ആഗസ്റ്റ് 15, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ആഗസ്റ്റ് 9, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി എന്‍ താഹിര്‍ അഹ്‌മദ് ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു:
ജല്‍സക്ക് മുമ്പുള്ള ഖുത്ബകളിൽ മുറൈസി യുദ്ധത്തെ കുറിച്ചുള്ള വിവരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് കാപട്യത്തിന്‍റെ മാർഗം അബലംബിച്ചു കൊണ്ട് നബി(സ)യെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനേയും സംബന്ധിച്ച് പറഞ്ഞിരുന്നു. ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) തന്‍റെ സീറത്ത് ഖാത്തമുന്നബിയ്യീൻ എന്ന പുസ്തകത്തിൽ ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. യുദ്ധത്തിനുശേഷം നബി(സ) മുറൈസിയിൽ തന്നെ കുറച്ചു ദിവസം താമസിച്ചു. ആ സന്ദർഭത്തിൽ കപട വിശ്വാസികളായ കുറച്ചാളുകളുടെ കുതന്ത്രത്തിൽപ്പെട്ട് മുസ്‌ലിങ്ങൾ പരസ്പരം ഭിന്നിച്ച് യുദ്ധത്തിന്‍റെ അവസ്ഥ വരെ എത്തുകയുണ്ടായി. എന്നാൽ നബി(സ)യുടെ സന്ദർഭോചിതമായ ഇടപെടലൽ കൊണ്ടും വ്യക്തിപ്രഭാവത്താലും വലിയൊരു അപകടത്തിൽ നിന്നും മുസ്‌ലിങ്ങൾ രക്ഷപ്പെട്ടു.
ആ സംഭവം ഇപ്രകാരമാണ്. ഹദ്റത്ത് ഉമർ(റ)ന്‍റെ ജോലിക്കാരനായ ജഹ്ജാ വെള്ളമെടുക്കുന്നതിനു വേണ്ടി മുറൈസിയിലെ ഒരു കിണറിന്‍റെ അടുത്തേക്ക് പോയി. യാദൃശ്ചികമായി അൻസാറിൽ നിന്നുള്ള മറ്റൊരു വ്യക്തി സിനാനും വെള്ളമെടുക്കുന്നതിനു വേണ്ടി അവിടെ വന്നിരുന്നു. രണ്ടു പേരും അറിവില്ലാത്തവരായിരുന്നു. കിണറിന്‍റെ അടുത്ത് ഈ രണ്ടു പേരും പരസ്പരം കലഹിക്കാൻ തുടങ്ങി. ജഹ്ജാ സിനാനെ ആക്രമിച്ചു. സിനാൻ സഹായത്തിനു വേണ്ടി അൻസാറുകളെ വിളിച്ചു. ഇതുകണ്ട ജഹ്ജാ തന്‍റെ സഹായത്തിനു വേണ്ടി മുഹാജിറുകളെയും വിളിച്ചു. ഈ വിളി കേട്ട് ചില അൻസാറുകളും മുഹാജിറുകളും കിണറ്റിനടുത്ത് വാളുമായി ഓടി വരികയും അവിടെ ഒരുമിച്ചു കൂടി പരസ്പരം ആക്രമിക്കാൻ തയ്യാറായി നില്ക്കുകയും ചെയ്തു. അപ്പോൾ ചില ആളുകൾ അൻസാറുകളെയും മുഹാജിറുകളെയും മാറ്റി നിർത്തി അവർക്കിടയിൽ സന്ധി ഉണ്ടാക്കി. നബി(സ)ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവ് ലഭിച്ചപ്പോൾ അത് ജാഹിലിയത്തിന്‍റെ പ്രകടനം ആണെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെടുകയുണ്ടായി.
കപടവിശ്വാസികളുടെ നേതാവ് അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നതിന് വേണ്ടി പരിശ്രമിച്ചു. തന്‍റെ കൂട്ടാളികളെ പ്രവാചകനെതിരെ തിരിച്ചു. അവരോട് പറഞ്ഞു, മദീനയിൽ തിരിച്ചെത്തിയാൽ ഏറ്റവും ആദരണീയനായ വ്യക്തി ഏറ്റവും നിന്ദ്യനായ വ്യക്തിയെ നാട്ടിൽ നിന്നും പുറത്താക്കും. ആ സന്ദർഭത്തിൽ വളരെ ആത്മാർഥനായ ഒരു കുട്ടി സൈദ് ബിൻ അർഖം അവിടെ ഉണ്ടായിരുന്നു. ആ കുട്ടി ഇക്കാര്യം കേട്ട ഉടൻ തന്നെ തന്‍റെ പിതൃവ്യൻ മുഖേന നബി(സ)യെ വിവരം അറിയിച്ചു. ഹദ്റത്ത് ഉമർ(റ) ഇത് അറിഞ്ഞപ്പോൾ വളരെയധികം കോപിതനവുകയും പ്രവാചകന്‍(സ)യോട് അബ്‌ദുല്ലാഹ് ബിൻ ഉബയ്യിനെ വധിക്കുന്നതിനുള്ള അനുവാദം ചോദിക്കുകയും ചെയ്തു. എന്നാൽ പ്രവാചകൻ(സ) സൗമ്യതയോടു കൂടി പെരുമാറാനാണ് കല്പ്പിച്ചത്. തുടർന്ന് അബ്‌ദുല്ലാഹ് നേയും കൂട്ടാളികളെയും വിളിച്ചുവരുത്തി കാര്യം അന്വേഷിച്ചപ്പോള്‍ അവർ സത്യം ചെയ്തുകൊണ്ട് തങ്ങൾ ഇത്തരത്തിലുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. തുടർന്ന് പ്രവാചകൻ(സ) അവിടെ നിന്നും മുസ്‌ലിം സൈന്യത്തോട് യാത്ര തിരിക്കാൻ കല്പന നല്കി. ആ അവസരത്തിൽ ഉസൈദ് ബിൻ ഹുസൈർ അനുചിതമല്ലാത്ത സമയത്ത് യാത്ര പുറപ്പെടുന്നതിനെ കുറിച്ച് പ്രവാചകന്‍(സ)യോട് ചോദിച്ചു. നബി(സ) മറുപടി നല്കി, “അബ്‌ദുല്ലാഹ് പറഞ്ഞ വാക്കുകൾ നിങ്ങൾ കേട്ടില്ലേ?” ഉസൈദ് പറഞ്ഞു, “അതെ പ്രവാചകരെ, അങ്ങ് ആഗ്രഹിക്കുകയാണെങ്കിൽ മദീനയിൽ എത്തിയിട്ട് അബ്‌ദുല്ലാഹ് ബിൻ ഉബയ്യിനെ നാട്ടിൽ നിന്നും പുറത്താക്കാം.”
അബ്‌ദുല്ലാഹ് ബിൻ ഉബൈയ്യിന്‍റെ മകൻ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രവാചക(സ)യോട് പറഞ്ഞു, “പ്രവാചകരെ അങ്ങ് എനിക്ക് കല്പന നല്കുകയാണെങ്കിൽ ഞാൻ അബ്‌ദുല്ലാഹ് ബിൻ ഉബൈയിന്‍റെ ശിരസ്സ് അങ്ങേയ്ക്ക് മുമ്പിൽ സമർപിക്കാം. താനൊരിക്കലും ആ വ്യക്തിയെ വധിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും, അതിനായി ആർക്കും കല്പന നല്കിയിട്ടില്ലെന്നും നബി(സ) പറഞ്ഞു. താന്‍ തീർച്ചയായും ആ വ്യക്തിയോട് മാന്യമായ രീതിയിൽ പെരുമാറുന്നതായിരിക്കുമെന്നും പ്രവാചകന്‍(സ) പറയുകയുണ്ടായി. തുടർന്ന് ആ യാത്രയിൽ തന്നെ പ്രവാചകന്(സ) വെളിപാട് ഉണ്ടാവുകയും സൈദ് ബിൻ അർഖം പറഞ്ഞ കാര്യം സത്യമാണെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.
ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) ഈ സംഭവം വിവരിച്ചു കൊണ്ട് പറയുന്നു, ഇസ്‌ലാമിക സൈന്യം മദീനക്കടുത്തെത്തിയപ്പോൾ അബ്‌ദുല്ലാഹ് ബിൻ ഉബയ്യിന്‍റെ മകൻ മുന്നോട്ടുവന്ന് തന്‍റെ പിതാവിനെ തടഞ്ഞുവെച്ചു കൊണ്ട് പറഞ്ഞു, “പ്രവാചകനെതിരെ നിങ്ങൾ പറഞ്ഞ വാക്കുകൾ പിൻവലിക്കാതെ മദീനയിലേക്ക് പ്രവേശിക്കാൻ ഞാൻ അനുവദിക്കുകയില്ല. അല്ലാഹുവിൻറെ പ്രവാചകൻ(സ) നിന്ദ്യൻ ആണെന്നും നിങ്ങൾ ആദരണീയനാണെന്നും പറഞ്ഞ അതേ നാവുകൊണ്ട് അല്ലാഹുവിൻറെ പ്രവാചകൻ(സ) ആണ് ആദരണീയൻ എന്നും നിങ്ങൾ നിന്ദ്യനാണെന്നും പറയുക.”
മകന്‍റെ വാക്കുകൾ കേട്ട് അബ്‌ദുല്ലാഹ് ബിന്‍ ഉബയ്യ് അത്ഭുതപ്പെടുകയും ഭയപ്പെടുകയും ചെയ്‌തു. അയാള്‍ പറഞ്ഞു, “എന്‍റെ മകനേ! ഞാൻ നിന്നോട് യോജിക്കുന്നു. മുഹമ്മദ്(സ) ഏറ്റവും ബഹുമാന്യനും ഞാൻ ഏറ്റവും നിന്ദ്യനുമാകുന്നു. അപ്പോൾ യുവാവായ അബ്‌ദുല്ലാഹ് തന്‍റെ പിതാവിനെ വെറുതെ വിട്ടു.
ഈ യാത്രയിൽ നബി(സ)യുടെ ഒട്ടകം നഷ്ടപ്പെടുകയുണ്ടായി. കപടവിശ്വാസിയായിരുന്ന ഒരാൾ ഇതിൽ സന്തോഷപ്രകടനം നടത്തിക്കൊണ്ടു പറഞ്ഞു, വലിയ വലിയ പ്രവചനങ്ങളെ കുറിച്ച് അല്ലാഹു തനിക്ക് അറിവ് നല്കുന്നു എന്നു പറയുന്ന നബി(സ)ക്ക് എന്തുകൊണ്ടാണ് ഒട്ടകത്തെകുറിച്ചുള്ള അറിവ് ലഭിക്കാത്തത്. സദസ്സിലിരുന്ന ആളുകൾ ആ വ്യക്തിയുടെ കപടത നിറഞ്ഞ ഈ സംസാരം കേട്ടപ്പോൾ അവനെ തങ്ങളിൽ നിന്നും മാറ്റി നിർത്തി. ആ വ്യക്തി പ്രവാചകന്‍(സ)യുടെ സദസ്സിൽ എത്തിയപ്പോൾ തിരുനബി(സ) പറഞ്ഞു, “ഒരാൾ ഒട്ടകം നഷ്ടപ്പെട്ടതിൽ സന്തോഷിക്കുകയാണ്. അല്ലാഹു അല്ലാതെ ആരും തന്നെ അദൃശ്യകാര്യങ്ങൾ അറിയുന്നില്ല. അല്ലാഹു എനിക്ക് ഒട്ടകത്തെക്കുറിച്ച് പറഞ്ഞു തന്നിരിക്കുന്നു. അത് ആ മുന്നിലുള്ള താഴ്‌വരയിൽ ഉണ്ട്.” ആ കപടവിശ്വാസി അത് കണ്ടപ്പോൾ അത്ഭുതപ്പെടുകയുണ്ടായി. എന്നിട്ട് തന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു, “എനിക്ക് നബി(സ)യെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ യഥാർഥത്തിൽ മുസ്‌ലിമായി മാറിയിരിക്കുന്നു.”
ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും സംഭവങ്ങളും താന്‍ പിന്നീട് വിവരിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ബംഗ്ലാദേശിലെ അവസ്ഥകളെക്കുറിച്ച് പറയാൻ താൻ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവിടെ ഭരണകൂടത്തിനെതിരിൽ കലാപം ഉണ്ടായിരിക്കുന്നു. ഭരണം ഇല്ലാതായിരിക്കുകയാണ്. എന്നാൽ പ്രശ്നങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ മുതൽ അവസ്‌ഥകൾ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ജമാഅത്തിന്‍റെ ശത്രുക്കൾ അഹ്‌മദികൾക്ക് നഷ്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ ചില പള്ളികളെ ആക്രമിക്കുകയും അവയെ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു. ജാമിഅ അഹ്‌മദിയക്കും ജമാഅത്തിന്‍റെ മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പല അഹ്‌മദികൾക്കും പരിക്കുകൾ പറ്റിട്ടുണ്ട്. അവരുടെ വീടുകളെ അഗ്നിക്കിരയാക്കിയിട്ടുണ്ട്. മാത്രമല്ല, വീടുകൾ മുഴുവനായും തീയിട്ടു എന്നും അറിയിപ്പ് ലഭിക്കുന്നു. അവിടെ നിയമവ്യവസ്ഥിതി ഇല്ലാതായിരിക്കുകയാണ്.
ഈ പ്രദേശത്ത് രണ്ടു തവണ ജല്‍സ നടത്തിയപ്പോഴും അഹ്‌മദികൾക്ക് നഷ്ടം സഹിക്കേണ്ടി വന്നിരിന്നു. എന്നാൽ അവരുടെ വിശ്വാസത്തിൽ അല്‌പം പോലും ഇളക്കം സംഭവിച്ചിട്ടില്ല. അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അവരുടെ വിശ്വാസം സുദൃഢമാണ്. അവർ പറയുന്നു, അല്ലാഹുവിനു വേണ്ടി ഞങ്ങൾ ഇതെല്ലാം സഹിക്കാൻ തയ്യാറാണ്. അല്ലാഹു അവരിൽ കരുണയും അനുഗ്രഹവും ചൊരിയുമാറാകട്ടെ. അഹ്‌മദികളെ തന്‍റെ സംരക്ഷണത്തിൽ വെക്കട്ടെ. എതിരാളികളെ പിടികൂടുമാറാകട്ടെ.
ഫലസ്തീനിലെ മുസ്‌ലിങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു അവിടെയുള്ള അക്രമം അവസാനിപ്പിക്കുകയും അക്രമിക്കുന്നവരെ പിടികൂടുകയും ചെയ്യുമാറാകട്ടെ. മുസ്‌ലിം ലോകത്തിനു വേണ്ടിയും ദുആ ചെയ്യുക. പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അക്രമം അവസാനിക്കുമാറാകട്ടെ. അവർ അല്ലാഹുവുമായി സുദൃഢമായ ബന്ധം സ്ഥാപിക്കുന്നവരാകട്ടെ. കാലത്തിന്‍റെ ഇമാമിനെ വിശ്വസിക്കാനുള്ള സൗഭാഗ്യം അല്ലാഹു അവര്‍ക്ക് നല്കട്ടെ. ഇത് മാത്രമാണ് അവരുടെ മോക്ഷത്തിനുള്ള മാർഗം.
ഖുത്ബയുടെ അവസാനത്തിൽ മർഹൂം ഡോ. റഹ്‌മാൻ സാഹിബ് ശഹീദ്, മർഹൂം സഈദ ബശീർ സാഹിബ എന്നിവരെ ഖലീഫാ തിരുമനസ്സ് അനുസ്മരിക്കുകയും അവരുടെ ജനാസ ഗായിബ് നമസ്ക്കരിപ്പിക്കുന്നതാണെന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.
0 Comments