തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍

കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍

കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)29 നവംബര്‍ 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: ലിബാസ് കെ ഫിറോസ്‌ 

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും ഓതിയ ശേഷം ഹുദൈബിയ ഉടമ്പടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു:

ഖലീഫാ പറയുന്നു, നബിതിരുമേനി(സ) കാവൽ നിൽക്കാൻ ഒരു കൂട്ടം അനുചരന്മാരെ നിയോഗിച്ചിരുന്നു. ഖുറൈശികൾ  മുസ്‌ലീങ്ങളെ വലയം ചെയ്യാനും, നബിതിരുമേനി(സ)ക്കും മുസ്‌ലീങ്ങൾക്കും ദോഷം വരുത്തുന്ന ഒരു അവസരം കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും ആക്രമിക്കാനും ഒരു സംഘത്തെ അയച്ചിരുന്നു. ഈ സംഘത്തെ അയച്ചത് മിക്രാസിന്‍റെ നേതൃത്വത്തിലായിരുന്നു, ഖുറൈശികളിൽ നിന്നുള്ള ചിലരെ മുസ്‌ലീങ്ങൾ പിടികൂടിയപ്പോൾ, മിക്രാസ് ഓടി രക്ഷപ്പെടുകയും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്തു, മിക്രാസ് ഒരു വഞ്ചകനാണെന്ന നബിതിരുമേനി(സ)യുടെ പ്രസ്താവന ശരിയാണെന്ന് തെളിയിച്ചു.

ഖലീഫാ പറയുന്നു, നബിതിരുമേനി(സ)യുടെ അനുമതിയോടെ മക്കയിൽ ഒരു കൂട്ടം മുസ്‌ലീങ്ങൾ പ്രവേശിച്ചു. ഇതറിഞ്ഞ ഖുറൈശികൾ മുസ്‌ലീങ്ങളെ പിടികൂടി. ഇതിനിടയിൽ, ഖുറൈശികൾ തങ്ങളുടെ സംഘം പിടിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി, അതിനാൽ അവർ മുസ്‌ലീങ്ങളെ ആക്രമിക്കാൻ മറ്റൊരു സായുധ സംഘത്തെ അയച്ചു. അവർ അമ്പുകൾ എയ്യുയുകയും കല്ലെറിയുകയും ചെയ്തു, അത് ഹദ്റത്ത് ഇബ്നു സുലൈമിന്‍റെ(റ) രക്തസാക്ഷിത്വത്തിന് കാരണമായി. ഈ സംഘത്തിൽ നിന്ന് 12 പേരെ പിടികൂടാൻ മുസ്‌ലീങ്ങൾക്ക് കഴിഞ്ഞു.

ഖലീഫാ പറയുന്നു, ഖുറൈശികൾ നബിതിരുമേനി(സ)യുടെ അടുത്തേക്ക് ഒരു സന്ദേശവാഹക സംഘത്തെ അയച്ചു, അതിൽ സുഹൈൽ ബിൻ അംറും ഉൾപ്പെടുന്നു. അവിടെ എത്തിയപ്പോൾ, ഹദ്റത്ത് ഉസ്മാൻ(റ) നെയും മറ്റ് സഹാബാക്കളെയും ബന്ദികളാക്കിയ കാര്യത്തിലും ഖുറൈശികളുടെ സംഘത്തെ മുസ്‌ലീങ്ങളെ ആക്രമിക്കാൻ അയച്ചതിലും തനിക്ക് വളരെ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കുറച്ചു പേരുടെ മാത്രം നിർദ്ദേശങ്ങൾക്ക് കീഴിലായിരുന്നു. തങ്ങളുടെ തടവുകാരെ തിരികെ അയക്കാൻ അവർ ആവശ്യപ്പെട്ടു, മുസ്‌ലിം തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ താൻ അങ്ങനെ ചെയ്യുകയുള്ളൂവെന്ന് പ്രവാചകൻ (സ) പറഞ്ഞു. തുടർന്ന് ഖുറൈശികൾ ഹദ്റത്ത് ഉസ്മാൻ(റ) യെയും മറ്റ് അനുചരന്മാരെയും മോചിപ്പിക്കുകയും അതിനു പകരമായി നബിതിരുമേനി(സ) ഖുറൈശികളെ മോചിപ്പിക്കുകയും ചെയ്തു.

ഉടമ്പടിയുടെ വ്യവസ്ഥകൾ

ഹദ്റത്ത് ഉസ്മാൻ (റ) പിടിക്കപ്പെട്ടപ്പോൾ, നബിതിരുമേനി (സ) എല്ലാ അനുചരന്മാരിൽ നിന്നും ബൈഅത്തെ-റിസ്‌വാൻ എന്നറിയപ്പെടുന്ന പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞയെ കുറിച്ചറിഞ്ഞപ്പോൾ ഖുറൈശികൾ ഭയചകിതരായി, അതിനാൽ അവരിൽ ചിലർ ആ വർഷം മുസ്‌ലീങ്ങൾ മടങ്ങണമെന്നും അടുത്ത വർഷം മക്കയിൽ മൂന്ന് ദിവസം തങ്ങാമെന്നും ആയുധങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ചില നിബന്ധനകളോടെ ഒരു ഉടമ്പടി ഉണ്ടാക്കണമെന്നും ഉപദേശിച്ചു. അങ്ങനെ, അവർ സുഹൈൽ ബിൻ അംറിന് ഈ നിർദ്ദേശം അയച്ചു. അദ്ദേഹം അടുത്തുവരുന്നത് കണ്ടപ്പോൾ പ്രവാചകൻ (സ) പറഞ്ഞു, ഖുറൈശികൾ സമാധാനത്തിനുള്ള നിർദ്ദേശം അയയ്ക്കുന്നതായി തോന്നുന്നു.

ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസ ബഷീർ അഹ്‌മദ്‌ (റ) നെ ഉദ്ധരിച്ചു പറയുന്നു:

“സുഹൈൽ ബിൻ അംറ് നബിതിരുമേനി(സ)യുടെ സന്നിധിയിൽ വന്നപ്പോൾ അദ്ദേഹത്തെ കണ്ട ഉടനെ തിരുമേനി(സ) പറഞ്ഞു: സുഹൈൽ വരുന്നു. ഇനി കാര്യം എളുപ്പമാകും.” സുഹൈൽ വന്നതും ഇപ്രകാരം പറഞ്ഞു, “വരൂ, ഈ നീണ്ട തർക്കം മറക്കൂ, ഞങ്ങൾ ഒരു കരാറുണ്ടാക്കാൻ തയ്യാറാണ്.” നബിതിരുമേനി(സ) പറഞ്ഞു: “ഞങ്ങളും അങ്ങനെ തന്നെ.” തുടർന്ന്, നബിതിരുമേനി(സ) ഹദ്റത്ത് അലി(റ) യെ വിളിച്ചുവരുത്തി, ഈ ഉടമ്പടിയുടെ വ്യവസ്ഥകളെക്കുറിച്ച് ഒരു പൊതു ചർച്ച ഇതിനകം നടന്നതിനാൽ, വിശദാംശങ്ങൾ ഉടൻ തന്നെ തീരുമാനിക്കേണ്ടതായിരുന്നു. എഴുത്തുകാരൻ വന്നപ്പോൾ നബിതിരുമേനി(സ) പറഞ്ഞു, “എഴുതുക ബിസ്മില്ലാഹി റഹ്‌മാനി റഹീം അതായത് പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തിൽ‘.” ഖുറൈശികളുടെയും അവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ജാഗ്രത പുലർത്തുക. ഉടനെ സുഹൈൽ പറഞ്ഞു, “റഹ്‌മാനോ? അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ല.  ബിസ്മിക്കല്ലാഹുമ്മ “അല്ലാഹുവേ, നിന്‍റെ നാമത്തിൽ” എന്ന് അറബികൾ എപ്പോഴും എഴുതുന്നതുപോലെ എഴുതുക. മറുവശത്ത്, അത് മുസ്‌ലീങ്ങൾക്ക് സാമുദായികവും മതപരവുമായ അഭിമാന പ്രശ്നമായിരുന്നു, മുസ്‌ലീങ്ങൾ പൊടുന്നനെ പ്രതികരിച്ചുകൊണ്ടു  പറഞ്ഞു, “ഞങ്ങൾ തീർച്ചയായും റഹ്‌മാനായ അല്ലാഹുവിന്‍റെ നാമത്തിൽ എന്ന് എഴുതും, പക്ഷേ പ്രവാചകൻ (സ) മുസ്‌ലീങ്ങളെ നിശബ്ദരാക്കി. സാരമില്ല, അതിൽ കുഴപ്പമൊന്നുമില്ല, സുഹൈൽ പറയുന്നത് പോലെ എഴുതൂ എന്ന് പറഞ്ഞു. അതിനാൽ, ” ബിസ്മിക്കല്ലാഹുമ്മ” എന്ന വാക്കുകൾ എഴുതപ്പെട്ടു. അപ്പോൾ നബിതിരുമേനി(സ) പറഞ്ഞു, “എഴുതുക – ഇത് അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദ് ചെയ്ത ഉടമ്പടിയാണ്.” സുഹൈൽ ഒരിക്കൽ കൂടി ഇടപെട്ട് പറഞ്ഞു, “റസൂലുല്ലാഹ്” (അല്ലാഹുവിന്‍റെ ദൂതൻ) എന്നെഴുതാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല, കാരണം താങ്കൾ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പിന്നെ തർക്കം തന്നെയവശേഷിക്കുന്നില്ല. നിങ്ങളെ തടയാനും നിങ്ങളോട് യുദ്ധം ചെയ്യാനും ഞങ്ങൾക്ക്  അവകാശമില്ല. അതിനാൽ നമ്മുടെ പതിവ് പോലെ, ‘മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ഈ ഉടമ്പടി ചെയ്തിരിക്കുന്നു എന്ന വാക്കുകൾ മാത്രം എഴുതുക.നബിതിരുമേനി(സ) പറഞ്ഞു: നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാൻ അല്ലാഹുവിന്‍റെ ദൂതനാണ്. എന്നിരുന്നാലും, ഞാൻ  മുഹമ്മദ് ബിൻ അബ്ദുല്ലാഹ് കൂടി ആയതിനാൽ, ശരി, നിങ്ങളുടെ ഇഷ്ടം പോലെ എഴുതുക. എന്നാൽ, അപ്പോഴേക്കും, നബിതിരുമേനി (സ) യുടെ എഴുത്തുകാരനായ ഹദ്റത്ത് അലി (റ) മുഹമ്മദ്, അല്ലാഹുവിന്‍റെ ദൂതൻഎന്ന്  എഴുതിയിരുന്നു, ‘മുഹമ്മദ് റസൂലുല്ലാഹ്എന്നതിനു പകരം മുഹമ്മദ് ബിൻ അബ്ദുല്ലാഹ്എന്ന്  എഴുതാൻ  നബിതിരുമേനി(സ) നിർദേശിച്ചു. എന്നിരുന്നാലും, അത് വലിയ വൈകാരിക പ്രശ്നമായിരുന്നു. രോഷംപൂണ്ട് ഹദ്റത്ത് അലി (റ) പറഞ്ഞു, “അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ പേരിൽ നിന്ന് അല്ലാഹുവിന്‍റെ ദൂതൻഎന്ന വാക്കുകൾ ഞാൻ ഒരിക്കലും മായ്ക്കില്ല. ഹദ്റത്ത് അലി (റ) യുടെ നിയന്ത്രണാതീതമായ അവസ്ഥ കണ്ടപ്പോൾ നബിതിരുമേനി(സ) പറഞ്ഞു, “ശരി, താങ്കൾക്ക് അതിനു സാധിക്കില്ലെങ്കിൽ, ഇവിടെ തരൂ, ഞാൻ തന്നെ അത് ചെയ്യാം.” അപ്പോൾ നബിതിരുമേനി(സ) ഉടമ്പടിപത്രം എടുത്ത് അല്ലാഹുവിന്‍റെ ദൂതൻഎന്ന വാക്കുകൾ എവിടെയാണെന്ന് തിരക്കി, അവ സ്വന്തം കൈകൊണ്ട് മായ്ച്ച് പകരം ഇബ്നു അബ്ദുല്ലാഹ്എന്നെഴുതി.

