തിരുനബിചരിത്രം: ബദ്‌റുൽ മൗഇദ്, ദൂമത്തുൽ ജന്ദൽ യുദ്ധനീക്കങ്ങൾ

രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല

തിരുനബിചരിത്രം: ബദ്‌റുൽ മൗഇദ്, ദൂമത്തുൽ ജന്ദൽ യുദ്ധനീക്കങ്ങൾ

രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല

ജൂണ്‍ 11, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ജൂണ്‍ 5, 2024 ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി എന്‍ താഹിര്‍ അഹ്‌മദ്‌ ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു,

ഇന്ന് നബിതിരുമേനി(സ) നടത്തിയ രണ്ട് ഗസ്‌വകളെ അഥവാ യുദ്ധനീക്കങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആദ്യത്തെ യുദ്ധനീക്കം,  ഹിജ്‌റ നാലാം വര്‍ഷം നടന്ന ബദ്‌റുൽ മൗഇദ ആണ്. ഇത് ബദ്‌റുസ്സാനിയ, ബദ്‌റുസ്സുഗ്‌റ എന്നും അറിയപ്പെടുന്നു.

നബിതിരുമേനി(സ) ഹിജ്‌റ നാലാം വർഷം ശഅ്ബാൻ മാസത്തിൽ ബദ്‌റിലേക്ക് യാത്ര തിരിച്ചു. ചില ചരിത്രകാരന്മാർ മാസത്തിന്‍റെ കാര്യത്തിൽ അഭിപ്രായഭിന്നത പ്രകടിപ്പിച്ചിട്ടുണ്ട്. മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് പറയുന്നു, ‘ഹിജ്‌റ നാലാം വര്‍ഷം, ശവ്വാൽ മാസത്തിന്‍റെ അവസാനത്തിൽ നബിതിരുമേനി(സ) 1500 അനുചരന്മാരുമായി മദീനയിൽ നിന്നും പുറപ്പെട്ടു. ഈ യുദ്ധനീക്കത്തിന് കാരണമായത് ബദ്ർ യുദ്ധത്തിനുശേഷം അബൂസുഫ്‌യാൻ നടത്തിയ വെല്ലുവിളിയായിരുന്നു.

ഉഹുദ് യുദ്ധത്തിനുശേഷം തിരിച്ചു പോകുന്ന സമയത്ത് അബൂസുഫ്‌യാൻ വിളിച്ചു പറഞ്ഞു, “അടുത്ത വര്‍ഷം ബദ്ർ മൈതാനത്ത് വീണ്ടും നമ്മൾ കണ്ടുമുട്ടും. അവിടെ യുദ്ധം ഉണ്ടാകും. ഇതുകേട്ട പ്രവാചകൻ ഹദ്‌റത്ത് ഉമറിനോട് പറയാൻ പറഞ്ഞു ‘ ഇന്‍ശാ അല്ലാഹ് (അല്ലാഹു ഇച്ഛിക്കുകയാണെങ്കിൽ)’. മറ്റൊരു നിവേദനപ്രകാരം പ്രവാചകൻ സ്വയം ‘ഇന്‍ശാ അല്ലാഹ്’ എന്ന് പറയുകയുണ്ടായി.”

അബൂ സുഫ്‌യാൻ യുദ്ധത്തിന് വെല്ലുവിളി നടത്തിയിരുന്നെങ്കിലും, യുദ്ധസമയം അടുത്തുവരുന്തോറും യുദ്ധത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങി. പക്ഷേ ജനങ്ങള്‍ക്ക് മുന്നിൽ പ്രകടിപ്പിച്ചിരുന്നത്, താൻ വലിയൊരു സൈന്യവുമായി മദീനയെ ആക്രമിക്കാൻ വേണ്ടി തയ്യാറായിക്കൊണ്ടിരിക്കുകയാണ്  എന്നായിരുന്നു. ഇതിന് വേണ്ടി അബൂ സുഫ്‌യാൻ , നുഅയ്മിനെ ഇരുപത് ഒട്ടകങ്ങൾ നല്കാം എന്ന വ്യവസ്ഥയിൽ മദീനയിലേക്ക് അയച്ചു. അബൂസുഫ്‌യാൻ ശക്തമായ ഒരു സൈനിക നീക്കത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നുഅയ്മിം മുസ്‌ലിംങ്ങളെ ധരിപ്പിച്ച് യുദ്ധത്തിൽ നിന്ന് പിന്മാറാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ മുസ്‌ലിംങ്ങൾ ആ വ്യക്തിയുടെ തന്ത്രത്തില്‍പ്പെടാതെ ആത്മാര്‍ഥതയോടുകുടി പ്രവാചകനൊപ്പം യുദ്ധത്തിനായി തയ്യാറായി.

ഹദ്‌റത്ത് ബശീർ അഹ്‌മദ് സാഹിബ് പറയുന്നു “ ഉഹദ് യുദ്ധത്തിനുശേഷം ശക്തമായ ഒരു സൈന്യം തന്‍റെ കൂടെ ഉണ്ടായിരുന്നിട്ടും അബൂസുഫ്‌യാൻ യുദ്ധത്തെ ഭയന്നിരുന്നു. ഇതിനെക്കാൾ അധികമായി ആള്‍ബലമുള്ള, ശക്തമായ ഒരു സൈന്യം തന്‍റെ കൂടെയുണ്ടാകുന്നതുവരെ മുസ്‌ലിംങ്ങളുമായി യുദ്ധം ചെയ്യാൻ അബൂസുഫ്‌യാൻ ആഗ്രഹിച്ചിരുന്നില്ല.”

അബൂസുഫ്‌യാൻ യുദ്ധത്തിനായി സൈന്യത്തെ തയ്യാറാക്കുന്നു എന്ന വാര്‍ത്ത ലഭിച്ചപ്പോൾ നബിതിരുമേനി(സ) അബ്ദുല്ലാഹ് ബിൻ ഉബയ് ബിൻ സുലൂലിന്‍റെ മകൻ അബ്ദുല്ലാഹ്(റ)നെ മദീനയിലെ അമീറായി നിശ്ചയിച്ചു. അദ്ദേഹം യഥാര്‍ഥ വിശ്വാസിയും ത്യാഗ മനോഭാവമുള്ള സഹാബിയുമായിരുന്നു. മറ്റൊരു നിവേദനമനുസരിച്ച് പ്രവാചകൻ(സ) ഹദ്‌റത്ത് അബ്ദുല്ലാഹിബ്‌നു റവാഹയെ അമീറായി നിശ്ചയിച്ചു.

നബിതിരുമേനി(സ) തന്‍റെ പതാക ഹദ്‌റത്ത് അലി(റ)നെ എല്പിച്ചു. മുസ്‌ലിംങ്ങൾ തങ്ങളുടെ കച്ചവട ചരക്കുമായി ബദ്‌റിലേക്ക് പുറപ്പെട്ടു. ബാഹ്യമായ നിലയിൽ മുസ്‌ലിംങ്ങൾ അബൂസുഫ്‌യാനുമായി യുദ്ധത്തിനാണ് പുറപ്പെട്ടതെങ്കിലും, കച്ചവട സാധനങ്ങൾ കൂടെ കൊണ്ടുപോകുന്നതിൽ നിന്നും മനസ്സിലാകുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അബൂ സുഫ്‌യാൻ യുദ്ധത്തിനായി വരില്ല എന്ന് അവർ വിശ്വസിച്ചിരുന്നു എന്നാണ് .ഇനി വരികയാണെങ്കിലും അല്ലാഹു മുസ്‌ലിംങ്ങൾക്ക് വിജയം നല്കുമെന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

മുസ്‌ലിംങ്ങൾ വഗ്ദാനമനുസിച്ച് യുദ്ധമൈതാനത്ത് എത്തിചേര്‍ന്നിരുന്നു. എന്നാൽ മറുഭാഗത്ത് അബൂസുഫ്‌യാൻ ഖുറൈശി നേതാക്കളോട് പറഞ്ഞത് യുദ്ധത്തിനായി പുറപ്പെടുന്നതിനു മുന്‍പ് തന്നെ മുസ്‌ലിംങ്ങളെ തടയുന്നതിനായി ഞാൻ നുഐമിനെ അയച്ചിട്ടുണ്ട്. നമുക്ക് ഒന്ന് രണ്ട് രാത്രികള്‍ക്ക് വേണ്ടി മക്കയിൽ നിന്ന് പുറപ്പെടുകയും പിന്നീട് തിരിച്ചുവരികയും ചെയ്യാം. മുസ്‌ലിംങ്ങൾ യുദ്ധത്തിനായി പുറപ്പെട്ടില്ലെങ്കിൽ മുസ്‌ലിംങ്ങൾ യുദ്ധത്തിന് തയ്യാറായില്ല എന്നും അങ്ങനെ നമ്മൾ വിജയികളായി എന്നും പ്രഖ്യാപിക്കാം, ഇനി മുസ്‌ലിംങ്ങൾ യുദ്ധത്തിന് തയ്യാറായി വരികയാണെങ്കിൽ  ഈ വര്‍ഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം വരള്‍ച്ചയുടെ വര്‍ഷമാണ് യുദ്ധത്തിനായി സുഭിക്ഷതയുടെ വര്‍ഷമാണ് അനുയോജ്യമായത് എന്ന് പറയാം.

ഖുറൈശികൾ അബൂസുഫ്‌യാന്‍റെ നിര്‍ദേശം അംഗീകരിക്കുകയും അങ്ങനെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രണ്ടായിരം പേരടങ്ങുന്ന ഒരു സൈന്യം പുറപ്പെടുകയും ചെയ്തു. മക്കയിൽ നിന്നും 22 കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ അവിശ്വാസികളുടെ സൈന്യത്തിന്‍റെ ധൈര്യം ചോര്‍ന്നു പോവുകയും മുസ്‌ലിംങ്ങളുമായി യുദ്ധം ചെയ്യാനുള്ള ആര്‍ജവം ഇല്ലാതായിത്തീരുകയും ചെയ്തു. അബൂസൂഫ്‌യാൻ സൈന്യം തിരിച്ചു പോകുന്നതിനുള്ള പ്രഖ്യാപനം നടത്തി കൊണ്ടു പറഞ്ഞു, നിങ്ങളെ സംബന്ധിച്ചിടത്തോളം ക്ഷേമത്തിന്‍റെയും സുഭിക്ഷതയുടെയും വര്‍ഷമാണ് യുദ്ധത്തിന് അനുയോജ്യം. ഈ വര്‍ഷം വരൾച്ചയുടെ വര്‍ഷമാണ്. അതുകൊണ്ട് ഞാൻ തിരിച്ചു പോകുന്നു. നിങ്ങളും തിരിച്ചു പോകുക. അബൂസൂഫ്‌യാന്‍റെയും പ്രഖ്യാപനത്തിനു ശേഷം ഖുറൈശികളുടെ സൈന്യം തിരിച്ചുപോയി. ഒരാളും തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. ഇതിൽ നിന്ന് മനസ്സിലാകുന്നത് മുസ്‌ലിംങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ഭയന്നിരുന്നു എന്നാണ്.     നബിതിരുമേനി(സ) എട്ട് രാത്രികൾ അവിടെ തങ്ങിയതിന് ശേഷം മദീനയിലേക്ക് യാത്ര തിരിച്ചു. ശത്രുക്കൾ മുസ്‌ലിംങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാൻ ധൈര്യമില്ലാതെ പിന്മാറിയത് മുസ്ലിങ്ങളുടെ ആത്മവീര്യം വര്‍ധിപ്പിച്ചു. അവിടെയുള്ള ചില അവിശ്വാസികള്‍ക്ക് ഖുറൈശി നേതാക്കളോടായിരുന്നു പ്രതിബദ്ധത ഉണ്ടായിരുന്നത്. ഈ സംഭവത്തിന് ശേഷം അവരിൽ നബിതിരുമേനി(സ)യുടെ പ്രതാപം വര്‍ധിച്ചു.

ബദ്‌റിലുള്ള ചില കച്ചവടക്കാർ മക്കയിലേക്ക് തിരിച്ചുവന്ന് മുസ്‌ലിംങ്ങളുടെ സുസംഘടിതമായ സംവിധാനത്തെ കുറിച്ചും അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും മക്കയിലെ നേതാക്കന്മാരോട് പറഞ്ഞപ്പോൾ അബൂ സൂഫ്‌യാനും മറ്റു നേതാക്കളും തങ്ങൾ കാണിച്ച ഭീരുത്വത്തിലും, വാഗ്ദാന ലംഘനത്തിലും ലജ്ജിക്കുകയുണ്ടായി.

രണ്ടാമത്തെ യുദ്ധ നീക്കം ദൂമത്തുൽ ജന്ദൽ ആണ് . ഇത് ഹിജ്‌റ അഞ്ചാം വര്‍ഷം റബീഉൽ അവ്വൽ മാസം 25 നാണ് നടന്നത്. ഈ പ്രദേശം മദീനയിൽ നിന്നും 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  മദീനക്ക് പുറത്ത് റോമൻ സാമ്രാജ്യത്തിനടുത്ത് ശാമിന്‍റെ അതിര്‍ത്തിയിൽ നടന്ന ആദ്യത്തെ സൈനിക നീക്കമായിരുന്നു ഇത്. മുസ്‌ലിംങ്ങളുടെ തുടര്‍ച്ചയായുള്ള വിജയവും ആധിപത്യവും കണ്ട ഇസ്‌ലാമിന്‍റെ ശത്രുക്കൾ തിരിച്ച് യുദ്ധം ചെയ്യാനായി ഒരവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. മദീനയിലെ വടക്ക് ഭാഗത്ത് ശാമിന്‍റെ അതിര്‍ത്തി പ്രദേശമായ ദൂമത്തുൽ ജന്ദലിന്‍റെ പരിസരത്തുള്ള ഗോത്രങ്ങൾ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യാൻ വലിയൊരു സൈന്യം തയ്യാറാക്കാൻ ആരംഭിച്ചു. ഈ ഗോത്രങ്ങൾ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി യാത്രാസംഘങ്ങളെ കൊള്ളയടിക്കുമായിരുന്നു. അവരുടെ അവസ്ഥയെക്കുറിച്ച് നബിതിരുമേനി(സ)ക്ക് അറിയിപ്പ് ലഭിച്ചപ്പോൾ, ദൂമത്തുൽ ജന്ദൽ ഗോത്രങ്ങൾ സൈന്യം തയ്യാറാക്കി മദീനയിൽ ആക്രമിക്കുന്നതിനു മുമ്പായി, അവരുടെ പ്രദേശത്ത് ചെന്ന് അവരോട് യുദ്ധം ചെയ്യാൻ തീരുമാനമായി. അപ്രകാരം അവർ മദീനയെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടു നില്‍ക്കുകയും കച്ചവട സംഘങ്ങള്‍ക്ക് സുരക്ഷിതമായി ശാമിലേക്ക് യാത്ര ചെയ്യാനും സാധിക്കും.

നബിതിരുമേനി(സ) ജനങ്ങളോട് യുദ്ധത്തിനായി പുറപ്പെടാനുള്ള ആഹ്വാനം നടത്തി. രാത്രി സമയങ്ങളിൽ യാത്ര ചെയ്തും പകൽ മറഞ്ഞിരുന്നും ആയിരം ആളുകൾ അടങ്ങുന്ന സൈന്യം യാത്ര തിരിച്ചു.

ഹദ്‌റത്ത് ബശീർ അഹ്‌മദ് സാഹിബ് പറയുന്നു “നബിതിരുമേനി(സ) 15, 16 ദിവസത്തെ യാത്രയ്ക്കുശേഷം ദൂമത്തുൽ ജന്ദൽ എത്തിയപ്പോൾ അവിടെയുള്ള ആളുകൾ മുസ്‌ലിംങ്ങൾ വരുന്ന കാര്യം അറിഞ്ഞ് പല സ്ഥലങ്ങളിലേക്കായി ഓടി മറഞ്ഞു. നബിതിരുമേനി(സ) കുറച്ചുദിവസം അവിടെ തങ്ങുകയും, ചെറിയ ചെറിയ സംഘങ്ങളായി ആളുകളെ പലസ്ഥലത്തേക്ക് അയക്കുകയും ചെയ്‌തെങ്കിലും അവരെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല.”

