അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 25 ഒക്ടോബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സ്വാലിഹ് ശാഹിദ്
അഹ്‌സാബ് യുദ്ധത്തിനുശേഷം ബനൂ ഖുറൈളയുടെ വഞ്ചന കാരണം ഏർപ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് പരാമർശിക്കുന്നത് തുടരുമെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് പറഞ്ഞു:
ഉപരോധം അതിന്‍റെ പാരമ്യത്തിലെത്തിയപ്പോൾ, ബനൂ ഖുറൈള തിരുനബിയുമായി(സ) യോജിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ കോട്ടയിൽ നിന്ന് ഇറങ്ങി വരികയും ചെയ്തു. ഉപരോധം എത്ര ദിവസം നീണ്ടുനിന്നു എന്നതിനെക്കുറിച്ച് വിവിധ വിവരണങ്ങളുണ്ട്; ചിലർ 10 ദിവസമെന്നും മറ്റുള്ളവർ 15, 14 അല്ലെങ്കിൽ 24 എന്നും പറയുന്നുണ്ട്. ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ്(റ) പറയുന്നതനുസരിച്ച്, ഈ ഉപരോധം ഏകദേശം 20 ദിവസം നീണ്ടുനിന്നു.
ഹദ്‌റത്ത് സഅ്ദ് ബിൻ മുആദ്(റ) മധ്യസ്ഥനായി നിയമിതനാകുന്നു
ഖലീഫാ തിരുമനസ്സ് പറയുന്നു, ബനൂ ഖുറൈളയിലെ ജൂതന്മാരെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഹദ്‌റത്ത് സഅ്ദിനെ(റ) വിധികർത്താവായി നിയമിച്ചു. യഹൂദർ തങ്ങളുടെ കോട്ടയിൽ നിന്ന് പുറത്തുവന്നപ്പോൾ അവരെ തടവിലാക്കുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും മാറ്റി നിർത്തുകയും ചെയ്തു. 1,500 വാളുകൾ, 300 ചങ്ങലകൾ, 2,000 കുന്തങ്ങൾ, 1,500 തുകൽ കവചങ്ങൾ എന്നിവയും അതിലേറെയും വസ്തുക്കൾ ഉൾപ്പെടെ അവരുടെ കോട്ടയിൽ ഉണ്ടായിരുന്നതെല്ലാം മുസ്‌ലീങ്ങൾ പിടിച്ചെടുത്തു. ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നു.
ഖലീഫാ തിരുമനസ്സ് പറയുന്നു, ഔസ് ഗോത്രത്തിലെ മുതിർന്നവർ നബി(സ)യുടെ മുമ്പാകെ ഹാജരായി കൊണ്ട്, ബനൂ ഖുറൈള അവരുടെ സഖ്യകക്ഷികളായിരുന്നതിനാൽ, അവരോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചു. അവർ ഒരുപാട് തവണ അപേക്ഷിച്ചപ്പോള്‍ തിരുനബി(സ) മൗനം പാലിച്ചു. ബനൂ ഖുറൈളയുടെ കാര്യത്തിൽ അവരിൽ നിന്നുള്ള ഒരാൾ അന്തിമ തീരുമാനം എടുത്താൽ സന്തോഷിക്കുമോ എന്ന് തിരുനബി(സ) ചോദിച്ചു. അങ്ങനെ, ബനൂ ഖുറൈളയുടെ കാര്യത്തിൽ വിധികർത്താവായി തിരുനബി(സ) ഹദ്‌റത്ത് സഅ്ദ് ബിൻ മുആദ്(റ)നെ നിയമിച്ചു. മറ്റൊരു വിവരണമനുസരിച്ച്, തിരുനബി(സ) അവർക്ക് ഒരാളെ സ്വയം തിരഞ്ഞെടുക്കാൻ അവസരം നൽകി, അവർ ഹദ്‌റത്ത് സഅ്ദ് ബിൻ മുആദ്(റ)യെ തിരഞ്ഞെടുത്തു, നബി(സ) അത് അംഗീകരിച്ചു. ഈ വിഷയത്തിൽ അദ്ദേഹത്തെ നിയമിച്ച വിവരം ലഭിച്ചപ്പോൾ, ആളുകൾ അദ്ദേഹത്തിന് ചുറ്റും കൂടി, ബനൂ ഖുറൈളയോട് കരുണ കാണിക്കണമെന്ന് അപേക്ഷിച്ചു. എങ്കിലും ഹദ്‌റത്ത് സഅ്ദ്(റ) മൗനം പാലിച്ചു. തുടർന്ന് അദ്ദേഹം തിരുനബി(സ)യുടെ അടുത്ത് ചെന്നു അദ്ദേഹത്തെ കണ്ടപ്പോൾ ഹദ്‌റത്ത് സഅ്ദിനോട് ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റ് നിൽക്കാൻ നബി(സ) നിർദ്ദേശിച്ചു. അപ്പോൾ തിരുനബി(സ) ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഹദ്‌റത്ത് സഅ്ദ്(റ)നോട് നിർദ്ദേശിച്ചു. അപ്പോൾ ഹദ്‌റത്ത് സഅ്ദ്(റ) ബനൂ ഖുറൈളയുടെ പേരിൽ അഭ്യർത്ഥന നടത്തുന്നവരോട് അദ്ദേഹം എന്ത് തീരുമാനമെടുത്താലും തൃപ്തിപ്പെടുമോ എന്ന് ചോദിച്ചു, അതിന് അവർ എന്ത് തീരുമാനമെടുത്താലും തീർച്ചയായും സന്തോഷിക്കുമെന്ന് അവർ മറുപടി നൽകി. ഹദ്‌റത്ത് സഅ്ദ്(റ) തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന് പറഞ്ഞു, എന്നിട്ട് താൻ എടുക്കുന്ന ഏത് തീരുമാനവും നടപ്പിലാക്കുമെന്ന് ഉറപ്പാക്കാൻ ഒരിക്കൽ കൂടി അക്കാര്യം ആവശ്യപ്പെടുകയും നബി(സ) ഉൾപ്പെടെയുള്ളവരെല്ലാം സമ്മതിക്കുകയും ചെയ്തു. ഹസ്രത്ത് സഅ്ദ്(റ) പിന്നീട് ബനൂ ഖുറൈസയിലെ പുരുഷന്മാർക്ക് വധശിക്ഷ നൽകാനും അവരുടെ സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനും തീരുമാനിച്ചു. അവരുടെ സമ്പത്ത് വിതരണം ചെയ്യുകയും അവരുടെ വീടുകൾ മുഹാജിറുകൾക്ക് (മദീനയിലേക്ക് പലായനം ചെയ്ത് വന്നവർ) നൽകുകയും വേണം, അങ്ങനെ അവർ അൻസാറുകളെ (മദീന സ്വദേശികൾ) ആശ്രയിക്കുന്നവരാവുകയുമില്ല.
ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ തീരുമാനത്തെക്കുറിച്ച് അന്നുതന്നെ ഒരു മലക്ക് തന്നെ അറിയിച്ചിരുന്നുവെന്ന് ഈ തീരുമാനം കേട്ടപ്പോൾ തിരുനബി(സ) പറഞ്ഞു.
ഒരു ദൈവിക ഉത്തരവ്
സഅ്ദ്(റ) തീരുമാനമെടുത്ത ശേഷം തിരുനബി(സ) മദീനയിലേക്ക് മടങ്ങി. തടവുകാരെ മദീനയിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ബനൂഖുറൈളയുടെ വഞ്ചന, രാജ്യദ്രോഹം, കലാപം, അരാജകത്വം, കൊലപാതകം, രക്തച്ചൊരിച്ചിൽ എന്നിവ കാരണം അവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണമെന്ന് ദൈവിക കോടതി നേരത്തെ തന്നെ വിധി പുറപ്പെടുവിച്ചതായി തോന്നുന്നു. ഈ യുദ്ധത്തെ സംബന്ധിച്ച് നബി(സ)ക്ക് തുടക്കത്തിൽ ലഭ്യമായ ദൈവിക നിർദ്ദേശവും ഇത് ഒരു ദൈവിക വിധിയാണെന്ന് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഈ വിധി തന്‍റെ ദൂതൻ പുറപ്പെടുവിക്കണമെന്ന് ദൈവം ആഗ്രഹിച്ചില്ല. സഅ്ദ് ഈ വിധി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, തിരുനബി(സ)ക്ക് ഇനി ഈ തീരുമാനത്തെ സ്വാധീനം ചെലുത്താൻ സാധിക്കാത്ത തരത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. കാരണം, വിധി പൂർണമായി പാലിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു.