 

ഇതിനുശേഷം, നബിതിരുമേനി(സ) എഴുതി: കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്നതിൽ നിന്ന് മക്കയിലെ ജനങ്ങൾ ഞങ്ങളെ തടയില്ല എന്നാണ് കരാർ. സുഹൈൽ ഉടനെ പറഞ്ഞു, “ദൈവത്താണ, ഈ വർഷം അത് സാധ്യമല്ല, അങ്ങനെയുണ്ടായാൽ അറബികളുടെ മുന്നിൽ നമ്മൾ അപമാനിക്കപ്പെടും. എന്തായാലും കഅ്ബയെ ത്വവാഫ് ചെയ്യാൻ അടുത്ത വർഷം നിങ്ങൾക്ക് വരാം. നബിതിരുമേനി(സ) പറഞ്ഞു: ശരി, ഇത് എഴുതൂ. തുടർന്ന്, സുഹൈൽ സ്വയം എഴുതിയ ഒരു നിബന്ധനയും ഉണ്ടായിരുന്നു, “മക്കയിലെ ആളുകളിൽ നിന്ന് ഒരാൾ ഇസ്‌ലാം മതം സ്വീകരിച്ചാലും മദീനയിൽ ചെന്ന് മുസ്‌ലീങ്ങളുമായി ചേരാൻ പാടില്ല, അങ്ങനെയുള്ള ഒരാൾ മുസ്‌ലീങ്ങളുടെ അടുത്തേക്ക് വന്നാൽ അവനെ തിരിച്ചയക്കേണ്ടതാണ്.” അപ്പോൾ, സഹാബികൾ പ്രതിഷേധിച്ചു: “സുബ്ഹാനല്ലാഹ്! ഒരാൾ ഇസ്‌ലാംമതം ആശ്ലേഷിച്ചുകൊണ്ട് ഞങ്ങളുടെ അടുക്കൽ വന്നാൽ ഞങ്ങൾ അവനെ തിരിച്ചയയ്ക്കുന്നതെങ്ങനെ?” അവർ ഇങ്ങനെ തർക്കിക്കുന്ന വേളയിൽ തന്നെ, ഖുറൈശികളുടെ ദൂതനായ സുഹൈൽ ബിൻ അംറിന്‍റെ മകൻ അബു ജന്ദൽ, ചങ്ങലകളാലും കൈവിലങ്ങുകളാലും ബന്ധിതനായി എങ്ങനെയൊക്കെയോ അവിടെ എത്തി. ആ യുവാവ് മുസ്ലീമായതിന്‍റെ പേരിൽ മക്കയിലെ ജനങ്ങളാൽ തടവിലാക്കപ്പെടുകയും കഠിനമായ പീഡനത്തിന് വിധേയനാവുകയും ചെയ്തതായിരുന്നു. നബിതിരുമേനി(സ) മക്കയുടെ അടുത്ത് എത്തിയെന്നറിഞ്ഞപ്പോൾ, ഖുറൈശികളുടെ തടവിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട്, ഹുദൈബിയ്യയയിലേക്ക് അടുത്തേക്ക് ഓടിക്കിതച്ചെത്തിയതായിരുന്നു. യാദൃശ്ചികമെന്നു പറയട്ടെ, “മക്കയിൽ നിന്ന് മദീനയിലേക്ക് വരുന്ന ഏതൊരുവനും, അവൻ ഒരു മുസ്ലിമാണെങ്കിൽ തന്നെയും, തിരിച്ചയക്കപ്പെടും എന്ന് പിതാവ് നിബന്ധന വച്ച സമയത്താണ് അദ്ദേഹം അവിടെ എത്തിയത്. അബു ജൻദൽ മുസ്‌ലീങ്ങളുടെ മുമ്പിൽ വന്ന്, ദീനവിലാപത്തോടെ പറഞ്ഞു: ഹേ മുസ്‌ലീങ്ങളേ! ഇസ്‌ലാം സ്വീകരിച്ചതിന്‍റെ പേരിൽ മാത്രമാണ് ഞാൻ ഈ പീഡനത്തിന് വിധേയനാകുന്നത്. ദൈവത്തിനുവേണ്ടി എന്നെ രക്ഷിക്കേണമേ!” ഇത് കണ്ടപ്പോൾ മുസ്‌ലീങ്ങൾ വേദനകൊണ്ട് പുളയാൻ തുടങ്ങി, പക്ഷേ സുഹൈലും ശഠിച്ചുകൊണ്ട് നബിതിരുമേനി(സ)യോട് പറഞ്ഞു: ഈ ഉടമ്പടി പ്രകാരം ഞാൻ നിങ്ങളോട് ആദ്യം ആവശ്യപ്പെടുന്നത് ഇതാണ്, നിങ്ങൾ അബുജൻദലിനെ എനിക്ക് തിരികെ നല്കണം.” നബിതിരുമേനി(സ) പറഞ്ഞു: ഉടമ്പടി ഇനിയും പൂർത്തിയായിട്ടില്ല. സുഹൈൽ പറഞ്ഞു, “നിങ്ങൾ അവനെ എനിക്ക് തിരികെ നൽകുന്നില്ലെങ്കിൽ, ഈ ഉടമ്പടി അവസാനിച്ചതായി കരുതുക.” നബിതിരുമേനി(സ) പറഞ്ഞു: “അതൊക്കെ ശരി, ഞങ്ങളോടുള്ള ഔദാര്യമെന്ന നിലയിൽ അബു ജന്ദലിനെ ഞങ്ങൾക്കു നല്കിയാലും.” സുഹൈൽ പറഞ്ഞു, “ഇല്ല, ഒരിക്കലുമില്ല.” നബിതിരുമേനി(സ) പറഞ്ഞു: സുഹൈൽ! ശഠിക്കരുത്! ഇക്കാര്യത്തിലെങ്കിലും ഞാൻ പറയുന്നത് കേൾക്കൂ.” ഒരു സാഹചര്യത്തിലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സുഹൈൽ പറഞ്ഞു. അപ്പോൾ അബു ജന്ദൽ ഒരിക്കൽ കൂടി നിലവിളിച്ചുപറഞ്ഞു: ഹേ മുസ്‌ലീങ്ങളെ! ഇത്രയും കഠിനമായ ശിക്ഷ അനുഭവിച്ചതിന് ശേഷം നിങ്ങളുടെ മുസ്‌ലിം സഹോദരനെ വിഗ്രഹാരാധകരുടെ അടുത്തേക്ക് തിരിച്ചയക്കണോ?”… നബിതിരുമേനി(സ) കുറച്ചു നേരം മൗനം പാലിച്ചു, എന്നിട്ട് വേദനയോടെ പറഞ്ഞു, “ഓ അബൂ ജന്ദൽ! ക്ഷമയോടെ കാത്തിരിക്കുക. ദൈവത്തിൽ ഭരമേല്പിക്കുക, കാരണം അവനാണ് താങ്കളുടെയും ദുർബലരായ മറ്റ് മുസ്‌ലിം സഹോദരങ്ങൾക്കും മോചനത്തിനുള്ള സംവിധാനമൊരുക്കുക. നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ നിസ്സഹായരാണ്, കാരണം മക്കക്കാരുമായി ഞങ്ങൾ ഇതിനകം കരാർ ചെയ്തതിനാൽ ഈ ഉടമ്പടി ലംഘിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിയില്ല.”[1]

ഹദ്റത്ത് ഉമർ(റ)ന്റെ‍ ആശങ്ക

ഇത് കണ്ടപ്പോൾ ഹദ്റത്ത് ഉമർ (റ) വികാരാധീനനായി, മുസ്‌ലീങ്ങൾ സത്യത്തിലും അവിശ്വാസികൾ അസത്യത്തിലും അല്ലയോ എന്ന് തിരുമേനി(സ)യോട് ചോദിച്ചു. തീർച്ചയായും അങ്ങനെ തന്നെയാണെന്ന് നബിതിരുമേനി(സ) പറഞ്ഞു. അപ്പോൾ ഈ ഉടമ്പടിയുടെ പേരിൽ എന്തിനാണ് ഇത്ര അപമാനം സഹിക്കുന്നതെന്ന് ഹദ്റത്ത് ഉമർ (റ) ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതനെന്ന നിലയിൽ താൻ ഒരിക്കലും ദൈവത്തോട് അനുസരണക്കേട് കാണിക്കില്ലെന്നും ഏത് സാഹചര്യത്തിലും ദൈവം സഹായിക്കുമെന്നും പ്രവാചകൻ (സ) പറഞ്ഞു. ഹദ്റത്ത് ഉമർ (റ) തിരുമേനി(സ)യോട് ചോദിച്ചു, കഅബക്ക് ചുറ്റും പ്രദക്ഷിണം നടത്തുമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ലേ? പ്രവാചകൻ (സ) പറഞ്ഞു, തീർച്ചയായും പറഞ്ഞിട്ടുണ്ട്, എന്നാൽ അത് ഈവർഷം തന്നെയായിരിക്കുമെന്ന്  ഒരിക്കലും പറഞ്ഞിട്ടില്ല. ഹദ്റത്ത് ഉമർ (റ) പിന്നീട് ഹദ്റത്ത് അബൂബക്കർ (റ) യുടെ അടുത്ത് പോയി ഇതേ ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനാണ് അതിനാൽ അദ്ദേഹം ഒരിക്കലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കില്ലെന്നും അല്ലാഹു എപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അതിനാൽ എപ്പോഴും അനുസരണയുള്ളവരായിരിക്കണമെന്ന് ഹദ്റത്ത് ഉമർ (റ)  നെ ഉപദേശിച്ചുകൊണ്ട് ഹദ്റത്ത് അബൂബക്കർ (റ) പറഞ്ഞു. കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും ഹദ്റത്ത് അബൂബക്കർ (റ) അതേ മറുപടിതന്നെ നല്കി, അത് ഈ വർഷം തന്നെ ആയിരിക്കുമെന്ന് നബിതിരുമേനി (സ) വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞു. പിന്നീട്, ഹദ്റത്ത് ഉമർ (റ) പശ്ചാത്തപിക്കുകയും അപ്പോഴത്തെ തന്‍റെ പെരുമാറ്റത്തിന് പ്രായശ്ചിത്തമായി തന്‍റെ സൽകർമ്മങ്ങളിൽ വർദ്ധനവ് വരുത്തുകയും ചെയ്തു.

ഉടമ്പടിയുടെ വ്യവസ്ഥകളെക്കുറിച്ച് ഹദ്റത്ത് മിർസ ബഷീർ അഹ്‌മദ്‌ (റ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ (അയ്യദഹുല്ലാഹ്) പറയുന്നു:

“വളരെയധികം അഭിപ്രായവ്യത്യാസങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം ഈ ഉടമ്പടി പൂർത്തിയായി. മിക്കവാറും എല്ലാ നിബന്ധനകളിലും നബിതിരുമേനി(സ)യുടെ വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടില്ല. ഖുറൈശികളുടെ ആവശ്യം നബിതിരുമേനി(സ) അംഗീകരിക്കുകയും ചെയ്തു. കൂടാതെ, ദൈവിക ഹിതമനുസരിച്ച്, കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി (സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി. ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു:

1) നബിതിരുമേനി(സ)യും അനുചരന്മാരും ഈ വർഷം (മദീനയിലേക്ക്) മടങ്ങും.

2) അടുത്ത വർഷം, അവർക്ക് മക്കയിൽ പ്രവേശിക്കാനും ഉംറയുടെ കർമ്മം നിറവേറ്റാനും അനുവാദമുണ്ടാകും, എന്നാൽ ഉറയിലിട്ട വാളല്ലാതെ മറ്റൊരായുധവും കൊണ്ടുവരാൻ അനുവാദമുണ്ടാകില്ല. കൂടാതെ, അവർ 3 ദിവസത്തിൽ കൂടുതൽ മക്കയിൽ തങ്ങില്ല.

3) മക്കാനിവാസികളിൽ നിന്ന് ആരെങ്കിലും മദീനയിലേക്ക് പോയാൽ, അവർ മുസ്ലീമാണെങ്കിൽ പോലും, നബിതിരുമേനി(സ) മദീനയിൽ അവർക്ക് സംരക്ഷണം നല്കരുത്. മറിച്ച് അവരെ തിരിച്ചേല്പിക്കണം. ഇതുസംബന്ധിച്ച്, സ്വഹീഹ് ബുഖാരിയുടെ വാക്കുകൾ ഇതാണ്: “ഞങ്ങളിൽ നിന്നുള്ള ഒരാൾ നിങ്ങളുടെ അടുത്ത് വന്നാൽ, നിങ്ങൾ അവനെ തിരികെ നൽകണം.” എന്നിരുന്നാലും, ഒരു മുസ്‌ലിം മദീന വിട്ട് മക്കയിലേക്ക് വന്നാൽ, അവനെ തിരിച്ചയക്കില്ല. മറ്റൊരു നിവേദനത്തിൽ, മക്കാനിവാസികളിൽ നിന്ന് ആരെങ്കിലും തന്‍റെ രക്ഷാധികാരിയുടെ അനുമതിയില്ലാതെ മദീനയിൽ വന്നാൽ അവനെ തിരിച്ചയക്കണമെന്ന പരാമർശവുമുണ്ട്.

4) അറേബ്യയിലെ ഗോത്രങ്ങളിൽ, മുസ്‌ലീങ്ങളുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഏത് ഗോത്രത്തിനും അത് ചെയ്യാം, മക്കയിലെ ആളുകളുമായി സഖ്യം ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് ഗോത്രത്തിനും അത് ചെയ്യാം.

5) തൽക്കാലം, ഈ ഉടമ്പടി 10 വർഷത്തേക്കാണ്, ഈ കാലയളവിൽ ഖുറൈശികളും മുസ്‌ലീങ്ങളും തമ്മിലുള്ള യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കും.

ഈ ഉടമ്പടിയുടെ രണ്ട് പകർപ്പുകൾ പകർത്തി. നിരവധി ആദരണീയവ്യക്തികൾ  സാക്ഷികളെന്ന നിലയിൽ ഒപ്പിട്ടു. മുസ്ലിങ്ങളിൽ നിന്നുള്ള സാക്ഷികൾ:  ഹദ്റത്ത് അബൂബക്കർ (റ), ഹദ്റത്ത് ഉമർ (റ), ഹദ്റത്ത് ഉസ്മാൻ (റ) (അദ്ദേഹം അപ്പോഴേക്കും മക്കയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു), അബ്ദുറഹ്മാൻ ബിൻ ഔഫ് (റ), സഅദ് ബിൻ അബി വഖാസ് (റ), അബു ഉബൈദ (റ) എന്നിവരായിരുന്നു. കരാർ പൂർത്തിയാക്കിയതിന് ശേഷം, സുഹൈൽ ബിൻ അംർ കരാറിന്‍റെ ഒരു കോപ്പി എടുത്ത് മക്കയിലേക്ക് മടങ്ങി, രണ്ടാമത്തെ കോപ്പി നബിതിരുമേനി (സ) യുടെ പക്കലുണ്ടായിരുന്നു.” [2]

മുസ്‌ലീങ്ങളുടെ ഉത്കണ്ഠ അകറ്റുന്നു

ഹദ്റത്ത് മിർസ ബശീർ അഹ്‌മദ്‌ (റ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ (അയ്യദഹുല്ലാഹ്) പറയുന്നു:“സുഹൈൽ മടങ്ങിയെത്തിയപ്പോൾ, തിരുമേനി(സ) മുസ്‌ലീങ്ങളോട് പറഞ്ഞു, “എഴുന്നേറ്റ് നിങ്ങളുടെ മൃഗങ്ങളെ അറുത്ത ശേഷം, നിങ്ങളുടെ തല ഇവിടെത്തന്നെ മുണ്ഡനം ചെയ്യുക (ബലിക്ക് ശേഷം, തലയിലെ മുടി ഒന്നുകിൽ വടിച്ച് കളയുകയോ ചെറുതാക്കുക ചെയ്യും). എന്നിട്ട് തിരിച്ചുപോകാനായി  തയ്യാറെടുക്കുക. എന്നിരുന്നാലും, പ്രത്യക്ഷത്തിൽ അപമാനകരമായ ഉടമ്പടിയായി തോന്നിയതിനാൽ, അനുചരന്മാർ  വലിയ ആഘാതത്തിലായിരുന്നു. മാത്രവുമല്ല, നബിതിരുമേനി(സ) തങ്ങളെ അവിടെ കൊണ്ടുവന്നത് തന്‍റെ ഒരു സ്വപ്നത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നും ആ സ്വപ്നത്തിൽ കഅ്ബയുടെ ത്വവാഫിന്‍റെ ഒരു രംഗം ഉന്നതനായ  അല്ലാഹു കാണിച്ചുകൊടുത്തുവെന്നും ഓർക്കുമ്പോൾ, അവർ വല്ലാതെ വിഷണ്ണരായി. വികാരമോ ചലനമോ ഇല്ലാതെ ജീവസ്സുറ്റ ജീവികളെപ്പോലെയായിരുന്നു അവർ. അവർക്ക് അല്ലാഹുവിന്‍റെ ദൂതനിൽ പൂർണവിശ്വാസമുണ്ടായിരുന്നു, അവന്‍റെ വാഗ്ദാനത്തിലും പൂർണമായി വിശ്വസിച്ചു, എന്നാൽ മനുഷ്യപ്രകൃതിയുടെ ആവശ്യങ്ങൾ കാരണം, ഈ പ്രത്യക്ഷമായ പരാജയം കാരണം അവരുടെ ഹൃദയം ദുഃഖത്താൽ തളർന്നുപോയി. മൃഗബലി അറുത്ത് മടങ്ങാൻ നബിതിരുമേനി(സ) നിർദേശിച്ചപ്പോൾ അനുചരന്മാർ അനങ്ങാതിരുന്നത് ഇക്കാരണത്താലാണ്. അവർ ദൈവദൂതൻ (സ) യോട് അനുസരണക്കേട് കാണിച്ചതുകൊണ്ടായിരുന്നില്ല, കാരണം, നബിതിരുമേനി (സ) യുടെ അനുചരന്മാരെക്കാൾ അനുസരണയുള്ള ഒരു സമൂഹവും ഭൂമുഖത്ത് ഉണ്ടായിരുന്നില്ല. അതിനാൽ, അവരുടെ കർമ്മ നിർവഹണത്തിന്‍റെ അഭാവം കലാപമോ അനുസരണക്കേടോ ആയിരുന്നില്ല, മറിച്ച്, ദുഃഖവും പ്രത്യക്ഷമായ അപമാനവും അവരെ തളർത്തിക്കളഞ്ഞതുകൊണ്ടായിരുന്നു അവർ കേട്ടിട്ടും കേൾക്കാത്തതു പോലെയും കണ്ടിട്ടും കാണാത്തതു പോലെയുമായിരുന്നു. നബിതിരുമേനി (സ) ഇത് വളരെ വേദനിപ്പിക്കുകയും ശാന്തമായി തന്‍റെ കൂടാരത്തിലേക്ക് വിരമിക്കുകയും ചെയ്തു. അസാമാന്യ ബുദ്ധിയുള്ള സ്ത്രീയായിരുന്ന നബിതിരുമേനി(സ)യുടെ ആദരണീയയായ ഭാര്യ ഹദ്റത്ത് ഉമ്മെ സൽമ (റ) തന്‍റെ കൂടാരത്തിൽ നിന്ന് ഈ രംഗം മുഴുവൻ വീക്ഷിക്കുകയായിരുന്നു. പ്രിയപ്പെട്ട തന്‍റെ ഭർത്താവ് ഉത്കണ്ഠാകുലനായി കടന്നുവരുന്നത് കണ്ട്, നബിതിരുമേനി(സ)യുടെ ദുഃഖവും ആകുലതയും നേരിട്ടറിഞ്ഞപ്പോൾ, അവൾ അനുകമ്പയോടെയും സ്നേഹത്തോടെയും അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്‍റെ റസൂലേ, ദുഃഖിക്കാതെ. അങ്ങയുടെ അനുചരന്മാർ, ദൈവകൃപയാൽ, അനുസരണക്കേട് കാണിക്കുന്നവരല്ല. എന്നിരുന്നാലും, ഈ ഉടമ്പടിയുടെ വ്യവസ്ഥകളെകുറിച്ചോർത്ത് അവർക്ക് സുബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങൾ അവരോട് ഒന്നും പറയരുത് എന്നാണ് എന്‍റെ അഭിപ്രായം. പകരം, നിശബ്ദമായി പുറത്ത് പോയി താങ്കളുടെ ബലിമൃഗത്തെ അറുത്ത് തല മുണ്ഡനം ചെയ്യുക. താങ്കളുടെ അനുചരന്മാർ താങ്കളെ സ്വയമേവ പിന്തുടരും. ഈ അഭിപ്രായം നബിതിരുമേനി (സ)ക്ക് നല്ലവണ്ണം ബോധിച്ചു. ഒരു വാക്കുപോലും പറയാതെ തിരുമേനി(സ) ഖുർബാനി നടത്തി തല മൊട്ടയടിക്കാൻ തുടങ്ങി. ഈ രംഗം കണ്ടപ്പോൾ, ഉറങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരു ബഹളം കേട്ട് എഴുന്നേൽക്കുന്നതുപോലെ, അവർ ഞെട്ടി ഉണർന്ന് ഉന്മാദത്തോടെ മൃഗങ്ങളെ അറുത്ത് പരസ്പരം തല മൊട്ടയടിക്കാൻ തുടങ്ങി. എന്നിരുന്നാലും, ദുഃഖഭാരത്താൽ അവർ വളരെയധികം അസ്വസ്ഥരായിരുന്നു. എത്രത്തോളമെന്നാൽ, പരസ്പരം തല മൊട്ടയടിക്കുമ്പോൾ (അബദ്ധവശാൽ), പരസ്പരം കഴുത്തു വെട്ടാൻ സാധ്യതയുണ്ടായിരുന്നെന്നും നിവേദകൻ വിവരിക്കുന്നു. ഏതായാലും, ഹസ്റത്ത് ഉമ്മെ സൽമ(റ) യുടെ ഉപായം ഫലംകണ്ടു. ആ സമയത്ത് നബിതിരുമേനി(സ)യുടെ അനുഗൃഹീത വചനങ്ങൾ താത്കാലികമായി നിഷ്ഫലമായെങ്കിലും നബിതിരുമേനി(സ)യുടെ പ്രവൃത്തിമുഖേന ചലനമറ്റ അനുയായികളിൽ പെട്ടെന്ന് ഉണർവുണ്ടായി.” [3]

ഖലീഫാ (അയ്യദഹുല്ലാഹ്) പറയുന്നു, നബിതിരുമേനി(സ) തന്‍റെ ഒട്ടകത്തെ ബലിയർപ്പിച്ചപ്പോൾ ഒരിക്കൽ അബൂജഹലിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്നതും യുദ്ധമുതലായി ലഭിച്ചതുമായ ഒട്ടകം ഓടിപ്പോയി. എന്നിരുന്നാലും, അത് കണ്ടെത്തി ഏഴ് പേർക്ക് വേണ്ടി ബലിയർപ്പിച്ചു. അന്ന് തിരുമേനി(സ) ഒരൊട്ടകം ഏഴ് പേർക്കെന്ന കണക്കിൽ 70 മൃഗങ്ങളെ ബലിയർപ്പിച്ചു. ഇരുപത് മൃഗങ്ങളെ മർവയിലേക്ക് ബലിയർപ്പിക്കാൻ അയച്ചു. അപ്പോൾ നബിതിരുമേനി(സ) തല മൊട്ടയടിച്ചു. അതിനുശേഷം, മുസ്‌ലീങ്ങൾ ഇത് പിന്തുടർന്നു തലമുണ്ഡനം ചെയ്യുകയോ മുടി മുറിക്കുകയോ ചെയ്തു. നബിതിരുമേനി(സ) തല മുണ്ഡനം ചെയ്തവർക്ക് വേണ്ടി പ്രാർത്ഥിച്ചു. തല മുണ്ഡനം ചെയ്തവരോട് അല്ലാഹു കരുണ കാണിക്കട്ടെ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു, എന്നിട്ട് നാലാം തവണ പറഞ്ഞു, മുടി വെട്ടിയവരോട് അല്ലാഹു കരുണ കാണിക്കട്ടെ.

ഖലീഫാ തിരുമനസ്സ് പറയുന്നു, നബിതിരുമേനി(സ) 19 ദിവസം ഹുദൈബിയ്യയിൽ താമസിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്  . ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌ (റ)നെ ഉദ്ധരിച്ചു ഖലീഫാ പറയുന്നു:

“ബലിയർപ്പിച്ച ശേഷം തിരുമേനി(സ) മദീനയിലേക്ക് മടങ്ങാൻ ഉത്തരവിട്ടു. ആ സമയത്ത്, നബിതിരുമേനി(സ) ഹുദൈബിയ്യയിൽ എത്തിയിട്ട് 20 ദിവസങ്ങൾക്കു താഴെ മാത്രമേ ആയിട്ടുള്ളൂ. മടക്കയാത്രയിൽ നബിതിരുമേനി(സ) ഉസ്ഫാനിനടുത്തുള്ള കിരാഉൽ ഗമീമിൽ എത്തിയപ്പോൾ രാത്രിയായപ്പോൾ തിരുമേനി(സ) ഒരു വിളംബരം നടത്തുകയും അനുചരന്മാരെയെല്ലാം ഒരുമിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഈ രാത്രി എനിക്ക് ഒരു സൂറത്ത് അവതരിച്ചിരിക്കുന്നു, ഈ ലോകത്തിലെ എല്ലാ വസ്തുക്കളേക്കാളും അത് എനിക്ക് പ്രിയപ്പെട്ടതാണ്.” അത് ഇപ്രകാരമാണ്:

അല്ലയോ റസൂലേ, തീര്‍ച്ചയായും നാം നിനക്ക് വ്യക്തമായ വിജയം നല്കിയിരിക്കുന്നു. അങ്ങനെ അല്ലാഹു നിന്‍റെ മുമ്പ് കഴിഞ്ഞതും ഇനി ഉണ്ടാകാന്‍ ഇടയുള്ളതുമായ നിന്‍റെ എല്ലാ ന്യൂനതകളും പൊറുക്കുന്നതിനും നിനക്ക് മേല്‍ തന്‍റെ അനുഗ്രഹങ്ങള്‍ സമ്പൂര്‍ണതയിലെത്തിക്കുന്നതിനും നേരായ പാതയില്‍ ആക്കുന്നതിനും വേണ്ടിയാകുന്നു.

തീര്‍ച്ചയായും അല്ലാഹു തന്‍റെ ദൂതന് (അദ്ദേഹത്തിന്‍റെ)സ്വപ്നം പൂര്‍ത്തിയാക്കി കാണിച്ചു. അതായത്, അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മസ്ജിദുല്‍ ഹറാമില്‍ സമാധാന അവസ്ഥയില്‍  തങ്ങളുടെ തലമുണ്ഡനം ചെയ്തുകൊണ്ടും മുടി മുറിച്ചു കൊണ്ടും ഭയമില്ലത്ത നിര്‍ഭയം പ്രവേശിക്കുന്നതാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ വർഷം നിങ്ങൾ മക്കയിൽ പ്രവേശിച്ചിരുന്നെങ്കിൽ, അത് സുരക്ഷിതമായ പ്രവേശനമാകുമായിരുന്നില്ല; അത് യുദ്ധത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും പ്രവേശനമാകുമായിരുന്നു. എന്നിരുന്നാലും, ദർശനത്തിൽ, ദൈവം സുരക്ഷിതത്വത്തിന്‍റെ ഒരു പ്രവേശനം കാണിച്ചിരുന്നു, ഇക്കാരണത്താൽ, ഈ വർഷത്തെ കരാറിന്‍റെ ഫലമായി, ഒരു സുരക്ഷാവസ്ഥ രൂപപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ, ദൈവം കാണിച്ച ദർശനത്തിന് അനുസൃതമായി, സുരക്ഷിതമായ അവസ്ഥയിൽ നിങ്ങൾ ഉടൻ തന്നെ വിശുദ്ധ മസ്ജിദിൽ പ്രവേശിക്കും. തീർച്ചയായും, അങ്ങനെ സംഭവിച്ചു.

ഹുദൈബിയ ഉടമ്പടിയുടെ കയ്പ്പ് ഏതാനും അനുചരന്മാരുടെ ഹൃദയങ്ങളിൽ ഇപ്പോഴും അനുഭവപ്പെട്ടതിനാൽ, നബിതിരുമേനി (സ) ഈ സൂക്തങ്ങൾ സ്വഹാബികൾക്ക് ഓതിക്കൊടുത്തപ്പോൾ, അവർ പരാജയപ്പെട്ടു മടങ്ങുകയാണെങ്കിലും, ദൈവം അവരുടെ വിജയത്തിന് ആശംസകൾ നൽകുന്നുവെന്ന് ചിന്തിച്ച് അവർ അത്ഭുതപ്പെട്ടു.. കഅ്ബയുടെ ചുറ്റും ത്വവാഫ് ചെയ്യുന്നതിൽ നിന്ന് ഞങ്ങൾ മടങ്ങിപ്പോകുന്നത് ഒരു വിജയമാണോ?” എന്ന് തിടുക്കപ്പെട്ട ചില കൂട്ടാളികൾ പോലും പറഞ്ഞു. ഈ വാക്കുകൾ നബിതിരുമേനി(സ)യുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഹ്രസ്വവും എന്നാൽ ശക്തവുമായ ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു:

“ഇതൊരു അസംബന്ധമായ എതിർപ്പാണ്, കാരണം നിങ്ങൾ ചിന്തിച്ചാൽ ഹുദൈബിയ ഉടമ്പടി യഥാർത്ഥത്തിൽ ഒരു സുപ്രധാന വിജയമാണെന്ന് വ്യക്തമാകും. യുദ്ധത്തിനിറങ്ങിയ ഖുറൈശികൾ യുദ്ധം ഉപേക്ഷിച്ച് ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കി. അടുത്ത വർഷം മക്കയുടെ വാതിലുകൾ നമുക്ക് തുറന്നുതരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖുറൈശികളുടെ കൊള്ളരുതായ്മകളിൽ നിന്ന് രക്ഷപ്പെട്ട്, ഭാവിയിലെ വിജയത്തിന്‍റെ പരിമളം ഏറ്റുവാങ്ങി സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഞങ്ങൾ ഇപ്പോൾ മടങ്ങുകയാണ്. അതുകൊണ്ട് തന്നെ ഇതൊരു മഹത്തായ വിജയമാണ്. ഖുറൈശികൾ എന്ന ഈ ഗോത്രം തന്നെ ഉഹുദിലും അഹ്സാബിലും നിങ്ങൾക്കെതിരെ ആക്രമണം നടത്തിയതെങ്ങനെയെന്ന് നിങ്ങൾ എല്ലാവരും മറന്നോ? ഈ ഭൂമി, അതിന്‍റെ എല്ലാ വിശാലതയോടും കൂടി, നിങ്ങൾക്കായി ഇടുങ്ങിയതായിത്തീർന്നു, നിങ്ങളുടെ കണ്ണുകൾ കലുഷിതമായി, നിങ്ങൾ ഭയന്ന് വിറച്ചു. എന്നിരുന്നാലും, ഇന്ന് ഈ ഖുറൈശികൾ തന്നെ നിങ്ങളോട് സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഉടമ്പടി ഉണ്ടാക്കുകയാണ്.

സഹാബികൾ പ്രതികരിച്ചു: “അല്ലാഹുവിന്‍റെ ദൂതരേ! ഞങ്ങൾക്ക് മനസ്സിലായി, ഞങ്ങൾ മനസ്സിലാക്കി. താങ്കളുടെ  ദീർഘവീക്ഷണത്തിൽ എത്തിച്ചേരാൻ ഞങ്ങൾക്ക് കഴിയില്ല, ഈ ഉടമ്പടി യഥാർത്ഥത്തിൽ ഞങ്ങൾക്ക് ഒരു സുപ്രധാന വിജയമാണെന്ന് ഞങ്ങൾ മനസ്സിലാക്കി.” [4]

ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ ഉടമ്പടി നിരവധി ഫലങ്ങൾ നൽകി. ആത്യന്തികമായി മക്ക കീഴടക്കപ്പെട്ടു, സമാധാനവും സ്വതന്ത്രമായി സഞ്ചരിക്കാനും കണ്ടുമുട്ടാനുമുള്ള പുതുതായി കണ്ടെത്തിയ വഴി കാരണം മുസ്‌ലീങ്ങളുടെ എണ്ണം വർദ്ധിച്ചു, മുസ്‌ലീങ്ങളെ കാണാനും അവരിൽ നിന്ന് പഠിക്കാനും മറ്റുള്ളവര്‍ക്ക് അവസരം ലഭിച്ചു. ഇത് അവർ സത്യം കണ്ടെത്തുന്നതിലും അതിലേക്ക് ചായ്‌വുള്ളവരായിത്തീരുന്നതിലും കലാശിച്ചു. ആത്യന്തികമായി, ഇത് അറബികൾ ഇസ്‌ലാം സ്വീകരിക്കുന്നതിലേക്ക് നയിച്ചു.

ഭാവിയിൽ ഈ വിശദാംശങ്ങൾ പരാമർശിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു.

ബാക്കി ഭാഗം

കുറിപ്പുകള്‍

1. സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3 പേജ് 137-140

2. സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3 പേജ് 141-143

3. സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3 പേജ് 143-145

4. സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3 പേജ് 145- 146 

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed