അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഡിസംബര്‍ 13, 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. വസീം അഹ്‍മദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഇന്ന് ഖുർത്ത യുദ്ധം എന്നറിയപ്പെടുന്ന ഒരു യുദ്ധത്തെ കുറിച്ച് പരാമർശിക്കുന്നതാണ്.
ഈ യുദ്ധം ഹിജ്‌റ 6 മുഹറം 10-ആം തിയതിയാണ് നടന്നത്. ഖുർത്ത ഗോത്രം ബനൂ ബക്കർ ബിൻ കിലാബിന്‍റെ ശാഖയായിരുന്നു. മദീനയിൽ നിന്നും 7 രാത്രികളുടെ ദൂരമുള്ള ഇവർ ദരിയ്യഹ് എന്ന സ്ഥലത്താണ് വസിച്ചിരുന്നത്. നബിതിരുമേനി(സ) ഹദ്റത്ത് മുഹമ്മദ് ബിൻ മസ്‌ലമ(റ)ന്‍റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സംഘത്തെ ഈ ഗോത്രത്തിലേക്ക് അയച്ചു.
നബിതിരുമേനി(സ) ഈ സംഘത്തോട് രാത്രികളിൽ യാത്ര ചെയ്യാനും പകൽ മറഞ്ഞിരിക്കാനും പൊടുന്നനെ അവരെ ആക്രമിക്കാനും നിർദേശിച്ചു. ബനൂ ബക്കർ ഗോത്രത്തെ നോക്കിയാൽ കാണുന്ന ദൂരത്തെത്തിയപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ(റ) വിവരങ്ങൾ അറിയാനായി ഒരാളെ അയച്ചു. അവരെ കുറിച്ചുള്ള വിവരം ലഭിച്ചതിന് ശേഷം ഈ സംഘം അവരെ പൊടുന്നനെ ആക്രമിച്ചു. ബനൂ ബക്കറിലെ പത്ത് പേര് വധിക്കപ്പെട്ടു. ശേഷം അവർ 150 ഒട്ടകങ്ങളും 3000 ആടുകളും അടങ്ങുന്ന യുദ്ധമുതലുമായി മദീനയിലേക്ക് മടങ്ങി. ഈ യുദ്ധം 19 ദിവസം നീണ്ടുനിന്നു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് എഴുതുന്നു:
“ഹിജ്‌രി ആറാം വർഷം ആരംഭിച്ചതേയുള്ളു. ചന്ദ്ര വർഷത്തിലെ ആദ്യത്തെ മാസം മുഹർറത്തിലെ ആദ്യനാളുകളിൽ നബിതിരുമേനി(സ)ക്ക് നജ്ദിലെ ജനങ്ങളിൽ നിന്ന് അപായസൂചനയുണ്ട് എന്ന വിവരം ലഭിച്ചു. ദരിയ്യയിൽ വസിച്ചിരുന്ന ബനൂ ബക്കറിന്‍റെ ശാഖയായ ഖുർത്ത ഗോത്രത്തിൽ നിന്നായിരുന്ന ഈ അപായ സൂചന. അതായത് അവർ ഏതുനിമിഷവും മദീനയെ ആക്രമിച്ചേക്കാം. ഈ വിവരം ലഭിച്ചപ്പോൾ നബിതിരുമേനി(സ) ഉടനെ തന്നെ 30 പേരടങ്ങുന്ന ഒരു സംഘത്തെ തന്‍റെ അനുചരനായ മുഹമ്മദ് ബിൻ മസ്‌ലമ അൻസാരി(റ)ന്‍റെ നേതൃത്വത്തിൽ നജ്ദിലെക്ക് അയക്കുകയുണ്ടായി. സർവ ശക്തനായ അല്ലാഹു അവിശ്വാസികളുടെ ഹൃദയത്തിൽ ഭീതി ജനിപ്പിച്ചു. അവർ ചെറുതായി ഏറ്റുമുട്ടി ഓടിപ്പോയി. യുദ്ധനിയമമനുസരിച്ച് മുസ്‌ലിങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കമായിരുന്നു. എന്നാൽ മുഹമ്മദ് ബിൻ മസ്‌ലമ(റ) ഒട്ടകങ്ങളും ആടുകളുമടങ്ങിയ യുദ്ധമുതൽ ശേഖരിച്ച് മദീനയിലേക്ക് തിരിച്ചു.”[1]
ഇവർ മദീനയെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെ സൈനീകനീക്കം നടത്തിയത്.
സുമാമ ബിൻ ഉസാലിന്‍റെ വിശ്വാസാശ്ലേഷണവും വിശ്വസ്തതയും
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ) തുടരുന്നു:
“ഖുർത്ത സൈനീക നീക്കത്തിൽ നിന്ന് തിരികെ വരുന്ന സമയത്ത് യമനി സ്വദേശിയും ബനൂ ഹനീഫ ഗോത്രത്തിന്‍റെ ശക്തനായ നേതാവുമായ സുമാമ ബിൻ ഉസാൽ ബന്ദിയായി പിടിക്കപ്പെട്ട സംഭവവും അരങ്ങേറുന്നുണ്ട്. ഈ വ്യക്തി ഇസ്‌ലാമിന്‍റെ ശത്രുതയിൽ അതിര് കടക്കുകയും സാധു മുസ്‌ലിങ്ങളെ വധിക്കുകയും ചെയ്തിരുന്നു. ഒരു തവണ യുദ്ധനിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി നബിതിരുമേനി(സ)യുടെ ദൂതനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് മാത്രമല്ല നബിതിരുമേനി(സ)യെ വരെ വധിക്കാൻ ഈ വ്യക്തി ഗൂഢാലോചന ചെയ്തിരുന്നു. മുഹമ്മദ് ബിൻ മസ്‌ലമ(റ)യുടെ സംഘം സുമാമ ബിൻ ഉസാലിനെ ബന്ധിയായി പിടിച്ചപ്പോൾ ഈ വ്യക്തി യാഥാർത്ഥത്തിൽ ആരാണ് എന്ന് അവർക്കറിയില്ലായിരുന്നു. യഥാർത്ഥത്തിൽ ഒരു സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് അവർ സുമാമയെ ബന്ദിയാക്കിയത്. സുമാമയും കുശാഗ്ര ബുദ്ധിയോടെ താൻ ആരാണ് എന്ന് വെളിപ്പെടുത്തിയില്ല. താൻ ആരാണ് എന്ന് ഈ മുസ്‌ലിം യോദ്ധാക്കൾക്ക് മനസ്സിലായാൽ മുസ്‌ലിങ്ങൾക്കെതിരിൽ താൻ ചെയ്ത ഹീന കൃത്യങ്ങൾ കാരണം ഇവർ തന്നോട് വളരെ കഠിനമായി പെരുമാറിയേക്കാം, ഒരു പക്ഷെ തന്നെ വധിക്കുക തന്നെ ചെയ്തേക്കാം എന്ന് അയാള്‍ കരുതി. മദീനയിൽ എത്തിയാൽ നബിതിരുമേനി(സ) തന്നോട് കരുണയോടെ പെരുമാറുന്നതാണ് എന്ന വിശ്വാസത്തിൽ സുമാമ താൻ ആരാണെന്ന് വെളിപ്പെടുത്തിയില്ല.
“മദീനയിൽ എത്തിയതിന് ശേഷം സുമാമയെ നബിതിരുമേനി(സ)ക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ പ്രവാചകന്‍(സ) സുമാമയെ തിരിച്ചറിഞ്ഞു. നബി തിരുമേനി(സ) മുഹമ്മദ് ബിൻ മസ്‌ലമ(റ)നോടും സംഘത്തോടും ചോദിച്ചു, ‘ഇതാരാണെന്ന് നിങ്ങൾക്കറിയുമോ’. അവർ തങ്ങൾക്കറിയില്ലെന്ന് പറഞ്ഞു. നബിതിരുമേനി(സ) അവരോട് ഇത് സുമാമയാണെന്ന് പറഞ്ഞു. ശേഷം നബിതിരുമേനി(സ) തന്‍റെ രീതിയനുസരിച്ച് സുമാമയെ നല്ല രീതിയിൽ പരിഗണിക്കണമെന്ന് കല്പിച്ചു. വീട്ടിൽ പോയി അവിടെ എന്താണോ ഭക്ഷണമുള്ളത് അത് സുമാമക്ക് കൊടുത്തയക്കാൻ നിർദേശിച്ചു. തുടർന്ന് സുമാമയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് പകരമായി മസ്‌ജിദ് നബവിയുടെ വരാന്തയിലെ ഒരു തൂണിൽ തന്നെ ബന്ദിയാക്കാൻ കല്പിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ മുസ്‌ലിങ്ങൾ നമസ്കരിക്കാൻ ഒത്തുകൂടുന്നതും മറ്റും കാണുമ്പോൾ ഒരു പക്ഷെ സുമാമയുടെ ഹൃദയത്തിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാകുകയും വിശ്വാസത്തിലേക്ക് ചായ്‌വ് ഉണ്ടാകുകയും ചെയ്തേക്കാം എന്ന് നബിതിരുമേനി(സ) കരുതി.
“ബന്ദിയാക്കപ്പെട്ട ദിവസങ്ങളിൽ നബിതിരുമേനി(സ) സുമാമയുടെ അടുക്കൽ പോയി ഇപ്പോൾ താങ്കളുടെ ഉദ്ദേശമെന്താണ് എന്ന് ചോദിക്കുമായിരുന്നു. അപ്പോൾ സുമാമ ഇപ്രകാരം മറുപടി പറയും, ‘ഓ മുഹമ്മദ്(സ) താങ്കൾ എന്നെ വധിക്കുകയാണെങ്കിൽ താങ്കൾക്ക് അതിനുള്ള അധികാരമുണ്ട്. എന്തെന്നാൽ ഞാൻ കൊലപാതകിയാണ്. എന്നാൽ താങ്കൾ എന്നെ വെറുതെ വിടുകയാണെങ്കിൽ ഞാൻ നന്ദിയുള്ളവനായിരിക്കും. ഇനി താങ്കൾ എന്നിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയാണെങ്കിൽ അതിനും ഞാൻ തയ്യാറാണ്’.
“ഇതേ ചോദ്യവും ഉത്തരവും മൂന്ന് ദിവസത്തോളം തുടർന്നു. അവസാനം, മൂന്നാം ദിനം നബിതിരുമേനി(സ) സുമാമയെ മോചിപ്പിക്കാൻ തന്‍റെ അനുചരൻമാരോട് നിർദേശിച്ചു. ഉടനെ തന്നെ സുമാമ മോചിപ്പിക്കപ്പെട്ടു. സുമാമ തന്‍റെ നാട്ടിലേക്ക് മടങ്ങും എന്നാണ് അനുചരൻമാർ കരുതിയത്. എന്നാൽ അദ്ദേഹത്തിന്‍റെ ഹൃദയം സ്വാധീനിക്കപ്പെട്ടു എന്ന് നബിതിരുമേനി(സ)ക്ക് മാത്രമേ അറിയുമായിരുന്നുള്ളു. സുമാമ അടുത്ത് തന്നെയുള്ള ഒരു തോട്ടത്തിലേക്ക് പോയി കുളിച്ച് തിരികെ വന്നതും നബിതിരുമേനി(സ)യുടെ കൈകളിൽ ഇസ്‌ലാം സ്വീകരിച്ചു. സുമാമ പറഞ്ഞു, ‘അല്ലയോ അല്ലാഹുവിന്‍റെ ദൂതരെ! താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഈ ലോകത്ത് വെച്ച് ഏറ്റവും വെറുക്കപ്പെട്ടവയായിരുന്നു. എന്നാൽ ഇന്ന് ഈ ലോകത്തിൽ താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു’.
“അന്നേ ദിവസവും പതിവുപോലെ സുമാമക്ക് ഭക്ഷണം കൊണ്ടുവരപ്പെട്ടു. എന്നാൽ അന്ന് കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്ന് സുമാമ(റ) വളരെ കുറച്ച് മാത്രം ഭക്ഷിച്ചു. അന്ന് വരെ അത്യാർത്തിയോടെ ഭക്ഷിച്ചിരുന്ന സുമാമ വളരെ കുറച്ച് മാത്രം കഴിക്കുന്നത് കണ്ട സഹാബികൾ അമ്പരന്നു. ഈ വിവരം അറിഞ്ഞപ്പോൾ നബിതിരുമേനി(സ) പറഞ്ഞു, ‘ഈ ദിവസം രാവിലെ വരെ സുമാമ നിഷേധികളുടെ പോലെയാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ സുമാമ മുസ്‌ലിമിനെ പോലെയാണ് ഭക്ഷണം കഴിക്കുന്നത്’. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു, ‘നിഷേധി 7 വയറുകൊണ്ട് ഭക്ഷിക്കുമ്പോൾ മുസ്‌ലിം ഒരു വയറുകൊണ്ട് ഭക്ഷിക്കുന്നു’. ഇതുകൊണ്ട് നബി തിരുമേനി(സ) ഉദ്ദേശിക്കുന്നത് എന്തെന്നാൽ നിഷേധികൾ എപ്പോഴും ഭൗതീക ആവശ്യങ്ങൾക്ക് മുന്ഗണന നൽകുമ്പോൾ വിശ്വാസികൾ അവരുടെ ഭൗതീക ആവശ്യങ്ങളെ കുറക്കുകയും ആത്മീയ ആവശ്യങ്ങളെ മുന്തിക്കുകയും ചെയ്യുന്നു എന്നാണ്.
“മുസ്‌ലിം ആയതിനു ശേഷം സുമാമ(റ) നബിതിരുമേനി(സ)യോട് പറഞ്ഞു, ‘അല്ലാഹുവിന്‍റെ ദൂതരെ, താങ്കൾ അയച്ച സംഘം എന്നെ പിടികൂടുമ്പോൾ ഞാൻ മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പോവുകയായിരുന്നു. ഇപ്പോൾ ഞാൻ എന്ത് ചെയ്യണമെന്ന് അവിടുന്ന് കൽപിച്ചാലും’. നബിതിരുമേനി(സ) അദ്ദേഹത്തിന് ഉംറ ചെയ്യാനുള്ള അനുവാദം നൽകുകയും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. സുമാമ(റ) മക്കയിലേക്ക് തിരിച്ചു. വിശ്വാസത്തിന്‍റെ ആവേശത്തിൽ സുമാമ മക്കയിൽ പരസ്യമായി ഇസ്‌ലാം പ്രചരിപ്പിക്കാൻ തുടങ്ങി. ഇത് കണ്ടപ്പോൾ ഖുറൈശികളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. അവർ സുമാമ(റ)യെ പിടികൂടുകയും വധിക്കാൻ പദ്ധതിയിടുകയും ചെയ്തു. എന്നാൽ അദ്ദേഹം യമാമയുടെ പ്രമുഖ നേതാവാണെന്നും യമാമയുമായി മക്കക്ക് പുരാതന കച്ചവട ബന്ധം ഉള്ളതുകൊണ്ടും അദ്ദേഹത്തെ അവർ വെറുതെ വിട്ടു. ഖുറൈശികൾ നബിതിരുമേനി(സ)യോടും മുസ്‌ലിങ്ങളോടും ചെയ്ത ക്രൂരതകളെ കുറിച്ച് സുമാമ(റ)ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. മക്ക വിടുന്നതിന് മുൻപ് അദ്ദേഹം ഖുറൈശികളോട് പറഞ്ഞു, ‘ദൈവത്താണ, ഇനി നബിതിരുമേനി(സ) അനുവാദം തരാതെ ഒരു മണി ധാന്യം പോലും മക്കയിലേക്കെത്തില്ല’.
“തന്‍റെ നാട്ടിലെത്തിയതിന് ശേഷം സുമാമ മക്കയിലേക്ക് വരുകയും പോവുകയും ചെയ്യുന്ന കച്ചവട സംഘങ്ങളെ തടഞ്ഞു. മക്കയിലേക്കെത്തുന്ന ഭക്ഷണത്തിന്‍റെ ഒരു വലിയ ഭാഗം യമാമ വഴിയാണ് വന്നുകൊണ്ടിരുന്നത്. ഇപ്പോൾ ഈ വഴി തടസ്സപ്പെട്ടതിനാൽ ഖുറൈശികൾ വലിയ പരീക്ഷണത്തിൽ അകപ്പെട്ടു. അങ്ങനെ ഖുറൈശികൾ ഭയചകിതരായി നബിതിരുമേനി(സ)ക്ക് കത്തെഴുതി. അതിൽ അവർ ഇപ്രകാരം എഴുതി, ‘താങ്കൾ എപ്പോഴും രക്തബന്ധങ്ങളെ കൂട്ടിയോജിപ്പിക്കണം എന്ന് ഉപദേശിക്കാറുണ്ട്. ഞങ്ങൾ താങ്കളുടെ സഹോദരങ്ങളാണ്. അതിനാൽ ഈ പ്രയാസത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം. അവർ കത്ത് അയക്കുക മാത്രമല്ല ചെയ്തത്. മറിച്ച്, അവരുടെ പ്രമുഖ നേതാവ് അബൂ സുഫ്‌യാനെ ഈ കാര്യം നബിതിരുമേനി(സ)യുടെ സമക്ഷത്തിൽ അപേക്ഷിക്കാനായി അയക്കുകയും ചെയ്തു. അബൂ സുഫ്‌യാന്‍ അക്ഷരാർത്ഥത്തിൽ നബിതിരുമേനി(സ)യുടെ മുന്നിൽ വന്ന് വിലപിക്കുകയാണ് ചെയ്തത്. തങ്ങളോട് കരുണ കാണിക്കണമെന്ന് അബൂ സുഫ്‌യാന്‍ കേണപേക്ഷിച്ചു. നബിതിരുമേനി(സ) മക്കയിലേക്ക് വരുന്നതും പോകുന്നതുമായ കച്ചവട സംഘത്തെയും ചരക്കുകളെയും തടയരുത് എന്ന് സുമാമ ബിൻ ഉസാലിന് നിർദേശം നൽകി. അങ്ങനെ ഈ വഴിയിലൂടെയുള്ള വ്യാപാരം പുനഃസ്ഥാപിക്കപ്പെട്ടു. മക്കക്കാർ ഈ പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
“ഈ സംഭവം നബിതിരുമേനി(സ)യുടെ കാരുണ്യത്തിന്‍റെയും ആർദ്രതയുടെയും ഉദാഹരണമാണ്. ഖുറൈശികളുടെ പല കച്ചവട സംഘങ്ങളെയും നബിതിരുമേനി(സ) തടഞ്ഞത് ഖുറൈശികളെ പട്ടിണിക്കിടുക എന്ന ലക്ഷ്യത്തോടെ അല്ലായിരുന്നു എന്നും ഇതിൽ നിന്ന് മനസ്സിലാകുന്നു. യുദ്ധനിയമമനുസരിച്ച് ഭക്ഷണ വസ്തുക്കളല്ലാതെ യുദ്ധ സാമഗ്രികകളും ആയുധങ്ങളും വഹിച്ചുകൊണ്ടുപോകുന്ന യാത്രാ സംഘത്തെ തടയാവുന്നതാണ്. എന്നാൽ ശത്രുക്കൾ മുസ്‌ലിങ്ങളുടെ ഭക്ഷണം തടയുകയാണെങ്കിൽ, പകരത്തിനു പകരം എന്ന ഖുർആനിക അധ്യാപനമനുസരിച്ച് ശത്രുക്കളുടെയും ഭക്ഷണം തടയാവുന്നതാണ്.
“നേരത്തെ പറഞ്ഞത് പോലെ സുമാമ ബിൻ ഉസാൽ(റ) അദ്ദേഹത്തിന്‍റെ പ്രദേശത്തെ ഒരു ശക്തനായ ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ ഊർജ്വസ്വലമായ പ്രചാരണത്തിലൂടെ ധാരാളം പേർ ഇസ്‌ലാം സ്വീകരിച്ചു. പിൽക്കാലത്ത് നബിതിരുമേനി(സ)യുടെ അന്ത്യ നാളുകളിലും ഹദ്റത്ത് അബൂബക്കർ(റ)ന്‍റെ ഖിലാഫത്തിൽ ആരംഭ കാലത്തിലും യമാമയിലെ ബദവികളായ മുസ്‌ലിങ്ങൾ കള്ള പ്രവാചകനായ മുസൈലിമ കദ്ദാബിനെ വിശ്വസിച്ച് മുസ്‌ലീങ്ങൾക്കെതിരിൽ കലാപം തുടങ്ങി വെച്ചു. ആ സമയത്ത് സുമാമ ബിൻ ഉസാൽ(റ) തന്‍റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക മാത്രമല്ല ചെയ്തത്, മറിച്ച് പല മുസ്‌ലിങ്ങളെയും ഈ കലാപത്തിൽ നിന്ന് സുരക്ഷിതമാക്കി. മുസൈലിമയെ നേരിടുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.”[2]
നിര്യാതരായവരെ കുറിച്ചുള്ള പരാമർശം
ഖലീഫ തിരുമനസ്സ് കഴിഞ്ഞ ദിവസങ്ങളിൽ വഫാത്തായ ജമാഅത്തിലെ ചിലരെ കുറിച്ച് പരാമർശിക്കുകയുണ്ടായി. അവരുടെ ജനാസ ഗായിബ് നമസ്കരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
അബ്‌ദുൽ ലത്തീഫ് ഖാൻ: യുകെയിലെ മിഡിൽസെക്സിലെ അബ്‌ദുൽ ലത്തീഫ് സാഹിബ് കുറച്ച് ദിവസം മുൻപ് വഫാത്തായിരുന്നു. ഇദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന്‍റെ സഹാബി മുഹമ്മദ് സഹൂർ ഖാൻ ബാറ്റാലവി(റ)യുടെ മകനാണ്. ഇദ്ദേഹം യുകെയിലെ ജമാഅത്തിലെ പ്രമുഖ വ്യക്തിയായിരുന്നു. അദ്ദേഹത്തിന് ഖിലാഫത്തുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് ഇസ്‌ലാം അഹ്‍മദിയ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ വലിയ ആവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സന്തപ്ത കുടുംബാംഗങ്ങളിൽ രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും പേരക്കിടാങ്ങളും ഉണ്ട്. അല്ലാഹു അദ്ദേഹത്തോട് കരുണയോടെ പെരുമാറുമാറാകട്ടെ. അദ്ദേഹത്തിന്‍റെ സന്തതികൾക്ക് ഖിലാഫത്തിനോടും ജമാഅത്തിനോടും ബന്ധം നിലനിർത്തി പോകാനുള്ള സൗഭാഗ്യവും അല്ലാഹു നൽകുമാറാകട്ടെ.
തയ്യബ് അഹ്‌മദ് ശഹീദ് [രക്തസാക്ഷി]: തയ്യബ് അഹ്‌മദ് ശഹീദ് റാവല്പിണ്ടിയിൽ വെച്ച് 2024 ഡിസംബർ 5ന് ഒരു മഴുവിനാൽ വെട്ടേറ്റതിനാൽ രക്തസാക്ഷിയാവുകയായിരുന്നു. അദ്ദേഹം റാവൽപിണ്ടിയിലെ തന്‍റെ സഹോദരനെ സന്ദർശിക്കാൻ വന്നതായിരുന്നു. തന്‍റെ സഹോദരന്‍റെ കടയിൽ ഇരുന്ന് സംസാരിക്കുന്ന സമയത്ത് അഹ്‌മദിയ്യത്തിന്‍റെ ഒരു ശത്രു അദ്ദേഹത്തോട് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. അയാൾ പെട്ടെന്ന് ഒരു മഴു എടുത്ത് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ രക്തസാക്ഷിത്വം വഹിച്ചു. അദ്ദേഹത്തിന്‍റെ സഹോദരൻ അദ്ദേഹത്തെ രക്ഷിക്കാൻ വേണ്ടി വന്നു. അക്രമി അദ്ദേഹത്തെയും ആക്രമിച്ചു. അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ഇയാൾ ഓടിപ്പോയി. ഇയാൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങൾ അഹ്‌മദികളോട് ഇവിടം വിട്ടു പോകാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇയാള്‍ പോലീസിന്‍റെ പിടിയിലായി. ഇവിടെയുള്ള അഹ്‍മദി കുടുംബം കഴിഞ്ഞ പത്ത് വർഷത്തോളമായി കഠിനമായ എതിർപ്പ് നേരിട്ട് വരുകയായിരുന്നു. എതിർപ്പ് കാരണം ഈ കുടുംബത്തിന് തങ്ങളുടെ വ്യാപാര സ്ഥലം നാല് തവണ മാറ്റേണ്ടി വന്നിട്ടുണ്ട്. ഈ എതിർപ്പുകളെ ഈ കുടുംബം വളരെ ക്ഷമയോടെ നേരിട്ടു. രക്തസാക്ഷിയാക്കപ്പെട്ട ഈ വ്യക്തി നമസ്കാരത്തിലും മറ്റ് ആരാധനകളിലും കൃത്യനിഷ്ഠത പാലിക്കുന്ന വ്യക്തിയായിരുന്നു. ജീവിതം വഖ്ഫ് ചെയ്ത വ്യക്തികളോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും ജമാഅത്തിനെ സേവിക്കാൻ സന്നദ്ധനായിരുന്നു. അദ്ദേഹത്തിന്‍റെ സന്തപ്ത കുടുംബാംഗങ്ങളിൽ മാതാപിതാക്കളും പത്നിയും രണ്ടു സഹോദരി സഹോദരങ്ങളും ഉണ്ട്. അല്ലാഹു ഇദ്ദേഹത്തിന്‍റെ പദവികൾ ഉയർത്തുമാറാകട്ടെ. കുടുംബാംഗങ്ങൾക്ക് സഹനവും ക്ഷമയും പ്രദാനം ചെയ്യുമാറാകട്ടെ.
മുഹമ്മദ് മുഅയ്യദ് അബു അവ്വദ്: ഇദ്ദേഹം ഗസ്സ, ഫലസ്തീനിൽ വെച്ച് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെട്ട 20 വയസ്സുകാരനായ യുവാവായിരുന്നു. തന്‍റെ ചുറ്റും യുദ്ധം നടന്നുകൊണ്ടിരുന്നിട്ടും അദ്ദേഹം ധൈര്യശാലിയായി നിലകൊണ്ടു. അദ്ദേഹം ഹ്യൂമാനിറ്റി ഫസ്റ്റിന്‍റെ ക്യാമ്പിലായിരുന്നു താമസിക്കുന്നത്. അദ്ദേഹം ഹ്യൂമാനിറ്റി ഫസ്റ്റിന്‍റെ നിപുണനായ സന്നദ്ധ പ്രവർത്തകനായിരുന്നു. അദ്ദേഹം എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിൽ മുന്നിട്ട് നിന്നു. രക്തസാക്ഷിത്വത്തിന് കുറച്ച് മുൻപ് ഇദ്ദേഹം ഭക്ഷണത്തിന് വേണ്ടി റഫയിലേക്ക് പോയിരുന്നു. അവിടെ ട്രക്കുകൾ ഇടക്കിടക്ക് അക്രമിക്കപ്പെടുമായിരുന്നു. യുവാക്കൾ എന്തെങ്കിലും ഭക്ഷണത്തിന് വേണ്ടി, അത് മണ്ണ് കലർന്ന ധാന്യപ്പൊടിയാണെങ്കിലും ശരി, അവിടെ പോകാറുണ്ട്. ഒരു ദിവസം മുഹമ്മദിന് കുറച്ച് ധാന്യപ്പൊടി ലഭിക്കുകയും അത് അദ്ദേഹം തന്‍റെ മാതാപിതാക്കൾക്ക് കൊടുക്കുകയും ചെയ്തിരുന്നു. ധാന്യപ്പൊടി കണ്ടപ്പോൾ അദ്ദേഹത്തിന്‍റെ മാതാവ് സന്തോഷിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് പറഞ്ഞു ഇനി വീട്ടിൽ നിന്ന് പോകേണ്ട, എന്തെന്നാൽ തിരികെ വരുന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ തന്‍റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ഭക്ഷണം തേടുന്നതിനായി അദ്ദേഹം വീണ്ടും പോയി. അദ്ദേഹവും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേർന്ന് ഭക്ഷണം തേടിക്കൊണ്ടിരിക്കുമ്പോൾ ഫലസ്തീനികളുടെ മൃതശരീരങ്ങളെ നായകൾ ആക്രമിക്കുന്നത് കണ്ടു. അപ്പോൾ അവർ നായകളെ തുരത്താൻ തുടങ്ങി. അതേ സമയം തന്നെ അവർ പരിക്കേറ്റ ഒരു ഉമ്മയുടെയും കുട്ടിയുടെയും ശബ്‌ദം കേട്ടു. അവര്‍ അവരെ സഹായിക്കാനായി തുനിഞ്ഞു. അപ്പോൾ ഇസ്രായേൽ അവർക്ക് മേൽ മിസൈൽ ആക്രമണം നടത്തി. ആ ആക്രമണത്തിൽ മുഹമ്മദും അദ്ദേഹത്തിന്‍റെ സുഹൃത്തും, അവർ സഹായിക്കാൻ പോയ ആ ഉമ്മയും കുട്ടിയും രക്സ്തസാക്ഷികളായി. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് രക്ഷപ്പെട്ടിരുന്നു. ആ സുഹൃത്താണ് പിന്നീട് ഈ സംഭവങ്ങളെല്ലാം പറഞ്ഞത്. മുഹമ്മദിന്‍റെ പിതാവും ജമാഅത്തിന്‍റെ ഒരു വിശ്വസ്തനായ സേവകനാണ്. അദ്ദേഹത്തിന് അഹ്‌മദിയ്യത് സ്വീകരിച്ച കാരണത്താൽ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം തുറങ്കലിൽ വരെ അടക്കപ്പെട്ടു. ഈ കുടുംബം ജമാഅത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ വരിച്ചിട്ടുണ്ട്. അല്ലാഹു ഇദ്ദേഹത്തിന്‍റെ പദവികൾ ഉയർത്തുമാറാകട്ടെ. അദ്ദേഹത്തിന്‍റെ കുടുംബത്തെ സംരക്ഷിക്കുമാറാകട്ടെ.
മൗലവി മുഹമ്മദ് അയ്യൂബ് ബട്ട് ദര്‍വേശ് ഖാദിയാന്‍: തുടർന്ന് ഖലീഫാ തിരുമനസ്സ് ഖാദിയാനിലെ ദർവേശ് ആയിരുന്ന മൗലവി മുഹമ്മദ് അയ്യൂബ് ബട്ട് സാഹിബിനെ അനുസ്മരിച്ചു. ഇദ്ദേഹം കുറച്ച് ദിവസം മുൻപ് 100 വയസ്സിൽ നിര്യാതനനായി.
ഡോ. മസ്ഊദ് അഹ്‌മദ് മാലിക്: ശേഷം ഖലീഫാ തിരുമനസ്സ് യു.എസ്.എ. ജമാഅത്തിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്ന ഡോക്ടർ മസ്ഊദ് അഹ്‌മദ് മാലിക് സാഹിബ് വഫാത്തായ വിവരം അറിയിക്കുകയും അദ്ദേഹത്തിന്‍റെ ദീനീ സേവനങ്ങളെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.
ശബീര്‍ അഹ്‍മദ് ലോധി: തുടർന്ന് ലൈബീരിയയിലെ മുറബ്ബിയായ ഫാറൂഖ് ശബീർ ലോധി സാഹിബിന്‍റെ പിതാവായ ശബീർ അഹ്‌മദ് ലോധി സാഹിബിനെ അനുസ്മരിച്ചു.
എല്ലാവരുടെയും പദവികൾ ഉയരുന്നതിന് വേണ്ടിയും പാപപ്പൊറുതിക്ക് വേണ്ടിയും സന്തതപ്ത കുടുംബാംഗങ്ങളുടെ സഹന ശക്തിക്കും വേണ്ടി ഖലീഫാ തിരുമനസ്സ് പ്രാർഥിക്കുകയുമുണ്ടായി.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍, വാള്യം 3 പേജ് 5
[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍, വാള്യം 3 പേജ് 5-10
0 Comments