ഖലീഫാ തിരുമനസ്സ് പറയുന്നു,
തിരുനബി(സ)ക്കെതിരെ ആരോപണമുന്നയിക്കുന്ന ചിലർക്കും അതേപോലെ നമ്മുടെ ചില യുവാക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ മറുപടിയാണിത്. അതായത് ഈ തീരുമാനം തിരുനബി(സ) എടുത്തതല്ല, മറിച്ച് ഈ തീരുമാനമെടുത്തത് ബനൂ ഖുറൈളയുടെ തന്നെ സഖ്യകക്ഷിയുമായിരുന്ന അദ്ദേഹത്തിന്‍റെ ഒരു അനുചരനാണ്.
ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് തുടർന്ന് എഴുതുന്നു,
“ഇതുകൂടാതെ, ഈ തീരുമാനത്തിന്‍റെ സ്വാധീനം തിരുനബി(സ) എന്ന ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങാതെ, എല്ലാ മുസ്‌ലീങ്ങളെയും ഒരുപോലെ ബാധിച്ചിരുന്നതിനാൽ, തീരുമാനം മാറ്റാനുള്ള തന്‍റെ അവകാശം നബി(സ) പരിഗണിച്ചില്ല. അത് കരുണയിലേക്കും ക്ഷമയിലേക്കും എത്രമാത്രം ചായ്‌വുണ്ടായാലും. സഅ്ദ്(റ) ഈ വിധി കല്‍പ്പിച്ചതും നബിതിരുമേനി(സ) പറഞ്ഞു:
‘ഓ സഅ്ദേ! നിങ്ങളുടെ വിധി ഒരു ദൈവിക വിധിയാണെന്ന് തോന്നുന്നു, അത് മാറ്റാൻ ആർക്കും അധികാരമില്ല’.
ഈ വാക്കുകൾ പറഞ്ഞതിന് ശേഷം, തിരുനബി(സ) നിശബ്ദമായി എഴുന്നേറ്റ് മദീനയിലേക്ക് മടങ്ങി. ഇസ്‌ലാം ആശ്ലേഷിക്കുമെന്ന് താൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ജനത, തങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം ദൈവിക കോപത്തിനും ശിക്ഷയ്ക്കും വിധിക്കപ്പെട്ട് വിശ്വാസം നഷ്ടപ്പെട്ടവരായി തീരുന്നു എന്ന ചിന്ത ആ സമയത്ത് അദ്ദേഹത്തിന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു. ഈ അവസരത്തിലാവാം നബി(സ) തീവ്രമായ ഖേദത്തോടെ താഴെപ്പറയുന്ന വാക്കുകൾ ഉരുവിട്ടത്. പത്ത് പുരുഷന്മാർ (അതായത്, സ്വാധീനമുള്ള പത്ത് പുരുഷന്മാർ) മാത്രം എന്നിൽ വിശ്വസിച്ചിരുന്നെങ്കിൽ, ഈ ജനത മുഴുവൻ എന്നെ സ്വീകരിക്കുമായിരുന്നു. അങ്ങനെ അവര്‍ ദൈവിക ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടേനെ. തിരുനബി(സ) പോകുമ്പോൾ ബനൂ ഖുറൈസയിലെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും പുരുഷന്മാരെ അകറ്റി നിർത്താൻ നിർദ്ദേശിച്ചു. അതിനാൽ, ഈ രണ്ട് വിഭാഗങ്ങളെയും വെവ്വേറെ മദീനയിലേക്ക് കൊണ്ടുവരികയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരുമിച്ചുകൂട്ടുകയും ചെയ്തു. തിരുനബി(സ)യുടെ നിർദ്ദേശമനുസരിച്ച്, അനുചരന്മാർ പലരും വിശന്നിരിന്നിട്ടും ബനൂ ഖുറൈളയിലെ ആളുകൾക്ക് ഭക്ഷിക്കാനായി ധാരാളം പഴങ്ങൾ കൊണ്ടു വന്നു. യഹൂദന്മാർ രാത്രി മുഴുവൻ പഴങ്ങൾ കഴിച്ചു കൊണ്ടിരുന്നു എന്ന് രേഖപ്പെട്ടിരിക്കുന്നു”.[1]
വിധി നടപ്പാക്കലും തിരുനബിയുടെ കാരുണ്യവും
ഇത് സംബന്ധമായി ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“പിറ്റേന്ന് രാവിലെ സഅ്ദ്(റ)യുടെ വിധി നടപ്പാക്കാൻ തിരുനബി(സ) കഴിവുള്ള ഏതാനും പേരെ നിയോഗിച്ചു. വിധി നടപ്പിലാക്കപ്പെടുമ്പോൾ മാർഗനിർദേശം ആവശ്യമായാൽ പെട്ടെന്ന് തന്നെ മാർഗനിർദേശം നൽകാൻ നബി(സ) അടുത്ത് തന്നെ നിന്നു. ദയയ്‌ക്കായി ആരെങ്കിലും അപേക്ഷിച്ചാൽ അദ്ദേഹത്തിന് തൽക്ഷണം ഒരു തീരുമാനം നൽകാൻ കഴിയും എന്നതായിരുന്നു മറ്റൊരു കാരണം. സഅ്ദിന്‍റെ വിധിക്കെതിരെ പൊതുവെ അപ്പീൽ നൽകാൻ കഴിയില്ലെങ്കിലും, ജനാധിപത്യ സമൂഹത്തിലെ ഭരണാധികാരി അല്ലെങ്കിൽ പ്രധാന നേതാവ് എന്ന നിലയിൽ, ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെട്ട് ഒരു അപ്പീൽ കേൾക്കാൻ തിരുനബി(സ)ക്ക് തീർച്ചയായും അവകാശമുണ്ട്. കാരുണ്യപ്രവൃത്തിയെന്ന നിലയിൽ, കുറ്റവാളികളെ പരസ്പരം വെവ്വേറെ വധിക്കണമെന്നും, അതായത് ഒരാളെ വധിക്കുമ്പോൾ മറ്റൊരാൾ സമീപത്ത് ഉണ്ടാകരുതെന്നും തിരുനബി(സ) ഉത്തരവിട്ടു. അങ്ങനെ, ഓരോ കുറ്റവാളിയെയും പ്രത്യേകം കൊണ്ടുവന്ന് സഅ്ദിന്‍റെ വിധി പ്രകാരം വധിച്ചു.
ബനൂ നദീറിന്‍റെ തലവൻ ഹുയ്യയ് ബിൻ അഖ്തബിനെ വധിക്കാനായി കൊണ്ടുവന്നപ്പോൾ അദ്ദേഹം തിരുനബി(സ)യുടെ നേർക്ക് നോക്കി പറഞ്ഞു: അല്ലയോ മുഹമ്മദ്(സ) താങ്കളെ എതിർത്തതിൽ എനിക്ക് ഖേദമില്ല. എന്നിരുന്നാലും, ദൈവത്തെ ഉപേക്ഷിക്കുന്നവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം. പിന്നെ, അദ്ദേഹം ജനങ്ങളെ നോക്കി പറഞ്ഞു, “ദൈവത്തിന്‍റെ കൽപ്പനയ്‌ക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇതാണ് അവന്‍റെ കൽപ്പനയും വിധിയും. ഖുറൈളയുടെ തലവനായ കഅ്ബ് ബിൻ അസദിനെ വധിക്കാൻ കൊണ്ടുവന്നപ്പോൾ, പ്രവാചകൻ (സ) ഇസ്‌ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: ഓ അബുൽ ഖാസിമേ! ഞാൻ സ്വീകരിക്കുമായിരുന്നു, പക്ഷേ ആളുകൾ പറയും എനിക്ക് മരണത്തെ ഭയമായി എന്ന്. ഞാൻ ജൂതമതത്തിൽ തന്നെ മരിക്കുന്നു.”[2]
ഖലീഫാ തിരുമനസ്സ് പറയുന്നു, തിരുനബി(സ) ക്രൂരമായാണ് പെരുമാറിയതെന്ന ആരോപണത്തെ ഇത് വ്യക്തമായി നിഷേധിക്കുന്നു.
റൈഹാനയെ കുറിച്ചുള്ള തെറ്റായ സംഭവം
ഇതിനെ കുറിച്ച് ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു,
“ബനൂ ഖുറൈളയുടെ തടവുകാരിൽ പെട്ട ഒരാളായിരുന്നു റൈഹാന എന്ന സ്ത്രീയെന്നും പ്രവാചകൻ തനിക്ക് വേണ്ടി അവരെ ഒരു അടിമപ്പെണ്ണായി വെച്ചുവെന്നും വിവിധ ചരിത്രകാരന്മാർ എഴുതുന്നു. ഈ വിവരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സർ വില്യം മ്യൂർ തിരുനബിക്കെതിരെ വളരെ വേദനാജനകമായ ഒരു ആരോപണം ഉന്നയിച്ചത്. എന്നാൽ, യഥാർത്ഥത്തിൽ, ഈ വിവരണം തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഒന്നാമതായി, ബനൂ ഖുറൈളയിലെ തടവുകാരെ തിരുനബി(സ) അനുചരന്മാർക്കിടയിൽ വിതരണം ചെയ്തതായി പ്രസ്താവിച്ചിട്ടുള്ള സ്വഹീഹ് ബുഖാരിയുടെ നിവേദനം ഈ വിവരണത്തെ നിരാകരിക്കുന്നു. തിരുനബി(സ) തനിക്ക് വേണ്ടി ഒരു സ്ത്രീ തടവുകാരിയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ സ്വാഭാവികമായും ഈ അവസരത്തിൽ ബുഖാരിയുടെ നിവേദനത്തിൽ ഇക്കാര്യം പരാമർശിക്കപ്പെടുമായിരുന്നു. എന്നാൽ, ബുഖാരിയിൽ ഇതിനെ പറ്റി ഒരു ചെറിയ സൂചന പോലുമില്ല. ഇതുകൂടാതെ, പ്രവാചകൻ(സ) ഒരു കാരുണ്യ പ്രവർത്തനമായി വിട്ടയച്ച തടവുകാരിൽ രൈഹാനയും ഉണ്ടായിരുന്നുവെന്ന് മറ്റ് ആധികാരിക വിവരണങ്ങൾ വ്യക്തമായി തെളിയിക്കുന്നു. ഇതിനുശേഷം റൈഹാന മദീന വിട്ട് അവളുടെ മാതാപിതാക്കളുടെ (ബനൂ നദീർ) വീട്ടിൽ പോയി അവിടെ താമസം തുടർന്നു. ഗവേഷണ പണ്ഡിതരിൽ പ്രമുഖനായ അല്ലാമാ ഇബ്‌നു ഹജർ ഈ അവസാനത്തെ വിവരണം ശരിയാണെന്ന് പ്രസ്താവിക്കുന്നു. കൂടാതെ, തിരുനബി(സ) റൈഹാനയെ സ്വന്തം രക്ഷാകർതൃത്വത്തിലേക്ക് സ്വീകരിച്ചുവെന്ന് സമ്മതിച്ചാൽ തന്നെയും, അവർ തീർച്ചയായും ഒരു അടിമ പെൺകുട്ടിയായിട്ടല്ല, മറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായാണ് ജീവിച്ചിരുന്നത്. പ്രവാചകൻ (സ) അവരെ സ്വന്തം രക്ഷാകർതൃത്വത്തിൽ ഏറ്റെടുത്തതായി പറഞ്ഞ ചരിത്രകാരന്മാരിൽ, പ്രവാചകൻ (സ) അവരെ മോചിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തുവെന്ന് മിക്കവരും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌നു സഅ്ദ് റൈഹാന സ്വയം പറയുന്നതായ ഒരു വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ അവർ പറയുന്നു: “നബി(സ) എന്നെ മോചിപ്പിച്ചു, തുടർന്ന് ഞാൻ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അദ്ദേഹം എന്നെ വിവാഹം കഴിച്ചു. എന്‍റെ സ്ത്രീധനം പന്ത്രണ്ട് ഔഖിയ്യത്ത് നിശ്ചയിച്ചു.”
അതിനാൽ, ഒന്നാമതായി, ബുഖാരിയുടെ വിവരണത്തിലൂടെയും, ഇസാബയിൽ ഇത് വിശദീകരിക്കപ്പെട്ടതുപോലെയും, തിരുനബി(സ) റൈഹാനയെ തന്‍റെ രക്ഷാകർതൃത്വത്തിൽ സ്വീകരിച്ചിട്ടില്ല; മറിച്ച് അദ്ദേഹം അവരെ സ്വതന്ത്രയാക്കുകയാണുണ്ടായത്. അതിനുശേഷം അവൾ അവളുടെ കുടുംബത്തിലേക്ക് മടങ്ങി അവരോടൊപ്പം താമസിക്കാൻ തുടങ്ങി.
രണ്ടാമതായി, തിരുനബി(സ) അവളെ തന്‍റെ മേൽനോട്ടത്തിൽ ഏറ്റെടുത്തെന്ന വിവരണം ശരിയാണെന്ന് അംഗീകരിച്ചാലും, ഈ സാഹചര്യത്തിലും, തിരുനബി(സ) അവളെ മോചിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു; അദ്ദേഹം അവരെ ഒരു അടിമപ്പെണ്ണായി വെച്ചിട്ടില്ല. കൂടാതെ, റൈഹാനയുടെ പേര്, വംശാവലി, ഗോത്രം മുതലായവയുമായി ബന്ധപ്പെട്ട വിവിധ വിവരണങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. അത് വെച്ച് നോക്കുമ്പോൾ അങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നില്ല എന്ന് സംശയിക്കുന്നതിൽ പോലും തെറ്റില്ല.”[3]
തടവുകാരോടുള്ള പെരുമാറ്റം
“ഈ തടവുകാർ മദീനയിൽ തന്നെ തുടരുകയും അന്നത്തെ രീതിയനുസരിച്ച് നബി(സ) അവരെ വിവിധ അനുചരന്മാരുടെ രക്ഷാകർതൃത്വത്തിലേക്ക് വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആധികാരിക വിവരണങ്ങൾ വെളിപ്പെടുത്തുന്നു. അതിനുശേഷം, അവരിൽ ചിലർ തങ്ങളുടെ മോചനദ്രവ്യത്തിന്‍റെ മൂല്യം നൽകി സ്വാതന്ത്ര്യം നേടി. മറ്റു ചിലരെ തിരുനബി(സ) ഔദാര്യത്തിന്‍റെ ഭാഗമായി മോചിപ്പിച്ചു. കാലക്രമേണ, ഈ ആളുകൾ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീമായി. അതിയ്യ ഖുറദി, അബ്ദുറഹ്മാൻ ബിൻ സുബൈർ ബിൻ ബത്തിയ, കഅബ് ബിൻ സുലൈം, പ്രത്യേകിച്ച് മുഹമ്മദ് ബിൻ കഅബ് എന്നിവരുടെ പേരുകൾ ചരിത്രം രേഖപ്പെടുത്തുന്നു.”[4]
ഖലീഫാ തിരുമനസ്സ് പറയുന്നു, തിരുനബി(സ) ഈ അവസരത്തിൽ പ്രസ്താവിച്ച വിധി അവിടുത്തെ കാരുണ്യത്തിന്‍റെ വിശാലത വെളിവാക്കുന്നു. ഏതൊരു സ്ത്രീക്കും ചെറിയ കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയെ മാതാവിൽ നിന്ന് വേർപെടുത്താൻ പാടില്ലെന്ന് തിരുനബി(സ) പറഞ്ഞു. അതുപോലെ, പ്രായപൂർത്തിയാകുന്നതുവരെ രണ്ട് യുവ സഹോദരിമാരെ വേർപെടുത്താൻ പാടില്ല. മുഴുലോകത്തിനും കാരുണ്യമായി വന്ന ആ പ്രവാചകന്‍റെ സ്ത്രീകളോടും തടവുകാരോടും എതിരാളികളോടും ഉള്ള കാരുണ്യത്തിന്‍റെ മാതൃകയാണിത്.
ഖലീഫാ തിരുമനസ്സ് പറയുന്നു, ഇന്ന്, മുസ്‌ലിങ്ങളുടെ പെരുമാറ്റം നോക്കുക, അവർ മറ്റ് മുസ്‌ലിങ്ങളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും അത് മറ്റുള്ളവരിൽ മുസ്‌ലിങ്ങളുടെ സ്ഥാനം കുറക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. അല്ലാഹു മുസ്‌ലിങ്ങൾക്ക് ബുദ്ധി നൽകട്ടെ.
കുറിപ്പുകള്‍
[1]
0 Comments