റമദാനും വിശുദ്ധ ഖുർആനും: വാഗ്‌ദത്ത മസീഹ്(അ)ൻ്റെ അധ്യാപനങ്ങൾ

വിശുദ്ധ ഖുർആൻ്റെ നിലവാരത്തിൽ മറ്റേതൊരു ഗ്രന്ഥവും എത്തുകയില്ല. വിശുദ്ധ ഖുർആൻ്റെ കയ്യിൽ വിജയം സുനിശ്ചിതമാണ്. ഒരു തിന്മക്കും ഇരുട്ടിനും അതിനെ മറികടക്കാൻ സാധിക്കുകയില്ല.

റമദാനും വിശുദ്ധ ഖുർആനും: വാഗ്‌ദത്ത മസീഹ്(അ)ൻ്റെ അധ്യാപനങ്ങൾ

മാർച്ച് 29, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 22 മാർച്ച് 2024 ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions. വിവര്‍ത്തനം: ജന്നത്ത് അഫീഫ്

തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് സൂറ ബഖറയിലെ 186 ആം വചനം പാരായണം ചെയ്യുകയുണ്ടായി. അതിൻ്റെ തർജമ ഇപ്രകാരമാണ്.
“ സമസ്ത മനുഷ്യർക്കും സന്മാർഗ്ഗ ദായകവും മാർഗ്ഗദർശനത്തിൻ്റെയും സത്യാസത്യ വിവേചനത്തിൻ്റെയും സ്പഷ്ടമായ തെളിവുകൾ ഉൾക്കൊള്ളുന്നതുമായ ഖുർആൻ അവതരിക്കപ്പെട്ട മാസമാണ് റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും ഈ മാസത്തിന് സാക്ഷ്യം വഹിച്ചാൽ അയാൾ അതിൽ (ആ മാസത്തിൽ) വ്രതം അനുഷ്ഠിക്കട്ടെ. എന്നാൽ നിങ്ങൾ ആരെങ്കിലും രോഗിയാവുകയോ യാത്രയിൽ ആവുകയോ ചെയ്യുന്ന പക്ഷം ആ എണ്ണം മറ്റു ദിവസങ്ങളിൽ പൂർത്തിയാക്കേണ്ടതാണ്. അല്ലാഹു നിങ്ങൾക്ക് എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്. അവൻ നിങ്ങൾക്ക് പ്രയാസത്തെ ഉദ്ദേശിക്കുന്നില്ല. ഇതാകട്ടെ നിങ്ങൾ എണ്ണം പൂർത്തീകരിക്കുന്നതിനും അല്ലാഹു നിങ്ങളെ സന്മാർഗത്തിൽ ആക്കിയതിന് നിങ്ങൾ അവനെ മഹത്വപ്പെടുത്തുന്നതിനും നിങ്ങൾ കൃതജ്ഞത കാണിക്കുന്നതിനും വേണ്ടിയാകുന്നു.” ( 2:186)

റമദാനും വിശുദ്ധ ഖുർആൻ്റെ പ്രാധാന്യവും

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമാണ് റമദാൻ എന്ന വസ്തുതയെ പരാമർശിച്ചുകൊണ്ട് ഈ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസ്തുത ഖുർആനിക വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് എന്ന് ഖലീഫാ തിരുമനസ്സ് അരുൾ ചെയ്യുകയുണ്ടായി. എല്ലാ കാര്യങ്ങളും എല്ലാം സന്മാർഗവും
മനുഷ്യനെ അല്ലാഹുവിലേക്ക് നയിക്കുന്നതിനും ശൈത്താനിൽ നിന്നും ശിർക്കിൽ നിന്നും സുരക്ഷിതമായി തുടരുന്നതിനുമുള്ള പാതകളും കഴിഞ്ഞകാലത്തെയും ഇക്കാലത്തെയും സംബന്ധിച്ച എല്ലാ കാര്യങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു. കൂടാതെ സമ്പൂർണ്ണവും എന്നെന്നും നിലനിൽക്കുന്നതുമായ ന്യായപ്രമാണമായി അത് വർത്തിക്കുന്നു. വിശുദ്ധ ഖുർആനിനെ പ്രവർത്തന രൂപരേഖയാക്കി അതിൻ്റെ
അധ്യാപനം അനുസരിച്ച് ജീവിതം നയിക്കുന്നവർ എത്ര ഭാഗ്യവാന്മാർ. അവർ ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നവരാണ്.
നോമ്പിൻ്റെ ബാധ്യതയെക്കുറിച്ചും ആരാധനാ രീതികളെക്കുറിച്ചും വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. നോമ്പ് നിർബന്ധമാണെന്നോ വിശുദ്ധ ഖുർആൻ അവതരിച്ചത് ഈ മാസത്തിലാണെന്നോ റമദാനിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ പര്യാപ്തമല്ല; മറിച്ചു ഈ സമ്പൂർണ ഗ്രന്ഥത്തെ സംബന്ധിച്ച ശരിയായ അറിവ് കരസ്ഥമാക്കുകയും അതിനെ നമ്മുടെ ജീവിതത്തിൻ്റെ വഴികാട്ടിയാക്കേണ്ടതും അനിവാര്യമാണ്. വിശുദ്ധ ഖുർആനിൻ്റെ യഥാർത്ഥ അർത്ഥങ്ങളും സത്തയും വിശദീകരിച്ച വാഗ്ദത്ത മസീഹിനെ (അ) സ്വീകരിക്കാൻ സാധിച്ച അഹ്മദികൾ എന്ന നിലയിൽ നമ്മൾ സൗഭാഗ്യവാന്മാരാണ്. അവിടുത്തെ ഗ്രന്ഥങ്ങളും സാഹിത്യവും പാരായണം ചെയ്യുന്ന പക്ഷം നമുക്ക് ഈ ഗ്രഹണശക്തി നേടാൻ ആകുന്നു.

മസീഹ് മഊദ്‌ (അ) നമുക്കായി വിട്ടുപോയ നിധിശേഖരത്തിൽ നിന്ന് പ്രയോജനമുൾക്കൊള്ളുക

വാഗ്ദത്ത മസീഹിൻ്റെ ആഗമനത്തെ സംബന്ധിച്ച തിരുനബി(സ)യുടെ പ്രവചനത്തിൻ്റെ പൂർത്തീകരണത്തിൻ്റെ സ്മരണയ്ക്കായി നമ്മൾ യോഗങ്ങൾ നടത്തുന്ന മസീഹ് മഊദ്‌ ദിനം കൂടിയാണ് നാളെ, അതായത് 23 മാർച്ച്. എന്നാൽ അനുസ്മരണം നടത്തിയത് കൊണ്ട് മാത്രമായില്ല. മറിച്ച് ഹദ്റത്ത് മസീഹ് മൗഊദ്‌ (അ) നമുക്ക് വിശുദ്ധ ഖുർആൻ സംബന്ധമായി നൽകിയിരിക്കുന്ന ഖജനാവ് പഠിക്കുകയും വേണം. അതില്ലാതെ കണ്ട് വിശ്വാസത്തിൻ്റെ പാരമ്യതയിൽ എത്താൻ നമുക്ക് സാധിക്കുന്നതല്ല എന്ന്
തൻ്റെ കാരുണ്യത്താൽ അല്ലാഹു തൻ്റെ വചനം തിരുനബി(സ)ക്ക് വെളിപ്പെടുത്തുകയുണ്ടായി; ഇപ്പോൾ അതിൽ നിന്ന് പ്രയോജനം നേടുകയും അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഫർള് നമസ്കാരവും ചില നഫലുകളും അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം റമദാൻ്റെ
കടമ നിറവേറ്റപ്പെടുന്നതല്ല , മറിച്ചു വിശുദ്ധ ഖുർആൻ പഠിക്കുകയും അതിൻ്റെ കൽപ്പനകൾ അന്വേഷിച്ച് അതനുസരിച്ച് പ്രവർത്തിക്കേണ്ടതും വളരെ അനിവാര്യമാകുന്നു. ഇതുതന്നെയാണ് അല്ലാഹുവിൻ്റെ
റഹ്മാനിയത്തിൻ്റെയും റഹീമിയത്തിൻ്റെയും പ്രഭാവത്തിൻ്റെ അനുഗ്രഹം കരസ്ഥമാക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.
വിശുദ്ധ ഖുർആനിൻ്റെ അനുഗ്രഹങ്ങളിൽ നിന്ന് നമുക്ക് പ്രയോജനം നേടാനുള്ള വഴികളെ സംബന്ധിച്ച് വിവരിക്കുന്ന നിരവധി രചനകൾ മസീഹ് മഊദ്‌ (അ) നമുക്കുവേണ്ടി വിട്ടുപോയിട്ടുണ്ട്. ഈ ഗ്രന്ഥങ്ങൾ വായിക്കുന്നതിലൂടെ മാത്രമാണ് വിശുദ്ധ ഖുർആനിൽ നിന്ന് നമുക്ക് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുകയുള്ളൂ.

റമദാനിലെ വിശുദ്ധ ഖുർആൻ പാരായണം

റമദാനിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഖലീഫാ തിരുമനസ്സ്
റമദാനിൽ വിശുദ്ധ ഖുർആൻ മുഴുവൻ പാരായണം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ എല്ലാ ദിവസവും വിശുദ്ധ ഖുർആനിൻ്റെ ഒരു ഭാഗം എങ്കിലും പാരായണം ചെയ്യാൻ എല്ലാവരും പരിശ്രമിക്കണം.
ഹസ്രത്ത് ജിബ്‌രീൽ (അ ) നബി (സ )ന് റമദാനിൽ അതുവരെ ഇറങ്ങിയ അത്രയും വിശുദ്ധ ഖുർആൻ ഒരു ആവർത്തി പൂർത്തീകരിച്ച് ഓതി കൊടുത്തിരുന്നു. അവസാനവർഷം മുഴുവൻ വിശുദ്ധ ഖുർആൻ രണ്ട് തവണ പൂർണമായും ഓതി പൂർത്തിയാക്കിയിരുന്നു.

റമദാൻ മാസത്തിൻ്റെ മഹത്വം ഉയർത്തിക്കാട്ടുന്നതായി, തുടക്കത്തിൽ ഓതിയ ഖുർആൻ വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ മസീഹ് മഊദ്‌(അ)ൻ്റെ വാക്കുകൾ ഖലീഫാ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി.
ഈ മഹത്തായ ഗ്രന്ഥം അവതരിക്കപ്പെട്ട ഒരു അനുഗ്രഹീത മാസമാണിത്. മനസ്സിനെ പ്രകാശമാക്കാൻ ഏറ്റവും അനുയോജ്യമായ മാസമാണിതെന്ന് പറയപ്പെടുന്നു. നമസ്കാരം മനസ്സിനെ ശുദ്ധീകരിക്കുന്നു, നോമ്പ് മനസ്സിനെ തേജോമയമാക്കുന്നു. അധമവും ജഡികവുമായ അഭിനിവേശങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതിലൂടെ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനാൽ ഹൃദയം നവോന്മേഷം പ്രാപിക്കുന്നു. അതിനാൽ, ഈ മാസത്തിലാണ് ഖുർആൻ അവതരിച്ചതെന്ന് പറയുന്നതിലൂടെ, ഈ പദവി കൈവരിക്കുന്നതിന്, ആരാധനയ്‌ക്കൊപ്പം, വിശുദ്ധ ഖുർആനിൻ്റെ അധ്യാപനങ്ങളും നടപ്പിലാക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല.

