അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) നവംബര്‍ 22, 2024ന് നിര്‍വഹിച്ച ജുമുഅ ഖുത്ബയില്‍ ലോകത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് സംസാരിച്ചു കൊണ്ട് പറഞ്ഞു:
എല്ലാവർക്കും അറിയാവുന്നതുപോലെ, യൂറോപ്പിലെ സ്ഥിതിഗതികളും യുദ്ധത്തിലേക്ക് അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈന്‍-റഷ്യ യുദ്ധം പരക്കുമെന്ന ഭീഷണിയും വർധിച്ചു വരികയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങൾക്കും ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. വിവേകമതികളും സമാധാനം ആഗ്രഹിക്കുന്നവരുമായ മിക്ക നേതാക്കളും ഈ അവസ്ഥയിൽ ആശങ്കാകുലരാണ്. ഏതായാലും, അഹ്‍മദികളെയും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരെയും ഇതിന്‍റെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർഥിക്കുക. ഭാവിതലമുറയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ ഈ യുദ്ധത്തിൽ ഇക്കൂട്ടർ ഉപയോഗിക്കാതിരിക്കട്ടെ.
അതുപോലെ തന്നെ, മുസ്‌ലിം രാഷ്ട്രങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. സർവശക്തനായ അല്ലാഹു അവർക്ക് ബുദ്ധിയും വിവേകവും നല്കുകയും സത്യം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെ.
സ്ഥിതിഗതികൾ അതിവേഗം വഷളാകുകയും വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ എല്ലാവർക്കും നേരത്തെ തന്നെ അറിയാവുന്ന ഒരു കാര്യത്തിലേക്ക് ഒരിക്കൽ കൂടി ശ്രദ്ധ ചെലുത്താൻ ഞാന്‍ ആഗ്രഹിക്കുകയാണ്. അതായത്, വീടുകളിൽ 2-3 മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു വെക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ഏറ്റവും പ്രധാനമായി, എല്ലാവരും ദൈവത്തോട് അടുക്കാനും അവന്‍റെ പ്രീതി നേടാനും അവനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ശ്രമിക്കണം. അതിന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
0 Comments