അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്)ജനുവരി 3, 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്മദ് അയ്യദഹുല്ലാഹ് വിശുദ്ധ ഖുര്‍ആനിലെ സൂറ ആലു ഇമ്രാനിലെ 93ആം വചനം പാരായണം ചെയ്തു. അതിന്റെ തര്‍ജമ ഇപ്രകാരമാണ്.
‘നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾ നന്മ പ്രാപിക്കുകയില്ല. നിങ്ങൾ ഏതൊന്ന് ചെലവഴിക്കുന്നുവോ അതിനെകുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.’
അല്ലാഹുവിന്റെ വഴിയിൽ സമ്പാദ്യം ചെലവഴിക്കുക എന്നത് വളരെ വലിയ ഒരു നന്മയാണ്. മനുഷ്യന് തന്റെ സമ്പാദ്യത്തോട് താത്പര്യമുള്ളത് കൊണ്ട്, അവന് താത്പര്യമുള്ളത് ചെലവഴിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാനുള്ള വഴിയായി അല്ലാഹു നിര്‍ദേശിച്ചു. എന്തെന്നാൽ താത്പര്യമുള്ളതിനെ ത്യാഗം ചെയ്യുന്നതാണ് യഥാര്‍ത്ഥ ത്യാഗം.
ഹദ്റത്ത് മസീഹ് മൗഊദ്[അ] വിശദീകരിക്കുന്നത് എന്തെന്നാൽ ഒരുവന് അല്ലാഹുവിന്റെ വഴിയിൽ ചെലവഴിക്കാൻ വിമുഖത കാണിക്കുന്ന അളവിൽ തന്റെ സമ്പത്തിനോട് അധികം താത്പര്യം പ്രകടിക്കാവതല്ല. ജീവന് ത്യാഗം ചെയ്യേണ്ടി വന്ന സമയം ഉണ്ടായിട്ടുണ്ട്. അന്നത്തെ കാലത്തുള്ളവര്‍ക്കും പത്നിയും കുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്കും തങ്ങളുടെ ജീവന് പ്രിയപ്പെട്ടതായിരുന്നു. എന്നിരുന്നാലും അവർ തങ്ങളുടെ ജീവൻ ത്യാഗം ചെയ്യാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തി. വീണ്ടും അദ്ദേഹം വിശദീകരിക്കുന്നു, ആവശ്യമില്ലാത്ത വസ്തുക്കളെ ചെലവഴിച്ചുകൊണ്ട് ആര്‍ക്കും തന്നെ നന്മയെ സ്വായത്തമാക്കാന്‍ സാധ്യമല്ല. കഷ്ടവും പ്രയാസവും സഹിക്കാതെ ഒരാൾ എങ്ങനെ വിജയിയായി മാറും. നബിതിരുമേനി(സ)യുടെ അനുചരന്മാരിൽ അല്ലാഹു തൃപ്തിയടഞ്ഞത് അവർ പ്രയാസങ്ങളെ സഹിക്കാതെയല്ല. ചില പ്രയാസങ്ങളിലൂടെ കടന്നു പോകാതെ അല്ലാഹുവിന്റെ പ്രീതി സ്വായത്തമാവുകയില്ല.
സാമ്പത്തിക ത്യാഗത്തിന്റെ യഥാര്‍ത്ഥ സത്തയെ കുറിച്ച് ഇന്ന് അഹ്മദിയ്യ മുസ്ലിം ജമാഅത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് അറിയുകയുള്ളൂ. ഇന്നും ഈ ജമാഅത്തിൽ സാമ്പത്തിക ത്യാഗത്തിന്റെ ഉയര്‍ന്ന മാതൃകകൾ കാണാന്‍ കഴിയുന്നത് ഹദ്റത്ത് മസീഹ് മൗഊദ്[അ]ന്റെ സ്വാധീനഫലമായാണ്. നബിതിരുമേനി(സ) പറയുന്നു. ഈ ലോകത്ത് രണ്ടുപേരോട് മാത്രമാണ് അസൂയപ്പെടാനുള്ള അനുവാദമുള്ളൂ. ഒന്ന് അല്ലാഹു ഒരുവന് സമ്പത്ത് നല്‍കുകയും അവന് സമ്പത്ത് അല്ലാഹുവിന്റെ വഴിയിൽ ചെലവഴിക്കുകയും ചെയ്യുമ്പോൾ. രണ്ട്, അല്ലാഹു ഒരുവന് അറിവും യുക്തിയും നല്‍കുകയും അവന് ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുമ്പോൾ.
അഹ്മദിയ്യ ജമാഅത്തിന്റെ ചരിത്രം മുഴുവനും ഇത്തരം സാമ്പത്തിക ത്യാഗങ്ങളാൽ നിറഞ്ഞു നില്ക്കുന്നു. ഉദാഹരണത്തിന്, ഒരു അഹ്മദി സഹോദരന് തന്റെ വ്യാപാരാവശ്യത്തിനായി കുറച്ച് പണം ആവശ്യമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചുറ്റുപാട് മോശമായിരുന്നു. തന്റെ വ്യപാരം തന്നെ മുന്നോട്ട് നീങ്ങുമോ എന്ന സംശയത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തിക ത്യാഗം ചെയ്യാൻ ഉപദേശിച്ചു. അദ്ദേഹം അപ്രകാരം ചെയ്തു. ഇതിന്റെ ഫലമായി അദ്ദേഹത്തിന് ഒരു വലിയ ഓര്‍ഡർ ലഭിക്കുകയും അദ്ദേഹത്തിന് തുടക്കത്തിൽ താന്‍ വ്യാപാരം തുടങ്ങാന്‍ ഉപയോഗിച്ച പണത്തേക്കാൾ കൂടുതൽ പണം ലഭിക്കുകയും അദ്ദേഹം വലിയ രീതിയിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ അല്ലാഹു വാഗ്ദത്ത മസീഹ്[അ]ന്റെ ജമാഅത്തിന് അവരുടെ വിശ്വാസം ദൃഢപ്പെടുത്തുന്നതിന് ഉതകുന്ന ദൃഷ്ടാന്തങ്ങൾ വെളിപ്പെടുത്തുന്നു.
നബിതിരുമേനി(സ) പറയുന്നു; അല്ലാഹു എന്നോട് പറഞ്ഞു; നിങ്ങൾ നിങ്ങളുടെ സമ്പാദ്യം അല്ലാഹുവിന്റെ പക്കൽ സൂക്ഷിച്ചാൽ അത് അഗ്നിയിൽ നിന്നും പ്രളയത്തിൽ നിന്നും കളവിൽ നിന്നും സംരക്ഷിക്കപ്പെടുന്നതാണ്. അതായത് അല്ലാഹു പറയുന്നത് എന്തെന്നാൽ ഒരുവന് അല്ലാഹുവിന്റെ വഴിയിൽ ധനത്യാഗം ചെയ്താൽ അവന് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് അല്ലാഹു അത് തിരിച്ച് നല്‍കുന്നതായിരിക്കും. മസീഹ് മൗഊദ്[അ] പറയുന്നു പിശുക്കും വിശ്വാസവും ഒരു ഹൃദയത്തിൽ ഒരുമിക്കുകയില്ല.
മസീഹ് മൗഊദ്[അ] പറയുന്നു: ലോക ചരിത്രത്തിൽ കണ്ണോടിക്കുകയാണെങ്കജിൽ ഒരു സമൂഹവും സാമ്പത്തിക ത്യാഗം ഇല്ലാതെ നിലനിന്നിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. നബിതിരുമേനി(സ), ഈസാ[അ] മൂസ[അ] എന്നിവര്‍ക്കെല്ലാം സാമ്പത്തിക ത്യാഗം ആവശ്യമായി വന്നു. ഈ കാലഘട്ടത്തിൽ വാഗ്ദത്ത മസീഹിന്റെ ജമാഅത്തിലും ഇത് അനിവാര്യമാണ്.
സാമ്പത്തിക ത്യാഗത്തിന് അഹ്മദിയ്യ ജമാഅത്തിന്റെ ആദ്യ ഖലീഫ ഹദ്റത്ത് ഹക്കീം നൂറുദ്ദീന്‍[റ] അത്യുജ്ജലമായ ഉദാഹരണമാണ്. ഹദ്റത്ത് വാഗ്ദത്ത മസീഹ്അ[അ] പറയുന്നത് ഞാന്‍ അദ്ദേഹത്തിന് അനുവാദം നല്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ പക്കലുള്ളതെല്ലാം അദ്ദേഹം ത്യാഗം ചെയ്തേനെ. തന്റെ ഒരു കത്തിൽ അദ്ദേഹം തന്റെ സര്‍വവും വാഗ്ദത്ത മസീഹിന് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി.
അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫ വഖ്ഫെ ജദീദ് പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ ധാരാളം ആളുകൾ, ദരിദ്രരടക്കം, അവരുടെ പക്കൽ ഉള്ളതെന്തും ത്യാഗം ചെയ്തു. ചിലർ അവരുടെ പക്കൽ ആകെ ഉണ്ടായിരുന്ന കോഴിമുട്ടകൾ വരെ ത്യാഗം ചെയ്യുകയുണ്ടായി.
ഡോക്ടർ ഖലീഫ റശീദുദ്ദീൻ സാഹിബിന്റെ സാമ്പത്തിക ത്യാഗങ്ങളെ കുറിച്ചും ഖലീഫ തിരുമനസ്സ് പരാമര്‍ശിക്കുന്നുണ്ട്. ഡോക്ടർ ഖലീഫ റശീദുദ്ദീന്‍ വാഗ്ദത്ത മസീഹിന്റെ വാദം കേട്ട ഉടനെ വാദം സത്യമാണെന്ന് മനസ്സിലാക്കി വിശ്വസിക്കുകയുണ്ടായി. അദ്ദേഹം എത്രത്തോളം സാമ്പത്തിക ത്യാഗം ചെയ്തു എന്നാൽ, ഇനി താങ്കൾ സാമ്പത്തിക ത്യാഗം ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് ഹദ്റത്ത് വാഗ്ദത്ത മസീഹ്[അ] പറയുകയുണ്ടായി. എന്നിരുന്നാലും അദ്ദേഹം ത്യാഗങ്ങൾ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു തവണ അദ്ദേഹത്തിന്റെ മുഴുവന്‍ ശമ്പളവും ഹദ്റത്ത് മസീഹ് മൗഊദ്[അ] സന്നിധിയിൽ സമര്‍പ്പിക്കുകയുണ്ടായി. ചിലർ അദ്ദേഹത്തോട് പറഞ്ഞു; താങ്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും കുറച്ച് പണം മാറ്റി വെക്കാമായിരുന്നു. അദ്ദേഹം പറഞ്ഞു; വാഗ്ദത്ത മസീഹ് സാമ്പത്തിക ത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ എങ്ങനെയാണ് ഞാൻ എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം മാറ്റി വയ്ക്കുക.
മുന്‍കാലഘട്ടങ്ങളിലേക്കാൾ കൂടുതൽ ഈ കാലഘട്ടത്തിൽ ഭൗതികത പിടിമുറുക്കിയിരിക്കുന്നു. ഈ ഭൗതികതയ്ക്കിടയിലും ഇന്നും ദൈവമാര്‍ഗത്തിൽ ത്യാഗങ്ങൾ ചെയ്യുന്നുവരുണ്ട്. ലോകത്തിന്റെ പല കോണുകളിലും അഹ്മദിയ്യത്ത് പുതുതായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും അവരുടെ ആവേശം പഴയ അഹ്മദികളുടെ പോലെയാണ്.
മാര്‍ഷൽ ഐലന്‍ഡിലെ ഒരു സഹോദരി കമ്മ്യൂണിറ്റി കിച്ചനിൽ ആണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ശമ്പളം ലഭിക്കുമ്പോഴെല്ലാം അവർ അവരുടെ പേരിലും അവരുടെ അഞ്ചു പേരക്കിടാങ്ങളുടെ പേരിലും ചന്ദ നല്‍കാറുണ്ട്. ഈ ദ്വീപിൽ നിന്ന് ഏറ്റവും കൂടുതൽ വഖ്ഫ് ജദീദ് ചന്ദ നല്‍കിയത് ഇവരാണ്. അവരുടെ വീട് കാണുകയാണെങ്കിൽ അവർ ദരിദ്രയാണെന്ന് മനസ്സിലാക്കാം. എന്നിരുന്നാലും അവർ സാമ്പത്തിക ത്യാഗത്തിൽ മുന്നിട്ട് നില്ക്കുന്നു.
കസാക്കിസ്ഥാനിലെ ഒരു സഹോദരന് പറയുന്നു; എന്റെ സാമ്പത്തികാവസ്ഥ ഒരിക്കൽ വളരെ മോശമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കടം വാങ്ങേണ്ടി വന്നിരുന്നു. അത്തരം പ്രയാസ കാലത്തും ഞാന്‍ ചന്ദ നല്‍കുമായിരുന്നു. ഈ ദിവസം വരെ ഞാന്‍ അത് തുടര്‍ന്ന് പോകുന്നു. എന്തായാലും അല്ലാഹു എന്നെ വളരെയധികം അനുഗ്രഹിച്ചു. വലിയ വലിയ തുകകളായി അല്ലാഹു എനിക്ക് സമ്പത്ത് തിരികെ നല്കി. ഈ പണമെല്ലാം എവിടെ നിന്ന് വരുന്നു എന്ന് എന്റെ ഭാര്യ ചോദിക്കാറുണ്ട്. ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ് എന്ന് ഞാന്‍ മറുപടി പറയും.
ഗാംബിയയിലെ ഒരു സഹോദരന്, അദ്ദേഹം തനിക്ക് ശമ്പളം ലഭിക്കുമ്പോൾ അതിനെ രണ്ടായി ഭാഗിച്ച് ഒന്ന് ചന്ദകൾ നല്‍കാനും രണ്ടാമത്തെ ഭാഗം തന്റെ സ്വയം ആവശ്യങ്ങള്‍ക്കുമായി മാറ്റി വയ്ക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി മാറ്റി വച്ച ഭാഗം നഷ്ടപ്പെട്ടു പോയി. എന്നിരുന്നാലും, അതായത് തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉണ്ടായിരുന്നിട്ടും അദ്ദേഹം ചന്ദ നല്‍കാനായി മാറ്റിവെച്ച പണംകൊണ്ട് ചന്ദ തന്നെ നല്കി. പിന്നീട് അദ്ദേഹത്തിന് നഷ്ടപ്പെട്ട പണം ലഭിച്ചു. അങ്ങനെ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതാണ് ഇന്നത്തെ കാലത്തുള്ള അഹ്മദികളുടെ ത്യാഗത്തിന്റെ ഉയര്‍ന്ന നിലവാരം.
സാമ്പത്തിക ത്യഗത്തിന്റെ ഇത്തരം പല ഉദാഹരണങ്ങൾ ഖലീഫ തിരുമനസ്സ് ഈ ഖുതുബയിൽ പരാമര്‍ശിക്കുകയുണ്ടായി.
തുടര്‍ന്ന് ഖലീഫ തിരുമനസ്സ് പറയുന്നു: ഏതൊരു ദൈവിക സമുദായത്തെ പോലെയും അഹ്മദിയ്യ ജമാഅത്തിനും തന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സമ്പത്തിന്റെ ആവശ്യമുണ്ട്. ആഫ്രിക്കയിൽ ജനങ്ങൾ പൊതുവെ സമ്പന്നരല്ല. അവിടെ ധാരാളം മിഷന് ഹൗസുകൾ പ്രവര്‍ത്തിക്കണമെങ്കിൽ പണം ആവശ്യമായി വരുന്നുണ്ട്. ഇപ്പോൾ ആഫ്രിക്കയിൽ 7953 പള്ളികൾ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്, 306 പള്ളികൾ നിര്‍മാണത്തിലാണ്. അത് പോലെ അവിടെ 1860 മിഷൻ ഹൗസുകൾ ഉണ്ട്. 400 സെന്‍ട്രൽ മിഷന് ഹൗസുകൾ ഉണ്ട്. 2000 പ്രാദേശിക മിഷനറിമാരും ഉണ്ട്.
അതുപോലെ തെക്കേ അമേരിക്കയിലെ രാജ്യങ്ങള്‍ക്കും തങ്ങളുടെ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും മറ്റും കേന്ദ്രഫണ്ടിൽ നിന്നും സഹായം ആവശ്യമായി വരുന്നുണ്ട്. ഈ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നത് തഹ്രീക് ജദീദ് വഖ്ഫ് ജദീദ് ചന്ദകൾ മൂലമാണ്.
ഇതുപോലെ പല ആവശ്യങ്ങളും ഉണ്ട്. ദൈവം എപ്പോഴും ഈ ആവശ്യങ്ങൾ നിറവേറ്റികൊണ്ടിരിക്കുന്നു. തഹ്രീക് ജദീദ് വഖ്ഫ് ജദീദ് ചന്ദകൾ ചേര്‍ത്താൽ 30-31 ദശലക്ഷം പൗണ്ട് വരും. 106 രാജ്യങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്‍ഡ് നല്കപ്പെടുന്നുണ്ട്. അത് ഏകദേശം ഈ ചന്ദയുടെ അത്രയും തന്നെ വരും. ഇതുകൂടാതെ പല രാജ്യങ്ങളിലും സാമ്പത്തിക സഹായം ആവശ്യമുള്ള ജാമിഅ അഹ്മദിയകൾ ഉണ്ട്. MTA ക്ക് ദശലക്ഷക്കണക്കിന് പൗണ്ടുകൾ ആവശ്യമാണ്. കേന്ദ്ര ഹെഡ്ക്വാര്‍ട്ടർ നടത്തിപ്പിനും ചിലവുകളുണ്ട്. സര്‍വശക്തനായ അല്ലാഹു നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിൽ ഈ സാമ്പത്തിക ആവശ്യങ്ങൾ പൂര്‍ത്തീകരിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾ വളരെ കൂടുതലാണ്, പൂര്‍ത്തീകരിക്കാൻ കഴിയില്ല എന്ന് തോന്നുമ്പോഴെല്ലാം സര്‍വശക്തനായ അല്ലാഹു ഈ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നു.
ഖലീഫ തിരുമനസ്സ് പറയുന്നു: കഴിഞ്ഞ വര്‍ഷം അല്ലാഹുവിന്റെ അനുഗ്രഹത്താൽ അതായത് 31 ഡിസംബർ 2024 ന് വഖ്ഫ് ജദീദിന്റെ 66-ാ മത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. അഹ്മദിയ്യ ജമാഅത്ത് കഴിഞ്ഞ വര്‍ഷം 14.6 മില്യൺ പൗണ്ട് സാമ്പത്തിക ത്യാഗമായി സമര്‍പ്പിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാൾ 736000 പൗണ്ട് അധികമാണ്. പിരിവിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ പത്ത് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ രാജ്യങ്ങളുടെ ലിസ്റ്റ് ഇപ്രകാരമാണ്
1.യുകെ
2.കാനഡ
3.ജര്‍മ്മനി
4.യുഎസ്എ
5.ഇന്ത്യ
6.ഓസ്ട്രേലിയ
7.പശ്ചിമേഷ്യയിലെ ഒരു രാജ്യം
8.ഇന്തോനേഷ്യ
9.പശ്ചിമേഷ്യയിലെ ഒരു രാജ്യം
10.ബെല്‍ജിയം
സാമ്പത്തിക ത്യാഗം ചെയ്ത എല്ലാവരുടെയും സമ്പത്തിലും ജീവനിലും അല്ലാഹു അനുഗ്രഹം ചൊരിയുമാറാകട്ടെ. 2025 ന്റെ വര്‍ഷം അഹ്മദിയ്യ മുസ്ലിം ജമാഅത്തിന് അനുഗ്രഹങ്ങൾ കൊണ്ട് നിറയുമാറാകട്ടെ. അല്ലാഹു ഈ ജമാഅത്തിനെ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ. പാകിസ്താനിൽ തീവ്രവാദ സംഘങ്ങൾ ജമാഅത്തിനെതിരെ ദുഷ്പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുന്ന കാരണത്താൽ അഹ്മദികൾ സുരക്ഷിതരല്ല്. അല്ലാഹു അക്രമം ചെയ്യുന്നവരെ ശിക്ഷിക്കുമാറാകട്ടെ. അഹ്മദദികളെ സംരക്ഷിക്കുമാറാകട്ടെ. ഇവർ റബ്വയിലും പലയിടത്തും ഉണ്ട്. അല്ലാഹു അഹ്മദികള്ക്ക് സംരക്ഷണം ഒരുക്കുമാറാകട്ടെ.
ലോകത്തിന്റെ പൊതുവിലുള്ള മോശമായ അവസ്ഥകൾ മാറാന്‍് വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു നിരപരാധികളെ സംരക്ഷിക്കുമാറാകട്ടെ.
ജനങ്ങൾ പുതുവര്‍ഷാരംഭം പടക്കങ്ങൾ പൊട്ടിച്ചും മറ്റും ആഘോഷിക്കുകയാണ്. അവര്് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് മാത്രമാണ് പരിഗണന നല്‍കുന്നത്. മറ്റുള്ളവരുടെ പ്രയാസങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. ശക്തരായ രാജ്യങ്ങൾ അനീതിയും ദരിദ്ര രാഷ്ട്രങ്ങളുടെ മേലുള്ള അതിക്രമവും തുടരുകയാണ്. അല്ലാഹു ഇത്തരം ശക്തരായ രാജ്യങ്ങളുടെ പദ്ധതികളെ തകര്ക്കുമാറാകട്ടെ. ഈ ലോകത്ത് അല്ലാഹുവിന്റെ ഏകത്ത്വം സ്ഥാപിക്കപ്പെടുന്നത് കാണാനുള്ള സൗഭാഗ്യം അല്ലാഹു നമുക്ക് നല്കുമാറാകട്ടെ.
0 Comments