ഖുർആൻ എന്ന വാക്കിൻ്റെ അർത്ഥം

ഖലീഫാ തിരുമനസ്സ് വാഗ്ദത്ത മസീഹ് (അ)നെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു :
“ഞാൻ ഖുർആൻ എന്ന പദത്തെ പറ്റി ചിന്തിച്ചപ്പോൾ ഈ പരിശുദ്ധ പദത്തിൽ ഒരു ശക്തമായ പ്രവചനം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. എന്തെന്നാൽ ഇതേ ഖുർആൻ അതായത് പാരായണയോഗ്യമായ ഗ്രന്ഥം, ഒരു കാലഘട്ടത്തിൽ കുറേക്കൂടി പാരായണയോഗ്യമായ ഗ്രന്ഥമായി മാറുന്നതാണ്. ഇനി എല്ലാ ഗ്രന്ഥങ്ങളും ഒഴിവാക്കുക. മറ്റെല്ലാ ഗ്രന്ഥങ്ങളും കൈവിടുമ്പോൾ, തിന്മയിൽ നിന്ന് സംരക്ഷിക്കുന്ന ഒരേയൊരു ഗ്രന്ഥമാണിത്. വിശുദ്ധ ഖുർആൻ്റെ നിലവാരത്തിൽ മറ്റേതൊരു ഗ്രന്ഥവും എത്തുകയില്ല. വിശുദ്ധ വിശുദ്ധ ഖുർആൻറെ കയ്യിൽ വിജയം സുനിശ്ചിതമാണ്. ഒരു തിന്മയ്ക്കും ഇരുട്ടിനും അതിനെ മറികടക്കാൻ സാധിക്കുകയില്ല. തിരുനബി(സ)യുടെയും സഹാബത്തിൻ്റെയും പക്കൽ ഉണ്ടായിരുന്ന ഒരേയൊരു ആയുധം വിശുദ്ധ ഖുർആൻ ആയിരുന്നു. അതുതന്നെയാണ് ഇന്ന് നമുക്ക് പ്രയോജനപ്രദമാകുന്നതും.
ഖലീഫാ തിരുമനസ്സ് വാഗ്ദത്ത മസീഹ് (അ)നെ ഉദ്ധരിച്ചുകൊണ്ട് തുടർന്ന് പറയുന്നു :
“വിശുദ്ധ ഖുർആൻ ഒരാളെ വിവേചന ശക്തിയുടെയും പ്രയുക്തിയുടെയും ഏറ്റവും ഉന്നതമായ തലങ്ങളിലേക്ക് എത്തിക്കുന്നു. വിശുദ്ധ ഖുർആനിലൂടെയാണ് മനുഷ്യർ അല്ലാഹുവിനെ തിരിച്ചറിയുകയും
ലോകത്തെ പരിഗണിക്കാതെ സത്യത്തിൻ്റെ പാതയിലേക്ക് സ്വയം സമർപ്പിക്കുകയും ചെയ്തത്. അവർ തങ്ങളുടെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി, പലരും അപ്രകാരം ചെയ്യുകയുണ്ടായി. എന്നാൽ , ഈ കഠിനമായ ബുദ്ധിമുട്ടുകൾക്കിടയിലും, അവർ സന്തോഷവാന്മാരായിരുന്നു, കൃതജ്ഞതയോടെ മുന്നോട്ട് നീങ്ങി. വിശുദ്ധ ഖുർആനിൻ്റെ അദ്ധ്യാപനങ്ങൾ യഥാർത്ഥമായി പിൻപറ്റിക്കൊണ്ട്, മറ്റുള്ളവരിൽ കാണാത്ത തരത്തിലുള്ള പ്രബുദ്ധത അവർ വളർത്തിയെടുത്തു. അത്തരം ആളുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്, വിശുദ്ധ ഖുർആനിലൂടെ അത്തരം ആളുകൾ തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് വിശുദ്ധ ഖുർആനിൻ്റെ അടയാളവും അതിനെ വിമർശിക്കുന്നവർക്കുള്ള ഖണ്ഡനവുമാണ്. അത് ബുദ്ധിപരമായ പ്രബുദ്ധതയിലേക്ക് മാത്രമല്ല, പ്രബുദ്ധമായ പ്രവർത്തനങ്ങളിലേക്കും നയിക്കുന്നു. വിശുദ്ധ ഖുർആനിൻ്റെ അദ്ധ്യാപനങ്ങൾ യഥാർത്ഥമായി പിന്തുടരുന്നതിലൂടെ ഈ നിലവാരം കൈവരിക്കാനാകും.

വിജയത്തിലേക്കുള്ള യഥാർത്ഥ മാർഗവും എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധിയും

ഖലീഫാ തിരുമനസ്സ് പറയുന്നു.
ആളുകൾ തങ്ങളുടെ വിജയത്തിനും പുരോഗതിക്കും വേണ്ടി പാശ്ചാത്യരെ ആശ്രയിക്കുന്ന നോക്കുന്നതും എന്നാൽ അത് അവർക്ക് വളരെ പരിമിതമായ വിജയം മാത്രമേ നൽകുന്നുള്ളു എന്നതും വളരെ ദൗർഭാഗ്യകരമാണെന്ന് മസീഹ് മഊദ്‌ (അ ) പ്രസ്താവിക്കുകയുണ്ടായി.

ഏതുവിധമായാലും , വിശുദ്ധ ഖുർആനിലൂടെ മാത്രമേ യഥാർത്ഥ വിജയം കൈവരിക്കാൻ കഴിയൂ. സ്വഹാബികൾ തിരുനബി(സ)യെ അംഗീകരിക്കുകയും തങ്ങളുടെ വിശ്വാസത്തിന് ലോകത്തേക്കാൾ മുൻതൂക്കം നൽകുകയും ചെയ്തപ്പോൾ അവിശ്വാസികൾ അവരെ നോക്കി അവർക്ക് അവരുടെ വീടുകൾ വിട്ടുപോകാൻ പോലും പ്രയാസമാണ്, എന്നിട്ടും അവർ ലോകത്തിൻ്റെ ഭരണാധികാരികളാകുമെന്ന് പറയുന്നു എന്ന് പറഞ്ഞുകൊണ്ട് പരിഹസിക്കുകയുണ്ടായി.. എന്നാൽ, ഖുർആനിലും തിരുനബി(സ)യിലും സമ്പൂർണ്ണ അർപ്പണബോധമുള്ളവരായിത്തീർന്നതിനാൽ, മറ്റാരും നേടാത്തത് അവർ നേടിയെടുത്തു. ഇസ്‌ലാമിൻ്റെ വിജയത്തിൻ്റെ താക്കോൽ വിശ്വാസമായിരുന്നു. ഇന്ന്, വിശ്വാസത്തിൻ്റെ അഭാവം ഉണ്ട്, പകരം, കേവലം വിശ്വാസത്തിൻ്റെ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. എന്നിരുന്നാലും, അതേ വിജയം ആഗ്രഹിക്കുന്നുവെങ്കിൽ, യഥാർത്ഥ വിശ്വാസം ആവശ്യമാണ്, ഇത് വിശുദ്ധ ഖുർആൻ പിന്തുടരുന്നതിലൂടെ മാത്രമേ നേടാനാകൂ.

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലും അതനുസരിച്ച് പ്രവർത്തിക്കുന്നതിലും ആളുകൾ മടിയന്മാരാകുന്നതിൽ വലിയ വേദന പ്രകടിപ്പിച്ച വാഗ്ദത്ത മസീഹിനെ (അ) ഉദ്ധരിച്ച് ഹുസൂർ (അബ) പറയുന്നു .
വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ട വചനമാണെന്നും മോക്ഷത്തിന്റെ താക്കോൽ ആണെന്നും വിശ്വസിക്കുന്നവർ തന്നെ അത് പാരായണം ചെയ്യാത്തത് എത്ര ദൗർഭാഗ്യകരമാണ്? ഒരു നീരുറവയിലെ വെള്ളത്തിന് ദാഹം ശമിപ്പിക്കാൻ കഴിയുമെന്നും വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയാണെന്നും അറിയാമെങ്കിലും അതിൻ്റെ അടുത്തേക്ക് പോകാത്ത ഒരാളെപ്പോലെയാണത്. അവർ അതിലേക്ക് ഓടിച്ചെന്ന് അതിലെ വെള്ളം കുടിക്കേണ്ടതായിരുന്നു. ഇത്തരക്കാർ അങ്ങേയറ്റം നിർഭാഗ്യകരും അജ്ഞരുമാണ്. അതേ രീതിയിൽ വിശുദ്ധ ഖുർആനിൻ്റെ അടുത്ത് പോകാതെ മരിക്കുന്ന ചിലരുണ്ട്. വിശുദ്ധ ഖുർആനാണ് എല്ലാ രോഗങ്ങൾക്കുമുള്ള യഥാർത്ഥ പ്രതിവിധി എന്ന് അവർക്കറിയാം, എന്നിട്ടും അവർ അതിൽ നിന്ന് വിട്ടുനിൽക്കുന്നു. എല്ലാ വിജയങ്ങളുടെയും താക്കോൽ വിശുദ്ധ ഖുർആനാണെന്ന് മുസ്ലീങ്ങൾക്ക് അറിയാമെങ്കിലും അവർ അത് ശ്രദ്ധിക്കുന്നില്ല. എന്നിട്ടും, വിശുദ്ധ ഖുർആനിലേക്ക് വിളിക്കുന്ന, അതിൻ്റെ യഥാർത്ഥ അധ്യാപനങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ലോകമെമ്പാടും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന മസീഹ് മഊദ്‌ (അ ) നെ വ്യാജനും കള്ള വാദിയുമായി മുദ്രകുത്തുന്നു .
മുസ്ലിങ്ങളുടെ അവസ്ഥ ഇതാണ്. വിശുദ്ധ ഖുർആനിലേക്ക് വരികയും അതിലെ അധ്യാപനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം അവർ ചെയ്യുന്നത് ഇതാണ്. വിശുദ്ധ ഖുർആനനുസരിച്ച് യഥാർത്ഥമായി പ്രവർത്തിക്കുന്ന ഒരാൾക്ക് ദൈവത്തിൽ നിന്ന് എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകപ്പെടുന്നു. ഈ ലോകത്ത് നേടിയെടുക്കാൻ കഴിയുന്ന എന്തിനേക്കാളും മഹത്തരമാണത്. ഇത് ഒരു വ്യക്തിയുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനും ഇടയാക്കുന്നു.

വിശുദ്ധ ഖുർആനിൽ കൈകടത്തി എന്ന് അഹ്‌മദികൾക്കെതിരെ ആരോപണം ഉന്നയിക്കപ്പെടുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മസീഹ് മഊദ്‌ (അ ) പറയുന്നു: അപ്രകാരം ചെയ്യുന്നത് വലിയ പാപമാണ്. ക്രൈസ്തവർ അവരുടെ വിശുദ്ധ ഗ്രന്ഥത്തിൽ ചെയ്തതായി നമ്മൾ പറയുന്ന അതേ കാര്യം നമുക്ക് എങ്ങനെ ചെയ്യാൻ സാധിക്കും.? ദൈവീക വചനം മാറ്റിമറിക്കുന്നവൻ ഏറ്റവും താഴ്ന്നവനും അധമനും ആണെന്നാണ് നമ്മുടെ അധ്യാപനം. ഇത് പറഞ്ഞതിനുശേഷം നമ്മൾ അതേ കാര്യം തന്നെ ചെയ്യുകയും അത്തരമൊരു അവസ്ഥയിലേക്ക് സ്വയം താഴുകയും ചെയ്യുമോ? വിശുദ്ധ ഖുർആൻ ഒരു സമ്പൂർണ്ണ ഗ്രന്ഥമാണ് അത് പരിപൂർണ്ണമായി പിന്തുടരുക എന്നതാണ് മോക്ഷത്തിലേക്കുള്ള മാർഗ്ഗം. വിശുദ്ധ ഖുർആനിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുകയോ രൂപഭേദം വരുത്തുകയോ ചെയ്യുന്ന ഏതൊരുവനും അവിശ്വാസിയും മതപരിത്യാഗിയുമാണെന്ന് മസീഹ് മഊദ്‌ (അ )പ്രഖ്യാപിക്കുകയുണ്ടായി.

മോക്ഷത്തിലേക്കുള്ള യഥാർത്ഥ മാർഗം

പരിശുദ്ധ ഖുർആനാണ് മോക്ഷത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗമെന്ന് മസീഹ് മൗദ് (അ) നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. “തീർച്ചയായും ആരെങ്കിലും സത്യസന്ധമായി പശ്ചാത്താപം ചെയ്തുകൊണ്ട് 10 ദിവസമെങ്കിലും ഖുർആന ഇച്ചക്കക്കനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ത ഹൃദയത്തിൽ ഒരു പ്രകാശം ഇറങ്ങുന്നതാണ്.
ഇത് വെറുമൊരു അവകാശവാദം മാത്രമല്ല, മറിച്ച് നിരവധി ആളുകൾ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്.
വിശുദ്ധ ഖുർആനിൻ്റെ അധ്യാപനങ്ങൾ യഥാർത്ഥമായ രീതിയിൽ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ എന്ന് ഹുസൂർ (അബ) ദുആ ചെയ്യുകയുണ്ടായി. നമുക്ക് എപ്പോഴും അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുകയും അവൻ്റെ മാർഗനിർദേശത്തിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യാം.
അല്ലാഹു നമ്മെ വിശ്വാസത്തിലും ദൃഢജ്ഞാനത്തിലും ദൈവഭയത്തിലും മുന്നേറുന്നവരാക്കുമാറാകട്ടെ. നമ്മൾ റമദാനിൽ മാത്രമല്ല മറിച്ച് എപ്പോഴും ഖുർആനിക അധ്യാപനം അനുസരിച്ച് ജീവിക്കുന്നവരായി തീരുമാറാകട്ടെ. ഇതെല്ലാം ഉണ്ടെങ്കിൽ മാത്രമേ നബി തിരുമേനി (സ ) യുടെ അസ്ഥിത്വത്തിൽ ഇസ്ലാമിന്റെ പുനരുജീവനത്തിനുവേണ്ടി അയക്കപ്പെട്ട മസീഹ് മ ഊദ്‌ (അ) യുമായി ചെയ്ത ബൈഅത്ത് യഥാവിധി നിറവേറ്റുന്നവരാണെന്ന് പറയാൻ കഴിയുകയുള്ളൂ.
അല്ലാഹു ഈ റമദാനിലും ജീവിതത്തിലുടനീളവും ഖുർആനിക അധ്യാപനങ്ങളിൽ നിന്ന് പ്രയോജനം എടുക്കാൻ നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ.

പലസ്തീനിലെയും സുഡാനിലെയും ജനങ്ങൾക്ക് വേണ്ടി ദുആ ചെയ്യാനുള്ള അഭ്യർത്ഥന

പലസ്തീനുവേണ്ടി ദുആ ചെയ്യാൻ ഹുസൂർ (അബ) ആഹ്വാനം ചെയ്തു. യുദ്ധംത്തിന് പുറമെ ഇപ്പോൾ പട്ടിണിയും രോഗവും കാരണം കുട്ടികളുടെയും നിരപരാധികളുടെയും ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ക്രൂരതയിൽ നിന്നും ദുശാഠ്യത്തിൽ നിന്നും ഉടലെടുത്ത മനുഷ്യൻ്റെ പ്രവർത്തനത്തിൻ്റെ ഫലമാണ് ഈ ക്ഷാമം എന്ന് ഇപ്പോൾ യുഎൻ സംഘടനകൾ പോലും സമ്മതിച്ചിരിക്കുന്നു. വഴികൾ തുറക്കുകയും സഹായം വേഗത്തിൽ എത്തിക്കുകയും ചെയ്താൽ, ഇപ്പോൾ പോലും മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ട്.

ഹുസൂർ (അബ) സുഡാനീസ് ജനതയ്ക്കുവേണ്ടി ദുആചെയ്യണമെന്നും ആവശ്യപ്പെട്ടു; അല്ലാഹു അവരുടെ നേതാവിന് ബുദ്ധി നൽകട്ടെ. അവിടെയുള്ളവരും പട്ടിണി മൂലം മരിക്കുന്നു. അവർ സ്വന്തം ജനതയോട് ക്രൂരത കാട്ടുകയാണ്. അവർ ഖുർആനിക അധ്യാപനങ്ങൾ മറക്കുകയും ഈ കാലഘട്ടത്തിൽ അല്ലാഹുവിനാൽ അയക്കപ്പെട്ട വ്യക്തിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. അതുപോലെ, സർക്കാരുകൾ പരസ്പരം പോരടിക്കുന്ന മറ്റ് മുസ്ലീം രാജ്യങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അവർക്കുവേണ്ടിയും ദുആ ചെയ്യാൻ ഹുസൂർ (അബ) ആവശ്യപ്പെടുകയുണ്ടായി.

പാക്കിസ്ഥാനിലും യെമനിലുമുള്ള വിശ്വാസം മൂലം തടവിലാക്കപ്പെട്ടവർക്കുവേണ്ടി ദുആ ചെയ്യണമെന്നും തിരുമേനി (അബ) ആഹ്വാനം ചെയ്തു. പാക്കിസ്ഥാനിലെ പൊതുവായ അവസ്ഥയ്ക്ക് വേണ്ടിയും ദുആ ചെയ്യാൻ ഹുസൂര്‍ പറയുകയുണ്ടായി.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed