ആഗസ്റ്റ് 1, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജൂലൈ 26, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
സർവശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ, മതപരവും ആത്മീയവുമായ അന്തരീക്ഷത്തിൽ നിന്ന് പ്രയോജനം നേടുന്നതിനായി ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയിട്ടുള്ള യു.കെ.ജല്‍സ സാലാന (വാർഷിക സമ്മേളനം) ഇന്ന് ആരംഭിക്കുകയാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് പറഞ്ഞു:
ഹദീഖത്തുൽ മഹ്ദിയിൽ (യുകെയിലെ ആൾട്ടണിൽ) ഒരു താൽക്കാലിക നഗരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ഇവിടെ ആളുകൾ ലൗകികതയുടെ പിടിയിൽ നിന്ന് മുക്തരായിക്കൊണ്ട് തങ്ങളുടെ മതപരവും ആത്മീയവും ധാർമ്മികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി ഒത്തുകൂടിയിരിക്കുന്നു. അതിനാൽ, ഈ ലക്ഷ്യങ്ങൾ എങ്ങനെ നേടാം എന്നതിനെക്കുറിച്ചാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
ഏത് സാഹചര്യത്തിലും, എല്ലാ അതിഥികൾക്കും എളുപ്പവും സൗകര്യവും ഏർപ്പെടുത്താൻ സംഘാടകർ പരമാവധി ശ്രമിക്കുന്നു. ഇതിനായി ആയിരങ്ങൾ തങ്ങളുടെ നിസ്വാർത്ഥ സേവനങ്ങൾ സമർപ്പിക്കുന്നു. നിരവധി സന്നദ്ധ പ്രവർത്തകർ അവരുടെ പ്രവർത്തനം കാഴ്ച വെക്കുന്നു.
ജല്‍സ സാലാന പ്രവർത്തകർക്കുള്ള മാർഗനിർദേശം
ഏത് ചുമതല ഏൽപ്പിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ ശ്രമിക്കണമെന്ന് ഖലീഫാ തിരുമനസ്സ് സന്നദ്ധപ്രവർത്തകരോട് പറഞ്ഞു. എല്ലാ അതിഥികളെയും അവർ വാഗ്ദത്ത മസീഹിന്‍റെ(അ) അതിഥികളായി കണക്കാക്കേണ്ടതാണ്. സന്നദ്ധപ്രവർത്തകർ ധാർമികതയുടെ ഏറ്റവും ഉയർന്ന നിലവാരം പ്രകടിപ്പിക്കുക. ഒരു അതിഥിയുടെ ഹൃദയം കണ്ണാടി പോലെയാണെന്ന് വാഗ്ദത്ത മസീഹ്(അ) പറയാറുണ്ടായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു; അത് ദുർബലമാണ്, അത് ശ്രദ്ധാപൂർവ്വം പരിപാലിക്കേണ്ടതുണ്ട്. പൊതുവിൽ ഇത് ശരിയായ നിലയിൽ ശിക്ഷണം ലഭിക്കാത്തവരും ജമാഅത്തിൽ ഇതുവരെ യഥാർത്ഥ നിലയിൽ പ്രവേശിക്കാത്തവരെയും കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ വരുന്ന ഭൂരിഭാഗം പേരും അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അഹ്‌മദികളാണ്. ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതാണെന്ന് മനസ്സിലാക്കി വരുന്നവരാണ്. ഏതായാലും ഓരോ വിഭാഗത്തിലെയും പ്രവർത്തകർ വളരെയധികം ശ്രദ്ധയോട് കൂടി പ്രവർത്തിക്കേണ്ടതാണ്.
ജല്‍സ സാലാനയിൽ പങ്കെടുക്കുന്ന അതിഥികൾക്കുള്ള മാർഗ്ഗനിർദ്ദേശം
ഖലീഫാ തിരുമനസ്സ് തുടർന്ന് അതിഥികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു, ഒന്നാമതായി, അവർ ജല്‍യിൽ സദുദ്ദേശ്യത്തോട് കൂടി വാഗ്ദത്ത മസീഹിന്‍റെ അതിഥികളായി വന്നവരാണ്. ഏതെങ്കിലും തരത്തിലുള്ള ലൗകിക പദവി നേടാൻ ശ്രമിക്കുന്നതിനുപകരം, ഓരോ മുസ്‌ലിമിന്‍റെയും ഉന്നതമായ ലക്ഷ്യം കൈവരിക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദൈവപ്രീതിക്കായി യാത്ര ചെയ്യുന്നവർ ലൗകിക സുഖങ്ങളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. ആത്മീയമായി ഉയരുന്നതിനായിരിക്കും കൂടുതൽ ശ്രദ്ധിക്കുന്നത്.
മാനസികാവസ്ഥ ഇതായിരിക്കുമ്പോൾ, ചെറിയ ബലഹീനതകളോ കുറവുകളോ അവഗണിക്കുന്നവരായി മാറുന്നതാണ്. ഓരോ അഹ്‌മദി മുസ്ലിമും ജൽസയിൽ പങ്കെടുക്കുന്നത് ലൗകിക സുഖം പ്രാപിക്കുന്നതിനു പകരം ആത്മീയമായി പരിപോഷിപ്പിക്കപ്പെടാൻ വേണ്ടിയാകുമ്പോൾ, അതിഥികൾക്കും ആതിഥേയർക്കും ജൽസയുടെ ദിനങ്ങൾ സ്നേഹത്തോടെ കഴിച്ചു കൂട്ടുന്നവരായി മാറുന്നതാണ്.
ജല്‍യിൽ പങ്കെടുക്കുന്ന എല്ലാവരേയും തുല്യമായും ന്യായമായ നിലയിലും പരിഗണിക്കുന്നതിന് വേണ്ടി സന്നദ്ധപ്രവർത്തകർ പരമാവധി പരിശ്രമിക്കുന്നു. എന്നിരുന്നാലും, ചില പൊരുത്തക്കേടുകൾ സ്വാഭാവികമായും ഉണ്ടാകാം. അതിഥികൾ അത്തരം കാര്യങ്ങൾ അവഗണിക്കേണ്ടതാണ്.
ഖലീഫാ തിരുമനസ്സ് പറയുന്നു, വാഗ്ദത്ത മസീഹ് (അ) തന്‍റെ അതിഥികളെ വളരെയധികം ശ്രദ്ധിക്കാറുണ്ടായിരുന്നു. സാധാരണ ദിനങ്ങളിൽ, അതിഥികൾ അവരുടെ ആവശ്യങ്ങൾ യാതൊരു മടിയും കൂടാതെ പ്രകടിപ്പിക്കണമെന്ന് വാഗ്ദത്ത മസീഹ് (അ) പറയുമായിരുന്നു. എന്നിരുന്നാലും, ജല്‍യുടെ നാളുകളിൽ, ക്രമീകരണങ്ങൾ സാധ്യമാകുന്നിടത്തോളം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്ന് വാഗ്ദത്ത മസീഹ് (അ) ഉപദേശിച്ചു. അതിനാൽ, ജല്‍സ സമയത്തെ ആതിഥ്യമര്യാദയ്ക്ക് മറ്റൊരു രൂപമാണുള്ളത്. കൂടാതെ സംഘാടകർ അടിസ്ഥാനപരവും ആവശ്യമായതുമായ കാര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നു.
ഖലീഫാ തിരുമനസ്സ് പറയുന്നു, ജല്‍സ ദിവസങ്ങളിൽ എല്ലാവരും ഹാളിൽ ശ്രദ്ധയോടെ ഇരുന്നു പ്രസംഗങ്ങൾ കേൾക്കേണ്ടതാണ്. ഒരു വിശ്വാസി അവരുടെ സമയം വിവേകത്തോടെ ഉപയോഗിക്കണം. ഈ സമ്മേളനത്തിന്‍റെ ഉദ്ദേശ്യങ്ങളിലൊന്ന് സാഹോദര്യബന്ധം ശക്തിപ്പെടുത്തുക എന്നതാണ് എന്ന് വാഗ്ദത്ത മസീഹ്(അ) പറയുകയുണ്ടായി. തീർച്ചയായും ഇതിന് പരസ്പരം കണ്ടുമുട്ടേണ്ടതുണ്ട്, എന്നിരുന്നാലും, ജല്‍സ നടപടിക്രമങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നതിലായിരിക്കണം ശ്രദ്ധ, അതിനുശേഷം മാത്രം മറ്റുള്ളവരെ കാണാൻ സമയം കണ്ടെത്തുക. ചില സമയങ്ങളിൽ ഈ കണ്ടുമുട്ടലുകൾ വളരെ സമയമെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, പിന്നീട് പ്രഭാത നമസ്കാരത്തിന് ഉണരാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മറ്റുള്ള അതിഥികൾക്ക് ഭക്ഷണം കഴിക്കുവാനായി വേഗം തന്നെ എഴുന്നേൽക്കുവാനും ശ്രദ്ധിക്കുക.
ഖലീഫാ തിരുമനസ്സ് പറയുന്നു, ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയുടെ വെളിച്ചത്തിൽ, സുരക്ഷ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ചിലർക്ക് സുരക്ഷാ പരിശോധനകളും വിവിധ ചെക്കിങ്ങ് പോയിന്‍റ് കടന്നുപോകുന്നതും അസൗകര്യമായി തോന്നിയേക്കാം. ഇത് പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നു, കാരണം അവർക്ക് കുട്ടികളുണ്ട്, മാത്രമല്ല അവരുടെ പക്കൽ ഒന്നിലധികം ബാഗുകൾ ഉണ്ടായിരിക്കുകയും ചെയ്യും, അത് പരിശോധിക്കേണ്ടതുണ്ട്. അതിന് സമയം എടുക്കുന്നതാണ്. അതുകൊണ്ട് സ്ത്രീകൾ ചുരുങ്ങിയ എണ്ണം ബാഗുകൾ കൊണ്ടുവരാൻ ശ്രമിക്കുക. കുട്ടികളുള്ളവരാകട്ടെ അവശ്യസാധനങ്ങൾ മാത്രം കൊണ്ടുവരിക. ഖലീഫാ തിരുമനസ്സ് പറയുന്നു, തങ്ങളുമായി ബന്ധം വിച്ഛേദിക്കുന്നവരുമായി പോലും സമ്പർക്കം പുലർത്തണമെന്നാണ് തിരുനബി(സ)യുടെ കൽപ്പന. അതുപോലെ തന്നോട് അനുചിതമായി സംസാരിക്കുന്നവരോട് പോലും ദയ കാണിക്കണം.അതിനാൽ, ഈ കാര്യങ്ങൾ കൂടുതലായി ക്ഷമ കൈക്കൊള്ളുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാഗ്ദത്ത മസീഹ് (അ)യുടെ ആഗ്രഹങ്ങൾക്കനുസൃതമായി, സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കണം. ജല്‍യിൽ അഹ്‌മദികളല്ലാത്തവരും അമുസ്ലിംകളും പങ്കെടുക്കുന്നുണ്ടെന്ന് സന്നദ്ധപ്രവർത്തകരും അതിഥികളും ഓർമ്മിക്കേണ്ടതാണ്. അതിനാൽ, അവർ ഉയർന്ന തലത്തിലുള്ള ധാർമ്മികത പ്രകടിപ്പിക്കുകയാണെങ്കിൽ, ഇത് അതിഥികളെ വളരെയധികം സ്വാധീനിക്കുന്ന നിശബ്ദ പ്രചാരണത്തിന്‍റെ ഒരു രൂപമായി വർത്തിക്കുന്നതാണ്. ജല്‍യിൽ പങ്കെടുക്കുന്നവർ പരസ്പരം അസ്സലാമു അലൈകും പറയുന്ന രീതി അവലംബിക്കുക.
ഖലീഫാ തിരുമനസ്സ് പറയുന്നു, വാഗ്ദത്ത മസീഹിന്‍റെ കാലത്ത് നടന്ന ഒരു സംഭവമുണ്ട്. ജങ്കെ മുഖദ്ദസ് എന്ന പേരിൽ പ്രസിദ്ധമായ ഒരു സംവാദം നടന്ന സന്ദർഭത്തിൽ അതിഥികളുടെ തിരക്ക് കാരണം, വാഗ്ദത്ത മസീഹിന് ഭക്ഷണം നൽകാൻ പ്രവർത്തകർ മറന്നു. കുറച്ച് സമയം കാത്തിരുന്നതിന് ശേഷം, വാഗ്ദത്ത മസീഹ് (അ) കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. രാത്രി ഏറെ വൈകിയതിനാൽ മാർക്കറ്റും അടച്ചിരുന്നു. അതിനാൽ പ്രവർത്തകർക്ക് ആശങ്കയായി. വാഗ്ദത്ത മസീഹ് (അ) ഇതറിഞ്ഞപ്പോൾ, ഇത്ര വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു. മേശകളിൽ എന്തെങ്കിലും ഭക്ഷണത്തിന്‍റെ ബാക്കി ഉണ്ടെങ്കിൽ അത് അത് കഴിച്ചുകൊള്ളാമെന്ന് ആ മഹാത്മാവ് പറഞ്ഞു. കുറച്ച് റൊട്ടിക്കഷണങ്ങളല്ലാതെ മറ്റൊന്നും അവശേഷിച്ചിരുന്നില്ല, അത് മതിയെന്ന് പറഞ്ഞു കൊണ്ട് അത് അദ്ദേഹം ഭക്ഷിക്കുകയുണ്ടായി.
ഇതായിരുന്നു വാഗ്ദത്ത മസീഹിന്‍റെ (അ) മാതൃക. അദ്ദേഹത്തിന്‍റെ ജമാഅത്തിന്‍റെ ഭാഗമായ നാം ക്ഷമയുടെയും കൃതജ്ഞതയുടെയും അതേ മനോഭാവം പ്രകടമാക്കേണ്ടതാണ്.
ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിവിധ പ്രദർശനങ്ങളും ജല്‍യിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, രണ്ടാം ഖലീഫ(റ) യൂറോപ്പിലും യുകെയിലും സന്ദർശനം നടത്തിയിട്ട് നൂറ് വർഷം പിന്നിട്ടതുമായി ബന്ധപ്പെട്ട ഒരു പ്രദർശനമുണ്ട്. ഇവയെല്ലാം സന്ദർശിക്കുക.
ലോകത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാ പ്രവേശന കവാടങ്ങളിലും ഗേറ്റുകളിലും പ്രതിരോധ ഹോമിയോപ്പതി മരുന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാവരും പ്രയോജനപ്പെടുത്തുക.
എല്ലാവരും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് ഏറ്റവും മികച്ച സുരക്ഷ. ശ്രദ്ധിക്കപ്പെടാത്ത ഏതെങ്കിലും ബാഗുകൾ കണ്ടാലും, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തങ്ങൾ കണ്ടാലും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക. നമ്മുടെ പക്കലുള്ള ഏറ്റവും വലിയ ആയുധം അല്ലാഹുവിന്‍റെ സംരക്ഷണമാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനായി ഈ മൂന്ന് ദിവസങ്ങളിൽ നാം പ്രത്യേകം പ്രാർത്ഥിക്കണം. ഈ കാര്യങ്ങൾ നടപ്പിലാക്കാൻ അല്ലാഹു എല്ലാവരെയും പ്രാപ്തരാക്കട്ടെ, ജല്‍സ എല്ലാ അർത്ഥത്തിലും അനുഗ്രഹീതമാകട്ടെ.
0 Comments