനുള്ള ഒരു പദ്ധതിയിടുകയും ഏതുവിധേനയും നബിതിരുമേനി രക്ഷപ്പെടാൻ പാടില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. അവരുടെ ഈ അപായകരമായ ഉദ്ദേശങ്ങളെ കുറിച്ച് നബിതിരുമേനിക്ക് വിവരം ലഭിച്ചപ്പോൾ അദ്ദേഹം അവർക്ക് താക്കീത് നൽകുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു. എന്നാൽ അവർ ഇതിന് മറുപടി നൽകിയത് ഒരു യുദ്ധത്തിന് തയ്യാറെടുത്തു കൊണ്ടാണ്. ഈ യുദ്ധത്തിൽ ബനു ഖുറൈള ബനു നദീറിനെ സഹായിക്കുകയും ചെയ്തിരുന്നു. മനു നദീർ ഈ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ നബിതിരുമേനി ബനൂ നദീറിന് മദീനക്ക് പുറത്ത് പോയി താമസിക്കാൻ അനുവാദം നൽകി. എന്നാൽ അവർക്ക് അവരുടെ ആയുധങ്ങൾ കൊണ്ടുപോകാൻ അനുവാദം നൽകിയില്ല. ബനു ഖുറൈളക്ക് മാപ്പ് നൽകി. അവരെ മദീനയില്‍ തന്നെ താമസിക്കാൻ അനുവദിച്ചു

എന്നാൽ ഈ കാരുണ്യത്തിന് അവർ എന്താണ് പകരം നല്‍കിയത്. ബനൂ നദീറിന്‍റെ നേതാക്കൾ അറേബിയ മുഴുവനും ചുറ്റിത്തിരിഞ്ഞ് വിവിധ ഗോത്രങ്ങളെ മദീനക്ക് മേൽ ആക്രമിക്കാൻ പ്രകോപിച്ചുകൊണ്ട് ഒരു പുരുഷാരത്തെ തന്നെ മദീനക്ക് മേൽ ആക്രമിക്കാനായി കൊണ്ടുവന്നു. ഈ യുദ്ധത്തിൽ ഇസ്‌ലാം പൂർണമായും തുടച്ചുനീക്കപ്പെടാതെ തിരികെ പോകില്ല എന്നവർ മറ്റുള്ളവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു.

ഈ ആപത്ഘട്ടത്തിൽ എങ്ങനെയാണ് അന്ന് മദീനയിൽ ഉണ്ടായിരുന്ന ബനൂ ഖുറൈള പെരുമാറിയത്.? ബനൂ നദീർ യുദ്ധ സമയത്ത് ഇവർ മുസ്‌ലിങ്ങളെ ചതിച്ചിരുന്നു എങ്കിലും നബിതിരുമേനി അതീവ ദയയോടെയും അനുകമ്പയോടെയും ഇവർക്ക് മാപ്പ് നൽകിയിരുന്നു .ഇവർക്ക് മേൽ നബിതിരുമേനി[സ] ചെയ്ത മറ്റൊരു കാരുണ്യം എന്തായിരുന്നു എന്നാൽ, നബിതിരുമേനി[സ]യുടെ മദീന ആഗമനത്തിനു മുൻപ് ബനൂ ഖുറൈള തങ്ങളുടെ പദവിയിലും അവകാശങ്ങളിലും ബനൂ നദീറിനെക്കാൾ താഴ്ന്ന ഗണത്തിലാണ് കണക്കാപ്പെട്ടിരുന്നത്. ബനൂ  നദീറിലെ ഒരു വ്യക്തി ബനൂ ഖുറൈളയിലെ ഒരു വ്യക്തിയാൽ കൊല്ലപ്പെടുകയാണെങ്കിൽ ബനൂ ഖുറൈളയിലെ കൊലയാളിയെ പ്രതികാരം എന്ന വധിച്ചുകളയുമായിരുന്നു. എന്നാൽ ബനൂ ഖുറൈളയിലെ ഒരു വ്യക്തി ബനൂ നദീറിലെ ഒരു വ്യക്തിയാൽ കൊല്ലപ്പെടുകയാണെങ്കിൽ തുച്ഛമായ നഷ്ടപരിഹാര തുക തന്നെ മതിയാവുന്നതാണ് എന്ന് കണക്കാപ്പെട്ടിരുന്നു. എന്നാൽ നബിതിരുമേനി[സ] ബനൂ ഖുറൈളക്കും തുല്യ പദവിയും തുല്യ അവകാശങ്ങളും നൽകി. ഈ ഔദാര്യങ്ങൾ ഉണ്ടായിരുന്നിട്ടും മുസ്‌ലിങ്ങൾ തങ്ങളുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും അപായകരമായ അവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് അവർ മുസ്‌ലിങ്ങളെ വഞ്ചിച്ചു. ബനൂ ഖൈനുഖാഅ് യുടെ അനുഭവം അവർക്ക് മുന്നിൽ ഉണ്ടായിരുന്നിട്ടും അവരുടെ കണ്ണിന്‍റെ മുന്നിൽ ഈ സംഭവം നടന്നിട്ടും അവർ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ല. എന്നിട്ട് അവർ എന്താണ് ചെയ്തത്.? തങ്ങൾ നബിതിരുമേനി[സ]യുമായി ചെയ്ത ഉടമ്പടിയും അദ്ദേഹം അവരോട് ചെയ്ത ഔദാര്യങ്ങളും പൂർണമായി മറന്നുകളഞ്ഞു. പൈശാചികരും രക്തദാഹികളുമായ 15000 അവിശ്വാസികളാൽ 3000 മുസ്‌ലിങ്ങൾ വളയപ്പെട്ട തീർത്തും ബലഹീനതയുടെയും നിസ്സഹായതയുടെയും ഭയത്തിന്‍റെയും മരണത്തെ നേരിൽ കാണുകയും ചെയ്യുന്ന അവസ്ഥയിൽ ബനൂ ഖുറൈള തങ്ങളുടെ കോട്ടകളിൽ നിന്ന് പുറത്ത് വന്ന് പിറകിൽ നിന്ന് മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അവർ തങ്ങളുടെ ഉടമ്പടിയിൽ നിന്ന് പിന്തിരിയുകയും ഇസ്‌ലാമിനെയും ഇസ്‌ലാമിന്‍റെ സ്ഥാപകരെയും നശിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ ഇറങ്ങി പുറപ്പെട്ട ഒരു മാരകമായ സംഘത്തോടൊപ്പം ഒത്തുചേരുകയും ചെയ്തു. ഇവർ നശിപ്പിക്കാൻ പദ്ധതിയിട്ട ഇതേ ഇസ്‌ലാമിന്‍റെ സ്ഥാപകർ തന്നെയാണ് മദീനയിൽ വന്നതും ജൂതൻമാരെ തന്‍റെ സുഹൃത്തുക്കളും സഖ്യകഷികളുമാക്കാൻ ശ്രമിച്ചത്. ജൂതൻമാരും അദ്ദേഹത്തെ തങ്ങളുടെ സുഹൃത്തും ജനാധിപത്യ നേതാവായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അവർ ഉടമ്പടി ലംഘിക്കുക എന്ന കുറ്റകൃത്യം മാത്രമല്ല ചെയ്തത്,  മറിച്ച് വളരെ ആപൽക്കരമായ ഒരു രാജ്യദ്രോഹമാണ് അവർ ചെയ്തത്. അവരുടെ ഈ വഞ്ചന എത്രത്തോളം ആപത്ക്കരമായിരുന്നു എന്നാൽ അവരുടെ ഈ പദ്ധതി നടപ്പാക്കപ്പെട്ടിരുന്നു എങ്കിൽ മുസ്‌ലിങ്ങളുടെ ജീവനും, അഭിമാനവും, അന്തസ്സും, വിശ്വാസവും, മതവും അവിടെ അവസാനിക്കുമായിരുന്നു.  അതിനാൽ ബനൂ ഖുറൈള ചെയ്തത് ഒരു കുറ്റം മാത്രമായിരുന്നില്ല. മറിച്ച് അവർ വിശ്വാസവഞ്ചന, നന്ദികേട്, കരാർ ലംഘനം, രാജ്യദ്രോഹം, കലാപം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചെയ്തവരായിരുന്നു. കൂടാതെ ഈ കുറ്റകൃത്യങ്ങൾ അവർ ചെയ്ത സാഹചര്യം എത്രത്തോളം ഗുരുതരമായിരുന്നു എന്നാൽ ഈ കുറ്റകൃത്യങ്ങൾ കൊടിയ ദുഷ്ഫലങ്ങൾക്ക് കാരണമായേനെ. പക്ഷപാതരഹിതമായ ഒരു കോടതിക്കും ഇവരുടെ കേസിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല.

ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് വിധിക്കപ്പെട്ട വിധിയല്ലാതെ മറ്റെന്ത് വിധിയാണ് അവർക്ക് നൽകേണ്ടിയിരുന്നത്. തീർച്ചയായും മൂന്ന് വ്യത്യസ്ത ശിക്ഷകൾക്കുള്ള സാധ്യതകൾ ഉണ്ടായിരുന്നു. ഒന്നാമത്തേത് തടങ്കലോ വീട്ടുതടങ്കലോ, അല്ലെങ്കിൽ ബനൂ ഖൈനുഖാഅ് യോടും ബനൂ നദീറിനോടും ചെയ്ത പോലെ അവരെ നാട് കടത്തുക. മൂന്നാമത്തേത് യുദ്ധം ചെയ്യാനറിയുന്ന പുരുഷന്മാരെ വധിക്കുകയും മറ്റുള്ളവരെ വീട്ടുതടങ്കിലാക്കുകയും ചെയ്യുക.

ഈ സാധ്യതകൾ നിലനിൽക്കുമ്പോൾ അന്നത്തെ സാഹചര്യങ്ങളെ കണക്കിലെടുത്ത് ഏത് കാര്യമാണ് മുസ്‌ലിങ്ങൾ തിരഞ്ഞെടുക്കേണ്ടത് എന്ന് ഒരാൾ ചിന്തിക്കുമ്പോൾ മനസ്സിലാകുന്ന കാര്യം എന്തെന്നാൽ രാജ്യദ്രോഹികളായ ശത്രുക്കളെ അതെ പട്ടണത്തിൽ തന്നെ തടവിൽ പാർപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണ്. തടവിൽ പാർപ്പിച്ചാൽ തന്നെ അവരുടെ ഭക്ഷണം താമസം എന്നീ ആവശ്യങ്ങൾ നിറവേറ്റേണ്ടത് മുസ്‌ലിങ്ങളുടെ ഉത്തരവാദിത്തമായി മാറും. അത് അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാരമാകും. അന്നത്തെ കാലത്ത് ജയിലുകൾ ഉണ്ടായിരുന്നില്ല. തടവിൽ പിടിക്കപെടുന്നവർ വിജയിച്ച ദേശത്തെ ആളുകൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയായിരുന്നു പതിവ്. ഫലത്തിൽ ഈ തടവുകാർ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സാഹചര്യത്തിൽ അങ്ങേയറ്റത്തെ ചതിപ്രയോഗങ്ങൾ നടത്തുന്ന ഒരു സമൂഹത്തെ മദീനയിൽ തങ്ങാൻ അനുവദിക്കുക എന്നത് ആപത്കാരമല്ലാതെ മറ്റൊന്നുമല്ല. അവരെ ഇത്തരത്തിൽ മദീനയിൽ തടവുകാർ എന്ന നിലയിൽ തന്നെ തങ്ങാൻ അനുവദിക്കുകയാണെങ്കിൽ അവർ മുൻപ് അനുഭവിച്ചിരുന്ന അതെ സ്വാതന്ത്ര്യം അനുഭവിക്കുകയും പഴയത് പോലെ തന്നെ അസ്വസ്ഥതയും, കലഹങ്ങളും, ശല്യങ്ങളും, ഗൂഢാലോചനകളും മുസ്‌ലിങ്ങളുടെ ചിലവിൽ ചെയ്യുമായിരുന്നു. അതായത്, ആദ്യം അവർ സ്വയം ചിലവിൽ ജീവിക്കുകയും മുസ്‌ലിങ്ങളെ കശാപ്പ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഇനി ഇവരെ മദീനയിൽ തടവുകാരാക്കുകയാണെങ്കിൽ സ്വയം പട്ടിണി കിടക്കേണ്ടി വരുന്ന മുസ്‌ലിങ്ങളുടെ ചിലവിൽ കഴിയുകയും മുസ്‌ലിങ്ങളെ തന്നെ കശാപ്പ് ചെയ്യുകയും ചെയ്തേനെ. ഇത് കൂടാതെ അവർ മുസ്‌ലിങ്ങളോടപ്പം മുസ്‌ലിങ്ങളുടെ വീടുകളിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു വിവിധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ വിവേകമുള്ള ഒരു വ്യക്തിയും ഇവർക്ക് തടവ് ശിക്ഷ നൽകി മദീനയിൽ താമസിപ്പിക്കണം എന്ന് അഭിപ്രായം പറയുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. 

ഇനി രണ്ടാമത്തെ ശിക്ഷാ രീതി എന്നുള്ളത് നാടുകടത്തുക എന്നായിരുന്നു. ശത്രുവിന്‍റെ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ആ കാലത്തിൽ വളരെ ഫലപ്രദമായി ഈ രീതി അവലംബിക്കാറുണ്ടായിരുന്നു. എന്നാൽ ബനൂ നദീറിനെ നാടുകടത്തിയതിൽ നിന്നും വ്യക്തമായ ഒരു കാര്യം എന്തെന്നാൽ ജൂതൻമാരെ സംബന്ധിച്ചിടത്തോളം ഇവരെ നാടുകടത്തുന്നതും തടവിലാക്കുന്നതും ഒരേ പോലെ അപായകരമാണ് എന്നാണ്. അതായത് ജൂതര്‍ക്ക് മദീനക്ക് പുറത്തു പോകാൻ അനുവാദം നൽകിയാൽ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ അംഗസംഖ്യ വർധിപ്പിക്കുക മാത്രമാണ് ചെയ്യുക. ഇസ്‌ലാമിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും രഹസ്യ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്ന നിരയിലേക്ക് ഇവരും അണിചേരും. മറ്റു ജൂത ഗോത്രങ്ങളെ  അപേക്ഷിച്ച് ബനൂ ഖുറൈള തങ്ങളുടെ ശത്രുതയിൽ തീവ്രമായിരുന്നു എന്ന് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. അതിനാൽ ബനൂ ഖുറൈളയെ നാടുകടത്തിയാൽ ബനൂ നദീർ കാരണം അഹ്സാബ് യുദ്ധത്തേക്കാൾ ഭയാനകമായ ദുഷ്ഫലങ്ങളെ നേരിടേണ്ടി വരും. അതിനാൽ മുസ്‌ലിങ്ങൾ അവരെ നാടുകടത്തുകയാണെങ്കിൽ അത് ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല. ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ  പേരിൽ മുസ്‌ലിംകളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

അതിനാൽ ഈ രണ്ടു ശിക്ഷകളും തിരഞ്ഞെടുക്കാൻ നിർവാഹമില്ലായിരുന്നു. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തിരുന്നു എങ്കിൽ അത് നാശത്തിലേക്ക് നയിക്കുമായിരുന്നു. അതിനാൽ ഈ രണ്ട് ശിക്ഷകളെയും മാറ്റി നിർത്തിയാൽ പിന്നെ യഥാർത്ഥത്തിൽ നടപ്പിലാക്കിയ ശിക്ഷ മാത്രമാണ് സാധ്യമായതായി ഉണ്ടായിരുന്നുള്ളു. ഹദ്റത്ത് സഅദ്[റ]ന്‍റെ വിധി കർക്കശമായ വിധി ആയിരുന്നു, സ്വാഭാവികമായും മനുഷ്യ പ്രകൃതത്തിൽ ഈ വിധി കേൾക്കുമ്പോൾ വിഷമം തോന്നാം, പക്ഷെ ഇതല്ലാതെ വേറെ എന്ത് മാർഗ്ഗമാണ് ഉണ്ടായിരുന്നത്.? ഒരു ഡോക്ടർ എന്തെങ്കിലും കാരണത്താൽ രോഗിയുടെ കൈ അല്ലെങ്കിൽ കാൽ മുറിച്ച് മാറ്റണമെന്ന് തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും ഇത് കേൾക്കുന്ന ഒരു സാധാരണ മനുഷ്യന് പെട്ടെന്നു ഒരു ഞെട്ടൽ ഉണ്ടാകുകയും അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ നന്നായേനെ എന്നായിരിക്കും ചിന്തിക്കുക. അത്തരം   അവസരങ്ങളിൽ ഡോക്ടറുടെ ഈ പ്രവൃത്തി പ്രശംസിക്കപ്പെടുന്നു. ശരീരത്തിന്‍റെ ചെറിയ ഒരു ഭാഗം ത്യാഗം ചെയ്യുന്നതിലൂടെ വലിയ മൂല്യമുള്ള ഒന്ന് സംരക്ഷിക്കപ്പെടുന്നു. അതുപോലെ ഹദ്റത്ത് സഅദ്[റ]ന്‍റെ വിധി കഠിനമായിരുന്നു എങ്കിലും അന്നുണ്ടായിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അത് അനിവാര്യവുമായിരുന്നു എന്ന് മാത്രമല്ല വേറെ ഒരു മാർഗ്ഗവും ഇല്ലായിരുന്നു. ഇസ്‌ലാമിന്‍റെ അനുഭാവിയല്ലാത്ത ചരിത്രകാരൻ മാർഗോലീസും അന്നത്തെ സാഹചര്യങ്ങളെ പരിഗണിച്ച് ഹദ്റത്ത് സഅദ്[റ] ന്‍റെ ഈ വിധിയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. പറയുന്നു

“അഹ്സാബ് യുദ്ധം ദൈവവിധിയായിരുന്നു എന്ന് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് മുഹമ്മദ് മദീനയിൽ നിന്നും നാടുകടത്തിയ ബനൂ നദീറിന്‍റെ കുപ്രചരണവും പ്രകോപനവും കാരണമാണ് സംഭവിച്ചത്. അതിനാൽ ഇനി ബനൂ ഖുറൈളയെയും നാടുകടത്തിയാൽ പുതിയ ഒരു പ്രകോപന സംഘത്തെയും കുപ്രചകരെയും സ്വതന്ത്രമാക്കി വിടുക എന്നതാണ് അർഥം. അക്രമികളെ ഇത്രയും പ്രത്യക്ഷമായ രീതിയിൽ സഹായിച്ച ഇവരെ മദീനയിൽ താമസിപ്പിക്കുക എന്നതും അസാധ്യമായ കാര്യമായിരുന്നു. അവരെ നാടുകടത്തിയാലും മദീനയിൽ താമസിക്കാൻ അനുവദിച്ചാലും അപായകരമാണ്. അതിനാൽ അവർ വധിക്കപ്പെടേണ്ടവരായിരുന്നു.” 

ആരംഭത്തിൽ ഒപ്പുവെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ബനൂ ഖുറൈള നബിതിരുമേനി[സ]യുടെ സഖ്യകക്ഷിയായിരുന്നു. അതിനാൽ അവർ നബിതിരുമേനി[സ]യുടെ സർക്കാരിനെയും പരമാധികാരത്തെയും അംഗീകരിച്ചിരുന്നു. അതിനാൽ അവർ കേവലം ഉടമ്പടി ലംഘിച്ച ഒരു സഖ്യകക്ഷി മാത്രമല്ലായിരുന്നു, മറിച്ച് അവർ കലാപകാരികളും അത്യന്തം അപകടകാരികളുമായിരുന്നു. കലാപവും കുഴപ്പവും സൃഷ്ടിക്കുന്നവരുടെ ശിക്ഷ വധശിക്ഷ തന്നെയാണ്, പ്രത്യകിച്ചും യുദ്ധസമയത്ത്.

ഒരു വിമതന് കർശനമായ ശിക്ഷ നൽകിയില്ലെങ്കിൽ, ഭരണസംവിധാനം പൂർണ്ണമായും തകരും; നികൃഷ്ടരും കലാപകാരികളുമായ ആളുകൾ ഇത്തരം കലാപങ്ങൾക്ക് ധൈര്യപ്പെടും. ഇത് സമൂഹത്തിന്‍റെ സമാധാനത്തിന്   ഭീഷണിയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു കലാപകാരിയോട് കരുണ കാണിക്കുന്നത് യഥാർത്ഥത്തിൽ രാജ്യത്തിനും സമാധാനം പാലിക്കുന്ന പൗരന്മാർക്കും എതിരായ അനീതിക്ക് തുല്യമാണ്.

അതിനാൽ, ഇതുവരെ, എല്ലാ പരിഷ്കൃത സർക്കാരുകളും ഇത്തരം കലാപകാരികളെ, അവർ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ, വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, വിവേകമുള്ള ഒരു വ്യക്തിയും അവർക്കെതിരെ എതിർപ്പ് ഉന്നയിച്ചിട്ടില്ല. അതിനാൽ, സഅദ്(റ)ന്‍റെ വിധി തികച്ചും ന്യായവും നീതിയുടെയും സമത്വത്തിന്‍റെയും തത്വങ്ങൾക്കനുസൃതമായിരുന്നു.

ഹദ്റത്ത് സഅദ്[റ]ന്‍റെ വിഡി ജൂതരുടെ തന്നെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് അനുസൃതമായിരുന്നു എന്നതാണ് വാസ്തവം. ബൈബിളിൽ ഇപ്രകാരം വരുന്നു

യുദ്ധത്തിനായി നിങ്ങൾ ഒരു നഗരത്തെ സമീപിക്കുമ്പോൾ സമാധാന സന്ധിക്കുള്ള അവസരം നൽകണം. അവർ സമാധാന സന്ധിക്ക് തയ്യാറാവുകയും കവാടങ്ങൾ തുറന്നു തരുകയും ചെയ്താൽ നഗരവാസികൾ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാൽ ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താൽ നീ അവരെ വളഞ്ഞ് ആക്രമിക്കണം. നിന്‍റെ ദൈവമായ കർത്താവ് അതിനെ നിന്‍റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അവിടെയുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം. എന്നാൽ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടൊപ്പം കൊള്ളവസ്തുവായി എടുത്തുകൊള്ളുക.

ബൈബിളിലെ ഈ നിയമം എഴുതപ്പെട്ട വെറും ഒരു നിയമമായിരുന്നില്ല, മറിച്ച് യഹൂദികൾ ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ എപ്പോഴും പ്രവർത്തിച്ചതായി ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു സംഭവം  ഇപ്രകാരം വരുന്നു:

“അവർ അതായത് ബനീ ഇസ്രായീൽ, കർത്താവ് മൂസയോട് പറഞ്ഞത് പ്രകാരം മദിയാനികൾക്കെതിരെ യുദ്ധം ചെയ്തു. അവർ എല്ലാ പുരുഷന്മാരെയും വധിച്ചു. ഇതോടൊപ്പം അവർ എവി,  റെകെം,  സൂർ, ഹൂർ,  റെബാ എന്നീ പേരുള്ള മദിയാനിലെ അഞ്ചു രാജാക്കൻമാരെയും വധിച്ചു. ബഊറിന്‍റെ മകൻ ബലാമിനെയും അവർ വാളിനിരയാക്കി. പിന്നെ അവർ മദിയാനിലെ എല്ലാ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി. കന്നുകാലികളെയും മറ്റെല്ലാ സ്വത്തുക്കളും യുദ്ധമുതലായി കണ്ടുകെട്ടി.” 

ഹദ്റത്ത് ഈസാ[അ]ന് ഭരണമോ ശക്തിയോ ലഭിച്ചിരുന്നില്ല എന്നാൽ അദ്ദേഹത്തിന്‍റെ ചില പരാമർശങ്ങളിൽ നിന്ന് അദ്ദേഹം ശത്രുക്കളെ എങ്ങനെയാണ് കണ്ടിരുന്നത് എന്നത് വ്യക്തമാണ്. അദ്ദേഹം പറയുന്നു:                                                                                                            ഏ സർപ്പങ്ങളെ, സർപ്പകുഞ്ഞുങ്ങളെ നിങ്ങ എങ്ങനെയാണ് നരകത്തിൽ നിന്ന് രക്ഷപ്പെടുക.

അതായത് നിങ്ങൾ സർപ്പങ്ങളെ പോലെ നശിപ്പിക്കപ്പെടണ്ടവരാണ്. എന്നാൽ ഇപ്പോൾ എനിക്ക് അതിനുള്ള ശക്തിയില്ല.

ഈ കാരണം കൊണ്ട് തന്നെയായിരിക്കും ഹദ്റത്ത് ഈസ[അ]ന്‍റെ അനുയായികളുടെ കയ്യിൽ ഭരണവും ശക്തിയും ലഭിച്ചപ്പോൾ അവർ ഹദ്റത്ത് മസീഹ് നാസിരി[അ]ന്‍റെ ഈ അധ്യാപനമനുസരിച്ച് ആരെയാണോ അവർ ശത്രു എന്ന് മനസ്സിലാകുന്നത് അവരെ നശിപ്പിക്കുന്നതിൽ നിന്ന് വിട്ടുവീഴ്ച ചെയ്തില്ല. ഇത് ഇപ്പോൾ നാം കാണുന്നുമുണ്ട്.” [2]

ചുരുക്കത്തിൽ ഹദ്റത്ത് സഅദ്[റ]ന്‍റെ വിധി ബൈബിളിന്‍റെ അധ്യാപനങ്ങൾ അനുസരിച്ചായിരുന്നു എന്നതും വാസ്തവമാണ്. 

ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണിത്‍. ചില  ആക്ഷേപങ്ങൾ കാരണം മുസ്‌ലിങ്ങൾ പോലും സ്വാധീനക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ചില യുവാക്കളും എന്തിനാണ് ബനൂ ഖുറൈളയെ വധിച്ചത് എന്ന് ചോദ്യം ഉന്നയിക്കാറുണ്ട്. ചിലർ ആകട്ടെ ഇന്ന് ഫലസ്തീനികളോട് നടക്കുന്ന അതിക്രമം ബനൂ ഖുറൈള സംഭവത്തെ ഉദ്ധരിച്ച് ന്യായമാണ് എന്ന് പറയാറുണ്ട്. ഇന്ന്‍ നേരിടപ്പെടുന്ന സാഹചര്യങ്ങള്‍ക്ക് മുൻകാലങ്ങളിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല ഇന്ന് സ്ത്രീകളെയും കുട്ടികളെയും പോലും വധിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി ഇസ്‌ലാമിനെ ബലികൊടുക്കുന്ന മുസ്‌ലിങ്ങളുടെ തന്നെ തെറ്റാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അല്ലാഹു അവർക്ക് വിവേകം നൽകുമാറാകട്ടെ.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 495

[2] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 498-507

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed