ഗസ്‌വയെ ഹിന്ദ്‌: യാഥാര്‍ഥ്യമെന്ത്?

ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.

ഗസ്‌വയെ ഹിന്ദ്‌: യാഥാര്‍ഥ്യമെന്ത്?

ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.

ആമിര്‍ അസീസ്‌, കൊല്‍ക്കത്ത

ഒറിജിനല്‍ ഇംഗ്ലീഷ് ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇസ്‌ലാമിക സാങ്കേതിക പദങ്ങളില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്‌ ‘ജിഹാദ്’. ജിഹാദിനെ സംബന്ധിച്ച തീര്‍ത്തും വസ്തുതാവിരുദ്ധമായ ധാരണയെ അടിസ്ഥാനമാക്കി ഇസ്‌ലാമിലെ മറ്റു ഒരുപാട് ആശയങ്ങളും ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തെറ്റായി മനസ്സിലാക്കപ്പെട്ട ഒരു വിഷയമാണ് ഗസ്‌വയെ ഹിന്ദ്‌.

തങ്ങളുടെ സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കും ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി ചില തീവ്രവാദ സംഘടനകള്‍ ഗസ്‌വയെ ഹിന്ദ്‌ എന്ന ആശയത്തെ തെറ്റായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തോടുള്ള കൂറിനെ ചോദ്യം ചെയ്യാനും, അവരുടെ ദേശസ്നേഹത്തിനു മേല്‍ സംശയത്തിന്‍റെ കരിനിഴല്‍ വീഴ്ത്താനും ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ നിരന്തരം അവലംബിക്കാറുള്ള ഒരു വിഷയം കൂടിയാണിത്.

മുഹമ്മദ്‌ നബി(സ) പ്രവചനം ചെയ്ത പ്രകാരം ഇന്ത്യാരാജ്യത്തെ കീഴടക്കാനുള്ള ഒരു സൈനികനീക്കമാണ് ഗസ്‌വയെ ഹിന്ദ്‌ എന്നാണ് തീവ്രവാദ മുസ്‌ലിം സംഘടനകളും അത് പോലെ തന്നെ ഇസ്‌ലാംവെറുപ്പിന്‍റെ വക്താക്കളും പ്രചരിപ്പിക്കാറുള്ളത്.

എന്നാല്‍, ഇത്തരം ഹിംസാത്മകമായ ഒരു ആശയത്തിന് ഇസ്‌ലാമില്‍ സ്ഥാനമുണ്ടെന്ന് പറയുന്നത് തീര്‍ത്തും അടിസ്ഥാനരഹിതവും വസ്തുതക്ക് നിരക്കാത്തതുമാണ്. ഇതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക സ്രോതസ്സുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്.

നിവേദനങ്ങളുടെ ആധികാരികത

ഹദീസ് ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന സിഹാഹുസ്സിത്ത എന്ന ആറ് ഗ്രന്ഥങ്ങളില്‍ സുനന്‍ അന്‍-നസാഇയില്‍ മാത്രമാണ് ഗസ്‌വയെ ഹിന്ദിനെ സംബന്ധിച്ച നിവേദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നസാഇയില്‍ ഈ വിഷയത്തില്‍ മൂന്ന് നിവേദനങ്ങള്‍ കാണാവുന്നതാണ്. അതില്‍ ആദ്യ രണ്ടു നിവേദനങ്ങള്‍ സമാനമാണ്. ഹദ്റത്ത് അബൂ ഹുറൈറ(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു:

“അല്ലാഹുവിന്‍റെ ദൂതന്‍ ഞങ്ങളോട് ഇന്ത്യയിലേക്കുള്ള ഒരു പര്യടനത്തെക്കുറിച്ച് വാഗ്ദാനം നല്കി. ഞാന്‍ അത് കാണാന്‍ ജീവിചിരിക്കുകയാണെങ്കില്‍ എന്നെത്തന്നെയും എന്‍റെ സമ്പത്തിനെയും അതിലേക്ക് ദാനം ചെയ്യുന്നതാണ്. ഞാന്‍ കൊല്ലപ്പെട്ടാല്‍ രക്തസാക്ഷികളില്‍ ഏറ്റവും ഉന്നതനായിത്തീരും. ഞാന്‍ തിരിച്ച് വന്നാല്‍ (നരകത്തില്‍ നിന്ന്) സ്വതന്ത്രനാക്കപ്പെട്ട അബൂ ഹുറൈറയായിരിക്കും.”[1]

ഇത് വിശ്വാസയോഗ്യമായ ഒരു നിവേദനമല്ല എന്നാണ് ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായം. ഉദാഹരണത്തിന്, പ്രശസ്ത ഹദീസ് പണ്ഡിതനായ അല്‍-ദഹബി എഴുതുന്നു:

“ജബ്ര്‍ ഇബ്‌നു അബീദ അബു ഹുറൈറയില്‍ നിന്ന് വിശ്വാസയോഗ്യമല്ലാത്ത ഒരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒരു പര്യടനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന നിവേദനമാണത്.”[2]

ശെയ്ഖ് അല്‍-അര്‍നഊത്ത് പറയുന്നു:

“ഈ വിഷയത്തില്‍ അബൂ ഹുറൈറയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ നിവേദകശൃംഖലയില്‍ രണ്ട് ദുര്‍ബല കണ്ണികള്‍ ഉണ്ട്.”[3]

അഥവാ, ഈ രണ്ട് നിവേദനങ്ങളും ദുര്‍ബലവും വിശ്വാസയോഗ്യമല്ലാത്തതുമാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ തന്നെ വിലയിരുത്തുന്നു. നസാഇയില്‍ വന്നിട്ടുള്ള മൂന്നാമത്തെ ഹദീസ് ഇപ്രകാരമാണ്:

“അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: ‘എന്‍റെ സമുദായത്തില്‍ രണ്ട് വിഭാഗം ആളുകളെ അല്ലാഹു നരകാഗ്‌നിയില്‍ നിന്ന് മോചിപ്പിക്കും: ഇന്ത്യയില്‍ പര്യടനം നടത്തുന്ന സംഘവും ഈസബ്നു മര്‍യമിനോടൊപ്പമുള്ള സംഘവും.”[4]

ഈ നിവേദനം മറ്റ് രണ്ടു നിവേദനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്പം ആധികാരികത പുലര്‍ത്തുന്നുണ്ട്. പല പണ്ഡിതന്മാരും ഇതിനെ വിശ്വസനീയമായി കണക്കാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ ഹദീസും പൂര്‍ണമായും വിമര്‍ശനങ്ങളില്‍ നിന്ന് മുക്തമല്ല. ഇബ്നു അദീ തന്‍റെ ദുര്‍ബല ഹദീസുകളുടെ സമാഹാരത്തില്‍ ഈ നിവേദനവും ഉള്‍പെടുത്തിയിട്ടുണ്ട്.[5] അതുപോലെ, ശെയ്ഖ് അല്‍-അര്‍നഊത്ത് പറയുന്നു:

“ഇത് വിശ്വസനീയമായ ഒരു നിവേദനമാണ്. പക്ഷേ, ഇബ്നു അല്‍-വലീദ് (ബഖിയ്യ) കാരണം ഈ ശൃംഖല ദുര്‍ബലമാണ്. എങ്കിലും ചിലര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട്. അബൂ ബക്ക്ര്‍ ഇബ്നു അല്‍-സുബൈദി ഒഴികെ ബാക്കിയുള്ള നിവേദകന്മാരെല്ലാം വിശ്വസ്തരാണ്. അദ്ദേഹത്തിന്‍റെ നില അജ്ഞാതമാണ്.”[6]

ചുരുക്കത്തില്‍, ഈ നിവേദനം പലരും ‘ഹസന്‍’ അല്ലെങ്കില്‍ തൃപ്തികരം എന്ന ഗണത്തിലാണെന്ന് കണക്കാക്കുന്നു. എന്നിരുന്നാലും, കുറഞ്ഞത് രണ്ട് നിവേദകന്മാരുടെയെങ്കിലും നില സംശയാസ്പദമായ കാരണത്താല്‍ ഇത് ‘സഹീഹ്’ എന്ന് വിളിക്കപ്പെടാന്‍ മാത്രം ആധികാരികവുമല്ല.

ഇവിടെ ശ്രദ്ധേയമായ കാര്യം, ഈ ഹദീസ് സ്വീകാര്യമാണെന്ന് കണക്കാക്കിയാലും, മറ്റു രണ്ട് നിവേദനങ്ങളില്‍ പ്രതിപാദിക്കപ്പെട്ട പോലെ ഒരു പോരാട്ടത്തെ പറ്റിയോ, അതില്‍ കൊല്ലപ്പെടുന്നതിനെ സംബന്ധിച്ചോ യാതൊരു പരാമര്‍ശവും ഇതില്‍ ഇല്ല എന്നതാണ്. മറിച്ച് ഇന്ത്യയില്‍ ഒരു ദൗത്യം ഏറ്റെടുക്കുന്ന ഒരു സംഘത്തെ സംബന്ധിച്ച് മാത്രമാണ് ഈ ഹദീസ് സംസാരിക്കുന്നത്. അഥവാ, പൊതുവില്‍ മനസ്സിലാക്കപ്പെട്ടത് പോലെ, ഇസ്‌ലാം വിരുദ്ധ ശക്തികളും ഭീകരവാദ സംഘടനകളും പ്രചരിപ്പിക്കുന്ന രീതിയിലുള്ള ഒരു അക്രമാസക്തമായ ആശയത്തെ ഈ നിവേദനങ്ങള്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.

‘ഗസ്‌വ’ എന്നത് എപ്പോഴും യുദ്ധത്തെ സൂചിപ്പിക്കുന്ന പദമല്ല

എന്തെങ്കിലും ഉദ്ദേശത്തിനായി ഒരു ദൗത്യം ഏറ്റെടുക്കുക എന്നര്‍ഥം വരുന്ന ‘ഗസാ’ എന്ന പദത്തില്‍ നിന്നാണ് ‘ഗസ്‌വ’ നിഷ്പന്നമായത്. ഇസ്‌ലാമില്‍ നടന്ന യുദ്ധങ്ങളില്‍ പ്രവാചകന്‍(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങള്‍ ‘ഗസ്‌വ’ എന്നും, അദ്ദേഹം നേരിട്ട് പങ്കെടുക്കാത്ത സൈനികനീക്കങ്ങള്‍ ‘സരിയ്യ’ എന്നുമാണ് അറിയപ്പെടുന്നത്.

എന്നിരുന്നാലും, ഈ വാക്കുകള്‍ എപ്പോഴും യുദ്ധങ്ങളെ സൂചിപ്പിക്കണം എന്നില്ല. മറിച്ച്, യാതൊരു സൈനികലക്ഷ്യവുമില്ലാത്ത സമാധാനപരമായ പ്രചാരണ ദൗത്യങ്ങള്‍ക്കും ഇതേ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. ഇസ്‌ലാം എത്താത്ത പ്രദേശങ്ങളില്‍ ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ നബി തിരുമേനി(സ) അയച്ച ദൗത്യങ്ങള്‍ക്കും ‘സരിയ്യ’ എന്ന പദം ഉപയോഗിച്ചതായി കാണാന്‍ സാധിക്കും.

അത്തരം സമാധാന പ്രചാരകസംഘങ്ങളെ യാതൊരു പ്രകോപനവും കൂടാതെ അവിശ്വാസികളായ ശത്രുക്കള്‍ ആക്രമിച്ച് കൊല ചെയ്ത സന്ദര്‍ഭങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സരിയ്യ അര്‍-റജീ, സരിയ്യ ബിഅ്‌റു മഊന എന്നിവ ഇത്തരം ഉദാഹരണങ്ങളാണ്.

ചുരുക്കത്തില്‍, ‘ഗസ്‌വ’ എന്ന പദം രണ്ട് കാര്യങ്ങളെ സൂചിപ്പിക്കുന്നു: ആക്രമണം ചെറുക്കുന്നതിനും അനീതി അവസാനിപ്പിക്കുന്നതിനും മര്‍ദ്ദിതരെ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തുന്ന യുദ്ധം, അല്ലെങ്കില്‍, യാതൊരു സൈനികോദ്ദേശ്യങ്ങളുമില്ലാതെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ സത്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഏറ്റെടുക്കുന്ന ദൗത്യം.

ഹിംസ വിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല

മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളെ വിശുദ്ധ ഖുര്‍ആന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കുന്നതിന് ആരെയെങ്കിലും ആക്രമിക്കാനോ, അമുസ്‌ലിങ്ങളെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാനോ ഇസ്‌ലാമില്‍ അനുവാദമില്ല.

അഥവാ, ഗസ്‌വയെ ഹിന്ദ്‌ സൈനികനീക്കമാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ തങ്ങളുടെ ഭൗമരാഷ്ട്രീയ ഉദ്ദേശങ്ങളോടെയാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടി വരും. അതിന് ആരെങ്കിലും മതപരമായ സ്വഭാവം നല്കിക്കൊണ്ട് ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെങ്കില്‍, ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ എന്ന വ്യാജേന വിവിധ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ശക്തികളില്‍ നിന്നും ഇവര്‍ വ്യത്യസ്തരല്ല.

നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരാശിയെയും കൊല്ലുന്നതിനു തുല്യമാണ് എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു.[7] അമുസ്‌ലിങ്ങളെ കൊല്ലുന്നതോ, അവരുടെ ആരാധനാലായങ്ങള്‍ തകര്‍ക്കുന്നതോ, അല്ലെങ്കില്‍ മാനവികവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ ഇസ്‌ലാമില്‍ യാതൊരു വിധത്തിലും ന്യായീകരിക്കപ്പെടുന്നില്ല. എന്നല്ല, അവ സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്ന ഇസ്‌ലാമിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പ്രതിരോധാത്മകമല്ലാത്ത യുദ്ധത്തിനോ അധിനിവേശത്തിനോ ഒരു സാഹചര്യത്തിലും ഇസ്‌ലാം അനുമതി നല്കുന്നില്ല.

പ്രവചനത്തിന്‍റെ യഥാര്‍ഥ വിവക്ഷ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ആത്മീയ ദൗത്യമാണ് ഗസ്‌വയെ ഹിന്ദ്‌ എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. മുഈനുദ്ദീന്‍ ചിശ്ത്തി(റഹ്), ഫരീദുദ്ദീന്‍ ഗന്‍ജ്ശക്കര്‍(റഹ്), നിസാമുദ്ദീന്‍ ഔലിയാ(റഹ്) തുടങ്ങിയവര്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ ജിഹാദ് നടത്തിയ വ്യക്തിത്വങ്ങളായിരുന്നു. എന്നാല്‍, അവരുടെ ജിഹാദ് അക്രമമായിരുന്നില്ല. മറിച്ച്, പ്രവാചകന്‍(സ) നിര്‍വഹിച്ച സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും ജിഹാദായിരുന്നു അവരും നടത്തിയത്. അതിനാല്‍, ഹദീസില്‍ പ്രതിപാദിക്കപ്പെട്ട ഇന്ത്യയില്‍ ദൗത്യം നിര്‍വഹിക്കുന്ന ആ സംഘം ഇവരാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.

പ്രസ്തുത നിവേദനത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം ഈ വാദത്തെ പിന്തുണയ്ക്കുന്നു. നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കപ്പെടുമെന്ന് പറയപ്പെട്ട രണ്ടാമത്തെ സംഘം ഈസബ്നു മര്‍യം അഥവാ അവസാന നാളില്‍ അവതരിക്കേണ്ട വാഗ്ദത്ത മസീഹിനോടൊപ്പം ഉള്ളവരായിരിക്കുമെന്നാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത്. തിരുനബി(സ)യുടെ വിവിധ പ്രവചനങ്ങള്‍ വാഗ്ദത്ത മസീഹ്(അ)ന്‍റെ ജനനം ഇന്ത്യയിലായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.[8] അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുചരന്മാരും മുഖേന സംഭവിക്കാനിരിക്കുന്ന ആത്മീയ വിപ്ലവത്തെയാണ് പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നതെന്ന് ഇതിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്.

വാഗ്ദത്ത മസീഹിന്‍റെ ദൗത്യം യുദ്ധം അവസാനിപ്പിച്ച് യുക്തിയും സത്യവും വഴി ഒരു പുതിയ ലോകക്രമം സ്ഥാപിക്കുക എന്നതായതിനാല്‍, അദ്ദേഹത്തിന്‍റെ കാലത്ത് ഏതെങ്കിലും തരത്തിലുള്ള യുദ്ധം പ്രതീക്ഷിക്കുന്നത് അസംബന്ധവും യുക്തിരഹിതവുമാണ്. അദ്ദേഹത്തിന്‍റെ കാലത്ത് നടക്കുമെന്ന് പറയപ്പെട്ട പോരാട്ടങ്ങളെല്ലാം മനുഷ്യനെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിനായുള്ള ബൗധിക പോരാട്ടങ്ങളാണ് എന്നതാണ് യാഥാര്‍ഥ്യം.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) താന്‍ വാഗ്ദത്ത മസീഹാണെന്ന് വാദിക്കുകയും, 1908-ല്‍ തന്‍റെ മരണം വരെ ഇസ്‌ലാമിന്‍റെ പ്രബോധനത്തിലൂടെ ആ സമാധാനപരമായ ദൗത്യം നിറവേറ്റുകയും ചെയ്തു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം ജയിക്കുക എന്ന ദൗത്യം അദ്ദേഹത്തിന്‍റെ ആത്മീയ പിന്‍ഗാമികളായ ഖലീഫമാരിലൂടെ ഇന്നും തുടര്‍ന്നു വരുന്നു.

സമാധാനം സ്ഥാപിക്കുന്നതിനുള്ള ആത്മീയ ദൗത്യം

ഇസ്‌ലാമികാധ്യാപനങ്ങളെ കുറിച്ച് വ്യക്തമായ ഈ കാഴ്ചപ്പാട് നിലനില്ക്കെ ഒരു സമാധാനപരമായ രാജ്യത്തെ ആക്രമിക്കുന്നതിന് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു എന്ന് പറയുന്നത് പരമാബദ്ധമാണ്; പ്രത്യേകിച്ച്, ഇന്ത്യയെ പോലെ വിവിധ ആശയങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ള, ഇസ്‌ലാമിനോട് ആദരവ് പ്രകടിപ്പിച്ച രാജ്യം.

ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാന്‍ ശത്രുക്കള്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന ഇസ്‌ലാമിന്‍റെ ആദ്യകാല സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. സമാധാനം സ്ഥാപിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും വിഫലമാകുകയും, ശത്രുക്കള്‍ ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും യുദ്ധത്തിലൂടെ പരിപൂര്‍ണമായും തുടച്ചു നീക്കാന്‍ ഉദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനീതിക്കെതിരെ പോരാടാനുള്ള അനുമതി അവര്‍ക്ക് നല്കപ്പെട്ടത്.

അതിനാല്‍, ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്. വിവിധ സൂഫീവര്യന്മാര്‍ ഇന്ത്യയില്‍ നടത്തിയ ആത്മീയ പോരാട്ടവും, തുടര്‍ന്ന് വാഗ്ദത്ത മസീഹ് കൊണ്ടുവന്ന ബൗധിക വിപ്ലവുമാണ് ഗസ്‌വയെ ഹിന്ദ്‌ എന്നാണ് നിഷ്പക്ഷമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത്.

ആമിര്‍ അസീസ്‌ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, അദ്ദേഹം മാനേജ്മെന്‍റിലും മാസ്റ്റേഴ്സ് ബിരുദധാരിയാണ്.

കുറിപ്പുകള്‍

[1] സുനന്‍ അന്‍-നസാഈ, കിതാബുല്‍ ജിഹാദ് (ജിഹാദ് സംബന്ധിച്ച അദ്ധ്യായങ്ങള്‍)

[2] മീസാന്‍ അല്‍-ഇഅ്തിദാല്‍, 1/388

[3] തഖ്‌രീജ് മുസ്നദ് അഹ്‌മദ് 37/42

[4] സുനന്‍ അന്‍-നസാഈ, കിതാബുല്‍ ജിഹാദ് (ജിഹാദ് സംബന്ധിച്ച അദ്ധ്യായങ്ങള്‍)

[5] അല്‍-കാമില്‍ ഫീ ദുഅഫാഇര്‍-രിജാല്‍

[6] തഖ്‌രീജ് മുസ്നദ് അഹ്‌മദ് 12/30

[7] വിശുദ്ധ ഖുര്‍ആന്‍ 5:33

[8] വാഗ്ദത്ത മസീഹ് ദമാസ്കസിന്‍റെ കിഴക്ക് ഭാഗത്ത് അവതരിക്കും എന്ന ഒരു നിവേദനം സഹീഹ് മുസ്‌ലിമില്‍ രേഖപ്പെട്ടിട്ടുണ്ട്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ)ന്‍റെ ജന്മദേശമായ ഖാദിയാന്‍ എന്ന ഇന്ത്യന്‍ ഗ്രാമം ദമാസ്കസിന്‍റെ നേരെ കിഴക്കാണ് സ്ഥിതി ചെയ്യുന്നതെന്ന വസ്തുത ഇവിടെ ശ്രദ്ധേയമാണ്.

കൂടാതെ, വാഗ്ദത്ത മസീഹും ഇമാം മഹ്ദിയും ഒരേ വ്യക്തിയായിരിക്കുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്നു മാജയുടെ ഒരു നിവേദനത്തില്‍ ഈസാ(അ) തന്നെയായിരിക്കും മഹ്ദി എന്ന് പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ, പില്‍ക്കാലത്ത് ജനങ്ങള്‍ ഈസബ്നു മര്‍യമിനെ ഇമാം മഹ്ദിയാകുന്ന അവസ്ഥയില്‍ കാണും എന്ന് മുസ്നദ് അഹ്‌മദിലെ ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു.

മഹ്ദി അവതരിക്കുന്നത് ഒരു അറബ്യേതര രാജ്യത്തയിരിക്കുമെന്നും കിഴക്കായിരിക്കുമെന്നും സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു കൃത്യമായ വിവരണം ജവാഹിര്‍ അല്‍-അസ്റാര്‍ (പേജ്. 58) എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ഇമാം മഹ്ദി ‘കദ്അ’ എന്ന സ്ഥലത്ത് പ്രത്യക്ഷനാകും എന്ന് ആ നിവേദനത്തില്‍ കാണാം. ഇത് ‘ഖാദിയാന്‍’ എന്ന പേരിന്‍റെ ഒരു അറബി രൂപമാറ്റമാണെന്ന് വ്യക്തമായും അനുമാനിക്കാവുന്നതാണ്.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed