അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്)ഡിസംബര്‍ 6, 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്മദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള വിശദീകരണങ്ങൾ തുടരുന്നതാണ്. ഹദ്റത്ത് മിർസാ ബശീർ അഹ്മദ്[റ] എഴുതുന്നു:
“ഉടമ്പടികളുടെ നിബന്ധനകൾ നിശ്ചയിക്കപ്പെടുമ്പോൾ അതിൽ ശ്രദ്ധിക്കപ്പെടാത്ത എന്തെങ്കിലും പഴുതുകൾ ഉണ്ടാകുകയും അതിൽ നിന്ന് വലിയ ഫലങ്ങൾ ഉരിത്തിരിയുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്. ഹുദൈബിയ സന്ധിയിലും ഇതുപോലെ ഒരു പഴുത് ഉണ്ടായിരുന്നു. ഈ ഉടമ്പടിയിൽ മക്കയിൽ നിന്നും മദീനയിലേക്ക് വരുന്ന പുരുഷൻമാരെ തിരിച്ചയക്കണം എന്ന വ്യക്തമായ പരാമർശം ഉണ്ടായിരുന്നെങ്കിലും ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് പോകുന്ന സ്ത്രീകളെ കുറിച്ചുള്ള പരാമർശം വിട്ടുപോയിരുന്നു. സന്ധി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മുസ്ലിം സ്ത്രീകൾ മദീനയിലേക്ക് പോയപ്പോഴാണ് ഈ പഴുത് മക്കക്കാർക്ക് മനസ്സിലായത്. ഇവരിൽ ആദ്യമായി മദീനയിൽ എത്തിയത് മക്കയിലെ ഒരു നേതാവ് ഉഖ്ബ ബിൻ അബി മുഈത്തിന്റെ മകൾ ഉമ്മു കുൽസും ആയിരുന്നു. മാതാവിന്റെ ഭാഗത്ത് നിന്ന് ഇവർ ഹദ്റത്ത് ഉസ്മാൻ ഇബ്നു അഫ്ഫാന്റെ സഹോദരിയായിരുന്നു. ഇവർ അസാധാരണമായ ധൈര്യം കാണിക്കുകയും കാൽനടയായി മദീനയിൽ എത്തിച്ചേർന്ന് നബിതിരുമേനി[സ]യുടെ സന്നിധിയിൽ ഹാജരായി ഇസ്ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇവർ മദീനയിൽ എത്തിയതിന് പിന്നാലെ ഇവരെ തിരിച്ച് മക്കയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ രണ്ടു ബന്ധുക്കളും മദീനയിലെത്തി. ഉടമ്പടിയിൽ പുരുഷൻ എന്ന വാക്കാണ് ഉപയോഗിച്ചെങ്കിലും ഈ നിബന്ധന പുരുഷനും സ്ത്രീക്കും പൊതുവായതാണ് എന്നും പുരുഷനും സ്ത്രീക്കും ഈ നിബന്ധന ബാധകമാണെന്നും ഇവർ പറഞ്ഞു. ഉടമ്പടിയിൽ പ്രയോഗിച്ച വാക്കുകൾ അനുകൂലമാണ് എന്നതിന് പുറമെ സ്ത്രീ ദുർബലയാണെന്ന കാരണത്താൽ പ്രത്യേക പരിഗണന ആവശ്യമാണെന്ന് ഉമ്മു കുൽസും വാദിച്ചു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ ദുർബലകളാണെന്ന കാരണത്താൽ അവരെ മക്കയിലേക്ക് തിരിച്ചയക്കുക എന്നത് അവരെ ആത്മീയ മരണത്തിലേക്ക് തള്ളിവിടുന്നതിനും ഇസ്ലാമിൽ നിന്ന് അകറ്റി നിർത്തുന്നതിനും തുല്യമാണ്. അതിനാൽ ഈ ഉടമ്പടിയിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തുക എന്നത് ഉടമ്പടിയുടെ നിബന്ധനക്കനുസരിച്ചുള്ള കാര്യമാണ് എന്ന് മാത്രമല്ല യുകാതിപരമായി നോക്കുകയാണെങ്കിലും അത് നീതിയുമാണ്. അതിനാൽ സ്വാഭാവികമായും ന്യായമായും നബിതിരുമേനി[സ] ഉമ്മു കുൽസൂമിന് അനുകൂലമായി വിധി പറയുകയും അവരുടെ ബന്ധുക്കളെ തിരിച്ചയക്കുകയും ചെയ്തു. ഈ തീരുമാനത്തെ അല്ലാഹു അംഗീകരിക്കുകയും ഇതിനെ കുറിച്ച് ഖുർആനിക വചനം അവതരിക്കുകയും ചെയ്തു.” [1]
അബു ബസീറിന്റെ മക്കയിലേക്കുള്ള മടക്കം
ഈ സംഭവത്തെ കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്മദ്[റ] പറയുന്നു:
“ഖുറൈശികളിൽ നിന്ന് ആരെങ്കിലും ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് വരുകയാണെങ്കിൽ മുസ്ലിങ്ങൾ ആ വ്യക്തിക്ക് അഭയം നൽകരുതെന്നും മക്കയിലേക്ക് തിരിച്ചയക്കണമെന്നും, അതുപോലെ മദീനയിൽ നിന്ന് ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് മക്കയിലേക്ക് പോവുകയാണെങ്കിൽ മക്കക്കാർ ആ വ്യക്തിയെ തിരിച്ച് മദീനയിലേക്ക് അയക്കേണ്ടതില്ല എന്നും ഹുദൈബിയ സന്ധിയിലെ നിബന്ധനകളിലെ ഒരു നിബന്ധനയായിരുന്നു. ഇത് പ്രത്യക്ഷത്തിൽ മുസ്ലിങ്ങൾക്ക് എതിരായ ഒരു നിബന്ധനായിരുന്നു. മുസ്ലിങ്ങളിൽ പലർക്കും ഈ നിബന്ധന അംഗീകരിക്കപ്പെട്ടതിനാൽ അതൃപ്തി ഉണ്ടായിരുന്നു. ഹദ്റത്ത് ഉമർ[റ]നെ പോലെയുള്ള ആദരണീയനും പ്രമുഖനുമായ അനുചരന് പോലും അന്നത്തെ വൈകാരിക അവസ്ഥയിൽ ഈ നിബന്ധന കാരണം അതൃപ്തിയും അസ്വസ്ഥതയും ഉണ്ടായിരുന്നു. എന്നാൽ അധികം നാൾ കഴിയുന്നതിന് മുൻപ് തന്നെ ഈ നിബന്ധന മുസ്ലിങ്ങൾക്ക് ശക്തി പകരുന്നതും ഖുറൈശികളെ ദുർബലപ്പെടുത്തുന്നതുമാണെന്ന് തെളിഞ്ഞു. നബിതിരുമേനി[സ] ആരംഭത്തിൽ തന്നെ പറഞ്ഞത് പോലെ ഒരു മുസ്ലിം ഇസ്ലാം ഉപേക്ഷിക്കുകയാണെങ്കിൽ അത് ഒരു ഉണങ്ങിയ ശാഖ പോലെയാണ്. അത് മുറിച്ച് കളയുകയാണ് നല്ലത്. ഇതിന് വിപരീതമായി ആരെങ്കിലും ആത്മാർത്ഥമായി ഇസ്ലാം സ്വീകരിക്കുകയും, അയാൾക്ക് മദീനയിൽ അഭയം ലഭിച്ചാലും ഇല്ലെങ്കിലും ആ വ്യക്തി താമസിക്കുന്ന സ്ഥലം ഏതായാലും അവിടെ ഇസ്ലാം ശക്തി പ്രാപിക്കുകയാണ് ചെയ്യുക. ആത്യന്തികമായി അല്ലാഹു ആ വ്യക്തിയുടെ മോചനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യും. നബിതിരുമേനി[സ]യുടെ ഈ വീക്ഷണം ശരിയാണെന്ന് തെളിഞ്ഞു. നബിതിരുമേനി[സ] മദീനയിൽ തിരിച്ചെത്തി അധിക നാൾ കഴിയുന്നതിന് മുൻപ് തന്നെ മക്കയിലെ ബനൂ സുഹ്റ ഗോത്രത്തിലെ അബൂ ബസീർ ഉത്ബ ബിൻ ഉസൈദ് സഖാഫി ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഖുറൈശികളിൽ നിന്ന് രക്ഷപ്പെട്ട് മദീനയിൽ എത്തിച്ചേർന്നു. ഖുറൈശികൾ മദീനയിലേക്ക് രണ്ട് പേരെ അയച്ച് അബൂ ബസീറിനെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. സന്ധിയിലെ നിബന്ധ പ്രകാരം മക്കയിലേക്ക് തിരിച്ച് പോകാൻ നബിതിരുമേനി[സ] അബൂ ബസീറിനോട് ആവശ്യപ്പെട്ടു. അബൂ ബസീർ പറഞ്ഞു; ‘ഞാൻ ഒരു മുസ്ലിമാണ്. ഇവർ എന്നെ മക്കയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ്. ഇസ്ലാം ഉപേക്ഷിക്കാൻ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും.‘ നബിതിരുമേനി[സ] പറഞ്ഞു: ‘നാം ഒരു ഉടമ്പടിക്ക് വിധേയരാണ്. അതിനാൽ താങ്കളെ ഇവിടെ നിർത്താൻ കഴിയില്ല. താങ്കൾ ദൈവത്തിന് വേണ്ടി ക്ഷമ കൈക്കൊള്ളുക. അവൻ താങ്കൾക്ക് വേണ്ടി ഒരു വഴി തുറക്കുന്നതായിരിക്കും. നിബന്ധനകൾക്ക് എതിരെ നമുക്ക് പ്രവർത്തിക്കാൻ ആകില്ല.‘ നിസ്സഹായനായ അബൂ ബസീർ മക്കയിൽ നിന്ന് വന്നവരോടൊപ്പം മക്കയിലേക്ക് യാത്ര ആരംഭിച്ചു. എന്നാൽ മക്കയിൽ എത്തിയാൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഇസ്ലാം എന്ന അനുഗ്രഹത്തെ മറച്ചു വെക്കേണ്ടി വരുമെന്നും, ഒരുപക്ഷെ കൊടിയ പീഡനങ്ങളാൽ പൂർണമായും ഇസ്ലാമിൽ നിന്നും അകന്നു തന്നെ നിൽക്കേണ്ടി വരുമെന്നും ഭയന്നു. അതിനാൽ ഈ സംഘം മദീനയിൽ നിന്നും കുറച്ചു മൈലുകൾ അകലെയുള്ള ദുൽഹുലൈഫയിൽ എത്തിയപ്പോൾ അദ്ദേഹം അവസരം മുതലെടുത്ത് അദ്ദേഹത്തെ കൊണ്ടുപോകാൻ വന്ന രണ്ടു പേരിൽ ഒരാളെ വധിച്ചു. രണ്ടാമത്തെയാൾ അദ്ദേഹത്തിൽ നിന്നും രക്ഷപ്പെട്ടു ഓടി അദ്ദേഹത്തിന് മുൻപ് തന്നെ മദീനയിലെത്തി.
ഈ വ്യക്തി മദീനയിലെത്തി നേരെ നബിതിരുമേനി[സ]യുടെ അടുത്തേക്ക് വന്നു. അപ്പോൾ നബിതിരുമേനി[സ] പള്ളിയിലായിരുന്നു. ഈ വ്യക്തിയുടെ അവസ്ഥ കണ്ടപ്പോൾ ഇയാൾ എന്തോ കാരണത്താൽ ഭയന്നിരിക്കുകയാണല്ലോ എന്ന് നബിതിരുമേനി[സ] പറഞ്ഞു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടും ഭയം കൊണ്ട് വിറച്ചും അയാൾ നബിതിരുമേനി[സ]യോട് പറഞ്ഞു: ‘എന്റെ കൂടെയുള്ള വ്യക്തി കൊല്ലപ്പെട്ടിരിക്കുന്നു. ഞാനും മരണത്തിന്റെ വായിലകപ്പെട്ട അവസ്ഥയിലാണ്.‘ നബിതിരുമേനി[സ] അയാളെ സമാധാനിച്ചു. ഈ സമയത്ത് അബൂ ബസീർ ഊരിപ്പിച്ച വാളുമായി കയറി വന്നു, എന്നിട്ട് പറഞ്ഞു: ‘ അല്ലാഹുവിന്റെ ദൂതരേ താങ്കൾ ഖുറൈശികളുടെ കൈകളിൽ എന്നെ ഏൽപ്പിച്ചതോടെ താങ്കളുടെ ഉത്തരവാദിത്തം നിറവേറ്റിരിയിരിക്കുന്നു. ദൈവം എന്നെ ഈ ക്രൂരന്മാരിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. ഇപ്പോൾ താങ്കൾക്ക് എന്റെ മേൽ ഒരു ഉത്തരവാദിത്തവും ഇല്ല.
ഇത് കേട്ടപ്പോൾ നബിതിരുമേനി[സ] പറഞ്ഞു: ‘ആഹോ കഷ്ടം, ഈ മനുഷ്യൻ യുദ്ധത്തിന്റെ തീ കത്തിക്കുകയാണല്ലോ. ഈ വ്യക്തിയെ നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ‘.
ഈ വാക്കുകൾ കേട്ടപ്പോൾ ഏത് അവസ്ഥയിലും നബിതിരുമേനി[സ] തന്നെ മദീനയിൽ താമസിക്കാൻ അനുവദിക്കില്ല എന്ന് അബൂ ബസീറിന് മനസ്സിലായി. അതിനാൽ അദ്ദേഹം തന്റെ ആത്മീയവും ഭൗതീകവുമായ മരണത്തെ മുന്നിൽ കണ്ട മക്കയിലേക്ക് പോകാതെ ചെങ്കടലിന്റെ തീരത്തുള്ള സൈഫുൽ ബഹ്ർ എന്ന സ്ഥലത്തേക്ക് പോയി.
അബൂ ബസീർ ഒരു പുതിയ അഭയസ്ഥാനം കണ്ടെത്തി എന്നറിഞ്ഞ മക്കയിലുള്ള ദുർബലരും രഹസ്യമായി ഇസ്ലാം സ്വീകരിച്ചവരുമായ മറ്റ് മുസ്ലിങ്ങൾ പതിയെ പതിയെ മക്കയിൽ നിന്നും സൈഫുൽ ബഹ്റിലേക്ക് ഏതാണ് തുടങ്ങി. ഇവരിൽ മക്കയിലെ പ്രമാണിയായ സുഹൈൽ ബിൻ അംറിന്റെ മകൻ, നബിതിരുമേനി[സ] നബിആരംഭത്തിൽ തന്നെ മക്കയിലേക്ക് തിരിച്ചയച്ച, അബൂ ജന്ദലും ഉടനായിരുന്നു. ഇവർ മൊത്തം 70 പേരുണ്ടായിരുന്നു. ചില നിവേദനങ്ങളിൽ 300 പേരുണ്ടായിരുന്നു എന്നും കാണാം.
ഇത്തരത്തിൽ മദീനയെ കൂടാതെ മറ്റൊരു ഇസ്ലാമിക ദേശം സ്ഥാപിതമാവുകയാണ് ചെയ്തത്. ഈ ദേശം മതപരമായി നബിതിരുമേനി[സ]യുടെ കീഴിലായിരുന്നു. എന്നാൽ ഭരണപരമായി ഈ ദേശം സ്വാതന്ത്രവുമായിരുന്നു. ഹിജാസിൽ സ്വതന്ത്രമായ ഒരു രാഷ്ട്രീയ സംവിധാനം നിലനിൽക്കുക എന്നത് ഖുറൈശികളെ സംബന്ധിച്ചടത്തോളം ആപൽക്കരമായിരുന്നു എന്ന് മാത്രമല്ല സൈഫുൽ ബഹറിലേക്ക് ഹിജ്റത്ത് ചെയ്തവർ മക്കയിലെ ഖുറൈശികളാൽ കൊടിയ പീഡനങ്ങൾ അനുഭവിച്ചവരായിരുന്നു. ഈ കാരണത്താൽ മക്കയിലെ ഖുറൈശികളും മദീനയിലെ മുഹാജിരീങ്ങളും തമ്മിൽ ആരംഭ കാലത്ത് ഉണ്ടായിരുന്നത് പോല സൈഫുൽ ബഹ്റിലെ മുഹാജിരീങ്ങളും ഖുറൈശികളും തമ്മിൽ ആയിത്തീർന്നു.
സൈഫുൽ ബഹ്ർ മദീനയിൽ നിന്നും സിറിയയിലേക്ക് പോകുന്ന വഴിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത് എന്നതിനാൽ ഖുറൈശികളുടെ കച്ചവട സംഘങ്ങളും ഇവിടെയുള്ള മുഹാജിരീങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരുന്നു. ഇത് ഖുറൈശികളെ സംബന്ധിച്ചിടത്തോളം ആപൽക്കരമായ ഒരു കാര്യമായിരുന്നു. എന്തെന്നാൽ കഴിഞ്ഞ യുദ്ധത്തിന് ശേഷം അവർ ദുർബലരായി മാറിയിരുന്നു. അവരുടെ എണ്ണവും വളരെയധികം കുറഞ്ഞിരുന്നു. അബൂ ബസീർ , അബൂ ജന്ദൽ എന്നിവരെ പോലെയുള്ള ദൃഢവിശാസമുള്ള ഉജ്ജ്വലരായ സഹാബികളുടെ നേതൃത്തിലുള്ള ഈ സംഘം കഴിഞ്ഞ കാലത്തെ കൊടിയ പീഡനങ്ങളുടെ കയ്പ്പേറിയ ഓർമ്മകളിൽ ഏത് ആക്രമണത്തെയും തൃണവല്ഗണിക്കുന്നവരായിരുന്നു. തത്ഫലമായി കുറച്ച് സമയത്തിനുള്ളിൽ തന്നെ ഖുറൈശികൾ ആയുധം താഴെ വെച്ചു. അവർ ഒരു പ്രതിനിധി സംഘത്തെ അയച്ചുകൊണ്ട് സൈഫുൽ ബഹറിലെ മുഹാജിരീങ്ങളെ മദീനയിലേക്ക് വിളിപ്പിക്കാൻ നബിതിരുമേനി[സ]യോട് തങ്ങളുടെ ബന്ധുത്വത്തെ മുൻനിർത്തി അപേക്ഷിച്ചു. കൂടാതെ മക്കയിൽ നിന്നും മദീനയിലേക്ക് വരുന്ന മുസ്ലിങ്ങളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ഹുദൈബിയ സന്ധിയിലെ നിബന്ധനയെ അസാധുവാക്കാനും അപേക്ഷിച്ചു. നബിതിരുമേനി[സ] ഈ അപേക്ഷ സ്വീകരിച്ചു. നബിതിരുമേനി[സ] അബൂ ബസീറിനെയും അബു ജന്ദലിനെയും മറ്റുള്ളവരെയും ഒരു ദൂതനെ അയച്ച് മദീനയിലേക്ക് വിളിപ്പിച്ചു. നബിതിരുമേനി[സ]യുടെ ഈ ദൂതൻ സൈഫുൽ ബഹറിൽ എത്തിയപ്പോഴേക്കും അവരുടെ ധീര നേതാവ് അബൂ ബസീർ രോഗം ബാധിച്ച് കിടപ്പിലായിരുന്നു. നബിതിരുമേനി[സ]യുടെ കത്ത് വളരെ സ്നേഹത്തോടെ ഏറ്റുവാങ്ങി എങ്കിലും അതെ അവസ്ഥയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അബൂ ജന്ദലും സംഘവും തങ്ങളുടെ ധീര നേതാവിനെ സൈഫുൽ ബഹറിൽ തന്നെ ഖബറടക്കി. തുടർന്ന് സുഖദുഃഖസമ്മിശ്ര വികാരങ്ങളോടെ നബിതിരുമേനി[സ]യുടെ സന്നിധിയിലെത്തി.”
ആക്ഷേപങ്ങളും മറുപടികളും
നബിതിരുമേനി[സ]യുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും തെറ്റായ രീതിയിൽ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന അമുസ്ലിം ചരിത്രകാരന്മാർ ഹുദൈബിയെ സന്ധിയെ കുറിച്ചും ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. ഹദ്റത്ത് മിർസാ ബശീർ അഹ്മദ്[റ] എഴുതുന്നു:
“നബിതിരുമേനി[സ]യുടെ ജീവിതത്തിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് ആക്ഷേപം ഉന്നയിക്കുന്ന പാശ്ചാത്യ ചരിത്രകാരന്മാർ ഹുദൈബിയ സന്ധിയെയും ആക്ഷേപരഹിതമാക്കിയിട്ടില്ല. ക്രൈസ്തവ എഴുത്തുകാർ ഹുദൈബിയ സന്ധിയെ കുറിച്ച് രണ്ടു ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒന്ന്, ഹുദൈബിയ സന്ധിയുടെ നിബന്ധനകൾ പൊതുവായി എല്ലാവരെയും ഉൾകൊള്ളിക്കുന്നത് കൊണ്ട് സ്ത്രീകളെ അതിൽ ണ് നിന്നും ഒഴിവാക്കിയത് ശരിയായ കാര്യമല്ല.
രണ്ട്, അബൂ ബസീറിന്റെ കാര്യത്തിൽ നബിതിരുമേനി[സ] ഉടമ്പടി ലംഘിച്ചിരിക്കുന്നു. അബൂ ബസീറിനോട് മക്കയിലേക്ക് പോകാൻ നിർദേശിക്കാതെ ഒരു പ്രത്യേക സംഘം ഉണ്ടാക്കിയെടുത്തതിലൂടെ നബിതിരുമേനി[സ] ഉടമ്പടിക്കെതിരെ പ്രവർത്തിച്ചിരിക്കുന്നു.
ആദ്യമായി നാം മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഈ ഉടമ്പടി ആരംഭ കാലം മുതൽക്കേ നബിതിരുമേനി[സ]യുമായി യുദ്ധം ചെയ്തുവരുന്ന മക്കയിലെ ഖുറൈശികളുമായിട്ടായിരുന്നു. ഈ ഉടമ്പടി ചെയ്യുന്ന സമയത്ത് അവർ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും നബിതിരുമേനി[സ]യെ തടയുന്നതും വിമർശിക്കുന്നതും നാം കണ്ടതാണ്. അവർ അന്യസമുദായമൊന്നും അല്ലായിരുന്നു. എല്ലാ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവുള്ള നബിതിരുമേനി[സ]യുടെ തന്നെ സമൂഹമായിരുന്നു. ഉടമ്പടിയുടെ നിബന്ധനകൾ കുറിച്ചുള്ള പൂർണ വിവരവും അതിന്റെ പശ്ചാത്തലവുമെല്ലാം അവരുടെ കൺമുന്നിലുണ്ടായിരുന്നു. അതിനാൽ, ഈ സന്ധിയിൽ കക്ഷിയായിരുന്ന മക്കയിലെ ഖുറൈശികൾ നബിതിരുമേനി[സ] സന്ധിക്കെതിരെ പ്രവർത്തിച്ചു എന്ന് ആക്ഷേപിച്ചിട്ടില്ല എന്നിരിക്കെ 1300 വർഷങ്ങൾക്ക് ശേഷമുള്ള, വിവിധ സൂക്ഷമ കാര്യങ്ങളെ കുറിച്ചോ അന്നുണ്ടായിരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങളെ കുറിച്ചോ പൂർണമായ അറിവില്ലാത്ത ഇവർക്ക് ആക്ഷേപം ഉന്നയിക്കാനുള്ള എന്ത് അവകാശമാണുള്ളത്. ഖുർആനിലും ഹദീസുകളിലും അറേബിയയുടെ ചരിത്രത്തിലും ഇസ്ലാമിന്റെ ശത്രുക്കളും കപടവിശ്വാസികളും നബിതിരുമേനി[സ]ക്കെതിരെയും ഇസ്ലാമിനെതിരെയും ഉയർത്തിയ ധാരാളം ആരോപണങ്ങൾ കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഹുദൈബിയ സന്ധി മുസ്ലിങ്ങൾ ലംഘിച്ചു എന്ന ഒരു പരാമർശം പോലും എവിടെയും ലഭിക്കാത്തത് എന്തുകൊണ്ടാണ്.
ഹുദൈബിയ സന്ധിക്ക് ശേഷമാണ് നബിതിരുമേനി[സ] റോമിന്റെ അധിപനായ ഖൈസറിനെ ഇസ്ലാം സ്വീകരിക്കാൻ ക്ഷണിച്ച് കത്തയച്ചത് എന്ന് ആധികാരികമായ രേഖകളിൽ നിന്ന് വ്യക്തമാണ്. ഈ കത്ത് ഖൈസറിന് ലഭിച്ചപ്പോൾ മക്കാ നേതാവായ അബൂസുഫിയാൻ ബിൻ ഹർബ് സിറിയയിലുണ്ടായിരുന്നു. ഖൈസർ ഹെറാക്ലിയസ് അബൂസുഫിയാനെ തന്റെ ദർബാറിലേക്ക് വിളിപ്പിക്കുകയും നബിതിരുമേനി[സ]യെ കുറിച്ച് ചില ചോദ്യങ്ങൾ ആരായുകയും ചെയ്തിരുന്നു. ഈ ചോദ്യങ്ങളിൽ ഒരു ചോദ്യം, നിങ്ങളുടെ സമൂഹത്തിലെ പ്രവാചകത്വം വാദിക്കുന്ന ഈ വ്യക്തി എപ്പോഴെങ്കിലും ഉടമ്പടി ലംഘനം നടത്തിയിട്ടുണ്ടോ എന്നായിരുന്നു. അപ്പോൾ അബൂസുഫിയാൻ പറഞ്ഞു, ഇല്ല, മുഹമ്മദ് ഒരിക്കലും ഒരു ഉടമ്പടിയും ലംഘിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മുഹമ്മദുമായി ഞങ്ങൾ ഒരു സന്ധി ചെയ്തിട്ടുണ്ട്. ഈ സന്ധി അതിന്റെ കാലാവധി അവസാനിക്കുന്നത് വരെ അദ്ദേഹം എങ്ങനെയാണ് പെരുമാറുക എന്നെനിക്കറിയില്ല.
അബൂ സുഫിയാൻ പറയുന്നു; മുഴുവൻ സംഭാഷണത്തിലും ഹെറാക്ളിയസിന്റെ മനസ്സിൽ നബിതിരുമേനി[സ]ക്കെതിരിൽ എന്തെങ്കിലും സംശയം ജനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എനിക്ക് ഈ ഒരു കാര്യം മാത്രമാണ് പറയാൻ കഴിഞ്ഞത്.
ഹെറാക്ലിയസിന് അബൂ സുഫിയാനെ ദർബാറിലേക്ക് വിളിപ്പിച്ച് ഈ കാര്യങ്ങൾ ചോദിച്ചതുമെല്ലാം ഹുദൈബിയ സന്ധിക്ക് ശേഷം ഉടനെ നടന്ന സംഭവമല്ല. മറിച്ച് കത്തെഴുതാനും ഹെറാക്ലിയസിനെ കാണാനും ഹെറാക്ലിയസിന് തന്റെ ദര്‍ബാർ വിളിച്ച്ചേർക്കാനും അബൂ സുഫിയാനെ കണ്ടെത്താനുമേല്ലാം സമയമെടുക്കുന്ന കാര്യമാണ്. ഈ കാലയളവിൽ ഉമ്മി കുൽസൂമിന്റെയും അബൂ ബസീറിന്റെയും സംഭവങ്ങൾ സംഭവങ്ങൾക് സംഭവിച്ചു കഴിഞ്ഞരുന്നു എന്ന് മനസ്സിലാക്കാൻ. ഇതേ കാരണം കൊണ്ട് തന്നെയാണ് ചരിത്രകാരന്മാർ ഖൈസറിനെ ക്ഷണിച്ചുകൊണ്ട് കത്തെഴുതിയ സംഭവത്തിന് മുൻപായിട്ടാണ് ഉമ്മി കുൽസൂമിന്റെയും അബൂ ബസീറിന്റെയും സംഭവം പരാമർശിക്കുന്നത്.” [3]
ഈ തെളിവുകളെല്ലാം നിലനിൽക്കെ 1300 വർഷങ്ങൾക്ക് ശേഷം ജനിച്ച ചിലർ യാതൊരു ദൈവഭയവുമില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീകളെ ഉടമ്പടിയിൽ നിന്നും ഒഴിവാക്കി എന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉടമ്പടിയിൽ വ്യക്തമായി മക്കയിൽ നിന്നും മദീനയിലേക്ക് വരുന്ന പുരുഷൻ എന്ന വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ സ്ത്രീകളെ തിരിച്ചയക്കേണ്ടതില്ല എന്ന് നബിതിരുമേനി[സ] വിധി പറഞ്ഞു. ഖുറൈശികൾ ഇതിനെ കുറിച്ച് യാതൊരു ആക്ഷേപവും ഉന്നയിച്ചതുമില്ല.’അതെ സമയം അബൂ ബസീർ വന്നപ്പോൾ നബിതിരുമേനി[സ] അബൂ ബസീറിനെ തിരിച്ചയക്കുകയാണ് ചെയ്തത്. അബൂ ബസീർ രക്ഷപ്പെട്ട് വീണ്ടും മദീനയിലേക്ക് വന്നപ്പോഴും നബിതിരുമേനി[സ] അദ്ദേഹത്തെ മദീനയിൽ അനുവദിച്ചില്ല. പിന്നെ എങ്ങനെയാണ് നബിതിരുമേനി[സ] ഉടമ്പടിക്കെതിരിൽ പ്രവർത്തിച്ചു എന്ന ആക്ഷേപം ഉയരുന്നത്.
നീതിയുടെ വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ ഇരട്ടത്താപ്പ് നയമാണ് ഇത്. ഇവർ ഇത്തരത്തിൽ ലോകത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. ഇന്നും നമുക്ക് ഇവർ മൂലം ഉണ്ടാകുന്ന കുഴപ്പങ്ങൾ കാണാൻ സാധിക്കുന്നതാണ്. സർവ്വശക്തനായ അല്ലാഹു ലോകത്തിന് വിവേകം നൽകുമാറാകട്ടെ. പ്രത്യേകിച്ച് മുസ്ലിങ്ങൾക്ക് വിവേകം നൽകുമാറാകട്ടെ. അവരെ അവൻ ദജ്ജാലാലിന്റെ തന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കുമാറാകട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 3 പേജ് 147-149
[2]സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 3 പേജ് 150-154
[3] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 3 പേജ് 154-155
0 Comments