ദൂമത്തുൽ ജന്ദലിൽ നിന്നും തിരിച്ചു വരുന്നതിനെ കുറിച്ച് എഴുതുന്നു, ‘നബിതിരുമേനി(സ) അവിടെ മൂന്ന് ദിവസം താമസിച്ചതിനു ശേഷം സൈന്യവുമായി 20 റബീഉസ്സാനിയിൽ മദീനയിൽ തിരിച്ചെത്തി. ഈ സൈനിക നീക്കം മുസ്‌ലിംങ്ങള്‍ക്ക് വളരെയധികം ഗുണകരമായി. ഈ സൈനിക നീക്കത്തിലൂടെ മുസ്‌ലിംങ്ങള്‍ക്ക് ആ പ്രദേശത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചു. ഇതും അതിന്‍റെ ഒരു ലക്ഷ്യമായിരുന്നു. അറബികള്‍ക്ക് റോമൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്യാൻ സാധിക്കില്ല എന്ന അപകര്‍ഷതാബോധം ദൂരീകരിക്കുക എന്നതും ഇതിന്‍റെ ഒരു ലക്ഷ്യമായിരുന്നു.

ഹദ്‌റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് പറയുന്നു ‘’രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല. മദീനയിൽ നിന്നും വളരെയധികം ദൂരത്തായിരുന്നതിനാൽ ബാഹ്യമായ അവസ്ഥയിൽ അവരിൽ നിന്നും യാതൊരു അപകട സാധ്യതയുമുണ്ടായിരുന്നില്ല.”

ഖുതുബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് പറഞ്ഞു ‘പ്രര്‍ഥനയിലേക്ക് ഞാൻ വീണ്ടും ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുകയാണ്. ലോകത്ത് അല്ലാഹു സമാധാനം സ്ഥാപിതമാകുന്നതിന് വേണ്ടി പ്രാര്‍ഥിക്കുക. ലോകത്ത് സമാധാനം സ്ഥാപിക്കുക എന്നതു തന്നെയായിരുന്നു നബിതിരുമേനി(സ)യുടെ ആഗമന ലക്ഷ്യം. അതിനുവേണ്ടി ആ മഹാത്മാവ് പരിശ്രമിച്ചു. ഇതെല്ലാം അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ മാത്രമേ സാധ്യമാകൂ. അതിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക.

ഇന്ന് ലോകത്ത് ബാഹ്യമായ നിലയിൽ സമാധാന സ്ഥാപനത്തിന്‍റെ ഒരു മാര്‍ഗവും കാണുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഇത് ഇനിയും വര്‍ദ്ധിക്കുന്നതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് ഇനി മുസ്‌ലിംങ്ങളും തങ്ങളുടെ രക്ഷക്കായി ഐക്യത്തോടുകൂടി നിന്നുകൊണ്ട് തങ്ങളുടെ അവസ്ഥയിൽ പരിഷ്‌കരണം ഉണ്ടാക്കേണ്ടതാണ്. അല്ലാഹു മുസ്‌ലിം ലോകത്തിന് അതു മനസ്സിലാക്കാനുള്ള സൗഭാഗ്യം നല്കട്ടെ. സുഡാൻ പോലെയുള്ള മുസ്‌ലിം രാജ്യങ്ങളിൽ അവർ പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കുവേണ്ടിയും പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക. അവർ മതത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിച്ചുകൊണ്ട് തങ്ങളുടെ സഹോദരങ്ങളെ തന്നെ വധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് അമുസ്‌ലിംങ്ങളായിട്ടുള്ള ആളുകൾ മുസ്‌ലിംങ്ങളെ ആക്രമിക്കുന്നത്. അല്ലാഹു അവര്‍ക്ക് രാജ്യത്തോടും സമൂഹത്തോടും സേവനം ചെയ്യാനും സമാധാനം സ്ഥാപിക്കാനുമുള്ള സൗഭാഗ്യം നല്കട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed